Current Date

Search
Close this search box.
Search
Close this search box.

വധശിക്ഷയും അസ്ഥിരവിധികളും

വധശിക്ഷ സംബന്ധിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സുപ്രീംകോടതിയില്‍നിന്നുയര്‍ന്നുവന്ന ചില വിധികളും രാഷ്ട്രപതി ഭവന്‍ തീര്‍പ്പുകല്‍പ്പിച്ച ദയാഹര്‍ജികളും നിയമപൂര്‍ണത അവകാശപ്പെടാവുന്നവയല്ല. 2008 ജൂലായില്‍ സ്വാമി ശ്രദ്ധാനന്ദയുടെ വധശിക്ഷ സംബന്ധിച്ച അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് നല്‍കിയ വിധിന്യായത്തില്‍ ഈ രംഗത്തുള്ള നിയമപരമായ അവ്യക്തതയും ചഞ്ചലമായ കാഴ്ചപ്പാടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും പി.യു.സി.എല്ലും ചേര്‍ന്ന് തയ്യാറാക്കിയ സുപ്രീം കോടതിയുടെ 56 കൊല്ലത്തെ വധശിക്ഷാ വിധികളുടെ റിപ്പോര്‍ട്ട് അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. വധശിക്ഷ വിധിക്കുന്ന കാര്യത്തില്‍ നിലവിലുള്ള നിയമപരമായ അസ്ഥിരതയും ഒരുമയില്ലായ്മയും വന്‍ പോരായ്മയായി പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വധശിക്ഷ വേണമോ എന്ന കാര്യവും അതു സംബന്ധിച്ചുവേണ്ട വ്യക്തമായ മാനദണ്ഡങ്ങളും നിയമപരമായ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ഇന്നലെ സുപ്രീംകോടതി ദേവീന്ദ്രപാല്‍സിങ് ഭുള്ളാര്‍ കേസില്‍ നല്‍കിയ വിധിയനുസരിച്ച് ദയാഹര്‍ജിയിലും ശിക്ഷ നടപ്പാക്കുന്നതിലുമുള്ള കാലതാമസം വധശിക്ഷ, ജീവപര്യന്തമാക്കാന്‍ മതിയാവയ കാരണമല്ലെന്ന് വിധിച്ചിരിക്കുന്നു. 1983-ല്‍ മച്ചിസിങ് കേസില്‍ സുപ്രീംകോടതി നല്‍കിയ മാനദണ്ഡമനുസരിച്ച് മാതൃരാജ്യത്തിനെതിരെ നടക്കുന്ന അക്രമങ്ങളുടെ ഭാഗമായ വന്‍ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.

വധശിക്ഷ വേണമോ എന്ന കാര്യവും അതു സംബന്ധിച്ചുവേണ്ട വ്യക്തമായ മാനദണ്ഡങ്ങളും നിയമപരമായ പുനര്വിചിന്തനത്തിന് വിധേയമാക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു
വധശിക്ഷ വിധിച്ച ചില കേസുകളില് സംഭവിച്ച പോരായ്മകളുടെ ഫലങ്ങള് സുപ്രീംകോടതി തന്നെ തിരിച്ചറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ കോടതിമുറികളില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു ഫോട്ടോ ഗാന്ധിജിയുടേതാണ്. കൊടുംപാതകത്തിന്റെ പാപവും കുറ്റവും വേട്ടയാടുന്നവരെപ്പോലും മനുഷ്യാവസ്ഥയുടെ ഒടുങ്ങാത്ത വ്യഥകള്‍ പേറുന്നവരായി കാണുകയെന്നതായിരുന്നു ഗാന്ധിയന്‍ സങ്കല്‍പ്പം. അതുകൊണ്ടാണ് വധശിക്ഷ നല്‍കണമോ ജീവപര്യന്തം നല്‍കണമോ എന്ന് തീരുമാനിക്കുന്നതിനു മുന്‍പ് ന്യായാധിപന്‍ കുറ്റത്തിന്റെ ആഴത്തോടൊപ്പം കുറ്റവാളിയുടെ പശ്ചാത്തലംകൂടി പരതിനോക്കി ശിക്ഷയുടെ കാഠിന്യം കുറയ്ക്കാവുന്ന സാഹചര്യമുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിഷ്‌കര്‍ഷിച്ചത്. 

