Current Date

Search
Close this search box.
Search
Close this search box.

റോമന്‍ രാജാവിനെ കബളിപ്പിച്ച മുസ്‌ലിം ദൂതന്‍

ഇസ്‌ലാമിന്റെ പ്രാരംഭകാലത്തായിരുന്നു അത്. അറേബ്യന്‍ ഉപദ്വീപ് മുസ്‌ലിംകള്‍ക്ക് കീഴിലായ കാലം. തങ്ങളുടെ ദിവ്യസന്ദേശം ശാം, ഈജിപ്ത്, പേര്‍ഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് മുസ്‌ലിംകള്‍. റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ക്ക് കീഴിലായിരുന്നു അക്കാലത്ത് മേല്‍പറഞ്ഞവയില്‍ മിക്ക പ്രദേശങ്ങളും.

ശാശ്വതമായ ആ ദിനങ്ങളൊന്നില്‍, ഖൈസാരിയ്യ വിജയിച്ച അംറ് ബിന്‍ ആസ്വ്(റ) ഗസ്സയിലേക്ക് തന്റെ സൈന്യത്തെ തിരിച്ചു. ഏകദേശം ഗസ്സയോട് ചേര്‍ന്ന സമതല പ്രദേശത്ത് എത്തിയതും മുസ്‌ലിംകളുടെ യാത്രാസംഘങ്ങള്‍ അവിടെ ഇറങ്ങി. അവരവിടെ തമ്പടിച്ചു. യാത്രാവാഹനങ്ങള്‍ക്ക് തീറ്റ നല്‍കുകയും, വിശ്രമിക്കുകയും ചെയ്തു. ‘അലജ്’ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗസ്സാ ഭരണാധികാരിയുടെ ദൂതന്‍ അവിടെയെത്തി. അംറ് ബിന്‍ ആസി(റ)നെ സന്ദര്‍ശിക്കാനുള്ള വരവായിരുന്നു അത്. മുസ്‌ലിംകളിലൊരുവന്‍ അദ്ദേഹത്തെ തമ്പിന് മുന്നില്‍ തടഞ്ഞ് വെച്ച് അംറ് ബിന്‍ ആസി(റ)നോട് ഇപ്രകാരം വിളിച്ച് പറഞ്ഞു ‘അല്ലയോ അംറ്, ഗസ്സാ രാജാവിന്റെ ദൂതന്‍ താങ്കളെത്തേടി വന്നിരിക്കുന്നു’.

അംറ് ബിന്‍ ആസ്വ്(റ) തമ്പിന് പുറത്തേക്ക് വന്നു ദൂതനെ അഭിവാദ്യം ചെയ്തതിന് ശേഷം വരാനുണ്ടായ കാരണത്തെക്കുറിച്ച് ചോദിച്ചു. അയാള്‍ പറഞ്ഞു. ‘എന്റെ രാജാവ് താങ്കളുടെ സൈന്യത്തില്‍ നിന്ന് അദ്ദേഹത്തോട് സംസാരിക്കാന്‍ പറ്റിയ ഒരാളെ അന്വേഷിക്കുന്നു്. അങ്ങ് ഒരാളെ എന്റെ കൂടെ അയച്ചാലും.’
-‘ഞാനല്ലാതെ പിന്നാര്?’ അംറ് ബിന്‍ ആസ്വ്(റ) ആത്മഗതം ചെയ്തു. പിന്നീട് ദൂതന്റെ നേരെ തിരിഞ്ഞു. അല്‍പം മിണ്ടാതിരുന്നതിന് ശേഷം അദ്ദേഹം പറഞ്ഞു ‘കേള്‍ക്കൂ… അംറ് ബിന്‍ ആസ്വ്(റ) തന്റെ ആളുകളില്‍ നിന്നൊരാളെ പ്രതിനിധിയായി അയക്കുമെന്ന് താങ്കളുടെ രാജാവിനെ അറിയിക്കുക’.  കുറച്ച് കഴിഞ്ഞതിന് ശേഷം വസ്ത്രം മാറി, താളി കനം കുറച്ച്, തലപ്പാവ് നെറ്റിയിലേക്ക് ഇറക്കി അംറ് ബിന്‍ ആസ്വ്(റ) പുറത്തിറങ്ങി.
-‘അല്ലയോ അംറ്, താങ്കള്‍ പ്രതിനിധിയെ തെരഞ്ഞെടുത്തോ’ കണ്ടുമുട്ടിയ ഒരു അനുയായി അദ്ദേഹത്തോട് ചോദിച്ചു.
-‘അതെ, ഞാന്‍ തെരഞ്ഞെടുത്തു’. അദ്ദേഹം മറുപടി നല്‍കി.
-‘ഗസ്സാ രാജാവിന്റെ സദസ്സിലേക്ക് ചെല്ലുന്ന ആ അംബാസഡര്‍ ആരാണ്?’ അയാള്‍ വീണ്ടും ചോദിച്ചു.
-‘സഹോദരാ, ഞാന്‍ തന്നെയാണത്’ അംറ് പുഞ്ചിരിച്ച് കൊണ്ടാണ് അത് പറഞ്ഞത്.
-‘അതുപറ്റില്ല, താങ്കളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കരാറുകളില്ലാത്ത ജനതയാണവര്‍. അവരുടെ കുതന്ത്രങ്ങളെ ഞങ്ങള്‍ ഭയക്കുന്നു.’ അയാള്‍ സങ്കടത്തോടെ പറഞ്ഞു.
അംറ് ബിന്‍ ആസ്വ്(റ) അനുയായിയോട് പറഞ്ഞു ‘ഞാന്‍ യഥ്‌രിബില്‍ എന്റെ തമ്പിലിരുന്നാലും ഗസ്സാ രാജാവിന്റെ പരവതാനിയിലായാലും അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കപ്പെടുക തന്നെ ചെയ്യും. നമുക്കാവട്ടെ പ്രചോദിപ്പിക്കാന്‍ വിശ്വാസം കൂടെയുണ്ട്. ആത്മാവെടുത്ത് കയ്യില്‍ വെക്കാന്‍ തയ്യാറായവരാണ് മുസ്‌ലിംകളായ നാം. അല്ലാഹു നമുക്ക് സത്യം വാഗ്ദാനം ചെയ്തിരിക്കുന്നു.’

ഗസ്സാ രാജാവിന്റെ കൂടെയിരുന്ന അംറിന് പ്രത്യേകമായൊന്നും തോന്നിയില്ല. അയാളുടെ പ്രജകളും കാവല്‍ക്കാരുമുണ്ടായിരുന്നു കൊട്ടാരം നിറയെ. റോമക്കാരിലും, ഗസ്സാ നിവാസികളിലും പെട്ടവരായിരുന്നു അവര്‍. അവരുടെ മുന്നിലൂടെ ഈത്തപ്പഴവും, ഉണക്ക മുന്തിരിയും നിറച്ച സുന്ദരമായ പാത്രങ്ങള്‍ നീങ്ങുന്നുണ്ടായിരുന്നു.
ഇരുകൂട്ടരും പ്രതിയോഗിയെ ആകര്‍ഷിക്കാന്‍ പറ്റിയ തന്ത്രങ്ങള്‍ പുറത്തെടുത്ത് കൊണ്ടേയിരുന്നു. അംറ് ബിന്‍ ആസ്വ്(റ) ഒരു വശത്തും, രാജാവും പരിവാരങ്ങളും മറുവശത്തും. തീര്‍ത്തും യുക്തിപരവും കൃത്യവുമായ മുനകൂര്‍ത്ത വാചകങ്ങളിലൂടെ അദ്ദേഹം അവരെ നേരിട്ടു.
ഗസ്സാ രാജാവിന് അംറ് ബിന്‍ ആസ്വില്‍ വല്ലാത്ത മതിപ്പ് തോന്നി. മുസ്‌ലിംകള്‍ ബഹുമാനിക്കുന്ന, അവര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് തന്റെ മുന്നിലിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. സദസ്സ് പിരിഞ്ഞതായി ഭരണാധികാരി അറിയിച്ചു. കേട്ടയുടനെ അംറ്(റ) തന്റെ സ്ഥാനത്ത് നിന്ന് എഴുന്നേറ്റു മടങ്ങിപ്പോരാന്‍ ഒരുങ്ങി. അതിനിടെ രാജാവ് അവസാനമായി അംറി(റ)നോട് ചോദിച്ചു. ‘താങ്കളെപ്പോലുള്ളവര്‍ ഇനിയുമുണ്ടോ നിങ്ങളുടെ സംഘത്തില്‍?’
ഉത്തരം മുന്‍കൂട്ടി തയ്യാറാക്കിയത് പോലെയായിരുന്നു അംറി(റ)ന്റെ മറുപടി. ‘അങ്ങനെ ചോദിക്കരുത്. ഞാന്‍ വളരെ ദുര്‍ബലനാണ്. അവര്‍ എന്നോട് ആവശ്യപ്പെട്ടത് ഞാന്‍ ചെയ്തുവന്നേ ഉള്ളൂ. താങ്കള്‍ നന്മയാണോ തിന്മയാണോ എന്നോട് ചെയ്യുകയെന്ന് അവര്‍ക്കറിയില്ലല്ലോ.’
‘നല്ലത്…. സംശയാലുവായ അറബി… താങ്കള്‍ സുരക്ഷിതനായിരിക്കും’- രാജാവ് പതുക്കെയാണ് പറഞ്ഞത്.
പിന്നീട് തന്റെ ഒരു പരിചാരകനെ വിളിച്ചു സമ്മാനവും വസ്ത്രവും നല്‍കി അംറി(റ)നെ യാത്രയാക്കാന്‍ ഉച്ചത്തില്‍ കല്‍പന പുറപ്പെടുവിച്ചു. അംറ് ബിന്‍ ആസ്വ്(റ) പിരിഞ്ഞതിന് ശേഷം പട്ടണ കവാടത്തിലെ പടയാളിക്ക് രാജാവ് ഒരു സന്ദേശമയച്ചു. ഏതാനും സമയത്തിനകം കവാടത്തിലെത്തുന്ന അറബിയെ കൊന്ന് കയ്യിലുള്ള സമ്മാനം തിരിച്ചേല്‍പ്പിക്കണമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം.

അംറ് ബിന്‍ ആസ്വ്(റ) ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങിയത്. ശത്രുവിന്റെ മനസ്സ് സ്വാധീനിക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദമായിരുന്നു കാരണം. എന്നാലും എവിടെയോ എന്തോ പന്തികേടുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. പക്ഷെ അതിനെ ബലപ്പെടുത്തുന്ന ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല.
ഓരോ വഴിയും ചാടിക്കടന്ന് മുന്നോട്ട് നീങ്ങി. ഗസ്സാ പട്ടണത്തിലെ എല്ല വഴിത്താരകളും, ഇടവഴികളും അദ്ദേഹം പഠിച്ച് മനസ്സിലാക്കുകയായിരുന്നു. അവിടത്തെ കെട്ടിടങ്ങളുടെ ഇനവും രീതിയും, അതില്‍ ഉപയോഗിച്ച കല്ലുകളുമെല്ലാം അദ്ദേഹം പഠിച്ചെടുത്തു. ഗസ്സ ആക്രമിക്കേണ്ടി വന്നാല്‍ ഈ വിവരങ്ങളെല്ലാം തങ്ങളെ സഹായിക്കുമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

-‘അംറ്, താങ്കള്‍ക്ക് സ്വാഗതം’ മുന്നിലൂടെ കടന്ന് വന്ന ഒരാള്‍ അദ്ദേഹത്തെ പേര് വിളിച്ചു അഭിവാദ്യമര്‍പ്പിച്ചു.
-‘നിനക്കും മംഗളം… അല്ലയോ, ഇബ്‌നു ശറഹ്ബീല്‍ താങ്കള്‍ക്ക് സുഖമല്ലേ? ഗസ്സാനിലെ ക്രൈസ്തവര്‍ക്ക് എങ്ങനെയുണ്ട്? അല്ല, ഗസ്സാനീ, നീയെങ്ങനെ എന്നെ തിരിച്ചറിഞ്ഞു?’
-‘താങ്കളുടെ ബുദ്ധികൂര്‍മത എന്നെയും കബളിപ്പിക്കുമെന്ന് കരുതിയോ…. ഹ ഹ … അത് വിട്ടേക്കുക…. ഞാന്‍ ഗസ്സാ ഭരണാധികാരികളുടെ പരിവാരങ്ങളെ ശ്രദ്ധിക്കുകയുണ്ടായി…. താങ്കളോട് ഞാന്‍ ഇത്രമാത്രം പറയുന്നു ‘താങ്കള്‍ നന്നായി (കൊട്ടാരത്തില്‍) പ്രവേശിച്ചിരിക്കുന്നു… അപ്രകാരം മടക്കവും നന്നാക്കാന്‍ ശ്രമിക്കുക.’ താങ്കള്‍ക്ക് സലാം… കണ്ണുകള്‍ നമ്മെ വീക്ഷിച്ച് കൊണ്ടേയിരിക്കുകയാണ്.

ആ വാചകങ്ങള്‍ അംറ് ബിന്‍ ആസ്വി(റ) ഹൃദയത്തെ സ്പര്‍ശിച്ചു. ഗസ്സയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച ആസൂത്രണം അദ്ദേഹം ഉപേക്ഷിച്ചു. തനിക്ക് സംഭവിക്കാനിരിക്കുന്ന വിപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാലോചിക്കാന്‍ തുടങ്ങി. അദ്ദേഹം വഴിയില്‍ നിന്നു. പിന്നീട് രാജകൊട്ടാരത്തിലേക്ക് തന്നെ മടങ്ങി. അറേബ്യന്‍ പ്രതിനിധി ഒരിക്കല്‍ കൂടി തന്റെ അടുത്ത് വന്നിരിക്കുന്നുവെന്ന് രാജാവ് കണ്ടു. അദ്ദേഹം തന്റെ സിംഹാസനത്തില്‍ വന്നിരുന്നു. അംറ് ബിന്‍ ആസ്വ്(റ) അടുത്ത് തന്നെയാണ് ഇരിപ്പുറപ്പിച്ചത്. രാജാവ് അദ്ദേഹത്തോട് ചോദിച്ചു.
-‘അല്ലയോ അറബി, താങ്കളെന്താണ് മടങ്ങിപ്പോന്നത്?’
-‘താങ്കള്‍ എനിക്ക് തന്ന സമ്മാനം ഞാന്‍ പരിശോധിച്ചു. എനിക്കും കൂട്ടാളികള്‍ക്കും അത് മതിയാവില്ലെന്ന് മനസ്സിലായി. അതിനാല്‍ അവരില്‍ ഒരു പത്ത് പേരെ കൂടി ഇങ്ങോട്ട് വിളിച്ച് വരുത്താമെന്ന് ഞാന്‍ തീരുമാനിച്ചു. എങ്കില്‍ താങ്കള്‍ അവര്‍ക്കും ഇതുപോലുള്ള സമ്മാനം നല്‍കുമല്ലോ. മാത്രമല്ല, ഒരാള്‍ക്ക് നന്മ ചെയ്യുന്നതിന് പകരം പത്ത് പേര്‍ക്ക് നന്മ ചെയ്താല്‍ അതായിരുക്കുമല്ലോ നല്ലത്.’ അംറ് ബിന്‍ ആസ്വ്(റ) പുഞ്ചിരിച്ച് കൊണ്ടാണ് ഇത്രയും പറഞ്ഞത്.
-‘ശരി, താങ്കള്‍ ചെന്ന് അവരെയും കൊണ്ട് വരൂ’. (വകവരുത്താന്‍ കുറച്ചധികം ആളുകളെ കിട്ടുമെന്നാണ് രാജാവ് കണക്ക്കൂട്ടിയത്).

അംറ് ബിന്‍ ആസ്വ്(റ) രാജസന്നിധിയില്‍ നിന്നും പുറത്തിറങ്ങി. കൊട്ടാര വാതിലിന് സമീപമെത്തുന്നതിന് മുമ്പ് തന്നെ, അദ്ദേഹത്തെ കൊല്ലുകയോ, ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കാവല്‍ക്കാരന് രാജകല്‍പന ലഭിച്ചിരുന്നു. അംറ് ബിന്‍ ആസ്വ്(റ) കോട്ടയില്‍ നിന്നും സുരക്ഷിതമായി പുറത്തിറങ്ങി. കാവല്‍ക്കാരെ ഇടം കണ്ണിട്ട് നോക്കി ഇപ്രകാരം ആത്മഗതം ചെയ്തു ‘ഞാന്‍ ഇനി തിരിച്ച് വരുമെന്നാണോ ഇവര്‍ പ്രതീക്ഷിക്കുന്നത്’.

ശേഷം നടന്ന യുദ്ധത്തില്‍ മുസ്‌ലിംകള്‍ ഗസ്സ ജയിച്ചടക്കി. അംറ് ബിന്‍ ആസ്വ്(റ) അവിടെ പ്രവേശിച്ചു. അവിടത്തെ ഒരു വീട്ടില്‍ അദ്ദേഹത്തിന് ഇരിപ്പിടമൊരുക്കി. റോമാന്‍ രാജാവിന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. രാജാവ് കടന്ന് വന്നു. മുസ്‌ലിം സേനാനായകനെ കണ്ട അയാള്‍ ശരിക്കും ഞെട്ടി. കണ്ണുകള്‍ അല്‍ഭുതം കൊണ്ട് വികസിച്ചു. മുമ്പ് സംഭവിച്ചതെല്ലാം സ്വപ്‌നമായിരുന്നോ എന്നദ്ദേഹം സംശയിച്ചു. അയാള്‍ അംറി(റ)നോട് ചോദിച്ചു.
-‘താങ്കളായിരുന്നോ അയാള്‍?’
-‘അതെ റോമക്കാരാ, താങ്കള്‍ വഞ്ചിക്കാന്‍ ശ്രമിച്ച, താങ്കളുടെ വൃത്തികെട്ട മനസ്സ് വെച്ച പെരുമാറിയ ആ ദൂതന്‍ ഞാന്‍ തന്നെയായിരുന്നു.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles