Current Date

Search
Close this search box.
Search
Close this search box.

റീസൈക്കിള്‍ ബിന്നില്‍ നിന്നെങ്കിലും കണ്ടുകിട്ടുമോ അഛനെ, അമ്മയെ?

നമ്മള്‍ പലതും മറന്നുതുടങ്ങുകയാണ്..
എന്തൊക്കെ മറന്നാലും വന്ന വഴിയെ മറക്കരുത് എന്ന് പറയാറുണ്ട്..
പോകേണ്ട വഴികളെ പറ്റിയുള്ള ചിന്തകള്‍ പുകയുമ്പോള്‍
വന്ന വഴികള്‍ ഓര്‍മകളില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെടുന്നു..
മറക്കാനൊരിക്കലും പാടില്ലാതിരുന്ന ബന്ധങ്ങളെയെല്ലാം എത്ര
പെട്ടെന്നാണ് പലരും മറവിയുടെ ചതുപ്പിലേക്കാഴ്ത്തുന്നത്..

അഛന്‍ , അമ്മ.. മറ്റു വേണ്ടപ്പെട്ടവര്‍ …
പരിഗണനയുടെ റീസൈക്കിള്‍ ബിന്നില്‍ മറഞ്ഞു കിടപ്പുണ്ടോ അവര്‍ …

നാം മറന്നുവെച്ച മാതാപിതാക്കളെ പറ്റി എഴുതിയിരുന്നു
എന്‍ ഗോപാലകൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ പംക്തിയില്‍ …

പത്തു പന്ത്രണ്ടു ശതാബ്ദങ്ങള്‍ക്കുമുമ്പുള്ള കുരുമുളകും ഇഞ്ചിയും പോലെയാണ് കേരളത്തിലെ ഇപ്പോഴത്തെ ചെറുപ്പക്കാരെന്നും തൊണ്ണൂറുശതമാനവും അറേബ്യയിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കപ്പെടുകയാണെന്നും, മാതാപിതാക്കളെ കാക്കയ്ക്കും പൂച്ചയ്ക്കും വിട്ടുകൊടുത്തുള്ള ഊരു തെണ്ടികളായ മക്കളുടെ കാലമാണിതെന്നും പറയുന്നു അദ്ദേഹം…

കമലാസുറയ്യയുടെ ‘കീറിപ്പൊളിഞ്ഞ ചകലാസ് ‘ എന്നൊരു കഥയുണ്ട്..
അഞ്ചര വര്‍ഷമായി ഗോപി അമ്മയെ കാണാന്‍ വന്നിട്ട്….
അമ്മ മരണാസന്നയാണ്..
എപ്പോഴും അമ്മ ഒരൊറ്റ കാര്യമേ ചോദിക്കുന്നുള്ളൂ..
‘ഗോപിയുടെ കത്ത് വന്ന്വോ..?’

ഒടുക്കം ഗോപി വന്നത് അമ്മയെ കാണണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല..
ജ്യേഷ്ഠത്തിയെ കണ്ട് സ്വത്ത് ഭാഗം വെക്കുന്ന കാര്യം സംസാരിക്കാനായിരുന്നു..
ഒടുക്കം ചേച്ചി അവനോട് ചോദിക്കുന്നുണ്ട്…
‘അമ്മയെന്ന വീട്ടുസാധനത്തെ നിനക്കോര്‍മ്മയുണ്ടോ ഗോപീ’എന്ന്..

അമ്മ അപ്പോഴും ഗോപിയുടെ കത്തുവന്നോ എന്ന് അപ്പുറത്തെ റൂമില്‍ നിന്ന് വിളിച്ചു ചോദിക്കുന്നാണ്ടായിരുന്നു..

******************************************************************

ഫേസ്ബുക്കില്‍ നിറയെ ഓണമായിരുന്നു….
സഗീറിന്റെ ഒരു കാര്‍ട്ടൂണ്‍ വല്ലാതെ ചിരിപ്പിച്ചു..
നാടുകാണാന്‍ കേരളത്തില്‍ വന്ന മാവേലി ഒറ്റ മലയാളിയേയും കാണുന്നില്ല…
നിറയെ ബംഗാളികളും ഹിന്ദിക്കാരും തമിഴന്‍മാരും….
ഒടുക്കം മലയാളികളെ കണ്ടുകിട്ടുന്നത് ബീവറേജിന്റെ മുന്നില്‍ നിന്ന്…
മാനുഷരെല്ലാരും ഒന്നുപോലെ ക്യൂ നില്‍ക്കുകയായിരുന്നു അവിടെ…

വാമനനെന്ന ഭുമാഫിയയുടെ ഇരയായിരുന്നു മാവേലിയെന്ന പോസ്റ്റും
ചിരിക്ക് വക നല്‍കി…

ഓണത്തിന്റെ സവര്‍ണ്ണമുഖത്തെ പറ്റിയുള്ള സംവാദങ്ങള്‍ കൊണ്ടും മുഖരിതമായിരുന്നു ഓണ്‍ലൈന്‍ ലോകം…
ആ വിഷയം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ ഇഎന്‍ എഡിറ്റു ചെയ്ത
ഉല്‍സവങ്ങളുടെ രാഷ്ട്രീയം എന്ന പുസ്തകം ഉപകാരം ചെയ്യും..
കെ. എന്‍ പണിക്കര്‍, കെഇ എന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ പി മോഹനന്‍, ടിഡി രാമകൃഷ്ണന്‍,  കെ ആര്‍ മായ, എം എസ് ജയപ്രകാശ് തുടങ്ങിയവരെല്ലാം എഴുതുന്നു പുസ്തകത്തില്‍ ..

************************************************************************

പവിത്രന്‍ തീക്കുനിയുടെ കപ്പ എന്ന കവിത സുന്ദരം..

കപ്പ

കാന്താരിയുടെയും
മത്തിച്ചാറിന്റെയും കാലമല്ലിത്..

മട്ടനേയും ചിക്കനേയും
കെട്ടിപ്പിടിച്ചേക്കണം..

എല്ലായിടത്തും ഇക്കാലത്ത്
കയറിച്ചെല്ലാന്‍ കഴിയില്ല..
വീടുകളിലിപ്പോള്‍
രാമേട്ടനും മമ്മദ്ക്കയൊന്നുമില്ല..

പ്രമേഹവും അള്‍സറും കൊളസ്‌ട്രോളുമൊക്കെയാണ്
കാര്യങ്ങള്‍ നോക്കി നടത്തുന്നത്..

Related Articles