Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയക്കാര്‍ പോര്‍വിളിക്കും, നമ്മുടെ മക്കള്‍ കൊല്ലപ്പെടും

ഇന്നലെ കേരളത്തില്‍ ഹര്‍ത്താലായിരുന്നു. കണ്ണൂര്‍ കതിരൂരില്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കാരാല്‍ വെട്ടിക്കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ഹര്‍ത്താല്‍. പ്രബുദ്ധരാഷ്ട്രീയം പടുത്തുയര്‍ത്താന്‍ വേണ്ടി  കേരളത്തിലെ ആണും പെണ്ണുമായവരെല്ലാം ദുരിതമനുഭവിച്ചൊരു ദിനം. അതിനെത്തുടര്‍ന്ന് ചാനലുകളില്‍ നിറയെ ചര്‍ച്ചയായിരുന്നു. ഏറെ ചൂടുപിടിച്ചത് പ്രമുഖരാഷ്ട്രീയ നേതാവിന്റെ മകന്റെ പ്രസ്താവനയെ ചൊല്ലിയായിരുന്നു. എതിര്‍പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെട്ടതില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് സലാം അര്‍പ്പിച്ചുള്ള ഭാവിയില്‍ നേതാവാകാന്‍ പോകുന്ന  മകന്റെ പ്രസ്താവനയെക്കുറിച്ച് ചാനല്‍ അവതാരകന്‍ ചോദിച്ചപ്പോള്‍  അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം അച്ഛനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് നേരില്‍ കാണേണ്ടി വന്ന ഒരു മകന്റെ വേദനിക്കുന്ന മനസ്സില്‍ തട്ടിയ അഭിപ്രായമെന്നായിരുന്നു മറ്റൊരു നേതാവിന്റെ മറുപടി. ഒരു രാഷ്ട്രീയ നേതാവിന്റെ മകന് മാത്രമല്ല ഈ ഗതിയുണ്ടായതെന്നും ഇങ്ങനെ ഒരുപാട് മക്കളെ തങ്ങള്‍ സൃഷ്ടിച്ചുണ്ടെന്നും നേതാക്കന്മാര്‍ക്കറിയുമോ?

ജനാധിപത്യപ്രക്രിയയില്‍ ആശയസംവാദങ്ങള്‍ക്ക് ഒരുപാട് വേദിയുണ്ടായിരിക്കെ മസില്‍ പവറും കായികശക്തിയുമുപയോഗിച്ച് അപരന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുന്ന മൗലികവാദ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റുവല്‍ക്കരത്തിന്റെ ഭാഗമായി ഒരുപാട് ഇരകളെ സൃഷ്ടിച്ച നാടാണ് കണ്ണൂര്‍. അധികാര രാഷ്ട്രീയത്തിന്റെ പ്രശ്‌നമെന്നതുപരി ഒരുപാട് സാമൂഹിക മാനങ്ങള്‍ നല്‍കുന്നുണ്ട് ഇത്തരം കൊലപാതകങ്ങള്‍.