പ്രസ്തുത ബെഞ്ചിന്റെ 1980 – ലെ വിധിയാണ് ബച്ചന്‍സിങ് കേസ് എന്നറിയപ്പെടുന്നത്. എന്നാല്‍, 1996 മുതല്‍ ഒമ്പതു കൊല്ലക്കാലം സുപ്രീം കോടതിയിലെ കുറഞ്ഞ എണ്ണമുള്ള ജഡ്ജിമാരുടെ ബെഞ്ചുകള്‍ ഭരണഘടനാ ബെഞ്ചിനെ മറികടന്ന് പ്രതിയുടെ പശ്ചാത്തലം വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ വിഷയമാക്കേണ്ടതില്ലെന്ന കാഴ്ചപ്പാട് ആവിഷ്‌കരിക്കുകയുണ്ടായി. ഇതുവഴി 13 വധശിക്ഷാ തടവുകാരുടെ അടിസ്ഥാന അവകാശങ്ങള്‍ അവഗണിക്കപ്പെട്ടുവത്രേ. സന്തോഷ് കുമാര്‍ ബറിയറും മഹാരാഷ്ട്രയുംതമ്മില്‍ എന്ന കേസിലും തുടര്‍വിധികളിലും സുപ്രീംകോടതി ഈ പേരായ്മയുടെ ഫലങ്ങള്‍ തിരിച്ചറിയുകയും ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. അത്യന്തം ഗൗരവമുള്ളതാണ് വധശിക്ഷാ കേസുകളിലുണ്ടായ ഈ പോരായ്മ. 

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി ജഡ്ജിമാരായ ജ. പി.സദാശിവം ജ. എം.വൈ.ഇഖ്ബാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അടിയന്തര സിറ്റിങ നടത്തി ഒരു മാസത്തേക്ക് തടഞ്ഞിരിക്കയാണ്. വധശിക്ഷയോട് ബന്ധപ്പെട്ട ചില അടിസ്ഥാന സമസ്യകള്‍ക്ക് ഉത്തരം കണ്ടത്താന്‍ ഈ ഹര്‍ജികള്‍ സഹായകമായേക്കുമെന്ന് നിയമവൃത്തങ്ങള്‍ കരുതുന്നു. ഒരു കേസില്‍ വധശിക്ഷ വേണോ എന്ന കാര്യത്തില്‍ തത്ത്വാധിഷ്ഠിതനീതിയോ ന്യായാധിപ കേന്ദ്രീകൃത നീതിയോ ഏതു വേണമെന്ന നിയമചോദ്യത്തിന് വ്യക്തമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല. ജീവപര്യന്തം തടവ് കുറഞ്ഞത് 14 കൊല്ലവും ബാക്കി സര്‍ക്കാറിന്റെ ഇളവിന് വിധേയമായി ജീവിതകാലവുമാണ്. എന്നാല്‍, 14 കൊല്ലത്തിലും കൂടുതല്‍ കാലം തടവില്‍ കഴിയുന്നവര്‍ വീണ്ടും തൂക്കിലേറ്റപ്പെടുമ്പോള്‍ ഒരേ കുറ്റത്തിന് രണ്ടു പ്രാവശ്യം ശിക്ഷ അനുഭവിക്കേണ്ടി വരിക എന്നതല്ലേ സംഭവിക്കുക ? ഒരു കുറ്റത്തിന്റെപേരില്‍ ഒരേ സമയം ജീവപര്യന്തം തടവും വധശിക്ഷയും അനുഭവിക്കുക എന്ന ദുര്യോഗം ന്യായമാണോ ? ഇത്തരം നിരവധി സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇപ്പോഴത്തെ ഹര്‍ജികള്‍ ഇടയാക്കിയേക്കാം.

