Current Date

Search
Close this search box.
Search
Close this search box.

ലോകസമാധാനത്തിന് എത്രവലിയ ഭീഷണിയാണ് അമേരിക്ക?

സ്‌കൂള്‍ പഠനകാലത്ത് ദിവസവും രാവിലെ എല്ലാ അമേരിക്കക്കാരെയും പോലെ ഞാനും അമേരിക്കന്‍ പതാകക്ക് മുന്നില്‍ നിന്ന് ഇടത് നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ച് രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലാറുണ്ടായിരുന്നു. ഞങ്ങളില്‍ പലരും ഈ പതിവു ചടങ്ങിനു വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ലെങ്കിലും അതിനു പിന്നിലെ ആശയം വളരെ വ്യക്തമായിരുന്നു. അമേരിക്കയുടെ വ്യതിരിക്തത ഉദ്‌ഘോഷിക്കുന്നതും ലോകത്തിലെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദീപസ്തംഭമാണ് അമേരിക്കയെന്ന് വ്യക്തമാക്കുന്നതുമായിരുന്നു അത്. എന്നാല്‍ അമേരിക്കന്‍ പതാക പാറിപ്പറക്കുന്നിടത്തെല്ലാം ബോംബ് സ്‌ഫോടനങ്ങളും ഭരണകൂട അട്ടിമറികളും രക്തം ചിന്തലും നിര്‍ബാധം നടന്നുകൊണ്ടിരിക്കുമ്പോള്‍, ഒട്ടനവധി കാര്യങ്ങളില്‍ അമേരിക്ക വ്യതിരിക്തമാണെന്ന് പറയാന്‍ സാധിക്കുമെങ്കിലും സ്വാതന്ത്ര്യത്തെയും സമാധാനത്തെയും അതില്‍ നിന്നും ഒഴിച്ചു നിര്‍ത്തേണ്ടി വരും.

ഇനി പറയുന്ന കണക്കുകള്‍ വിലയിരുത്തി നോക്കുക, അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖില്‍ നടന്ന യുദ്ധത്തിലും അതിനെ തുടര്‍ന്നുണ്ടായ മറ്റു അക്രമണങ്ങളിലും അപകടങ്ങളിലുമായി 405,000 പേരാണ് കൊല്ലപ്പെട്ടത്. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടൂതല്‍ ആണവായുധ ശേഖരമുള്ളത് അമേരിക്കക്കാണ്. സൈനിക സജ്ജീകരണത്തിനും ആഭ്യന്തര സുരക്ഷക്കും ഏറ്റവും കൂടുതല്‍ ധനം ചെലവഴിക്കുന്ന ലോക രാഷ്ട്രവും അമേരിക്ക തന്നെ, വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തിന് ശേഷം രാഷ്ട്ര സുരക്ഷക്കും സൈനിക ശാക്തീകരണത്തിനുമായി 7.6 ട്രില്യണ്‍ ഡോളറാണ് അമേരിക്ക ചെലവഴിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തടവില്‍ കഴിയുന്ന രാജ്യമായ അമേരിക്ക സ്വന്തം ജനതക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. 2.3 മില്യണ്‍ ആളുകളാണ് അമേരിക്കയില്‍ ജയിലില്‍ കഴിയുന്നത്, ഇതില്‍ 1 മില്യണ്‍ തടവുകാര്‍ ആഫ്രോ-അമേരിക്കക്കാരാണ്.