ഓര്‍മയിലൊരു ആടുജീവിതമുണ്ട്; ബെന്‍യാമിന്റെ. ആ ആടുജീവിതത്തിലെ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുംവിധം ആട്ടിന്‍ പറ്റങ്ങളുമായി ഗള്‍ഫ് മണലാരണ്യത്തില്‍ ആട്ടിന്‍ പറ്റങ്ങളെ തെളിച്ചുനടക്കുന്നതുകണ്ട ബിരുദധാരിയായ യുവാവിന്റെ ജീവിത കഥ ഗല്‍ഫില്‍ നിന്നുവന്ന ഒരാളില്‍ നിന്നും കേള്‍ക്കുകയുണ്ടായി.  വിവാഹജീവിതവും കുടുംബജീവിതവും സ്വപ്‌നം കാണാന്‍ കൂടി സാധിക്കാതെ ഒരിക്കല്‍പോലും ചെന്നെത്തുമെന്ന് ഊഹിക്കാത്ത ജോലിയില്‍ എത്തിപ്പെട്ട ആ ഹതഭാഗ്യന്‍ ഒരു കണ്ണൂര്‍കാരനാണ്.  കഷ്ടപ്പാടും ദാരിദ്ര്യവും  പെങ്ങന്മാരെ കെട്ടിക്കാനൊന്നുമല്ല അവന് ആടുമേക്കേണ്ടി വന്നത്.  അവനെ അവന്റെ രക്ഷിതാക്കള്‍ പറഞ്ഞയച്ചതാണ്. പഠിച്ചില്ലെങ്കിലും വേണ്ടിയില്ല, പണിയില്ലെങ്കിലും വേണ്ടിയില്ല, എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ എന്നുകരുതി. നമ്മുടെ പ്രബുദ്ധ രാഷ്ട്രീയത്തിന്റെ ഇരയാണവന്‍. അവനെ നാടുകടത്തിയ അവന്റെ മാതാപിതാക്കളെ പോലെ ഒരുപാട് രക്ഷിതാക്കള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും മക്കളെ നാടിന്റെ പല ഭാഗത്തേക്കും പറഞ്ഞയച്ചിട്ടുണ്ട്; അക്രമ രാഷ്ട്രീയക്കാരന്റെ പേക്കൂത്തുകളെ പേടിച്ച്. കൗമാരക്കാരായ മക്കള്‍ മദ്യത്തിലും മയക്കുമരുന്നിലും അശ്ശീലതയിലും ചെന്നെത്തി വഴിതെറ്റുന്നതാണ് മറ്റിടങ്ങളിലെ രക്ഷിതാക്കള്‍ ഭയക്കുന്നതെങ്കില്‍ കണ്ണൂരിലെ അമ്മമാര്‍ ഭയപ്പെട്ടതും പ്രാര്‍ഥിച്ചിരുന്നതും അവന്‍ രാഷ്ട്രീയക്കാരന്റെ വലയില്‍ വീഴല്ലേ എന്നായിരുന്നു. നമ്മളെ നയിക്കുന്ന മിക്ക നേതാക്കളെയും പോലെ മക്കളെ ഉന്നത കലാലയത്തില്‍ പഠിപ്പിച്ച് ഉന്നത ബിരുദങ്ങള്‍ വാങ്ങിക്കൊടുത്ത് നാലക്കശമ്പളമുള്ളവനായി അവനും വരണമെന്ന് സ്വപ്നം കണ്ട പല രക്ഷിതാക്കള്‍ക്കും കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് തേര്‍വാഴ്ച കണ്ട് പത്താം ക്ലാസ്സുപോലും പൂര്‍ത്തിയാക്കാനനുവദിക്കാതെ മക്കളെ നാടുകടത്തേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യബോധ്യത്തെക്കുറിച്ചും ജനകീയാവകാശങ്ങളെക്കുറിച്ചും നമ്മോട് വാതോരാതെ സംസാരിക്കുന്ന ഇടതും വലതും നടുക്കുമുള്ളവര്‍ക്കും മന്ത്രിമാരും നേതാക്കന്മാരും എം.എല്‍.എയുമൊക്കെയാകാന്‍ വേണ്ടി അക്രമത്തിന്റെ ഫാസിസ്റ്റ് വാഴ്ചയിലൂടെ അണികളെ വഴിനടത്തിക്കുകയും കൈകളില്‍ രക്തക്കറ പുരട്ടുകയും ചെയ്യുന്നതു കണ്ട സമാധാന കാംക്ഷികളും നിഷ്പക്ഷരുമായവരുടെ അവസ്ഥ ഇതായിരുന്നു.

ആണ്‍മക്കളുള്ള ഓരോ കുടുംബവും തങ്ങളുടെ മക്കള്‍ ഈ നേതാക്കന്മാരുടെ കൈയിലെ കളിപ്പാവയാവല്ലേ എന്ന് മനകുരുകി പ്രാര്‍ഥിച്ചിട്ടുണ്ട്. ഇത് ആര്‍.എസ്.എസ്സ്, മാര്‍കിസ്റ്റ്, കോണ്‍ഗ്രസ് പോരുമുറുകിയ നാളുകളിലെ കണ്ണൂര്‍ ജില്ലയിലെ അവസ്ഥയായിരുന്നു. അവര്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും മക്കള്‍ വേണമായിരുന്നു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു കൊന്നുകൊടുക്കാനും മരിച്ചുവീഴാനുമുള്ള ഗതി തങ്ങളുടെ മക്കള്‍ക്കുണ്ടാവല്ലേ എന്ന് ആ നാട്ടിലെ രക്ഷിതാക്കളില്‍ പലരും ആഗ്രഹിച്ചത്. അങ്ങനെയാണ് പലരും ഗുണ്ടാസൃഷ്ടിപ്പുകാരായ രാഷ്ട്രീയ ഫാഷിസ്റ്റുകളുടെ കൈയില്‍ മക്കള്‍ അകപ്പെടല്ലേ എന്നുകരുതി മക്കളെ നാടുകടത്തിയത്.
 
