Current Date

Search
Close this search box.
Search
Close this search box.

ലഹരിബാധിച്ച ഭരണകര്‍ത്താക്കള്‍

മദ്യത്തിന്റെ വിഷയത്തില്‍ ലഹരിബാധിച്ച ഭരണകര്‍ത്താക്കള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയ്ക്ക്  ദൈവത്തിന്റെ സ്വന്തം നാട് അഥവാ കേരളം സാക്ഷി. മദ്യ വില്‍പനയുടെ സാമ്പത്തിക നേട്ടം കണക്കു കൂട്ടി ബോധം നഷ്ടപ്പെട്ടവര്‍  ഒരു സമൂഹം പേറേണ്ടി വരുന്ന കനത്ത നഷ്ടത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചെങ്കില്‍. സകല തിന്മകളുടേയും  മാതാവെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വിനാശത്തെക്കുറിച്ച് മുഹമ്മദ് ഫൈസി ഓണമ്പിള്ളിയുടെ (Muhammad Faizy Onampilly) ശ്രദ്ധേയമായ പ്രതികരണം

‘മദ്യ വില്‍പനയിലെ ലാഭത്തെയാണ് സര്‍ക്കാര്‍ മോഹിക്കുന്നത്. പക്ഷെ മദ്യത്തിന്റെ കെടുതികള്‍ എത്ര ഭീകരമാണ്. കുടുംബ ശൈഥില്യങ്ങള്‍, വാഹനാപകടങ്ങള്‍, ക്രിമിനല്‍ കുറ്റങ്ങള്‍, പീഡനങ്ങള്‍, മദ്യജന്യ മഹാരോഗങ്ങള്‍, സര്‍വ്വോപരി മനുഷ്യ വിഭവശേഷിയുടെ ഭീമ നഷ്ടങ്ങള്‍. ഈ കണക്കുകള്‍ സര്‍ക്കാര്‍ തുറന്നു പറയണം. അപ്പോള്‍ കാണാം. മദ്യം ലാഭമോ നഷ്ടമോ എന്ന്.’

———————————————————————————————–

ബാറുകളുടെ നിലവാരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍ ശോചനീയമായ ഒരു ആതുരാലയത്തിന്റെ ദയനീയത ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രവീണ്‍ കുമാര്‍ (Praveen Kumar).
‘ബാറുകളുടെ നിലവാരം ഉറപ്പാക്കാന്‍ കാണിക്കുന്ന ജാഗ്രഥ, ആശുപത്രികളുടേയും ക്ലിനിഇക്കുകളുടേയും കാര്യത്തിലും കൂടി ഒന്ന് കാണിച്ചിരുന്നെങ്ങില്‍…’

———————————————————————————————–

ഒരു രൂപ നോട്ടിന്റെ ദൗര്‍ലഭ്യതയെ കുറിച്ചുള്ള രസകരമായ വര്‍ത്തമാനം പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്വപ്‌നങ്ങളുടെ കാമുകനായ നസീര്‍ (Naseer Swapanangalude Kaamu-kan ).

‘എന്നും ദൈവത്തിന്റെ അടുത്തിരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒറ്റ രൂപാ നോട്ട് സ്ഥിരം ബിവറേജിന്റെ ക്യൂവില്‍ നില്ക്കാന്‍ വിധിക്കപ്പെട്ട ഹത ഭാഗ്യനായ ആയിരം രൂപാ നോട്ടിന്റെ വിലാപം കേട്ട് സ്വയം ആത്മഹത്യ ചെയ്തു. അങ്ങനെയാണത്രേ നമ്മുടെ നാട്ടില്‍ ഒറ്റ രൂപ നോട്ടിന്റെ എണ്ണം കുറഞ്ഞത്, പകരം ഇന്ന് സകല സകല ദൈവങ്ങളുടെയും അടുത്ത് ഇരിക്കാനുള്ള ഭാഗ്യം പത്തു രൂപാ നോട്ടിനു കൈവന്നു. അപ്പോഴും ആയിരത്തിന്റെ ക്യൂ ബിവറേജില്‍  തന്നെ.’