ഇന്ത്യന്‍ ഭരണഘടനയുടെ മര്‍മം മനുഷ്യജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള അതിന്റെ പ്രതിബദ്ധതയാണ്. ഭരണഘടനാ തത്ത്വങ്ങളുടെ കല്‍പ്പനകളാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രാണവായു. കൊലക്കുറ്റത്തിനുംമറ്റും വധശിക്ഷ പൊതു നിയമവും ജീവപര്യന്തം ശിക്ഷ അപവാദവുമായിരുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വ്യക്തമായ 
ലക്ഷ്യത്തോടെയാണ് പിന്നീട് ജീവപര്യന്തം പൊതു മാനദണ്ഡവും വധശിക്ഷ അപവാദവുമാക്കി മാറ്റിയത്. 
1980-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വധശിക്ഷയുടെ നിയമസാധുതയും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഗണിച്ചശേഷം ബച്ചന്‍സിങ് കേസ് എന്നറിയപ്പെടുന്ന വിധിയില്‍ വധശിക്ഷ നിയമാനുസൃതം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. പ്രസ്തുത വിധിന്യായമനുസരിച്ച് അത്യപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ പാടുള്ളൂ. കുറ്റത്തിനുള്ള സാധാരണ ശിക്ഷയായ ജീവപര്യന്തത്തിനു പകരം വധശിക്ഷ നല്‍കാനുള്ള പ്രത്യേക കാരണവും കണ്ടെത്തി വിധിയില്‍ രേഖപ്പെടുത്തി മാത്രമേ അതു വിധിക്കാന്‍ പാടുള്ളൂ എന്ന് ബച്ചന്‍സിങ് കേസ് നിഷ്‌കര്‍ഷിക്കുന്നു. ഭരണഘടനയനുസരിച്ച് ഇതിലും കൂടിയ അംഗബലമുള്ള ഒരു സുപ്രീം കോടതി ബെഞ്ച് മാറ്റുന്നതുവരെ ഇക്കാര്യത്തില്‍ ഈ വിധിയാണ് യഥാര്‍ഥ നിയമം. എന്നാല്‍, 32 കൊല്ലങ്ങള്‍പിന്നിട്ടിട്ടും പ്രസ്തുത വിധി മാറ്റിയിട്ടില്ല.

പ്രസ്തുത ഭരണഘടനാ ബെഞ്ച് വിധിയനുസരിച്ചും 1983-ലെ മച്ചിസിങ് കേസ് അനുസരിച്ചും ചെയ്ത കുറ്റത്തിന്റെ മൃഗീയത, പൈശാചികത, ഭീകരത, സമൂഹത്തിന്റെ ധാര്‍മികരോഷം തുടങ്ങിയ സാഹചര്യങ്ങള്‍ ഒരു ഭാഗത്തും ക്രിമിനലിന്റെ സ്വഭാവം, മനഃശാസ്ത്ര പ്രശ്‌നങ്ങള്‍, കുറ്റകൃത്യത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍, മറ്റ് സമ്മര്‍ദങ്ങള്‍ തുടങ്ങിയ കുറ്റ കാഠിന്യം കുറയ്ക്കുന്ന വസ്തുതകള്‍ മറുഭാഗത്തുമായി കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ഈ തത്ത്വമനുസരിച്ച് കുറ്റവും കുറ്റവാളിയും തമ്മില്‍ താര

തമ്യപ്പെടുത്തി അത്യപൂര്‍വ ഗണത്തില്‍പ്പെട്ടാല്‍ മാത്രമേ വധശിക്ഷ വിധിക്കാന്‍ പാടുള്ളൂ. എന്നാല്‍ 1996-ല്‍ റാവ്ജിയും രാജസ്ഥാനും തമ്മില്‍ എന്ന കേസില്‍ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് നല്‍കിയ വിധിയനുസരിച്ച് കുറ്റത്തിന്റെ ഗൗരവവും പൊതു സമൂഹത്തിന്റെ വെറുപ്പും അറപ്പുമൊക്കെ കണക്കിലെടുത്ത് വധശിക്ഷ വിധിക്കാമെന്ന് പ്രഖ്യാപിച്ചു. കുറ്റം നോക്കിയാല്‍ മതി കുറ്റവാളിയെ നോക്കേണ്ടതില്ല എന്നതാണ് റാവ്ജി കേസ് വിധിയുടെ പൊരുള്‍. 
വധശിക്ഷ നല്‍കണമോ എന്ന കാര്യം പരിശോധിക്കുമ്പോള്‍ കോടതി കുറ്റകൃത്യത്തിന്റെ സ്വഭാവത്തിലൂന്നിയ ഗൗരവവും വ്യാപ്തിയും കണക്കിലെടുത്താല്‍ മതിയെന്നും കുറ്റവാളിയോട് ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസക്തമല്ലെന്നുമുള്ള 1996-ലെ വിധിന്യായം പിന്നീട് നിരവധി കേസുകളില്‍ കീഴ്‌വഴക്കം ബാധകമായ പ്രമാണ വിധിയായി അംഗീകരിച്ച് 13 പേര്‍ക്ക് വധശിക്ഷ സുപ്രീം കോടതിയുടെ വിവിധ ബെഞ്ചുകള്‍ വിധിച്ചിട്ടുണ്ട്. ഇപ്രകാരം ഒമ്പത് കൊല്ലത്തിനുള്ളില്‍ റാവ്ജി കേസിലെ നിയമതത്ത്വം അനുസരിച്ച് ആറ് കേസുകളില്‍ കുറ്റവാളികള്‍ക്ക് സുപ്രീം കോടതി വധശിക്ഷ നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ പറ്റിയ ഒരു വലിയ വീഴ്ചയും തെറ്റുമായി ഇത് രേഖപ്പെടുത്തുമെന്നുറപ്പാണ്. 

ഈയടുത്തകാലത്ത് പുറപ്പെടുവിച്ച സുപ്രീംകോടതി വിധികള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ റാവ്ജി കേസ് വിധിയും അതിലെ നിയമതത്ത്വം പിന്തുടര്‍ന്ന ആറ് വധശിക്ഷാ വിധികളും ‘പെര്‍ ഇന്‍ക്യൂറിയം’  ആണെന്ന് വന്നിരിക്കുന്നു. നിലവിലുള്ള നിയമമോ നിയമവ്യവസ്ഥയോ അശ്രദ്ധകൊണ്ടോ അവഗണനകൊണ്ടോ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തപ്പെടാതെ പോകുന്നതിനേയാണ് ‘പെര്‍ഇന്‍ക്യൂറിയം ജഡ്ജ്‌മെന്റ്’ എന്ന് പറയുന്നത്. പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു നല്‍കിയ അരഡസനിലധികം സുപ്രീംകോടതി വിധിന്യായങ്ങള്‍ ‘പെര്‍ഇന്‍ക്യൂറിയം’ ആകുകവഴി നമ്മുടെ നീതി സങ്കല്‍പ്പത്തിന്റെ അടിത്തറയാണ് ദുര്‍ബലമായിട്ടുള്ളത്.
ഇന്ത്യന്‍ ഭരണഘടനയുടെ 141-ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതി നല്‍കുന്ന വിധി തത്ത്വങ്ങള്‍ നാടിന്റെ അംഗീകൃത നിയമമാണ്. സുപ്രീംകോടതിയില്‍ കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് നല്‍കിയ വിധിയിലെ തത്ത്വപ്രമാണങ്ങള്‍ അതിലും കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ചിനുമാത്രമേ തള്ളിക്കളയാനധികാരമുള്ളൂ. വധശിക്ഷാക്കാര്യത്തില്‍ 1980-ല്‍ അഞ്ച് അംഗ സുപ്രീം കോടതി ബെഞ്ച് പ്രതികളുടെ ഭാഗം കൂടി കണക്കിലെടുക്കാന്‍ നല്‍കിയ നിര്‍ദേശമാണ് 1996-ലെ വിധിയില്‍ വേണ്ടെന്നു വെച്ചത്. ഇത് പ്രതിക്കുള്ള അവകാശത്തിന്റെ നിഷേധമാണ്. പിന്നീട് വധശിക്ഷ നല്‍കിയ കേസുകളില്‍ ഈ വിധി അവലംബിക്കപ്പെട്ടിട്ടുണ്ട്. 2009 വരെ പരിഗണിച്ച കേസുകളില്‍ ഈ കാഴ്ചപ്പാട് തുടര്‍ന്നു. തന്മൂലം 13 പേര്‍ക്കാണ് പ്രസ്തുത അടിസ്ഥാന അവകാശം നിരാകരിക്കപ്പെട്ടതും കൊലക്കയര്‍ വിധിക്കപ്പെടാനിടയായതും. 