ഒരുപാട് സംശയങ്ങള്‍ അക്രമരാഷ്ട്രീയ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് നേരെ പൊതുസമൂഹം തിരിച്ചുവെച്ചിട്ടുണ്ട്.  അപരന്റെ പ്രത്യയശാസ്ത്രസങ്കല്‍പങ്ങളോട് സഹിഷ്ണുതയോടെ  പെരുമാറാനും അവയോട് രാഷ്ട്രീയ പക്വതയോടെ സംവദിക്കാനും പഠിക്കാത്ത ഫാസിസ്റ്റ് മനോഭാവം പേറിയ പാര്‍ട്ടികള്‍ ഇത്രയും കാലം സാധാരണക്കാരായ അണികളെ അരിഞ്ഞുവീഴ്ത്തിയാണ് കൊടി പാറിച്ചതെങ്കില്‍ ഇന്നത് നേതാക്കന്മാരിലെത്തി. ഇന്നലവരെ തങ്ങളോടൊപ്പം നിന്ന് പ്രസ്ഥാനത്തെ വളര്‍ത്താന്‍ പാടുപെട്ട മനുഷ്യന്റെ എതിരഭിപ്രായങ്ങളെ കേള്‍ക്കുന്നതുപോലും അസഹ്യമാണെന്ന വിചാരത്തിലെത്തിയപ്പോഴാണ് ടി.പിയെ വെട്ടിവീഴ്ത്തിയത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ നിയമത്തിനു മുന്നിലെത്തിയപ്പോള്‍ കോടതി നിരീക്ഷിച്ച കാര്യം വളരെ ശ്രദ്ധേയമാണ്, ടി.പി. ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയവരാരും തന്നെ അദ്ദേഹത്തോട് മറ്റുതരത്തില്‍ യാതൊരു വൈരാഗ്യവുമുള്ളവരല്ലെന്നും അവര്‍ ആരുടെയോ ഉപകരണമായിരുന്നുവെന്നുമാണത്.
 
ഈ നിഗമനം ഈയൊരു കൊലപാതകത്തില്‍ മാത്രമല്ല, കണ്ണൂരില്‍ ഇന്ന് വരെ നടന്ന എല്ലാ കൊലപാതകത്തിന്റെയും സ്ഥിതി അതുതന്നെയായിരുന്നു. വെട്ടിവീഴ്ത്തിയവര്‍ മാത്രമല്ല, പാര്‍ട്ടിക്കുവേണ്ടി മരിച്ചുകൊടുത്തവരും പാര്‍ട്ടിയുടെ ഉപകരണമായിരുന്നു. മൂന്ന് ദശാബ്ദക്കാലം കൊണ്ട് മാത്രം മുന്നൂറിലധികം മനുഷ്യജീവിതങ്ങള്‍ കണ്ണൂരില്‍ പ്രതികാരരാഷ്ട്രീയ പ്രസരത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ആസ്തിയുണ്ടാക്കാനും അതിന്റെ മേലെ പാര്‍ട്ടിയെ ഇരുത്താനും അതിലൂടെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉറപ്പിക്കാനും വേണ്ടി പാഞ്ഞുനടന്ന നേതാക്കന്മാര്‍ അതിനു വേണ്ടി ചിന്തിയത് സാധാരണക്കാരന്റെ മക്കളുടെ രക്തമായിരുന്നു. ഇതില്‍ ആരും പിന്നിലല്ല. കൊല്ലാനും കൊല്ലിക്കാനും സാധാരണക്കാരന്റെ മക്കളും എല്ലാ അധികാരസുഖങ്ങളും അനുഭവിക്കാന്‍ വേറൊരു വരേണ്യവിഭാഗവും, ഇതായിരുന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയം. ഇതുവരെ നടന്ന കലാപങ്ങള്‍ എടുത്തുനോക്കിയാല്‍ നമുക്കതു കാണാം. കൊന്നവനും കൊല്ലപ്പെട്ടവനും ഒന്നും മെച്ചപ്പെട്ട ജീവിതോപാധി ഉള്ളവനായിരുന്നില്ല. ഓട്ടോ തൊഴിലാളിയും  ചുമട്ടുതൊഴിലാളിയും തെങ്ങുവെട്ടുകാരനും മാത്രം. ഓടിച്ചിട്ടും തടഞ്ഞുനിര്‍ത്തിയും വെട്ടിവീഴ്ത്തപ്പെട്ടവര്‍ ഇവരൊക്കെത്തന്നെയാണ്. വര്‍ഗസ്‌നേഹവും പാര്‍ട്ടി സ്‌നേഹവും എപ്പോഴും  പ്രകടിപ്പിച്ചത് ഇത്തരക്കാരുടെ രക്തം ഒഴുക്കിക്കൊണ്ടാണ്.