———————————————————————————————–

കത്തിയുടെ ഉപയോഗത്തെകുറിച്ചുള്ള നാട്ടു വര്‍ത്തമാനം പോലെയത്രെ ഫേസ് ബുക്കിന്റെ കാര്യവും. ഉപകാര പ്രദം എന്നതു പോലെ തന്നെ ഉപദ്രവകരവുമാണ്. അന്താരാഷ്ട്ട്ര സംഭവവികാസങ്ങള്‍ക്കു പോലും കളമൊരുങ്ങുന്ന ഈ മുഖ പത്രത്തില്‍ വെച്ച് തന്നെയാണ് ശാന്ത സുന്ദരമായ കുടുംബങ്ങളില്‍ അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്നതും. താം ശരിഫിന്റെ (Tam Sheriff)  ഒരു പോസ്റ്റിലെ ചില ഭാഗങ്ങള്‍..
‘കത്തി കൊണ്ട് പഴം മുറിക്കാം, പച്ചക്കറി അരിയാം. ഒരുത്തന്റെ പള്ളക്ക് കയറ്റി അവനെ കൊല്ലുകയുംചെയ്യാം. ഫെയ്‌സ്ബുക്ക് പോലുള്ള ചില മാധ്യമങ്ങള്‍ ഈ തരത്തില്‍ ഗുണത്തിനും ദോഷത്തിനും ഉപകരിക്കും എന്നത് നിസ്തര്‍ക്കമായ വസ്തുതയെന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ ഇടയാകത്തക്കവിധം ഒരു കേസില്‍ ഇടപടേണ്ടി വന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് വിവാഹമോചനം വരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍ മദ്ധ്യസ്തതക്ക് ശ്രമിച്ചപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട ഫെയ്‌സ്ബുക്ക് അതില്‍ കക്ഷിയായി വന്നു.’

———————————————————————————————–

ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സ്ഥലകാലങ്ങളും കഥാപാത്രങ്ങളും മാത്രമെ മാറുന്നുള്ളൂ. ആണായി പിറന്ന ഒരു വിമോചകനേയും ജനിക്കാന്‍ അനുവദിക്കാത്ത ചരിത്രത്തിലെ ഫറോവയെക്കാളും ഒരു പണതൂക്കം മുന്നില്‍ വരാന്‍ ശാഠ്യം പിടിക്കുന്ന ആധുനിക ഫറോവയെ കുറിച്ച് അംജത് അലി (Amjad Ali E M) കുറിച്ചിട്ടിരിക്കുന്നത് ഇങ്ങനെ:
‘ചരിത്രത്തിലെ ഫറോവ, തന്റെ അധികാരം ചോദ്യം  ചെയ്യപ്പെടാതിരിക്കാന്‍ ആണ്‍കുട്ടികളെയായിരുന്നു കൊലപ്പെടുത്തിയിരുന്നത്.. എന്നാല്‍ വര്‍ത്തമാന കാലത്തെ ഫറോവ മിസ്റ്റര്‍ സീസി, ഇഖ്‌വാനിന്റെ പെണ്‍ പടയെയും കൊലപ്പെടുത്തേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുന്നു… ചരിത്രത്തിലെ ഒരു പോരാട്ട ഗോദയിലും കാണാത്തത്ര സ്ത്രീ പങ്കാളിത്തമാണു മിസിറിലെ തെരുവീഥികളില്‍.. വെടിയുണ്ടകളേയും തൂക്ക് കയറുകളേയും സധൈര്യം നെരിടുന്ന ഈജിപ്തിലെ പെണ്‍ പടക്ക് വിപ്ലവാഭിവാദ്യങ്ങള്‍..

———————————————————————————————–

അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍ ഉടഞ്ഞു പോയേക്കാമെന്ന ഭയത്തോടെ കൊത്തും മിനുക്കും സഹിച്ച് കല്ലായിത്തീരുന്ന ദൈവങ്ങളെക്കുറിച്ച് നിഴല്‍ വരകള്‍ (nizhalvarakal.blogspot.com) എന്ന ബ്‌ളോഗില്‍ ശില്‍പം പോലൊരു കവിത!

അടിമകളായ ശില്‍പ്പികളാണ്
ആള്‍ദൈവങ്ങള്‍ക്ക്
കയ്യും കാലും കൊത്തുന്നത്.

അന്ധരായ ആരാധകര്‍
അവര്‍ക്ക്
കണ്ണും കാതും കൊടുത്തു.

സപ്തധാതുക്കളുള്ള ശരീരത്തില്‍
ദിവ്യപരിവേഷങ്ങളണിഞ്ഞപ്പോള്‍
ഓരോ ആള്‍ദൈവത്തിനും  
മായാവിലാസങ്ങളുണ്ടായി.  
   
രസാദിഗുണങ്ങള്‍ ക്ഷയിക്കുമ്പോള്‍  
ആള്‍ദൈവങ്ങളുടെ സിരകളും
എണ്ണവറ്റിയ കല്‍വിളക്കുകള്‍ പോലെ
കരിന്തിരികളാല്‍ പുകഞ്ഞു.

———————————————————————————————–

മൈക്കാട് ഷാജി  പോസ്റ്റ് ചയ്ത വരള്‍ച്ചയുടെ ദാരുണ ചിത്രം ഒരു പഴങ്കഥയും ഒരു പുത്തന്‍ കഥയുടെ ദുരന്തഭൂമികയും തുറന്നു കാട്ടുന്നു.
അടിവെള്ളം വേരോടുണക്കീട്ടു കുടിവെള്ള ലോറി വരുത്തും നമ്മള്‍!!!!!

Related Articles