Current Date

Search
Close this search box.
Search
Close this search box.

വാഷിംഗ്ടണ്‍ മസ്ജിദിന്റെ ചരിത്രം

അമേരിക്കന്‍ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പസഫിക് സമുദ്രത്തിന് അഭിമുഖമായി നില്‍ക്കുന്ന സ്റ്റേറ്റാണ് വാഷിംഗ്ടണ്‍. ആകെ ജനസംഖ്യയില്‍ 0.25% മാത്രമാണ് അവിടത്തെ മുസ്‌ലികളുള്ളത്. അനേകം പള്ളികളും ഇസ്‌ലാമിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണത്. അവയില്‍ പ്രസിദ്ധങ്ങളാണ് മസ്ജിദുല്‍ ഫാറൂഖ്, മസ്ജിദ് ആലുയാസീന്‍, മസ്ജിദ് ബിലാല്‍ & ഇസ്‌ലാമിക സെന്റര്‍, വാഷിംഗ്ടണ്‍ മസ്ജിദ് & ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയവ. അമേരിക്കന്‍ ഐക്യനാടുകളിലെ മുസ്‌ലിം പാരമ്പര്യം എ.ഡി. 1539-ലേക്ക് നീളുന്നതാണ്. മൊറോക്കോയില്‍ നിന്നായിരുന്നു ആദ്യമായി മുസ്‌ലിംകള്‍ അവിടെ എത്തിയത്. നാല് ദശലക്ഷത്തിനും ആറ് ദശലക്ഷത്തിനും ഇടയിലാണ് അമേരിക്കയില്‍ മുസ്‌ലിംകളുടെ എണ്ണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സാന്നിദ്ധ്യമുണ്ട്. അവരുടെ വേരുകള്‍ മടങ്ങുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, മധ്യപൗരസ്ത്യ നാടുകള്‍, അല്‍ബാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.

നിര്‍മാണവും വളര്‍ച്ചയും
അമേരിക്കയിലെ ഏറ്റവും സുന്ദരവും പ്രസിദ്ധവുമായ മസ്ജിദാണ് മസ്ജിദ് വാഷിംഗ്ടണ്‍. സാമൂഹികവും സാംസ്‌കാരികവുമായ മേഖലയില്‍ വലിയ പങ്കാണ് അത് വഹിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ അംബാസഡര്‍മാരോടും ലോകതലത്തില്‍ തന്നെയുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. 1945-ല്‍ അമേരിക്കന്‍ തലസ്ഥാനത്ത് വെച്ച് തുര്‍ക്കി അംബാസഡര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ജനാസ എവിടെ നമസ്‌കരിക്കുമെന്ന് പരിഭ്രമിച്ചു. അദ്ദേഹത്തിന്റെ അനുശോചന ചടങ്ങില്‍ ഈജിപ്ഷ്യന്‍ അംബാസഡര്‍ മഹ്മൂദ് ഹസനായിരുന്നു അമേരിക്കന്‍ മുസ്‌ലിംകള്‍ക്കായി ഒരു പള്ളിയെന്ന ആശയം മുന്നോട്ട് വെച്ചത്. അഹ്മദ് യൂസുഫ് ഹിവാര്‍ ഈ ആശയത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ലബ്‌നാനില്‍ നിന്നെത്തിയ ഒരു അമേരിക്കന്‍ മുസ്‌ലിം കോണ്‍ട്രാക്ടര്‍ ആയിരുന്നു അദ്ദേഹം. നിര്‍മാണ ചെലവിന്റെ വലിയൊരു ഭാഗം അദ്ദേഹം തന്നെ വാഗ്ദാനം ചെയ്തു. വാഷിംഗ്ടണിലെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരെ ഇതിനായി സമീപിക്കുകയും ചെയ്തു. അന്ന് ഇരുപതിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരുണ്ടായിരുന്നു അവിടെ.

