Current Date

Search
Close this search box.
Search
Close this search box.

ലോക വിഡ്ഢിദിനം

liar3.jpg

പരസ്പരം നുണപറഞ്ഞും കബളിപ്പിച്ചും വിഡ്ഢികളാക്കുകയുമാണ് എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തെ ലോകം വരവേല്‍ക്കാറുള്ളത്. അല്‍പസമയത്തേക്കെങ്കിലും ചിലരെ ഭീതിയിലും വിഭ്രാന്തിയലുമാക്കുകയാണ് ഇത് ആചരിക്കുന്നവരുടെ ഉദ്ദേശം. അവമതിക്കപ്പെട്ട ദുര്‍ഗുണമാണ് വ്യാജം എന്നിരിക്കെ അതിനെ ഈ ആചാരം നിസ്സാരവല്‍ക്കരിക്കുന്നു. അന്യന്റെ അസ്വസ്ഥതകളും ഭീതിയും ആസ്വദിക്കുയും ആഘോഷിക്കുകയും ചെയ്യുന്ന ക്രൂരതകുടി ഇതുള്‍ക്കൊള്ളുന്നുണ്ട്.

ഈ ദുരാചാരം ഇസ്‌ലാമിക വീക്ഷണത്തില്‍ അല്‍പംപോലും ന്യായീകണമുള്ളതല്ല.  കാപട്യത്തിന്റെ അടയാളമാണ് നുണയെന്നാണ് പ്രവാചകാദ്ധ്യാപനം. നാല് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അവനില്‍ കാപട്യത്തിന്റെ അംശമുണ്ട്. സംസാരിച്ചാല്‍ കളവു പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക. തര്‍ക്കിച്ചാല്‍ അസഭ്യം പറയുക എന്നിവയാണവ. കപടവിശ്വാസി കളവു പറയുന്നവനാണെന്ന് ഖുര്‍ആന്‍ ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അത് വിശ്വാസിക്ക് ചേരാത്ത ദുര്‍ഗുണമാണ്. ‘ഒരിക്കല്‍ പ്രവാചകന്‍ ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ ?, അദ്ദേഹം പറഞ്ഞു: അതെ. വീണ്ടും ചോദിക്കപ്പെട്ടു. വിശ്വാസി പുശുക്കനാകുമോ? അദ്ദേഹം പറഞ്ഞു. അതെ. വീണ്ടും ചോദിച്ചു: വിശ്വാസി കളവുപറയുന്നവനാവുമോ? പ്രവാചകന്‍ പറഞ്ഞു: ഇല്ല’. അല്‍പം ഭീരുത്തവും പിശുക്കും ഒരു മനുഷ്യന്റെ പ്രകൃതിയല്‍ തന്നെ സംഭവിക്കാം. എന്നാല്‍ കളവ് അങ്ങനെയല്ല.

അതിനാല്‍ ഈ ആചാരം വിശ്വാസിക്ക് ചേര്‍ന്നതല്ല. സഹോദരനെ വിഭ്രാന്തിയില്‍ പെടുത്തുന്നതും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു. ‘മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ ഭീതിയിലകപ്പെടുത്തരുത്’. തമാശക്ക് വേണ്ടിയാണെങ്കിലും ഇത് അനുവദനീയമല്ല. ഒരിക്കല്‍ സഹാബിമാര്‍ ഒരു യാത്രയിലായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ തന്റെ വാഹനപ്പുറത്ത് വെച്ച് മയങ്ങി. അപ്പോള്‍ അവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ ആവ നാഴിയില്‍ നിന്ന് അറിയാതെ ആയുധമെടുത്ത് ഒളിപ്പിച്ചു. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന അദ്ദേഹം ആയുധമന്വേഷിച്ച് മുഷിഞ്ഞു, അസ്വസ്ഥനായി. ഇതറിഞ്ഞ നബി പറഞ്ഞു ‘ഒരു മുസ്‌ലിം മറ്റൊരു മസ്‌ലിമിനെ വിഭ്രാന്തിയലകപ്പെടുത്തരുത്’.

