Current Date

Search
Close this search box.
Search
Close this search box.

വാഗ്ദാനങ്ങള്‍ക്ക് ജീവന്‍ വെക്കുന്ന തെരെഞ്ഞെടുപ്പ്‌

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നാട് ഉണര്‍ന്നൊരുങ്ങുമ്പോള്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങളുടെ ഭാണ്ഡങ്ങളുമായാണ് വോട്ടര്‍മാരെ വിളിച്ചുകൂട്ടുന്നത്. ഏഴാം ശമ്പളക്കമീഷന്‍ പുനസംഘടിപ്പിച്ചുകൊണ്ട് മേള ആരംഭിച്ച യു.പി.എ. സമ്പന്നരായ ജൈന സമുദായത്തിന് ന്യൂനപക്ഷ പദവി അനുവദിച്ചുനല്‍കി. ന്യൂനപക്ഷ വിദ്യാഭ്യാസപദ്ധതികള്‍ക്കായി 1600 കോടി അനുവദിക്കുകയും ഇതുവരെ ഉപഭോക്താക്കളെയും വിതരണക്കാരേയും വട്ടംകറക്കിയ കേന്ദ്രം ആധാര്‍കാര്‍ഡും ബാങ്ക് ബന്ധവും ഒന്നുമില്ലാതെ അനുവദിക്കുന്ന സിലിണ്ടറുകളുടെ എണ്ണം 12 ആക്കിയത് മാധ്യമങ്ങളെ അമ്പരപ്പിക്കുകയും ചെയ്തു. വികസന പദ്ധതികളില്‍ മുസ്‌ലിം റിസര്‍വേഷന്‍ ഇരുപത് ശതമാനമാക്കി. പത്താംക്ലാസ് പാസാകുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് 20000 രൂപ അനുവദിച്ചു. ഇത് യു.പി.എ.യുടെ മാത്രം തന്ത്രമായിരുന്നില്ല.

തമിഴ്‌നാട്ടില്‍ 2 രൂപക്ക് ഒരു കിലോ അരി, സൈക്കിള്‍, ടി.വി., ലാപ്‌ടോപ്പ്, മിക്‌സി, പശു, ആട്, സ്വര്‍ണ്ണം എന്നവയായിരുന്നു 2006 ലും 2011 ലും വാഗ്ദാനം. 2012 മുതല്‍ തന്റെ ജന്മദിനമായ ഫെബ്രുവരി 24 ന് ജനിക്കുന്ന പതിനായിരം പെണ്‍കുഞ്ഞുങ്ങള്‍ക്ക് 10000 രൂപയാണ് ജയലളിത വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ 60000 തെങ്ങിന്‍ തൈകള്‍ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പതിനാലാം ശമ്പളക്കമ്മീഷനോട് ഭരണസംവിധാനവും പോലീസ് വകുപ്പും വികസിപ്പിക്കുന്നതിനായി 41000 കോടി രൂപക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

ഉത്തരപ്രദേശിലെ ദുരിതപൂര്‍ണമായ രണ്ടു വര്‍ഷത്തെ സാമുദായികലഹളകള്‍ക്കുശേഷം അഖിലേഷ് യാദവ് മദ്‌റസാ അധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും ഗ്രാമപ്രദേശത്തെ 70000 അധ്യാപകര്‍ക്ക് തൊഴിലുറപ്പ് വാഗ്ദാനം നല്‍കുകയുമാണ് ചെയ്തത്. ബംഗാളും പിന്നിലല്ല. മുപ്പതിനായിരം മസ്ജിദ് ഇമാമുമാര്‍ക്ക് 2500 രൂപ വീതം സ്റ്റൈപ്പെന്റും പിന്നോക്ക ഗ്രാമങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് 25000 രൂപ വീതവും വാഗ്ദാനമുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നീ  മേഖലകളിലെ ബജറ്റിനെ ലജ്ജാകരമായ ഈ പ്രീണനം സാരമായി ബാധിക്കുമെന്ന കാര്യം സാമ്പത്തിക ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാനിഫെസ്റ്റോവുമായി ബന്ധിപ്പിക്കണമെന്നും ചിലവാക്കുന്ന സംഖ്യയുടെ ഉറവിടം വെളിപ്പെടുത്തണമെന്നും ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗവും പ്രധാനപ്പെട്ടതാണെന്നും കമ്മീഷന്‍ പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷെ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. എന്തുതരം വാഗ്ദാനവും സൗജന്യവും ജനങ്ങളെ സ്വാധീനിക്കും. അത് നീതിനിഷ്ഠവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ വേരുകളെത്തന്നെ ബാധിക്കും എന്നാണ് ഈയിടെയുണ്ടായ ഒരു സുപ്രീംകോടതി വിധിയില്‍ പരാമര്‍ശിച്ചത്.

”അപ്രായോഗികമോ അസംബന്ധമോ ആയ വാഗ്ദാനങ്ങളായാല്‍പോലും അത് ബഹുജന ശ്രദ്ധയിലെത്തിക്കേണ്ടത് എതിര്‍പാര്‍ട്ടികളാണ്. വാസ്തവത്തില്‍ ചന്ദ്രനും നക്ഷത്രങ്ങളും വാഗ്ദാനം ചെയ്യുന്ന മാനിഫെസ്റ്റോകള്‍ ആണെങ്കില്‍പോലും സുപ്രീംകോടതിക്കോ തെരഞ്ഞെടുപ്പ് കമ്മീഷനോ അത് ചോദ്യം ചെയ്യാന്‍ സാദ്ധ്യമല്ല. ഈ സൗജന്യങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷകള്‍ കമ്മീഷനില്‍ വന്ന് നിറഞ്ഞിരിക്കുകയാണ്. ഒരു ഉറുപ്പികയാലെ 15 പൈസ മാത്രമേ പാവപ്പെട്ടവരിലേക്കെത്തുന്നുള്ളു എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന നാം ഇവിടെ ഒര്‍ക്കേണ്ടതുണ്ട്. ഈ സൗജന്യങ്ങളോടുള്ള എതിര്‍പ്പ് പാവപ്പെട്ടവരില്‍ നിന്നല്ല ഉയരുന്നത്. സമ്പന്നരുടെ മേടകളില്‍ നിന്നാണുയരുന്നത് എന്നും ഓര്‍ക്കണം.” മുന്‍മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈശിയുടെ വാക്കുകളാണിത്.

അവലംബം:  ഔട്ട്‌ലുക്ക് വാരിക

Related Articles