അതേസമയം അമേരിക്കന്‍ ഗവണ്‍മെന്റ് 30,000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി വിട്ടുനല്‍കി. അക്കാലത്ത് ഒരു ലക്ഷം ഡോളര്‍ വിലയുണ്ടായിരുന്നു അതിന്്. വാഷിംഗ്ടണിലെ സുന്ദരമായ സ്റ്റ്രീറ്റിലായിരുന്നു സ്ഥലം. മഹത്തായ കെട്ടിടം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അതിന്റെ പ്ലാന്‍ തയ്യാറാക്കുന്നതിന് നാല് വര്‍ഷം വേണ്ടിവന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വളരെ പ്രസിദ്ധമായിരുന്ന വാസ്തുവിദ്യയും വരകളും ഈജിപ്തിലെ വിസാറത്തുല്‍ ഔഖാഫ് നിര്‍വഹിച്ചു. ഇര്‍വിംഗ് പോര്‍ട്ടര്‍ ആന്റ് സണ്‍സ് എന്ന കമ്പനിയാണതിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ശുദ്ധമായ ഇസ്‌ലാമിക രീതിയില്‍ അതിലെ ചിത്രപണികള്‍ ചെയ്യുന്നതിന് അഹ്മദ് ഹിവാറിന്റെ എഞ്ചിനീയറിംഗ് കമ്പനിയും പങ്കുവഹിച്ചു. ഗ്രീക്ക് നിര്‍മാണ കലയെ അനുസ്മരിപ്പിക്കും വിധമായിരുന്നു വിശാലമായ കവാടത്തിലെ ഉയരമുള്ള സ്തൂപങ്ങള്‍. പള്ളിയുടെ നിര്‍മാണത്തിനായി 1,250,000 അമേരിക്കന്‍ ഡോളര്‍ ചെലവ് വന്നു. അതിന് പുറമെ ധാരാളം കലാപരമായ ജോലികള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗജന്യമായി നിര്‍വഹിച്ചിട്ടുമുണ്ട്.

ഉദ്ഘാടനം
1957-ല്‍ ആരംഭിച്ച് ഏഴ് വര്‍ഷത്തിലധികം കാലമെടുത്ത പള്ളിയുടെ നിര്‍മാണം 1957-ലാണ് പൂര്‍ത്തിയായത്. 1957 ജൂണ്‍ 28-ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡ്വെയ്റ്റ് ഹെസിനോവറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. അവിടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇസ്‌ലാമിന്റെ നാഗരിക പൈതൃകങ്ങളെ പറ്റി പ്രത്യേകം സൂചിപ്പിച്ചു. തൂവെള്ള മാര്‍ബിള്‍ കല്ലുകളായിരുന്നു പള്ളിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റി അംഗം വളരെ സൂക്ഷ്മായി അതിന്റെ ഖിബ്‌ല നിര്‍ണ്ണയിച്ചു. തുര്‍ക്കി, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരും അതിന് സഹായിക്കാനുണ്ടായിരുന്നു.

പള്ളിയുടെ സവിശേഷതകള്‍
വളരെ വിശാലമായ പള്ളിയുടെ മേല്‍ക്കൂര കൂറ്റന്‍ വെള്ള മാര്‍ബിള്‍ തൂണുകളിലാണ് നില്‍ക്കുന്നത്. വളരെ സുന്ദരമായ നിര്‍മാണ കലയുടെ രൂപങ്ങളാണ് മുകളിലുള്ളത്. നിര്‍മാണം കൊണ്ട് സവിശേഷമായ നാല് വാതിലുകള്‍ നമസ്‌കാര സ്ഥലത്തെയും സവിശേഷമാക്കുന്നു. ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ട് വളരെ മനോഹരമായി അലങ്കരിച്ചതാണ് അവയുടെ മുകള്‍ ഭാഗം. കവാടത്തിന് മുന്നിലായി ഭൂമിയില്‍ നിന്ന് അല്‍പം ഉയര്‍ന്ന് മനോഹരമായ ഒരു ഗോവണിയുമുണ്ട്. അപൂര്‍വങ്ങളായ കൊത്തുപണികളും ചിത്രപണികളും ഖുര്‍ആന്‍ ആയത്തുകളും ആലേഖനം ചെയ്ത മിഹ്‌റാബും അതിന്റ പ്രത്യേകതയാണ്. കെയ്‌റോയിലെ മുഹമ്മദലി ജുമാമസ്ജദിലെ മിമ്പറിന് സമാനമായ മനോഹരമായ മിമ്പറാണ് നമസ്‌കാര സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ളത്. എബണി മരത്തിന്റെ 12000 കഷ്ണങ്ങള്‍ ചേര്‍ത്താണത് നിര്‍മ്മിച്ചിട്ടുള്ളത്. ഈജിപ്തില്‍ നിര്‍മിച്ച് കൊണ്ട് വന്നതാണത്. കാനന്‍ പ്രദേശത്ത് നിന്നും പള്ളിക്കുള്ള സമ്മാനമായിട്ടാണത് കൊണ്ടുവന്നത്. അതോടൊപ്പം ശരീഅത്തിലും അറബിയിലുമുള്ള വ്യത്യസ്തങ്ങളായ ആയിരം ഗ്രന്ഥങ്ങളും അയച്ചിട്ടുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ലൈബ്രറിയുടെ തുടക്കമായിരുന്നു അത്. 160 അടി ഉയരമുള്ളതാണ് രണ്ടു ഭാഗങ്ങളായി പണിതിട്ടുള്ള അതിന്റെ മിനാരം. പള്ളിയെ നിര്‍മിക്കുന്നതിലും ആരാധനക്ക് സജ്ജമാക്കുന്നതിലും ധാരാളം മുസ്‌ലിം രാജ്യങ്ങള്‍ പങ്കാളിത്വം വഹിച്ചുവെന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം.