പ്രബുദ്ധമെന്നും ജനാധിപത്യബോധവും മൗലികാവകാശങ്ങളും ഏറെയുണ്ടെന്നും പറയുന്ന കേരളത്തിലാണ് മാടമ്പിത്തരത്തെവെല്ലുന്ന രാഷ്ട്രീയ കൊലകള്‍ നടക്കുന്നത്. ഇത് വെറുമൊരു അക്രമി നേതാക്കന്മാരുടെ രാഷ്ട്രീയ ഫാസിസ്റ്റ് തേര്‍വാഴ്ച എന്നതിനപ്പുറം ഒരുപാട് സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് ലോകത്തേറ്റവും മികച്ചതെന്ന് നാം അഭിമാനിക്കുന്ന ജനാധിപത്യത്തിനകത്തുനിന്ന് തന്നെയാണെന്നതും വലിയ ശാപമാണ്. ജനാധിപത്യം യഥാര്‍ഥത്തില്‍ നേതാക്കന്മാര്‍ക്ക് മാത്രമേ ഗുണകരമാകുന്നുള്ളൂ, മാസങ്ങല്‍ക്ക് മുമ്പ് സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ട് സമരങ്ങളെ നാം കണ്ടു. ഒന്ന്, ടി.പിയുടെ വിധവയുടെ. മറ്റൊന്ന്,അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ബന്ധുക്കളുടെത്. വിവാഹം കഴിയുന്നത് വരെ എസ്.എഫ്.ഐയുടെ കേന്ദ്രബോഡിയില്‍ സജീവമായിരുന്ന രമ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമാകാതെ കുടുംബിനിയുടെയും ഉദ്യോഗസ്ഥയുടെയും റോളിലേക്ക് ഒതുങ്ങുകയായിരുന്നു. അവര്‍ക്കിപ്പോള്‍ വിശ്രമമില്ല. അവരുടെ പ്രിയപ്പെട്ട ഭര്‍ത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണവര്‍. ഇങ്ങനെ ഒരുപാട് സ്ത്രീകളെ വിധവകളാക്കിയിട്ട്, ഒരുപാട് മക്കളെ അനാഥരാക്കിയിട്ട്, ഒരുപാട് അമ്മമാരെ തുണയറ്റവരാക്കിയിട്ടാണ് കണ്ണൂരിന്റെ സന്തതികളെന്ന് പറയുന്ന നമ്മുടെ നേതാക്കന്മാര്‍ വലിയവരായത്. അവര്‍ പാര്‍ട്ടിക്കോ സമൂഹത്തിനോ അല്ല, കൊന്നുകൊടുത്തതും മരിച്ചുവീണതും. ചില നേതാക്കന്മാര്‍ക്ക് അധികാര ശ്രേണിയില്‍ വലിഞ്ഞു കയറാന്‍ വേണ്ടി തന്നെയാണ്. നമ്മുടെ നാട്ടില്‍ ഉയര്‍ന്നുപൊങ്ങിയ രക്തസാക്ഷിമണ്ഡപത്തിനകത്ത് അന്തിയുറങ്ങുന്നവരോരോന്നും ഇങ്ങനെ ഓരോരുത്തരെ നിരാലംബരാക്കിയാണ് അവിടെ വിശ്രാന്തികൊള്ളുന്നത്. രക്തസാക്ഷി സ്തൂപങ്ങളില്‍ ഹരാര്‍പ്പണം നടത്തി മടങ്ങുന്ന ഈ രാഷ്ട്രീയ നേതാക്കന്മാരാരെങ്കിലും എപ്പോഴെങ്കിലും ഇവര്‍ പടിയിറങ്ങിപ്പോയ വീടകങ്ങളിലേക്ക് കയറിനോക്കിയിട്ടുണ്ടോ? ആ അനാഥമക്കളുടെ തലയിലൊന്ന് കൈ വെച്ച് നോക്കിയിട്ടുണ്ടോ? ഒരൊറ്റ കൊടിതോരണം കൊണ്ടും മറക്കാന്‍ കഴിയാത്തതാണ് അനാഥത്വത്തിന്റെ വേദന. രാത്രി കിടക്കയില്‍ നിന്ന് വിളിച്ചുണര്‍ത്തി നടുറോഡില്‍കുത്തിക്കീറിയവന്റെ വിധവയെ ഈ നേതാക്കന്മാര്‍ പിന്നീട് കണ്ടിട്ടുണ്ടോ. വൈധവ്യത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് ഈ നേതാക്കന്മാര്‍ക്കറിയോ?  അവരില്‍ പലരും രമയെ പോലെ നിശ്ചയദാര്‍ഢ്യമുള്ളവരുമല്ലെന്നോര്‍ക്കണം.

