Current Date

Search
Close this search box.
Search
Close this search box.

രാഷ്ടീയക്കാര്‍ നഗ്നരാണ്‌

സാംസ്‌കാരികമായും, നാഗരികമായും ഉന്നതി കൈവരിച്ചിരിക്കുന്ന ഒരു ജനസമൂഹത്തിന് തീര്‍ത്തും യോജിക്കാത്ത വിധത്തിലാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നത്. സാമൂഹ്യ വിമോചനത്തിലേക്ക് വികസിക്കുന്ന പ്രത്യയശാസ്ത്ര ദര്‍ശനങ്ങള്‍ വ്യക്തിജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്നവരൊക്കെ തന്നെ രാപ്പകല്‍ ഭേദമില്ലാതെ തിന്മകള്‍ക്കെതിരെ അവിരാമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും തിന്മയുടെ വ്യാപനം മുമ്പില്ലാത്ത വിധം വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണെങ്കിലും സുപ്രധാനമായ ഒരു കാരണത്തെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

രാഷ്ട്ര ക്ഷേമത്തിന് വേണ്ടി പണിയെടുക്കുവാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്നവരായ രാഷ്ട്രീയക്കാരുടെ ഈ മേഖലയിലെ പങ്കിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഉത്തമപൗരന് സാധിക്കുകയില്ല. ലൈസന്‍സില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വിവരമറിയിക്കും. നേതാവ് വന്ന് കുറ്റക്കാരനെ പുഷ്പം പോലെ കുറ്റവിമുക്തനാക്കുകയും ചെയ്യും. ചെറിയ കുറ്റകൃത്യം തൊട്ട് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊടുംകുറ്റങ്ങള്‍ ചെയ്യുന്നവന് വരെ, തന്നെ പുറത്തിറക്കാന്‍ സ്വാധീനമുള്ളവര്‍ രാഷ്ട്രീയ നേതൃത്വത്തില്‍ ഉണ്ട് എന്ന വിശ്വാസം തന്നെയാണ് കുറ്റം ചെയ്യാനുള്ള പ്രധാന പ്രേരണയായി വര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് നേരെയുള്ള സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നിഷ്‌ക്രിയതയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അനീതിയാണ്. നീതിയുടെ കാവല്‍ക്കാരാവേണ്ട ഒരു കൂട്ടര്‍ വളരെ വ്യവസ്ഥാപിതമായും, ക്രിയാത്മകമായും തിന്മയുടെ വ്യാപനത്തിന് ബോധപൂര്‍വ്വം ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റകൃത്യം തന്നെയാണ്. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ചെലവഴിക്കപ്പെടേണ്ട ഊര്‍ജ്ജം തങ്ങളുടെ സ്വകാര്യ രാഷ്ട്രീയ ലാഭങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിലേക്ക് തിരിച്ചുവിടാന്‍ അണികള്‍ ചെയ്യുന്ന എന്തു തോന്നിവാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ സമൂഹത്തിന്റെ ശാപം തന്നെയാണ്.

നീതിയുടെ സംസ്ഥാപനത്തിന്റെ പ്രായോഗികമാര്‍ഗങ്ങള്‍ വിശദീകരിക്കുന്നിടത്ത് പരിശുദ്ധ ഖുര്‍ആന്‍ രാഷ്ട്രീയത്തിലിടപെടുന്നത് കാണുക ‘നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍, അല്ലാഹുവിന്റെ നിയമം നടപ്പാക്കുന്ന വിഷയത്തില്‍ കുറ്റവാളികളോട് കാരുണ്യത്തിലധിഷ്ഠിതമായ നിലപാട് നിങ്ങളെ ബാധിക്കാതിരിക്കട്ടെ’. പ്രഥമികമായ ഉണര്‍ത്തലുകള്‍ക്ക് ശേഷവും സമൂഹദൃഷ്ട്യാ കുറ്റകരമായ ചെയ്തിയായ വ്യഭിചാരം ആവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷയെ കുറിച്ച് വിവരിക്കുന്നതിനിടെയാണ് ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നത്. പരിധി ലംഘിക്കുന്ന കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ യാതൊന്നും നിങ്ങളെ സ്വാധീനിക്കാന്‍ പാടില്ല. കുറ്റവാളി ബന്ധുവായിരിക്കാം, കൂട്ടുകാരനായിരിക്കാം പക്ഷെ ശിക്ഷിക്കപ്പെടാന്‍ അര്‍ഹമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് യാതൊരു വിധത്തിലുള്ള മൃദുസമീപനവും സ്വീകരിക്കുവാന്‍ പാടില്ല എന്നത് വിശ്വാസത്തിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട അനിവാര്യ ഘടകമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ധാര്‍മ്മികോന്നതിക്ക് പ്രാധാന്യം നല്‍കുന്ന സംസ്‌കാരങ്ങളെല്ലാം തന്നെ തങ്ങളുടെ ധര്‍മ്മസംഹിതകളുടെ മൂലപ്രമാണമായി മനസ്സിലാക്കുന്ന ആ ഒരു മൂല്യത്തിന്റെ അഭാവം അരാജകവാദത്തിന് വഴിവെക്കും. സമൂഹത്തില്‍ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന തരത്തില്‍ ഒരു കൂട്ടര്‍ മാത്രം നിയമത്തിന് അധീതതരായി നിലനില്‍ക്കുന്നത്, അവരുടെ ചെയ്തികള്‍ മൂലം ഇരകളായി തീര്‍ന്നവര്‍ നിയമം കൈയ്യിലെടുക്കുന്നതിലേക്കാണ് നയിക്കുക. അവരുടെ പ്രതിഷേധങ്ങളെ ഭീകരവാദം എന്ന മുദ്രകുത്തി ദേശദ്രോഹം എന്ന ഗണത്തില്‍പെടുത്തിയാണ് ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നത്.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ അണിയല്ലാത്തതിനാലും, ഉന്നതങ്ങളില്‍ സ്വാധീനമില്ലാത്തതിനാലും അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കാതെ പോകുന്നവരുടെ എണ്ണവും കുറ്റവാളികളുടെ തോതനുസരിച്ച് തന്നെ പെരുകുകയാണിന്ന്. നീതിന്യായ വ്യവസ്ഥയുടെ കെടുകാര്യസ്ഥതയും, രാഷ്ട്രീയക്കാരുടെ ദുസ്വാധീനവും കാരണം തെളിയിക്കപ്പെടാത്ത കേസുകള്‍ അനവധിയാണ്. അതേപ്രകാരം യാതൊരു തെറ്റും ചെയ്യാതെ തന്നെ രാഷ്ട്രീയക്കാര്‍ക്ക് അപ്രിയനായതിന്റെ പേരില്‍ ജയിലറകള്‍ക്കുള്ളില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ വിധിക്കപ്പെട്ടവരും ഉണ്ട്. ജനങ്ങളുടെ മേല്‍ അധികാരം കൈയ്യാളുന്നവര്‍ കാത്തു സൂക്ഷിക്കേണ്ട പെരുമാറ്റ മര്യാദകളെ പറ്റി ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് ‘ഒരു ജനതയോടുള്ള വിദ്വേഷം നീതി പ്രവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി ചെയ്യുക. അതാണ് ദൈവഭക്തിക്ക് കൂടുതല്‍ ചേര്‍ന്നത്’.

സാമൂഹിക വ്യവഹാരിക ഭൂമികകളില്‍ നിന്നും ദൈവിക വെളിപാടുകളെയും, ധര്‍മ്മസംഹികളെയും പുരോഗമനത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തിയ ഒരു ഘടനക്ക് സംഭവിക്കാവുന്നത് തന്നെയാണ് ഇന്ന് വര്‍ത്തമാന ലോകത്ത് നാം കണ്ട് കൊണ്ടിരിക്കുന്നത്. പ്രത്യയശാസ്ത്ര അലങ്കാരങ്ങള്‍ ചമഞ്ഞ് എത്തിയ അരാജകവാദത്തെ പൂമാലയിട്ട് സ്വീകരിച്ചവര്‍ അറിയാതെ പോകരുത്, നാളെ തങ്ങളുടെ ബീജത്തില്‍ പിറക്കാന്‍ പോകുന്ന തലമുറയാണ് ഇതിന്റെയൊക്കെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരികയെന്ന യാഥാര്‍ത്ഥ്യം. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മക്കള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുന്നതിന് പകരം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവരെ കുറ്റമുക്തരാക്കുകയില്ലെന്ന് ഓരോ രക്ഷിതാക്കളും തീരുമാനിക്കുക. ഇത്തരം അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് പൊതുജനത്തിന്റെ ബാധ്യതയാണ്. എന്നാല്‍ അത്തരത്തിലുള്ള രാഷ്ട്രീയ സാക്ഷരത സമൂഹത്തില്‍ നിന്നും വലിയൊരളവില്‍ അന്യം നിന്ന് പോയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ജനങ്ങളില്‍ ഇത്തരം ധാര്‍മിക ബോധങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഒരു രാഷ്ട്രീയ ബദലാണ് ഇന്ന് കാലം തേടിക്കൊണ്ടിരിക്കുന്നത്.

Related Articles