വഞ്ചനയാണ് ഈ ദൂരാചാരത്തന്റെ നിഷിദ്ധതക്ക് മറ്റൊരു കാരണം. വഞ്ചന ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. വഞ്ചന മഹാപാതകമാണെന്ന് നബി(സ) ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സംസാരം നമ്മെ വിശ്വസിച്ച് കൊണ്ടാണ് സഹോദരന്‍ ശ്രവിക്കുന്നത്. നാമാകട്ടെ അവനെ വ്യാജം പറഞ്ഞ് വഞ്ചിക്കുകയും ചെയ്യുന്നു. നിഷിദ്ധതക്ക് ഈ വഞ്ചന ധാരാളം മതി.

നാലാമതൊരു വശംകൂടി ഇതിനെ ഇസ്‌ലാമിന്റെ മറുപക്ഷത്ത് നിര്‍ത്തുന്നു. ഇത് ജാഹിലിയത്തിന്റെ ആചാരവും സംസ്‌കാരവുമാണ്. ഉത്തമ സമുദായത്തിന് ജഹാലത്തിനെ  പുല്‍കാന്‍ എങ്ങനെ കഴിയും? മനുഷ്യ സമൂഹത്തിന്റെ അധ്യാപക പദവിയാണ് ഉമ്മത്തിന് അല്ലാഹു നല്‍കിയിട്ടുള്ളത്. ഉത്തമ സംസ്‌കാരത്തെ പകര്‍ന്നു നല്‍കേണ്ടവരാണ് അധ്യാപകസമൂഹം. ദുഷിച്ച സംസ്‌കാരത്തിന്റെ സ്വീകര്‍ത്താക്കളാകന്‍ അവര്‍ക്ക് എങ്ങനെ സാധ്യമാകും?  അതു സംഭവിച്ചാല്‍, മഹാപതനം തന്നെ. ഈ തകര്‍ച്ചയെ ക്കുറിച്ച് തിരുമേനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.  ‘നിങ്ങള്‍ മുമ്പുള്ളവരെ മുഴത്തിനു മുഴമായും ചാണിന് ചാണായും പിന്‍തുടരുക തന്നെ ചെയ്യും അവര്‍ ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും പ്രവേശിക്കും.’

ഇസ്‌ലാമിക ജീവിതത്തില്‍ ഒരിക്കലും കളവ് വ്യാപിക്കാന്‍ പാടില്ല. കാരണം സത്യസന്ധതയിലാണ് അത് നിലകൊള്ളുന്നത്. മുസ്‌ലിം സ്വന്തത്തോടും, കുടുംബത്തോടും, സമൂഹത്തോടും സന്ധിയിലുള്ളവരോടും അല്ലാത്തവരോടും അടിസ്ഥാനപരമായി സത്യസന്ധതാനായിരിക്കും. ഈമാനിന്റെ അംശമാണ് സത്യസന്ധത.

മൂഹമ്മദ് നബി (സ) സത്യസന്ധതയുടെ കാര്യത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു. സ്വഫാ മലയുടെ മകളില്‍ കയറിനിന്ന് തന്റെ ജനതയെ പ്രബോധനം ചെയ്ത സംഭവം പ്രശസ്തമാണ്. അദ്ദേഹം ചോദിച്ചു. ‘ഈ പര്‍വ്വതത്തിനപ്പുറത്ത് നിങ്ങളെ അക്രമിക്കാന്‍ ഒരു അശ്വസൈന്യം അവസരം കാത്ത് നില്‍കുന്നു എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ’ ?  അവര്‍ പറഞ്ഞു. ‘തീര്‍ച്ചയായും, താങ്കള്‍ കള്ളം പറഞ്ഞ അനുഭവം ഞങ്ങള്‍ക്കില്ല.’ അദ്ദേഹം ഒരിക്കലും കളവ് പറഞ്ഞിട്ടുമില്ല. ഹിര്‍ക്കല്‍ അദ്ദേഹത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ജനങ്ങളുടെ കാര്യത്തില്‍ കളവുപേക്ഷിക്കുന്നവന്‍ എങ്ങനെയാണ് അല്ലാഹുവിന്റെ കാര്യത്തില്‍ കള്ളം ചമക്കുക.’

പ്രവാചകന്‍മാരുടെ ഒന്നാമത്തെ ഗുണമാണ് സത്യസന്ധത. പ്രവാചകന്‍മാരുടെ പിന്‍ഗമികള്‍ പ്രവാചക സംസ്‌കൃതിയെ തകര്‍ക്കുന്ന ദുര്‍ഗുണങ്ങളുടെ ഗന്ധം പേറുന്നവരാവരുത്.

Related Articles