ഇസ്‌ലാമിക് സെന്റര്‍
പള്ളി നിര്‍മിച്ചപ്പോള്‍ അതിനോട് ചേര്‍ന്ന് തന്നെ ഒരു ഇസ്‌ലാമിക സെന്ററും നിര്‍മിക്കാന്‍ അവര്‍ താല്‍പര്യം കാണിച്ചിരുന്നു. പള്ളിയുടെ സാംസ്‌കാരികവും സാമൂഹികവുമായ പങ്ക് നിര്‍വഹിക്കുന്നതിനായിരുന്നു അത്. പള്ളിയുടെ ഇരുവശങ്ങളിലും ചിറകുകള്‍ പോലെ രണ്ടു ഭാഗങ്ങളായിട്ടാണ് സെന്റര്‍. അതില്‍ ഒരു ഭാഗം വിശാലമായ കോണ്‍ഫറന്‍സ് ഹാളും ആയിരത്തിലധികം അമൂല്യങ്ങളായ ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ലൈബ്രറിയുമാണ്. മറുഭാഗത്ത് ഡയറക്ടര്‍ക്കുള്ള താമസത്തിനും സെന്ററിന് കീഴിലുള്ള ഓഫീസുകള്‍ക്കുമായി നീക്കിവെച്ചിരിക്കുകയാണ്. പ്രമുഖ അല്‍-അസ്ഹര്‍ പണ്ഡിതനായ ഡോ. മഹ്മൂദ് ഹുബ്ബുല്ലയായിരുന്നു ആദ്യ ഡയറ്കടര്‍. അദ്ദേഹത്തിന് ശേഷം ഡോ. മഹ്മൂദ് ബൈസാറായിരുന്നു.

സെന്ററിന്റെ സേവനങ്ങള്‍
ആയിരക്കണക്കിന് ആളുകളെ ലക്ഷ്യമാക്കിയാണ് പള്ളി നിര്‍മിച്ചിട്ടുള്ളത്. വ്യത്യസ്ത തലങ്ങളിലുള്ള മുസ്‌ലിംകള്‍ക്ക് അറിവ് നേടാനും നമസ്‌കരിക്കാനും ഉള്ള കേന്ദ്രമാണത്. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള കേന്ദ്രമായിരുന്നു അത്. കൂടാതെ കുടുംബത്തോടൊന്നിച്ചുള്ള വിനോദയാത്രക്കും അതിന്റെ നിര്‍മ്മാണ കല ആസ്വദിക്കാനുമുള്ള കേന്ദ്രമായിരുന്നു. എന്നാല്‍ അമുസ്‌ലിംകളെ സംബന്ധിച്ചെടത്തോളം ഇസ്‌ലാമിനെ പരിചയപ്പെടുന്നതിനുള്ള കേന്ദ്രമായിരുന്നു അത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles