Current Date

Search
Close this search box.
Search
Close this search box.

വട്ടിപ്പലിശക്ക് ബദലില്ലേ?

കേരളത്തില്‍ ‘ഓപറേഷന്‍ കുബേര’എന്ന പേരില്‍  ബ്ലേഡ്മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്ത് തുടങ്ങിയിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ട് നടത്തപ്പെടുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ സമീപനം സ്വാഗതാര്‍ഹമാണ്. പൗരന്മാരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഉത്തരവാദിത്തബോധമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്.  സാധാരണക്കാരന് സാമ്പത്തിക ദുരിതം സമ്മാനിക്കുന്നതില്‍ വന്‍കിട ബാങ്കുകള്‍ മുതല്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വട്ടിപ്പലിശ കുടില്‍ വ്യവസായങ്ങള്‍ക്ക് വരെ പങ്കുണ്ട്. ഇടത്തട്ടുകാരും മേല്‍തട്ടുകാരും പണത്തിനാവശ്യം വരുമ്പോള്‍ ബാങ്കുകളെയാണ് സമീപിക്കുക. എന്നാല്‍ ബാങ്കുകളുടെ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാനുള്ള പരിജ്ഞാനമോ കഴിവോ ഇല്ലാത്ത സാധാരണ ദരിദ്രന് തന്റെ അടിയന്തിരമായ സാമ്പത്തികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വട്ടിപ്പലിശക്കാരെ സമീപിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല. അടിയന്തിരാവശ്യങ്ങള്‍ക്ക് പണം ലഭിക്കാനുള്ള കാലതാമസവും സാങ്കേതികമായ നൂലാമാലകളും  ഒഴിവാക്കുന്നതിനാണ് പലരും വട്ടിപ്പലിശക്കാരെ സമീപിക്കുന്നത്. നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചില ബാങ്കുകള്‍ വട്ടിപ്പലിശക്കാരെ വെല്ലുന്ന പലിശയാണ് ഈടാക്കുന്നതെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. പലിശ വാങ്ങാന്‍ നിയമാനുസൃതമായ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന ദൂഷ്യം മാത്രമാണ് വട്ടിപ്പലിശക്കാരെ പിടികൂടാന്‍ സര്‍ക്കാരിനുള്ള  ന്യായം. എന്നാല്‍ നമ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ വില്ലനായി വര്‍ത്തിക്കുന്നത് പലിശയാണ്. സംഘടിതവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ സാങ്കേതികമായ വിക്രിയകള്‍ കുറച്ച് കിരാതവും അപരിഷ്‌കൃതവുമായ നിലപാടുകളിലൂടെ വട്ടിപ്പലിശക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നു. വട്ടിപ്പലിശമാത്രമല്ല ഈ കേസിലെ പ്രതി, പലിശയും ഇവിടെ പ്രതിയാണ്.

