Current Date

Search
Close this search box.
Search
Close this search box.

വന്‍മരങ്ങള്‍ വീഴുമ്പോള്‍ ചെറുപുല്ലുകള്‍ ഞെരിഞ്ഞമരുന്നു

പ്രകൃതിനിയമങ്ങള്‍ അങ്ങനെത്തന്നെ നേരിട്ട് മനുഷ്യസമൂഹത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ല. എന്നിട്ടും ചില സമയങ്ങളില്‍ സാമൂഹിക ദുരന്തങ്ങളെ ന്യായീകരിക്കാന്‍ അവ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, ‘ഒരു വന്‍മരം വീഴുമ്പോള്‍, ചെറു പുല്ലുകള്‍ അതിനടിയില്‍ ഞെരിഞ്ഞമരുക സ്വാഭാവികമാണ് (1984-ലെ സിക്ക് കൂട്ടക്കൊലക്ക് ശേഷം കേട്ടത്), ഓരോ പ്രവര്‍ത്തനത്തിനും, അതിന് തുല്ല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും (2002-ലെ ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് കേട്ടത്)’ തുടങ്ങിയവ അവയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. പണ്ഡിതന്മാരായ എഴുത്തുകാര്‍ അവര്‍ക്ക് ലഭിച്ച പരമോന്നത ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയപ്പോള്‍ അവരെല്ലാം തന്നെ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ നടന്നപ്പോഴും, സിഖ് കൂട്ടക്കൊല സംഭവിച്ചപ്പോഴും, കാശ്മീരി പണ്ഡിറ്റുകള്‍ കൂട്ടപലായനം ചെയ്തപ്പോഴും, നൂറുകണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിച്ച മുംബൈ ട്രെയിന്‍ സ്‌ഫോടനം അരങ്ങേറിയപ്പോഴും എന്ത് കൊണ്ട് അവര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയില്ല എന്നാണ് ചിലര്‍ ചോദിച്ചത്.

ഡോ. ദബോല്‍ക്കല്‍, സഖാവ് പന്‍സാരെ, പ്രൊഫ. കല്‍ബുര്‍ഗി തുടങ്ങിയവര്‍ മാസങ്ങളുടെ ഇടവേളയില്‍ കൊല്ലപ്പെട്ടപ്പോള്‍ തന്നെ വരാനിരിക്കുന്ന അപകടത്തിന്റെ സൂചനകള്‍ എല്ലാവര്‍ക്കും ലഭിച്ചു തുടങ്ങിയിരുന്നു. പക്ഷെ സമൂഹത്തില്‍ അശുഭകരമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സന്ദേശം ഉയര്‍ന്നുവരാന്‍ ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാക് എന്ന സാധുമനുഷ്യന്‍ കൊല്ലപ്പെടുന്നത് വരെയും, സാഹിത്യ അക്കാദമി, ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ എന്നിവ തിരിച്ച് കൊടുക്കുന്നത് വരെയും കാത്തിരിക്കേണ്ടി വന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഈ ‘അവാര്‍ഡ് മടക്കി നല്‍കലിനെ’ തുടര്‍ന്ന് അരങ്ങേറിയ സംഭവവികാസങ്ങള്‍ ഭീതിയുണര്‍ത്തുന്നവയാണ്. അറുക്കാനായി പശുക്കളെ ലോറിയില്‍ കടത്തി എന്നാരോപിച്ച് ഒരു ട്രക്ക് ഡ്രൈവറെ കൊന്ന സംഭവം; കാശ്മീരിലെ ഒരു എം.എല്‍.എ-യെ ബി.ജി.പിക്കാരായ മന്ത്രസഭാംഗങ്ങള്‍ മര്‍ദ്ദിച്ച സംഭവം തുടങ്ങി ബീഫ് കഴിച്ചു എന്നാരോപിച്ച് മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ അക്രമസംഭവങ്ങള്‍ തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നത് തന്നെയാണ്. ബീഫ് എന്ന വാക്ക് ഉച്ചരിക്കുന്നവന് നേര്‍ക്ക് ആക്രമണം അഴിച്ചുവിടാന്‍ ആര്‍ക്കും സാധിക്കുന്ന ഒരു സാഹചര്യമാണ് നാമിന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ട്രാഫിക്ക് ബ്ലോക്കുണ്ടാക്കുന്ന രീതിയില്‍ പശുക്കള്‍ റോഡിലൂടെ നടന്നാല്‍ അവയെ ആട്ടിയകറ്റാന്‍ കഴിയാത്ത ഒരു പരിതസ്ഥിതിയിലാണ് നാമിന്ന് ജീവിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിച്ചു. നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ക്ക് എല്ലാ ‘വെറുപ്പ് ഉല്‍പ്പാദകരും’ ഓവര്‍ടൈം പണി എടുക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു അക്ബറുദ്ദീന്‍ ഉവൈസിയെ നേരിടാന്‍ സാക്ഷി മഹാരാജിന്റെയും, സാധ്വിയുടെയും, യോഗിയുടെയും വന്‍ സൈന്യങ്ങളാണ് അണിനിരന്നിട്ടുള്ളത്. കാവിത്തുണി ഉടുത്ത, ഹിന്ദുത്വ ദേശീയവാദ രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ സൈന്യത്തിന് സംഘ് പരിവാര്‍ എന്ന അവരുടെ രാഷ്ട്രീയ സംഘത്തില്‍ വളരെ വലിയ സ്ഥാനമാണുള്ളത്. ഗോ മാതാവിന്റെ മാനം കാത്തുരക്ഷിക്കാനായി മഹാറാണാ പ്രതാപിനെ അനുകരിക്കാന്‍ ഹിന്ദു യുവാക്കളോട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നമ്മുടെ പ്രധാനമന്ത്രി തന്നെ ഉദ്‌ബോധിപ്പിച്ചിരുന്നു. കേവല സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൂണെയിലെ മുഹ്‌സിന്‍ ശൈഖ് എന്ന സാങ്കേതിക വിദഗ്ദന്‍ കൊല ചെയ്യപ്പെട്ടു. ചര്‍ച്ചുകള്‍ക്കെതിരെ നടന്ന ആക്രമണ പരമ്പരകളെ, മോഷണ ശ്രമങ്ങളായി ചിത്രീകരിച്ച് തള്ളിക്കളഞ്ഞു, ലൗ ജിഹാദ് പ്രചാരണങ്ങളെ സജീവമാക്കി നിലനിര്‍ത്തി, യു.പിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥിനെ പോലെയുള്ള മുന്‍നിര നേതാക്കള്‍, മുസ്‌ലിംകള്‍ വിവാഹം കഴിക്കുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്കും പകരം, നൂറ് മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുക്കള്‍ വിവാഹം ചെയ്തു കൊണ്ടു വരണമെന്ന് പ്രസ്താവനയിറക്കി. നവരാത്രി പോലെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുസ്‌ലിം യുവാക്കള്‍ വിലക്കപ്പെട്ടു. ബി.ജെ.പിയിലെ മുസ്‌ലിം നേതാവായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് ഉപദേശം നല്‍കി. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു, ഗോഡ്‌സെയുടെ സ്മരണാര്‍ത്ഥം ക്ഷേത്രം നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു. അതിനിടെ കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയുടെ പ്രതാധിപര്‍, ‘വെടി വെക്കാന്‍ തെരഞ്ഞെടുത്ത ആളുടെ കാര്യത്തില്‍ ഗോഡ്‌സെക്ക് തെറ്റു പറ്റി’ എന്ന് എഴുതുകയുണ്ടായി. കേസരി പത്രാധിപരുടെ അഭിപ്രായത്തില്‍ ഗാന്ധിജിക്ക് പകരം ഗോഡ്‌സെ കൊല്ലേണ്ടിയിരുന്നത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നു. വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് തുടര്‍ന്നപ്പോഴും, പ്രസ്തുത എഴുത്തുകാരെയും പണ്ഡിതന്‍മാരെയും പരിഹസിക്കാനാണ് ബി.ജെ.പി നേതൃത്വം സമയം കണ്ടെത്തിയത്. ഈ എഴുത്തുകാരെ കളിയാക്കുന്നതിന് വേണ്ടി അവര്‍ ‘ബുദ്ധി ശുദ്ധി പൂജാ പഥ് ‘ (ബുദ്ധി ശുദ്ധീകരണ പൂജ) സംഘടിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാമുപരി, ബീഫ് തീറ്റ ഉപേക്ഷിച്ചാല്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് മുന്‍ ആര്‍.എസ്.എസ് പ്രചാരകായിരുന്ന ഹരിയാന മുഖ്യമന്ത്രി പറഞ്ഞത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അനുമതിയോടെയും അനുഗ്രഹാശിസ്സുകളോടെയുമാണ് ഇതെല്ലാം നടന്നതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ അവരില്‍ ഒരാള്‍ പോലും തങ്ങള്‍ ചെയ്ത നീചകൃത്യങ്ങളുടെ പേരില്‍ മാപ്പു പറയാന്‍ തയ്യാറായിട്ടില്ല.

