Current Date

Search
Close this search box.
Search
Close this search box.

വളരുന്ന ആക്രമണോത്സുക ദേശീയത

Aggressive-Nationalism.jpg

എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അതീതമായി നിങ്ങളുടെ രാജ്യമാണ് എല്ലാത്തിനേക്കാളും വലുതെന്ന വിശ്വാസത്തെയാണ് ദേശീയത എന്ന് പേരിട്ട് വിളിക്കുന്നത്. ചില അവസരങ്ങളില്‍, അമേരിക്കന്‍ വിപ്ലവത്തില്‍ കണ്ടതു പോലെ, വൈദേശിക ശക്തികളുടെ അധിനിവേശത്തില്‍ നിന്ന് മോചിതരാവാന്‍ ദേശീയത ജനങ്ങള്‍ക്ക് പ്രചോദനമാവാറുണ്ട്. പക്ഷെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിലേക്കും ദേശീയത ചിലപ്പോള്‍ നയിക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം, ‘ഹിന്ദുത്വ’ രാഷ്ട്രീയമാണ് ഇന്ത്യയിലെ ദേശീയതാ സംവാദത്തിന് ചുക്കാന്‍ പിടിക്കുന്നത്. മതേതരത്വത്തിന്റെ സത്ത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്, ദാദ്രി സംഭവം ഇന്ത്യയിലെ അത്യന്തം നികൃഷ്ഠമായ വര്‍ഗീയ മനസ്സിനെ തുറന്ന് കാട്ടിയിരുന്നു.

‘ദേശീയത എന്നത് കേവലം ഔദ്യോഗിക കെട്ടിടങ്ങള്‍ക്ക് മേല്‍ പതാക പാറിക്കുന്നതിലും, രാഷ്ട്രത്തെ മാതാവെന്ന് വാഴ്ത്തി മഹത്വം പാടി പുകഴ്ത്തുന്നതിലും പിരിമിതപ്പെട്ട ഒരു സംഗതിയല്ല. കോളോണിയല്‍ ശക്തികളെ പുറത്താക്കാന്‍ ഒരുമിച്ച് നിന്ന ഒരു ജനതയുടെ സ്വത്വത്തോടുള്ള ആഴത്തിലുള്ള പ്രതിബന്ധയാണ് ദേശീയത’ എന്നാണ് ചരിത്രകാരി റോമില ഥാപ്പര്‍ വിശദീകരിച്ചത്.

രാഷ്ട്രീയക്കാരും, വക്കീലുമാരും, മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ‘അപരനെ’ ‘ദേശവിരുദ്ധനായി’ മുദ്രകുത്തുന്നത് ഒരു ആചാരമായി മാറികഴിഞ്ഞിട്ടുണ്ട്. ‘നിര്‍ണിതമായ അതിര്‍ത്തിയെയും ഏകമാനമുള്ള വിപണിയെയും കുറിച്ചല്ല വലതുപക്ഷത്തിന്റെ ദേശീയതാ സങ്കല്‍പ്പം സംസാരിക്കുന്നത്. വര്‍ധമാന സ്വഭാവമുള്ള അയഞ്ഞ അതിര്‍ത്തികളിലെക്കും, ഏകശിലാത്മകമായ വിശ്വാസങ്ങളിലേക്കും സംസ്‌കാരത്തിലേക്കുമാണ് അതിന്റെ നോട്ടം, അഥവാ ഹിന്ദു മേധാവിത്വം. മിഡിലീസ്റ്റ് രാഷ്ട്രങ്ങള്‍ മുസ്‌ലിംകള്‍ക്കുള്ളതാണ്, എന്തുകൊണ്ട് ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതായി കൂടാ? എന്ന വര്‍ത്തമാനം കൊണ്ട് ഒരു കാര്യവുമില്ല. മിഡിലിസ്റ്റ് രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും രാജാക്കന്‍മാരാണ് ഭരിക്കുന്നത്. രാജഭരണത്തിലേക്ക് മടങ്ങി പോകാന്‍ നമുക്കൊരിക്കലും കഴിയില്ല, അതോ കഴിയുമോ?’ എന്ന സി.പി സുരേന്ദ്രന്റെ വാക്കുകള്‍ എത്ര ശരിയാണ്.

