Current Date

Search
Close this search box.
Search
Close this search box.

ലാലിനുണ്ടായ തിരിച്ചറിവ് പോലും സമുദായത്തിനുണ്ടായിട്ടില്ല

നടന്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോഗ് വര്‍ത്തമാനം ഇസ്‌ലാമിനെ കുറിച്ചാണ്. മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തുകള്‍ ഭാഷയുടെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിലെ ആശയ ഗാംഭീര്യം കൊണ്ടും ശ്രദ്ധേയമാകാറുണ്ട്. മുമ്പ് ടി.പി ചന്ദ്രശേഖരന്‍ വെട്ടിനുറുക്കപ്പെട്ടപ്പോള്‍ അദ്ദേഹം എഴുതിയ ബ്ലോഗ് ലാലിന്റെ ഉള്ളിലെ നല്ല മനുഷ്യ സ്‌നേഹിയെ അടയാളപ്പെടുത്തിയിരുന്നു. ഓഷോ രജനീഷിന്റെ ഐഡിയോളജിയില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും നല്ല ഒരു ആത്മീയ അന്വേഷകന്‍ ലാലിലുണ്ട്. അത്തരം നിരീക്ഷണങ്ങളാകാം ലാലിനെ ഉപവാസ(വ്രതം)ത്തെ കുറിച്ചും സകാത്തിനെ കുറിച്ചും എഴുതാന്‍ പ്രേരിപ്പിച്ചത്. ലാല്‍ എഴുതുന്നു  : ‘റമസാന്‍ മാസത്തിലാണ് ദാനത്തെയും മറ്റുള്ളവരോടുള്ള കരുതലിനെയും കുറിച്ച് നാം ചിന്തിക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന ശില സകാത്തിലാണ്. ഉപവാസത്തിലൂടെ നാം ഇല്ലായ്മയുടെ വേദന അറിയുന്നു. ഉള്ളത് പങ്കിടാന്‍ അത് പഠിപ്പിക്കുന്നു. നല്‍കുക… നല്‍കുക… നല്‍കുക.. എന്നത് മാത്രമാണ് ഈ മതത്തിന്റെ സത്ത. ദാഹിക്കുന്നവന് ജലം. വിശക്കുന്നവന് ഭക്ഷണം. നഗ്നന് വസ്ത്രം. തണലില്ലാത്തവന് തണല്‍. എല്ലാം നല്‍കല്‍, അത് മാത്രമാണ് പ്രാര്‍ഥന. അതുപക്ഷെ ഒരുമാസം മാത്രം ചെയ്ത് നിര്‍ത്തേണ്ട ഒന്നല്ല. മറിച്ച് ഒരു ജന്മം മുഴുവന്‍ തുടരേണ്ടതാണ്… ‘സകാത്ത് നല്‍കാത്ത നമസ്‌കാര തഴമ്പിനെ പടച്ചോന്‍ കാണൂലാ’ എന്ന് പാടിയത് സത്യമാണ്’.

ഇങ്ങിനെ പോകുന്ന ലാലിന്റെ എഴുത്ത്. മീഡിയകളില്‍ മുഴുവന്‍ ഇസ്‌ലാം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്ന ഒരു സവിശേഷ കാലത്ത് ലാലിനെപ്പോലുള്ളവര്‍ ഇസ്‌ലാമിന്റെ അന്തസത്തയെ കുറിച്ചറിയാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ദാനത്തെയും സകാത്തിനെയും കേവലം പണം നല്‍കല്‍ എന്നതിനപ്പുറം ‘നല്‍കല്‍’ എന്ന വലിയൊരാശയമായി ലാല്‍ വികസിപ്പിക്കുന്നു. അതെന്തുമാകാം, സ്‌നേഹം, കാരുണ്യം, കൈതാങ്ങ്. ‘അതുകൊണ്ട് സംയമനത്തിന്റെയും ദാനത്തിന്റെയും ഈ മാസം തീരുമ്പോള്‍ ‘നല്‍കല്‍’ എന്നത് നമ്മുടെ പ്രാണോര്‍ജമാകട്ടെ. വാങ്ങലല്ല, നല്‍കലാകട്ടെ നമ്മുടെ ജീവിതം. ദാനമാവട്ടെ ഈ ഇരുട്ടിലെ ഏറ്റവും വലിയ പ്രകാശം’ എന്നുപദേശിച്ചു കൊണ്ടാണ് ബ്ലോഗ് അവസാനിക്കുന്നത്.