സുപ്രീം കോടതി 2010 ഡിസംബര്‍ 2-ന് സിദ്ധാറാം സദ്‌ലിംഗപ്പ മെഹത്ര കേസില്‍ നല്‍കിയ വിധിയില്‍ പരമോന്നത നീതിപീഠത്തിലെ കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് നല്‍കുന്ന ബാധക നിയമപ്രമാണവാക്യങ്ങള്‍ കുറഞ്ഞ ജഡ്ജിമാരുടെ ബെഞ്ച് പിന്തുടരാത്തത് നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനവും ജുഡീഷ്യല്‍ അച്ചടക്കമില്ലായ്മയുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ഉദാരമായി പൗരന് ലഭിക്കേണ്ട അവകാശംപോലെയുള്ളതെന്നുള്ള 1980-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ വ്യാപകമായി കീഴ്തലങ്ങളില്‍ പിന്തുടരാത്ത അവസ്ഥയിലാണ് സുപ്രീംകോടതി ജൂഡീഷ്യല്‍ അച്ചടക്ക ലംഘനത്തിന്റെ തലങ്ങള്‍ സദ്‌ലിംഗപ്പ കേസില്‍ ചൂണ്ടിക്കാട്ടിയത്. ജാമ്യം നല്‍കുന്ന കാര്യത്തില്‍ ‘ജാമ്യം പൊതുതത്ത്വവും ജയില്‍ അപവാദവുമെന്ന’ കാഴ്ചപ്പാട് ഇപ്പോഴും നമുക്കന്യമാണ്.

വധശിക്ഷ നല്‍കണമോ വേണ്ടയോ എന്ന പ്രശ്‌നത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ കീഴ്‌വഴക്ക പ്രമാണവാക്യമായി തീര്‍ന്ന നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ട് പ്രതികള്‍ക്ക് തൂക്കുകയര്‍ വിധിച്ചിട്ടും ഇവിടെ നിയമവൃത്തങ്ങളിലും പൊതു സമൂഹത്തിലും യാതൊരുവിധ ചലനങ്ങളുമുണ്ടായില്ല എന്നതാണ് ദുഃഖസത്യം. സുപ്രീം കോടതിയിലെ പിന്നീടുവന്ന ന്യായാധിപന്മാര്‍ തന്നെയാണ് ഈ ‘നീതിനിഷേധം’ ചൂണ്ടിക്കാട്ടാനും അതിലെ തെറ്റുകള്‍ ഉറക്കെപ്പറയാനും മുന്നോട്ടു വന്നിട്ടുള്ളത്. സുപ്രീം കോടതി ഇക്കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകാനാണ് സാധ്യത.
അമേരിക്കയില്‍ ഈയടുത്തകാലത്ത് ഒരു വധശിക്ഷ നടപ്പാക്കിയത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കയാണ്. കാര്‍ലോസ് ഡി ലൂനാ എന്നൊരാളെ ടെക്‌സാസില്‍ കുറ്റക്കാരനെന്ന് കണ്ട് വധശിക്ഷ വിധിച്ച് അത് നടപ്പാക്കിയിരുന്നു. വിധി നടപ്പാക്കിയശേഷമാണ് അന്വേഷണത്തിലും വിചാരണയിലും വിധിയിലും പറ്റിയ അബദ്ധം മനസ്സിലാകുന്നത്. കാര്‍ലോസ് ഹെര്‍ണാണ്ടസ് എന്ന ആള്‍ ചെയ്ത കുറ്റത്തിന് ആളുമാറി പാവം കാര്‍ലോസ് ഡി ലൂനയെ പ്രതിയാക്കി വധശിക്ഷയ്ക്ക് വിധേയമാക്കുകയായിരുന്നു. നീതിയുടെ ശിരസ്സ് ഒരിക്കലുമുയരാത്തവിധം കാര്‍ലോസിന്റെ കാര്യത്തില്‍ താണുപോയിരിക്കയാണ്.
ഇന്ത്യയിലും കേരളത്തിലും കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ പിന്നീട് നിരപരാധികള്‍ ആണെന്ന് തെളിഞ്ഞ കേസുകള്‍ നിരവധിയുണ്ട്. മരിച്ച ഇരകള്‍ തിരിച്ചുവന്ന കേസുകളുമുണ്ട്. പക്ഷേ, ഇവിടെ വധശിക്ഷയ്ക്കു വിധേയമാക്കിയ തെറ്റായ കേസുകളുണ്ടോ എന്നറിയില്ല. തെറ്റായ ന്യായാധിപധാരണയുടെ ഇരകളായി വധശിക്ഷ കാത്തുകഴിയുന്ന 13 പേര്‍ക്കുവേണ്ടി നീതി ദേവത കടാക്ഷിക്കാനും നിയമാധിഷ്ഠിത നീതി നല്‍കാനും ഇനി അമാന്തിച്ചുകൂടാ. 

(കടപ്പാട് : മാതൃഭൂമി)

Related Articles