നടന്നു കൊണ്ടിരിക്കുന്ന അനിഷ്ടകരമായ സംഭവവികാസങ്ങളില്‍ അസ്വസ്ഥനായി, രാജ്യത്തിന്റെ ബഹുസ്വര മൂല്യങ്ങളും, സഹിഷ്ണുതാ സംസ്‌കാരവും ഉയര്‍ത്തിപിടിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മൂന്ന് അവസരങ്ങളില്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. പൗരന്‍മാരുടെ ‘ജീവിക്കാനുള്ള അവകാശം’ സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് സര്‍ക്കാറിനെ ഓര്‍മപ്പെടുത്തേണ്ടി വന്നു. രാജ്യത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ വാക്കുകള്‍ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക അന്തരീക്ഷത്തെ വ്യക്തമായി വരച്ചിടുന്നുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥനായ ജൂലിയോ റിബെറോ, ‘ഒരു ക്രിസത്യാനി എന്ന നിലയില്‍, പെട്ടെന്ന് എന്റെ സ്വന്തം രാജ്യത്ത് ഞാനൊരു അപരിചിതനാണെന്ന് എനിക്ക് തോന്നി’ എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ വേദന പങ്കുവെച്ചത്. ‘ഇതു വരെ എനിക്ക് എന്റെ മുസ്‌ലിം വ്യക്തിത്വത്തെ കുറിച്ച് ബോധവാനാകേണ്ടി വന്നിരുന്നില്ല’ പ്രമുഖ അഭിനേതാവ് നസീറുദ്ധീന്‍ ഷാ ചൂണ്ടികാട്ടി.