കേവല ആചാര ഉപചാരങ്ങളേക്കാള്‍ ഏതൊരാളും ശ്രദ്ധിക്കുന്നത് മതത്തിന്റെ മാനുഷിക മുഖമാണ് എന്ന് ഈ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇസ്‌ലാമിക പ്രബോധനത്തിന്റെ പോലും അന്തസത്ത അതാണ്. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചു എന്നതിനപ്പുറം നിങ്ങളെത്ര മനുഷ്യനായി എന്നതാണ് ആളുകള്‍ നിരീക്ഷിക്കുന്നത്. ഇസ്‌ലാം പ്രാര്‍ഥനയെയും മനുഷ്യത്വത്തെയും പരസ്പരപൂരകമായി കൊണ്ടുപോകുന്ന മതമാണ്. നമസ്‌കാരം ദൈവവുമായുള്ള ബന്ധത്തിന്റെയും, പ്രാര്‍ഥനയുടെ പൂര്‍ണ പ്രതീകവുമാണെങ്കില്‍ സകാത്ത് മനുഷ്യരുമായുള്ള ബന്ധത്തിന്റെയം മനുഷ്യത്വത്തിന്റെയും പൂര്‍ണതയാണ് വിളംബരം ചെയ്യുന്നത്. അതുകൊണ്ടാണ് ഖുര്‍ആനില്‍ നമസ്‌കാരം, സകാത്ത് തുടങ്ങിയ പദങ്ങള്‍ 80 തില്‍ അധികം തവണ ചേര്‍ത്ത് വന്നത്. ‘ദൈവത്തെ അറിയുക’ എന്ന മഹാ ആശയത്തെ അവ രണ്ടും പ്രസരിപ്പിക്കുന്നുണ്ട്.

പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും ഈ തിരിച്ചറിവിലെത്തിയിട്ടില്ല. നമസ്‌കാരം പോലെ സകാത്ത് ഏറ്റെടുത്തിരുന്നെങ്കില്‍ ഈ സമുദായത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ‘ജിഹാദ്’ എന്ന ഇസ്‌ലാമിലെ സാങ്കേതിക പദം വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടത് പോലെ സകാത്തും തെറ്റിദ്ധരിക്കപ്പെട്ടു. മലയാള സിനിമകളിലും സാഹിത്യങ്ങളിലും ‘നിന്റെ സകാത്ത് എനിക്ക് വേണ്ട’ എന്ന സംഭാഷണ ശകലം പോലും രൂപപ്പെട്ടു. അതായത് ‘നിന്റെ നക്കാപ്പിച്ച ഔദാര്യം എനിക്ക് വേണ്ട’ എന്നതിന്റെ മറ്റൊരു രൂപം. സകാത്ത് ലോകത്ത് തുല്യതയില്ലാത്ത സാമ്പത്തിക വ്യവസ്ഥയാണെന്ന് സമുദായം ആഴത്തില്‍ മനസ്സിലാക്കിയില്ല.

സകാത്തില്ലാത്ത നമസ്‌കാരം മാത്രമുള്ള മതത്തോട് പൊതുജനത്തിന് പുഛമാണ്. അങ്ങിനെയൊരു മതത്തില്‍ നിന്ന് യാതൊരു വ്യതിരിക്തതയും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മറ്റെല്ലാ മതങ്ങളെയും പോലെ ഒരു മതം മാത്രമാണ് അപ്പോള്‍ ഇസ്‌ലാം. ദൈവത്തെയും മതത്തെയും തള്ളിപ്പറഞ്ഞ് മനുഷ്യത്വമാണ് വലുത് എന്ന് പറഞ്ഞ് രംഗത്തു വന്ന കമ്യൂണിസം ഒരുകാലത്ത് കേരളത്തില്‍ വലിയ തോതില്‍ വളര്‍ന്നത് അതുകൊണ്ടാണ്. ഇസ്‌ലാം ഒഴിച്ചിട്ട സകാത്തിന്റെ ആശയത്തിലേക്കാണ് അവര്‍ കയറി നിന്നത്. അതുകൊണ്ടാണ് മലയാളത്തിന്റെ ചെറുകഥാ കുലപതി ടി.പത്മനാഭന്‍ ഒരിടത്ത് പറഞ്ഞത് : ‘ചെറുപ്പത്തില്‍ വെള്ളം മാത്രം തിളച്ചിരുന്ന അടുപ്പിലെ പാത്രത്തിലേക്ക് ഇടാനുള്ള അരിയുമായി ഒരു ഉമര്‍ വരുന്നതും കാത്ത് ഞാന്‍ പടിവാതിലില്‍ കാത്തിരിക്കാറുണ്ടായിരുന്നു’.

ഏതായാലും 1993 ല്‍ പുറത്തിറങ്ങിയ ‘നാരായം’ എന്ന ചിത്രത്തിന് വേണ്ടി പ്രശസ്ത കവി പി.കെ ഗോപി രചിച്ച ഗാനത്തിലെ ‘സകാത്ത് നല്‍ക്കാത്ത നമസ്‌കാര തഴമ്പിനെ പടച്ചോന്‍ കാണൂല’ എന്ന അതിശക്തമായ വരി ഇസ്‌ലാമിന്റെ അന്തസത്തയെ ശരിക്കും പ്രകാശിപ്പിക്കുന്നുണ്ട്. ഒരു പക്ഷെ ആ വരികളായിരിക്കും മോഹന്‍ലാലിന് ഈ വരികളെഴുതാന്‍ പ്രേരണ നല്‍കിയത്.

Related Articles