ഒരു പ്രദേശത്ത് പട്ടി ശല്യവും പേവിഷബാധയും രൂക്ഷമായാല്‍ നാട്ടിലെ മുഴുവന്‍ പട്ടികളെയും കൊന്നുകളയാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉത്തരവിടാറുണ്ട്. ഈ പട്ടി പിടുത്ത മാമാങ്കത്തില്‍ വ്യവസ്ഥകള്‍ തെറ്റിച്ച് നാട്ടില്‍ ചുറ്റിത്തിരിയുന്ന ദരിദ്രനും നാടോടിയുമായ നാടോടിപ്പട്ടികള്‍ മാത്രമേ ശിക്ഷിക്കപ്പെടാറുള്ളു. യഥാര്‍ഥത്തില്‍ നമ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ ഈ നാടോടിപ്പട്ടിയുടെ സ്ഥാനമാണ് വട്ടിപ്പലിശക്കാര്‍ക്കുള്ളത്. പേരോഗം ബാധിച്ചിട്ടും വ്യവസ്ഥകള്‍ പാലിച്ച് വീട്ടുകാരന്റെ സംരക്ഷണത്തില്‍ കഴിയുന്ന പരിഷ്‌കാരങ്ങളോടെ ജീവിക്കുന്ന പേരോഗിയായ വളര്‍ത്തുപട്ടി പലപ്പോഴും ശിക്ഷിക്കപ്പെടാറോ ചികില്‍സിക്കപ്പെടാറോ ഇല്ല. ഇതു പോലെയാണ് നമ്മുടെ സാമ്പത്തികാവസ്ഥ, വളര്‍ത്തുപട്ടിക്ക് പേയുണ്ടാവില്ലെന്ന മിഥ്യാധാരണകൊണ്ട് ശിക്ഷികള്‍ക്കോ പരിശോധനകള്‍ക്കോ വിധേയമാക്കാതെ സംരക്ഷിക്കപ്പെടുന്നത് പോലെ നമ്മുടെ നാട്ടിലെ സ്വകാര്യ-സര്‍ക്കാര്‍ ഫൈനാന്‍സ് സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടുന്നു. സാധാരണക്കാരന്റെ വിയര്‍പ്പ് ഊറ്റിയെടുക്കുന്ന ഊറ്റ് കേന്ദ്രങ്ങളായാണ് നാട്ടില്‍ ഇവ അറിയപ്പെടുന്നത്. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ സന്തതികളാണ് ഇത്തരം കേന്ദ്രങ്ങള്‍. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് പുനര്‍ വിചിന്തനം നടത്താനോ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താനോ നമ്മുടെ നാട്ടിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.

നമ്മുടെ സാമ്പത്തികാവസ്ഥക്ക് ഒരു പാട് രോഗങ്ങളുണ്ട്. അത് ചൂഷണാത്മകമായ പലിശ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്, മൂലധന കേന്ദ്രീകൃതമാണ്, സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ വന്‍കിടക്കാരെ ലക്ഷ്യം വെച്ചുള്ളതാണ് ഇങ്ങനെ പരാതികളുടെ പട്ടിക ഒരുപാടുണ്ട്. പലിശാധിഷ്ഠിത വ്യവസ്ഥയായെ പ്രോല്‍സാഹിപ്പിക്കുന്ന വട്ടിപ്പലിശയെ എതിര്‍ക്കുന്ന സര്‍ക്കാറിന് അതിന് ബദലായി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ശാസ്ത്രീയമായ എന്ത് ബദല് സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നത് ചോദ്യമാണ് ? ബദലുകളുണ്ട് പക്ഷെ അവയോട് പലര്‍ക്കും അയിത്തമാണെന്നതാണ് സത്യം. നാട്ടിലെ വട്ടിപ്പലിശക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അതിന് ബദല് സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കഴിയുമ്പോഴാണ് സര്‍ക്കാറുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് പറയാന്‍ സാധിക്കുകയുള്ളു.