ഇന്ന് ലോകത്ത് നടക്കുന്ന ബഹുഭൂരിപക്ഷം അക്രമസംഭവങ്ങളുമായും അമേരിക്കക്ക് ബന്ധമുള്ളതായി കാണാനാകും. അമരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളാണ് മിക്ക അക്രമ സംഭവങ്ങള്‍ക്കും മൂലകാരണമായി വര്‍ത്തിക്കുന്നത്. ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധമാണ് ഐ.എസ്.ഐ.എസിന്റെ വളര്‍ച്ചക്ക് കാരണമായത്. ഐ.എസ്.ഐ.എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയെ കുറിച്ചുള്ള ലേഖനത്തില്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ വ്യക്തമാക്കുന്നു: ‘ഇറാഖിലെ അമേരിക്കന്‍ ഇടപെടലും അതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുമാണ് ബഗ്ദാദിയുടെ വളര്‍ച്ചക്ക് കാരണമായതും അദ്ദേഹത്തിന്റെ പോരാട്ടത്തിന് എണ്ണ പകര്‍ന്നതും’. ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ ഒരാളെ ഭീകര പ്രവര്‍ത്തനങ്ങളോടടുപ്പിച്ചത് ഇറാഖ് യുദ്ധവും അബൂഗുറൈബ് ജയിലിലെ പീഡനങ്ങളുമാണെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രഫസറായ ജോണ്‍ കോള്‍ എഴുതിയിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ വ്യാപകമായ മയക്കമരുന്ന് കള്ളക്കടത്തും അതുമായ ബന്ധപ്പെട്ട അക്രമണങ്ങളുമായും അമേരിക്കക്ക് നേരിട്ടുള്ള ബന്ധമാണുള്ളത്. മയക്കമരുന്നിനെതിരായ പോരാട്ടത്തിന്റെ പേരില്‍ മേഖലയെ അക്രമണസജ്ജമാക്കിയതിലും ആയുധമണിയിച്ചതിലും അമേരിക്കക്ക് നിര്‍ണായക പങ്കുണ്ട്. 2006 മുതല്‍ ഇവിടെ നടന്നിട്ടുള്ള പോരാട്ടങ്ങളില്‍ മെക്‌സിക്കോയില്‍ മാത്രം ഒരു ലക്ഷത്തിലധികം ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.

തീര്‍ച്ചയായും ഇതൊന്നും പുതിയ കാര്യങ്ങളലല്ല. 2013 ല്‍ നടന്ന ഒരു ഇന്റര്‍വ്യൂവില്‍ ‘ഏഴ് പതിറ്റാണ്ടായി ലോക സുരക്ഷയുടെ ആണിക്കല്ല് അമേരിക്കയാണെന്ന’ പ്രസിഡന്റ് ഒബാമയുടെ വാദത്തെ നോം ചോംസ്‌കി വിമര്‍ശിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു : ‘ഏഴ് പതിറ്റാണ്ടോ? ചിലിയിലെ ജനാധിപത്യ സര്‍ക്കാറിനെ അധികാരഭ്രംഷ്ടരാക്കി പകരം അവിടെ ക്രൂരമായ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നതില്‍ അമേരിക്ക നിര്‍ണായക പങ്കുവഹിച്ചത് കൃത്യം നാല്‍പത് വര്‍ഷം മുമ്പാണ്. ലാറ്റിന്‍ അമേരിക്കയിലെ ആദ്യ ‘സെപ്തംബര്‍ പതിനൊന്ന്’ എന്നാണ് ഇത് വിളിക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ പിറകിലോട്ട് പോയാല്‍, ഇറാനിലും ഗ്വോട്ടിമാലയിലും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് അവിടങ്ങളില്‍ ഏകാധിപത്യം സ്ഥാപിച്ചത്, ഇന്തോചൈനയെ അക്രമിച്ച് മില്യണ്‍ കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയത്, ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ അക്രമണമായിരുന്നു അമേരിക്കയുടെ ഇന്തോചൈന അക്രമണം, മധ്യ അമേരിക്കന്‍ അക്രമണവും കൊലപാതകങ്ങളും, കോംഗോയില്‍ ഏകാധിപത്യത്തെ കുടിയിരുത്തിയത്, ഇറാഖ് അധിനിവേശം… അതങ്ങനെ തുടരുന്നു. ഇതൊക്കെയാണോ അമേരിക്ക അവകാശപ്പെടുന്ന സ്ഥിരത? ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇത്തരം പദപ്രയോഗങ്ങള്‍ അങ്ങേയറ്റം വിസമയത്തോടെയും ആശ്ചര്യത്തോടെയുമേ ഉച്ചരിക്കാനാകൂ.’

