Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യ; സൂകിയുടെ മൗനമുയര്‍ത്തുന്ന ദുരൂഹതകള്‍

Aung-San-Suu-Kyi.jpg

മ്യാന്മറില്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന വംശഹത്യാ ശ്രമങ്ങളോട് ഓങ് സാന്‍ സൂകി പാലിക്കുന്ന മൗനം ആരെയും ആശ്ചര്യപ്പെടുത്തും. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകള്‍ക്കെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്ന പീഡനങ്ങള്‍ അതിന്റെ പാരമ്യത്തിലത്തെിയിരിക്കുന്നു. അവരിപ്പോള്‍ രണ്ടിലൊന്ന് ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒന്നുകില്‍, സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായിതന്നെ തുടരുക. അല്ലെങ്കില്‍, മറ്റെവിടെയെങ്കിലും അഭയംപ്രാപിക്കുക. ഇതില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്ത് നാടുവിട്ട 8000ത്തിലധികം പേരാണ് മാസങ്ങളോളം കടലില്‍ കുടുങ്ങി ലോകത്തിന്റെ സഹായഹസ്തങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും രാജ്യത്തെ പ്രതിപക്ഷനേതാവും സമാധാന നൊബേല്‍ ജേതാവുമായ സൂകി മൗനംതുടരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാവാം?

കഴിഞ്ഞ ഏതാനും ദശകങ്ങളായി മ്യാന്മറില്‍ റോഹിങ്ക്യ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്നുണ്ട്. 2012ല്‍ അതിന് പുതിയ മുഖം കൈവന്നു. പ്രസ്തുത വര്‍ഷം, ബുദ്ധിസ്റ്റ് തീവ്രവാദി സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ 200ലധികം റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുപുറമെ, ആയിരക്കണക്കിന് റോഹിങ്ക്യ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു; ഒന്നേകാല്‍ ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഈ അഭയാര്‍ഥികള്‍ ഇന്ന് ‘തുറന്ന ജയിലുകളില്‍’ കഴിയുന്നു. റോഹിങ്ക്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന രാകൈന്‍ സ്‌റ്റേറ്റിന്റെ തലസ്ഥാനമായ സിത്വെയിലെ ഏറ്റവും വൃത്തിഹീനമായ ചേരിയില്‍ ഇപ്പോഴുമുണ്ട് 4000ത്തിലേറെ പേര്‍. ഭരണകൂടത്തിന്റെ ചെയ്തികളെ ഒരുതരത്തിലും സൂകിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ചോദ്യംചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന് ഇത്തരം വിവേചനങ്ങളെ സ്ഥാപനവത്കരിക്കാന്‍ ഒരു പ്രയാസവുമില്ല. മ്യാന്മറില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിനും കലാപകാരികളെ സംരക്ഷിക്കുന്നതിനുമെല്ലാം സര്‍ക്കാറിന് കഴിയുന്നത് ഈ നിലപാടുകൊണ്ടുകൂടിയാണ്.

2012ലെ കലാപം റോഹിങ്ക്യ ഉന്മൂലനമായിരുന്നില്ലെന്നാണ് സൂകിയുടെ പക്ഷം. ഒരു അഭിമുഖത്തില്‍ അത് അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്. ‘മുസ്‌ലിംകള്‍ മാത്രമല്ല, കലാപത്തിന്റെ ഇരകള്‍, ബുദ്ധിസ്റ്റുകളും കൂടിയാണ്. അവിടെ ബുദ്ധിസ്റ്റുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്’ അവര്‍ പറയുന്നു. റോഹിങ്ക്യകളെ ഉന്മൂലനംചെയ്യുന്നതിനുള്ള വളരെ ആസൂത്രിതമായ നടപടികളാണ് മ്യാന്മര്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ഡോ. ഡാനിയേല്‍ ഫിയേസ്റ്റണ്‍ നിരീക്ഷിക്കുന്നു. ക്രമാനുഗതമായി റോഹിങ്ക്യകളെ ദുര്‍ബലരാക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. ഇപ്പോള്‍ മ്യാന്മര്‍ വിടാത്ത അഭയാര്‍ഥികളുടെ പ്രാഥമിക അവകാശങ്ങള്‍പോലും നിഷേധിച്ച് അവരെ ശാരീരികമായും മാനസികമായും തളര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. റോഹിങ്ക്യകള്‍ക്ക് ചികിത്സയും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നതിന്റെയും അവരെ പട്ടിണിക്കിടുന്നതിന്റെയും അവരുടെ കൃഷി സ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന്റെയുമെല്ലാം റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. രാജ്യത്തുനിന്ന് രക്ഷപ്പെട്ട് അന്തമാന്‍ കടലില്‍ കുടുങ്ങിയ അഭയാര്‍ഥികളുടെയും അവസ്ഥ മറ്റൊന്നല്ല.

സൂകിയുടെ മൗനത്തിനുപിന്നില്‍, അവരുടെ അധികാര താല്‍പര്യങ്ങളാണെന്ന് വ്യക്തമാണ്. ഒരിക്കല്‍ ബര്‍മയുടെ ഭരണാധികാരിയാകണം എന്നുതന്നെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ആറു മാസത്തിനപ്പുറം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 90 ശതമാനം വരുന്ന ബുദ്ധമത വിഭാഗക്കാര്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന ഒരു വാക്കുപോലും സൂകിയുടെയോ അവരുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയോ (എന്‍.എല്‍.ഡി) ഭാഗത്തുനിന്നും പ്രതീക്ഷിക്കാനാവില്ല. എന്നല്ല, മ്യാന്മറിലെ ‘പൗരന്മാരല്ലാത്ത’ റോഹിങ്ക്യകള്‍ക്ക് അവിടെ വോട്ടവകാശവുമില്ല. മ്യാന്മര്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ഇസ്‌ലാമോഫോബിയക്കും ഹീനമായ വംശീയതക്കും എതിരെ നില്‍ക്കാനുള്ള രാഷ്ട്രീയ, ധാര്‍മിക മൂലധനം ഒരുകാലത്ത് സൂകിക്കുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവരുടെ അജണ്ടയില്‍ അതൊന്നുമില്ല. ഈ നിലപാട് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ആറു മാസം മുമ്പ്, വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഈ വിമര്‍ശം സൂചിപ്പിക്കപ്പെട്ടപ്പോള്‍, അവരുടെ മറുപടി മറ്റൊന്നായിരുന്നു. ‘രാഷ്ട്രീയ ലക്ഷ്യത്തിന്റെ പുറത്തല്ല എന്റെ മൗനം. ഞാന്‍ ആരുടെ ഭാഗത്തുനില്‍ക്കുന്നുവോ അവര്‍ക്കാണ് ഏറ്റവും അധികം നഷ്ടമുണ്ടാകുക. ഇനിയും ഈ രാജ്യത്ത് കൂടുതല്‍ രക്തമൊഴുകരുതെന്ന് ഞാന്‍ കരുതുന്നു.’

സൂകിയുടെ മൗനം റോഹിങ്ക്യകളുടെ രക്ഷക്കാണെന്നാണ് അവര്‍ പറയാതെ പറഞ്ഞത്. യാഥാര്‍ഥ്യം മറ്റൊന്നാണ്. സൂകിയുടെ മൗനം തുടരുമ്പോഴും മ്യാന്മറില്‍ റോഹിങ്ക്യകളുടെ രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അവരുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ റോഹിങ്ക്യകളുടെ രക്തം ഇനിയും ചിന്തും. ഇനിയും അവരുടെ പ്രതികരണത്തിനായി നാം കാത്തിരുന്നാല്‍ ഒരൊറ്റ റോഹിങ്ക്യ മുസ്‌ലിമും ലോകത്ത് ബാക്കിയാകില്ല.

 

കടപ്പാട്: മാധ്യമം

Related Articles