വട്ടിപ്പലിശക്കാര്‍ക്കെതിരെ  ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സാമ്പത്തിക ബദലാണ് പലശ രഹിത നിധികള്‍ കേരളത്തിലെയും ഇന്ത്യയിലെയും മുസ്‌ലിം കേന്ദ്രീകൃത പള്ളികളിലും ഇസ്‌ലാമിക് സെന്ററുകളിലും വിജയകരമായി പരീക്ഷിക്കപ്പെട്ട സംവിധാനമാണിത്. നാട്ടിലെ വ്യവസായ സംരഭങ്ങളുടെ വികസനത്തിനായി മുദാറബ, സലം പോലുള്ള ഇസ്‌ലാമിക് ബാങ്കിങ് റ്റൂളുകള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി വിപുലമായ അര്‍ത്ഥത്തില്‍ കേരളം പോലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് നടപ്പാക്കാവുന്ന സാമ്പത്തിക സംവിധാനമാണത്. ലോകതലത്തില്‍ തന്നെ അംഗീകാരം നേടിയെടുത്ത ഇത്തരം സംവിധാനങ്ങളോട് സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി ഏറെ മുന്നിലുള്ള കേരളത്തിലെ സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ അടുക്കാന്‍ കഴിയേണ്ടതാണ്. കഴിവും പ്രാപ്തിയുമുള്ള സംരഭകരെ  ഉപയോഗപ്പെടുത്തി വളര്‍ച്ചയുണ്ടാക്കാനാണ് മുദാറബ, സലം പോലുള്ള വ്യവസായ കേന്ദ്രീകൃതമായ ഇസ്‌ലാമിക് ഫൈനാന്‍സ് റ്റൂളുകള്‍. സമൂഹത്തിലെ അവശരെ പരിഗണിക്കാനും ഇത്തരം സാമ്പത്തിക വ്യവസ്ഥയില്‍ സംവിധാനങ്ങളുണ്ട്. ഖര്‍ദ്ഹസന്‍ പോലുള്ള റ്റൂളുകള്‍ ഉപയോഗിച്ച് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ കഴിയാത്തവിധം സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങള്‍കൊണ്ട് തളര്‍ന്ന് പോയവരെ ഉയര്‍ത്തിക്കൊണ്ട് വരാനും സാധിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇപ്പോള്‍ നോക്കുകുത്തിയായിരിക്കുന്ന ദാരിദ്ര നിര്‍മാര്‍ജ്ജന യൂണിറ്റുകള്‍ കാര്യക്ഷമമാക്കി ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കി വിജയിപ്പിക്കാവുന്ന നൂതന സംവിധാനമാണിത്. സംസ്ഥാനത്തിനകത്ത് തന്നെയുള്ള പ്രവാസികള്‍ക്കും മറ്റും സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ മുതല്‍ മുടക്കാവുന്ന സംരംഭമായി ഇതിനെ വളര്‍ത്തിയാല്‍ തീര്‍ച്ചയായും നല്ല ഫലങ്ങള്‍ കാഴ്ചവെക്കാന്‍ ഇത്തരം സംരഭങ്ങള്‍ക്ക് കഴിയും. ചൂഷണാത്മകമായ എല്ലാ ഇടപാടുകളും ഇസ്‌ലാമിക സംവിധാനത്തില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ചൂഷണം ഉണ്ടാകില്ലെന്ന ഉറപ്പോടെ ബഹുചന പങ്കാളിത്തത്തോടെ ഇതു നടപ്പിലാക്കാന്‍ സാധിച്ചാല്‍ നമ്മുടെ നാട്ടിലെ സാമ്പത്തിക രംഗത്തെ വന്‍ വിപ്ലവമായിരിക്കുമത്. നാട്ടില്‍ ഇപ്പോഴുള്ള പലിശരഹിത സംരംഭങ്ങളെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് പുറത്ത് നിര്‍ത്തുന്നത് കൊണ്ട് ലോകവിവരമില്ലാത്ത നാലാളുടെ വോട്ട് അധികം കിട്ടുമെന്നതിലപ്പുറം മെച്ചമൊന്നും ഉണ്ടാകാനിടയില്ല. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പലിശാധിഷ്ഠിത സംവിധാനം ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പണ്ട് നടന്നിരുന്ന സാമ്പത്തിക പ്രക്രിയകളാണല്ലോ. അത് ക്രസ്തീയ സാമ്പത്തിക ഇടപാടാണെന്ന് പറഞ്ഞ് നമ്മുടെ പൂര്‍വ്വീകര്‍ തള്ളിക്കളഞ്ഞിട്ടില്ല. ഇന്ന് കാലം മാറി ആ സാമ്പത്തിക വ്യവസ്ഥ തെറ്റായിരുന്നുവെന്ന് കാലം നമ്മെ ഒരു പാട് പ്രാവശ്യം പഠിപ്പിട്ടുണ്ട്. എന്ത് കൊണ്ടാണ് ഇനിയും നമുക്ക് മാറാന്‍ കഴിയാത്തത്?

Related Articles