‘ദേശവിരുദ്ധര്‍’ Vs ‘ഇന്ത്യന്‍ സൈന്യം’ എന്ന ഒരു വ്യാജ ദ്വന്ദ്വകല്‍പ്പന ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. തീവ്രദേശീയതാ വികാരത്തിന് മേല്‍ കെട്ടിച്ചമക്കപ്പെട്ട ‘ഇന്ത്യ എന്ന സങ്കല്‍പ്പത്തെ’ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന യുക്തിരഹിതമായ ഒരു പദപ്രയോഗമാണത്. ഉദാഹരണമായി, ബി.ജെ.പി സര്‍ക്കാറിലെ ഒരു മന്ത്രിയായ ജനറല്‍ വി.കെ സിംഗ് പറഞ്ഞു: ‘രാഷ്ട്രത്തിന്റെ ഭക്ഷ്യധാന്യങ്ങളാണ് നിങ്ങള്‍ ഭക്ഷിക്കുന്നത്, രാജ്യത്ത് താമസിക്കുന്നതോടൊപ്പം നിങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യുന്നു. എന്നിട്ടും നിങ്ങള്‍ രാഷ്ട്രത്തെ ആക്ഷേപിക്കുകയാണെങ്കില്‍, നിങ്ങളൊരു രാജ്യദ്രോഹി തന്നെയാണ്.’ സജീവമായ ഒരു ജനാധിപത്യ വ്യവസ്ഥയിലെ സുപ്രധാന ഘടകങ്ങളായ ‘എതിരഭിപ്രായം പറയാനുള്ള അവകാശം’ അല്ലെങ്കില്‍ ‘സംവാദത്തിനുള്ള അവകാശം’ തുടങ്ങിയവക്ക് മുകളില്‍ അധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് അത്തരം വര്‍ത്തമാനങ്ങളിലൂടെ നടക്കുന്നത്.

രാജ്യദ്രോഹവും ഗൂഡാലോചനാകുറ്റവും ചുമത്തപ്പെട്ട ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യ കുമാര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുകയുണ്ടായി ‘ദേശീയതയുടെ കുത്തകാവകാശത്തിനും, എ.ബി.വി.പിയുടെ അഖണ്ഡ ഭാരത സങ്കല്‍പ്പത്തിനും, സമൂഹത്തിലെ ജാതി ശ്രേണിവ്യവസ്ഥക്കും ഞാന്‍ എതിരാണ്.’

യാതൊരു അടിസ്ഥാനവുമില്ലാത്ത ഭ്രമാത്മകമായ ആക്രമോത്സുക ദേശീയവാദത്തിന്റെ ആവിര്‍ഭാവത്തിനാണ് ഇന്ത്യയില്‍ നാമിന്ന് സാക്ഷികളായി കൊണ്ടിരിക്കുന്നത്. കൂട്ടം കൂടി വരുന്ന ജനത്തിന് ഒരു തരം ശക്തിയും ശബ്ദവും അത് നല്‍കുന്നുണ്ട്.  ‘ഭാരതമാതാവിന്റെ’ സംരക്ഷണാര്‍ത്ഥം മറ്റുള്ളവര്‍ക്ക് മേല്‍ വൃത്തികെട്ട പ്രസ്താവനകള്‍ നടത്താന്‍ അത് തയ്യാറാണ്. അതിലൂടെ സ്വയം തരംതാഴുകയാണ് അവര്‍ ചെയ്യുന്നത്. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ജെ.എന്‍.യുവിനെ അപരവല്‍ക്കരിച്ച രീതിയും, കാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ‘ദേശവിരുദ്ധരായി’ ചിത്രീകരിച്ചതും അത്യന്തം വേദനാജനകം തന്നെയാണ്.

പ്രതാപ് ഭാനു മെഹ്ത പറയുന്നത് വളരെ ശരിയാണ് ‘നിങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം, ഈ ചോദ്യം ഒരു ഭീഷണിയെന്നതിനേക്കാള്‍ സ്‌നേഹബന്ധത്തെ കുറിക്കുന്നതാണ്. പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് ഒരു തരം ഭീഷണിയുടെയും കുറ്റാരോപണത്തിന്റെയും രൂപം കൈവന്നിട്ടുണ്ട്. ദേശവിരുദ്ധരാല്‍ അണുബാധയേറ്റ രാഷ്ട്രം വൃത്തിയാക്കപ്പെടേണ്ടതുണ്ട് എന്ന ധ്വനി അതിലുള്ളടങ്ങിയിട്ടുണ്ട്. ദേശവിരുദ്ധരല്ല ഇപ്പോള്‍ യഥാര്‍ത്ഥ ഭീഷണിയുയര്‍ത്തുന്നത്, മറിച്ച് എല്ലാവരെയും ദേശവിരുദ്ധരായി കാണുന്ന ആളുകളാണ് രാജ്യമിപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി.’

നമ്മുടേത് ഒരു ഫാഷിസ്റ്റ് രാഷ്ട്രമല്ലെന്നും, ഈ രാജ്യത്തെ ഓരോ പൗരനും മറ്റുള്ളവന്റെ അവകാശങ്ങളെ ഹനിക്കാത്ത വിധത്തില്‍ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നുമുള്ള കാര്യം ഇവിടുത്തെ തീവ്രദേശീയവാദികള്‍ ഓര്‍ക്കേണ്ടതുണ്ട്. ചോദ്യചെയ്യുന്നത് രാജ്യദ്രോഹമായി മാറുന്ന ഒരു ഇന്ത്യയില്‍ ജീവിക്കുക എന്നത് വളരെ പ്രയാസകരമായി കൊണ്ടിരിക്കുകയാണ്. ഇത് വളരെ അപകടകരമാണെന്ന് പറയാതെ വയ്യ.

ദരിദ്രരായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും, ഒരു ഇന്ത്യന്‍ മുസല്‍മാന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയും, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ എങ്ങോട്ട് ഈ ദേശീയത പോയികൊണ്ടിരിക്കുന്നത്? ചിലപ്പോള്‍, എന്റെ ഈ ബോധ്യവും ‘രാജ്യദ്രോഹമായി’ തീരാന്‍ ഇടയുണ്ട്. കാരണം ചോദ്യം ചെയ്യുക എന്ന കുറ്റം അതിലടങ്ങിയിട്ടുണ്ടല്ലോ. പതുക്കെ പതുക്കെ അത് ഇന്ത്യയില്‍ നിന്നും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. എതിരാളിയെ കരിവാരിത്തേക്കുക എന്നതിലുപരി യാതൊരു വിധ സംവാദ മര്യാദകളും പാലിക്കാത്തരവാണ് ഇന്ത്യയിലെ തീവ്രദേശീയവാദികള്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത് കഠിനകാലമാണ്. തീവ്രദേശീയതയാല്‍ ആക്രമോത്സുകമായ ജനകൂട്ട മനസ്സ് അനിവാര്യമായും നിയന്ത്രിക്കപ്പെടണം. അല്ലെങ്കില്‍ നാല്‍ക്കാലികളെ പോലെ തെളിക്കപ്പെടുന്ന ആ ജനകൂട്ടം നമ്മുടെ ബുദ്ധിജീവിതത്തെ എന്നെന്നേക്കുമായി ചവിട്ടിമെതിച്ച് നശിപ്പിക്കുക തന്നെ ചെയ്യും.

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles