Current Date

Search
Close this search box.
Search
Close this search box.

രോഹിത് വെമുല; നീതിനിഷേധത്തിന്റെ ഒരു വര്‍ഷം

rohith-vemula3.jpg

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഇടങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിനും, ബ്രാഹ്മണാധിപത്യത്തിനും എതിരെയുള്ള പോരാട്ടത്തില്‍ രോഹിത് വെമുല ജീവത്യാഗം ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ മരണം രാജ്യത്ത് വന്‍പ്രതിഷേധ കൊടുങ്കാറ്റ് തന്നെ ഉയര്‍ത്തുകയും, അദ്ദേഹം എന്തിന് വേണ്ടിയാണോ നിലകൊണ്ടത് അതിന് വേണ്ടി മുന്നോട്ട് വരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരുത്ത് പകരുകയും ചെയ്തു. ഇന്ന് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധ കൂട്ടായ്മകള്‍ക്ക് ശക്തിപകരുന്നത് രോഹിതിന്റെ ജ്വലിക്കുന്ന ഓര്‍മകളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും നമ്മെ വേട്ടയാടുന്നുണ്ട്. സമൂഹത്തിന്റെ സങ്കീര്‍ണ്ണഘടനയെയും, പിളര്‍പ്പുകളെയും, അന്തര്‍ലീനമായ അസമത്വത്തെയും കുറിച്ച് രോഹിത് നമ്മെ ഓര്‍മപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു, ‘..പുറമെ കാണുന്ന സ്വത്വത്തിലേക്കും, ഏറ്റവുമടുത്ത സാധ്യതയിലേക്കും ഒരു മനുഷ്യന്റെ മൂല്യം ചുരുക്കപ്പെട്ടിരിക്കുന്നു. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ലെങ്കില്‍ ഒരു വസ്തുവിലേക്ക്… എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം..’

പിന്നോട്ട് നോക്കിയാല്‍, ഒന്നിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. രണ്ട് മാസത്തിലധികമായി ജെ.എന്‍.യുവില്‍ നിന്നും നജീബ് അഹ്മദിനെ കാണാതായിട്ട്; നജീബിന്റെ വിഷയത്തില്‍ അധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ആ വിദ്യാര്‍ത്ഥികളെയും, അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെയും പിന്തുണച്ച അധ്യാപകരും നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. മറ്റൊരു കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദ് ഇഫ്‌ലുവില്‍, ജാതി വിവേചനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ അഞ്ച് ദലിത് വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 24X7 ലൈബ്രറി സൗകര്യം വേണം എന്ന് ആവശ്യപ്പെട്ടതിന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഏഴ് വിദ്യാര്‍ത്ഥികളെ പുറത്താക്കി. വിദ്യാര്‍ത്ഥിനികളാവട്ടെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്നു. കുത്തകകള്‍ക്ക് നിക്ഷേപ സൗകര്യം ഒരുക്കി കൊടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള വാതിലുകള്‍ തുറന്നിട്ടു കൊടുത്തിരിക്കുകയാണ്. എ.ബി.വി.പിയുടെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ട എല്ലാ വിധ പിന്തുണയും സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. വിദ്യാഭ്യാസത്തെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കാവിവത്കരിക്കാനുള്ള അജണ്ട ദിനംപ്രതി ശക്തിപ്രാപിച്ചു വരുന്നുണ്ട്. എന്നിരുന്നാലും, പുരോഗമന ശക്തികളില്‍ നിന്നും, വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും വലിയതോതിലുള്ള ചെറുത്ത് നില്‍പ്പ് പ്രതിരോധ ശ്രമങ്ങളും കഴിഞ്ഞ വര്‍ഷം കാണാന്‍ സാധിച്ചു. രോഹിതിന്റെ ജീവത്യാഗം, ജാതിവിവേചനങ്ങള്‍ക്കും, ബ്രാഹ്മണ ആധിപത്യത്തിനും എതിരെ വിദ്യാര്‍ത്ഥി സമൂഹത്തെ ഒന്നിപ്പിച്ചു എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

രോഹിതിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള കഴിഞ്ഞ ഒരു വര്‍ഷത്തോളമായുള്ള നമ്മുടെ കൂട്ടായ പരിശ്രമം ഇന്നു വരെ പൂര്‍ത്തീകരിക്കപ്പെട്ടില്ല. കുറ്റക്കാര്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റികള്‍ രോഹിതിന്റെ കുറിച്ചും അവന്റെ മരണത്തെ കുറിച്ചും നുണകളും, അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ഇതൊന്നും തന്നെ, സര്‍വകലാശാല കാമ്പസുകളിലും, സമൂഹത്തിലും തുല്ല്യഇടം ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ദലിത് സമൂഹത്തെയും, വിദ്യാര്‍ത്ഥികളെയും പിന്തിരിപ്പിക്കാന്‍ പോകുന്നില്ല. ഉയര്‍ന്ന അവബോധവും, തിരിച്ചറിവും തന്നെയാണ് ഒരുമിച്ച് പോരാടാന്‍ മുന്നോട്ട് വരുന്നതിന് വിദ്യാര്‍ത്ഥി സമൂഹത്തെ സഹായിച്ചത്. ഉന്നതവിദ്യാഭ്യാസ രംഗത്തും, മാധ്യമപ്രവര്‍ത്തനരംഗത്തും, മറ്റു പ്രഫഷണല്‍ രംഗങ്ങളിലും, സിവില്‍ സൊസൈറ്റി ഇടങ്ങളിലും പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വിവേചനങ്ങള്‍ നിരന്തരം തുറന്ന് കാട്ടപ്പെടുകയും, എതിര്‍ക്കപ്പെടുകയും ചെയ്തു.

സത്യത്തിനും, നീതിക്കും വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും, അതിന് നേതൃത്വം നല്‍കിയവരോട് പകപോക്കുകയും, അവരെ സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്തത്. കൂടാതെ കുറ്റക്കാരെ ബഹുമതികള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ‘രോഹിത് സ്മാരകം’ സന്ദര്‍ശിക്കാന്‍ രോഹിതിന്റെ അമ്മ രാധിക വെമുലയെ അധികൃതര്‍ ഇന്നേവരെ അനുവദിച്ചിട്ടില്ല. രോഹിതിന്റെ സുഹൃത്തുക്കളെയെല്ലാം ഇന്ന് ഭരണകൂടം വേട്ടയാടി കൊണ്ടിരിക്കുകയാണ്. അതേസമയം വി.സി പ്രൊഫ. അപ്പ റാവുവിന് തിരുപ്പതിയിലെ ശാസ്ത്ര കോണ്‍ഫറന്‍സില്‍ വെച്ച് പ്രധാനമന്ത്രിയുടെ സമ്മതത്തോടെ ആന്ധ്രാ സര്‍ക്കാര്‍ ബഹുമതി നല്‍കുകയാണ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രോഹിത്തിന്റെ മരണവും അപ്പ റാവുവിന് അതുമായുള്ള ബന്ധവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് പ്രധാനമന്ത്രിക്കും, ആന്ധ്രാ മുഖ്യമന്ത്രിക്കും നല്ല പോലെ അറിയാവുന്ന കാര്യമാണ്. ‘നിങ്ങള്‍ക്ക് വെടിവെക്കണമെന്നുണ്ടെങ്കില്‍, എന്റെ ദലിത് സഹോദരങ്ങളെ വെടിവെക്കുന്നതിന് പകരം എന്നെ വെടിവെച്ചോളു’ എന്ന് പറഞ്ഞ പ്രധാനമന്ത്രി തന്നെ രോഹിതിന്റെ കൊലപാതകത്തില്‍ പങ്കുള്ള ആള്‍ക്ക് അവാര്‍ഡ് നല്‍കുന്ന കാഴ്ച്ചയും നമുക്ക് കാണേണ്ടി വന്നു. അപ്പോഴും നീതി ലഭിക്കാതെ രോഹിതിന്റെ അമ്മ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അപ്പ റാവുവിന് അവാര്‍ഡ് നല്‍കുന്നതില്‍ യാതൊരു മനസാക്ഷികുത്തും തോന്നാത്തവര്‍ രോഹിതിന്റെ ജനന സര്‍ട്ടിഫിക്കറ്റ് വലിയ വിഷയമാക്കി മാറ്റി. രോഹിതിന്റെ അമ്മയുടെ ജാതി ഏതാണെന്നായിരുന്നു അവര്‍ പ്രശ്‌നം. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് പകരം, രോഹിതിന്റെയും അമ്മയുടെയും ജാതി സര്‍ട്ടിഫിക്കറ്റ് തിരയുന്ന തിരക്കിലായിരുന്നു അവര്‍.

ഈ ആധുനിക കാലത്തും ജാതി വിവേചനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ക്കായി, ഏകലവ്യന്‍മാരുടെ പെരുവിരല്‍ ചോദിക്കുന്ന ദ്രോണാചാര്യന്മാരുടെ യുഗം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ രോഹിത് വെമുലക്ക് സ്വന്തം ജീവന്‍ തന്നെ ബലിയര്‍പ്പിക്കേണ്ടി വന്നു. രോഹിതിന്റെ രക്തസാക്ഷ്യം വെറുതെയാവാതിരിക്കാന്‍ ഉച്ചനീചത്വങ്ങള്‍ അവസാനിക്കുന്നത് വരേക്കും, തുല്ല്യ നീതി പുലരുന്നത് വരേക്കും, നജീബിനെ കണ്ടെത്തുന്നത് വരേക്കും പോരാട്ടം തുടരാന്‍ നാം തയ്യാറാവുക. ഏകലവ്യന്‍മാരുടെ പെരുവിരല്‍ ചോദിക്കാന്‍ ദ്രോണാചാര്യന്‍മാര്‍ ധൈര്യപ്പെടാത്ത ഒരു കാലത്തിന്റെ നിര്‍മിതിക്കായുള്ള പോരാട്ടത്തില്‍ അവസാനം വരെ ആരുണ്ടാവും എന്നത് മാത്രമാണ് ചോദ്യം.

Related Articles