മക്കളെ അധികാരത്തിന്റെ ഓരത്തൊതുക്കി സുരക്ഷിതരാക്കിയതുകൊണ്ടാണ് നമ്മുടെ നേതാക്കന്മാര്‍ക്ക് ഈ വേര്‍പാടിന്റെ വേദനകള്‍ അറിയാത്തത്. കൊല്ലപ്പെട്ടവരെ മാത്രമല്ല, കൊലപാതകിയുടെയും കുടുംബം സമൂഹത്തിനു മുന്നില്‍ അപമാനിതരാണ്. അവരുടെ മക്കളും ഭാര്യമാരും അവരെ പെറ്റ മാതാക്കളും സമൂഹത്തിനു മുന്നില്‍ കുറ്റവാളികളാണ്. ഈ മക്കളോ ഭാര്യമാരോ മാതാക്കളോ ഒരൊറ്റ മകനെയും ഭര്‍ത്താവിനെയും അച്ഛനെയും പറഞ്ഞയച്ചിട്ടില്ല, ആരെയും കൊല്ലാനും മറ്റാരുടെയും കുടുംബത്തെ അനാഥമാക്കാനും. എന്നിട്ടും അവരെ സമൂഹത്തിനു മുന്നില്‍ അപമാനിതരാക്കിയത് ഈ നേതാക്കന്മാരാണ്. മുന്നൂറിലധികം ചെറുപ്പക്കാര്‍ മരിച്ചുവീണിട്ടുണ്ട്. അതിലധികം പേര്‍ പ്രതികളുമാക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എത്രയോ കുടുംബങ്ങള്‍ സാമൂഹികമായി ഇത്തരമൊരു അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും കണ്ണൂരില്‍.