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ സെനറ്റ് പുറത്തുവിട്ട സി.ഐ.എയുടെ പീഡന റിപ്പോര്‍ട്ട് സാമ്രാജ്യത്വ താല്‍പര്യങ്ങളെ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. 600 പേജ് വരുന്ന ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ചുരുക്കി മദര്‍ ജോണ്‍സ് എഴുതുകയുണ്ടായി : ‘നമ്മള്‍ ചിന്തിച്ചതിനേക്കാളുമപ്പുറം ക്രൂരമായ പീഡനങ്ങളാണ് സി.ഐ.എ നടത്തിയിട്ടുള്ളത്, എന്നാല്‍ അതിനെക്കുറിച്ചെല്ലാം സി.ഐ.എ നമ്മളോട് നുണ പറയുകയായിരുന്നു. ജോലി ചെയ്യാതെ അവര്‍ നമ്മളോട് കളവ് പറഞ്ഞുകൊണ്ടിരുന്നു. ദേശസുരക്ഷയെ അപകടകരമായി ബാധിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിരിക്കുന്നു, തീര്‍ച്ചയായും അതിനെക്കുറിച്ചെല്ലാം അവര്‍ നമ്മോട് കളവ് പറയുകയായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റിനോടും മീഡിയകളോടും അവര്‍ കളവ് പറഞ്ഞു. എന്നുമാത്രമല്ല, ഇപ്പോഴും അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണ്.’

സി.ഐ.എ നടത്തിയിട്ടുള്ള ക്രൂര പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍, ‘പൂര്‍ണത കൈവരിച്ച രാജ്യങ്ങളൊന്നുമില്ലെന്നാണ്’ പ്രസിഡന്റ് ഒബാമ പറഞ്ഞത്. എന്നുമാത്രമല്ല, ‘കഴിഞ്ഞുപോയതിനെ കുറിച്ച് തുറന്ന മനസ്സോടെ വിലയിരുത്താനും പോരായ്മകളെ അഭിമുഖീകരിക്കാനും കൂടുതല്‍ നല്ലതിലേക്ക് മാറാനുമുള്ള നമ്മുടെ സന്നദ്ധതയാണ് അമേരിക്കയെ വ്യതിരക്തമാക്കുന്ന ശക്തിയെന്നും’ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കക്കുള്ള ഈ വ്യതിരക്തത കാരണം മേല്‍ പറഞ്ഞ ക്രൂരമായ പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ വിചാരണക്ക് വിധേയമാക്കുകയില്ല എന്ന സൂചന കൂടിയാണ് ഒബാമ നല്‍കിയത്.

ഇതര രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങള്‍ക്കുണ്ടെന്ന് അമേരിക്ക കരുതുന്ന ഈ വ്യതിരിക്തതയുടെ പിന്‍ബലത്തിലാണ് യുദ്ധക്കുറ്റങ്ങളും പീഡനങ്ങളും അമേരിക്ക നിര്‍ബാധം തുടരുന്നതും ആയുധ വ്യവസായം ആ രാജ്യത്ത് തഴച്ചു വളരുന്നതും. അമേരിക്കയുടെ ഈ വിശ്വാസവും അവരുണ്ടാക്കുന്ന ആയുധങ്ങളും ലോക സമാധാനത്തിനു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്. വ്യതിരക്തതയുടെ പേരുപറഞ്ഞ് പീഡനങ്ങളെ ന്യായീകരിക്കുന്ന പ്രസിഡന്റിനെ അന്ധമായ രാജ്യസ്‌നേഹത്തിന്റെ പേരില്‍ വിമര്‍ശനങ്ങളേതുമില്ലാതെ പിന്തുണക്കുന്നവരുടെ പിന്‍ബലത്തിലാണ് ഭരണകൂടം നിലനില്‍ക്കുന്നത്. സങ്കീര്‍ണമായ ഈ ശൃംഖലയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാല്‍ മാത്രമേ ഈ സാമ്രാജ്യത്തെ തകിടം മറിക്കാനാകൂ.

മൊഴിമാറ്റം: ജലീസ് കോഡൂര്‍

Related Articles