ഇത് സാധാരണ കാലമല്ല. ബഹുസ്വരതയുടേയും, സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടു. അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ ആര്‍.എസ്.എസ് ബാന്ധവമുള്ള വര്‍ഗീയ രാഷ്ട്രീയം ചിറകുകള്‍ മുഴുവനും വിരുത്തി പാറിപ്പറക്കുകയാണ്. കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കണക്ക് മാത്രമല്ല വര്‍ഗീയത കൊണ്ട് ഉദ്ദേശിക്കുന്നത്. മതന്യൂനപക്ഷങ്ങളെ കുറിച്ച് ഉല്‍പ്പാദിപ്പിക്കുന്ന പരിപ്രേക്ഷ്യങ്ങളുടെ കൂടെയാണ് ഈ കലാപങ്ങളുടെ അടിത്തറ നിര്‍മാണം ആരംഭിക്കുന്നത്. ഈ പരിപ്രേക്ഷ്യങ്ങള്‍ക്കാവട്ടെ മാനുഷ്യത്വ വിരുദ്ധമായ വ്യാഖ്യാനവും നല്‍കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കാനാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഗുജറാത്ത്, മുംബൈ, ബഗല്‍പൂര്‍, മുസ്സഫര്‍ നഗര്‍, ദാദ്രി എന്നിവിടങ്ങളില്‍ നടത്തിയത് പോലെയുള്ള വന്‍ കലാപങ്ങള്‍ അഴിച്ചു വിടാന്‍ വര്‍ഗീയ ഘടകങ്ങള്‍ക്ക് സാധിക്കുന്നത്. ഇത് സമൂഹത്തില്‍ വിള്ളലുകളും, വിഭാഗീയതയും സൃഷ്ടിക്കുന്നു. അതുവഴി വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെട്ടു. മതത്തിന്റെ പേരില്‍ രാഷ്ട്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിലെ ശക്തിയുടെ അടിസ്ഥാനം ഈ വര്‍ഗീയ ധ്രുവീകരണം തന്നെയാണ്. തെരഞ്ഞെടുപ്പിന്റെ അവസരങ്ങളില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകം വര്‍ഗീയ കലാപങ്ങള്‍ തന്നെയാണെന്ന് യേല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ വര്‍ഗീയത നട്ടുപിടിപ്പിക്കപ്പെട്ടിട്ട് ഏകദേശം ഒന്നര ദശാബ്ദക്കാലത്തിലേറെയായി. ബ്രിട്ടീഷുകാരുടെ ‘വിഭജിച്ച് ഭരിക്കുക’ എന്ന നയം, വര്‍ഗീയ ചരിത്രവിജ്ഞാനീയത്തെ ഒരു പ്രധാന ആയുധമായി ഉപയോഗപ്പെടുത്തി. ഇത്തരത്തിലുള്ള ചരിത്ര വ്യാഖ്യാനത്തെ വര്‍ഗീയ സംഘടനകള്‍ ഏറ്റെടുത്തു, അവക്ക് ഹിന്ദു വിരുദ്ധവും, മുസ്‌ലിം വിരുദ്ധവുമായ മാനങ്ങള്‍ നല്‍കപ്പെട്ടു, പിന്നീട് ഓരോ വര്‍ഗീയ ആക്രമണത്തിന് ശേഷവും പ്രസ്തുത ചരിത്ര വ്യാഖ്യാനം ക്രമപ്രവൃദ്ധമായി ശക്തിപ്പെട്ടു വന്നു. ക്ഷേത്ര ധ്വംസനങ്ങളെ ചുറ്റിപ്പറ്റിയാണ് തീവ്രമായ ‘വെറുപ്പ്’ ഉല്‍പ്പാദിപ്പിച്ചത്, ലൗവ് ജിഹാദിന് പകരം ബീഫ് കൊണ്ടുവന്നു. ഈ വര്‍ഗീയ ഘടകങ്ങള്‍ക്കെല്ലാം തന്നെ ഇന്നത്തെ സര്‍ക്കാറിന്റെ കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന നല്ല ഉറച്ച ബോധ്യമുണ്ട്. കാരണം നിലവിലെ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രസ്തുത വര്‍ഗീയ ഘടകങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.

ഹിന്ദുത്വ ദേശീയവാദ പ്രത്യയശാസ്ത്രത്താലും, വര്‍ഗീയ ഘടകങ്ങളാലും നയിക്കപ്പെട്ടുന്ന നിലവിലെ സര്‍ക്കാറിന് വളരെ വലിയ സ്വാധീനവലയമാണുള്ളത്. പ്രാദേശിക തലത്തില്‍ വിഭാഗീയ ദേശീയതയുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഈ പാര്‍ട്ടിക്ക് സ്വന്തം കരങ്ങള്‍ വൃത്തികേടാക്കേണ്ടതില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനുള്ള പ്രാദേശിക ജോലികള്‍ നടത്താന്‍ ഈ പാര്‍ട്ടിക്ക് കീഴില്‍ ഒരുപാട് ഘടകങ്ങളുണ്ട്. വര്‍ഗീയ സംഘടനകള്‍ എന്ന് വിളിക്കപ്പെടുന്നവരാണ് കേന്ദ്രത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. സമൂഹത്തെ ആഴത്തില്‍ വര്‍ഗീയവല്‍ക്കരിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട സാഹചര്യമാണ് അവാര്‍ഡുകള്‍ മടക്കി നല്‍കുന്നതിലേക്ക് നയിച്ചത്. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുത, ബഹുസ്വരതക്ക് നേരെയുള്ള ആക്രമണം എന്നിവ പ്രസ്തുത സാഹചര്യത്തെ വ്യക്തമാക്കുന്നുണ്ട്. ഇത് ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഇന്നത്തെ കാലത്ത് എങ്ങനെ ഉയര്‍ത്തിപിടിക്കാന്‍ സാധിക്കും എന്നതാണ് ചോദ്യം.

വിവ : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: Countercurrents.org

Related Articles