പ്രത്യേകം പ്രത്യകം പാര്‍ട്ടി ഗ്രാമങ്ങള്‍. അതും തികച്ചും ബന്ധവസ്സായത്. അങ്ങോട്ട് എതിര്‍പാര്‍ട്ടിയിലുള്ളവര്‍ക്കാര്‍ക്കും പ്രവേശനമില്ല, വിവാഹ ബന്ധമുണ്ടാക്കണമെങ്കില്‍ ജാതകപ്പൊരുത്തത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടിക്കൂറ്. വിവാഹവും മരണവും വീട്കൂടലുമെല്ലാം പാര്‍ട്ടിതിരിച്ച്. ജനാധിപത്യത്തോടുള്ള പുറംതിരിഞ്ഞുനില്‍ക്കലാണ് അരാഷ്ട്രീയ വാദമെങ്കിലും അരാഷ്ട്രീയവാദികളായ പുതിയൊരു തലമുറയുടെ, പ്രത്യകിച്ചും സ്‌കൂളുകളില്‍ പാര്‍ട്ടി ഇലക്ഷന്‍ നിര്‍ത്തല്‍ ചെയ്തതോടെയാണ് പതിയെ ഇതിനെങ്കിലും മാറ്റമുണ്ടായത്. ഇന്നത്തെ മാര്‍കിസ്റ്റ്പാര്‍ട്ടിയുടെ പോക്ക് കണ്ടിട്ട് പാര്‍ട്ടിക്കുവേണ്ടി രക്തം നല്‍കിയവരുടെ ആത്മാക്കള്‍ രക്തസാക്ഷിമണ്ഡപങ്ങളില്‍ നിന്ന് വിലപിക്കുന്നുണ്ടാവും. പരമതവര്‍ഗീയ വിദ്വേഷം പേറുന്ന തത്വസംഹിതകളെ മനസ്സില്‍ കൊണ്ടുനടന്ന വിചാര്‍മഞ്ച് എന്ന നേതാക്കന്മാരാണിന്ന് ചെങ്കൊടി പാറിക്കുന്നത്. എത്രതന്നെ ചുവപ്പിക്കാന്‍ ശ്രമിച്ചാലും തങ്ങളുടെ കൊടിക്കുകീഴില്‍ ഒരു വര്‍ഗീയതയുടെ കാവിക്കൊടി മനസ്സില്‍ ഒളിപ്പിച്ചുണ്ട് എന്നുള്ളത് ഇതോടെ പരസ്യമായി എന്നുമാത്രം. ടി.പിയെ വധിച്ചതിനുശേഷം പ്രതികളുടെ കാറില്‍ ‘മാശാഅ് അല്ലാഹ്’ എന്നെഴുതിവെച്ച് മുസ്‌ലിം തീവ്രവാദികളാണ് ചെയ്തതെന്ന് ആരോപിക്കാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗം തന്നെയായിരിക്കും. കണ്ണൂരില്‍ ബി.ജെപിക്കാരനെന്നുപറഞ്ഞാല്‍ അത് ചൊങ്കൊടി പിടിക്കുന്ന മാര്‍കിസ്റ്റുപാര്‍ട്ടിക്കാരനാണെന്നും മാര്‍ക്കിസ്റ്റുകാരനാണെന്നു പറഞ്ഞാല്‍ കാവിക്കൊടിയേന്തുന്ന ബിജെപിക്കാരനാണെന്നും പരസ്പരം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനി പരസ്പരം കൊല്ലില്ലായെന്ന് നേതാക്കന്മാര്‍ പറഞ്ഞതുമാണ്. രാഷ്ട്രീയത്തിന്റെ മറവില്‍ വര്‍ഗീയതയുടെ  വിഷം ചീറ്റിക്കൊണ്ടുകൂടിയാണ് നമ്മുടെ നേതാക്കന്മാര്‍ വലിയവരാകുന്നത്.

മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ പൊതുമനസ്സിന് ഒരുപാട് സംശയങ്ങള്‍ ബാക്കി വെച്ചുകൊണ്ടാണ് കണ്ണൂരില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ക്ക്  തീവ്രവാദികളാണെന്നു പറഞ്ഞ് കാശ്മീരില്‍ മരിച്ചുവീഴേണ്ടി വന്നത്.  എനിക്കാ മകന്റെ മയ്യത്ത് പോലും കാണേണ്ടാ എന്നുപറഞ്ഞ ഒരുമ്മയെയും നാം കണ്ടു. ഇങ്ങനെ ഒരുപാട് മാതാക്കളെ കരയിപ്പിക്കാനും സമരപ്പന്തലില്‍ ഇരുത്താനുമാണ് ജനാധിപത്യവും മതേതരത്വവും മാനവിക ഐക്യവുമൊക്കെ പുറമേക്ക് പറയുന്ന പ്രബുദ്ധരാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കഴിഞ്ഞത്. അതുകൊണ്ടാണ് പറയുന്നത് ജനാധിപത്യത്തിന്റെ മറവില്‍ പുഷ്ടിപ്പെട്ടത് നേതാക്കന്മാര്‍ മാത്രമാണെന്ന്. ഇങ്ങനെ വിധവകളെയും അമ്മമാരെയും സമരപ്പന്തലിലിരുത്താതിരിക്കണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ്‌വത്ക്കരണം തടഞ്ഞേ തീരൂ.

Related Articles