Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ അന്തസ്സ് കാത്ത വിധി

‘ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്. അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!’ (27 : 54 – 58)
സ്ത്രീ പുരുഷ ലിംഗങ്ങളെ പരസ്പരം ആകര്‍ഷിക്കും വിധമാണ് മനുഷ്യ പ്രകൃതി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഇണചേരല്‍ പുനരുല്പാദനത്തിന്റ അടിസ്ഥാന ഘടകമായതിനാലാണ് ഭിന്നലിംഗങ്ങള്‍ക്കിടയില്‍ പ്രകൃതി പരമായ പരസ്പരാകര്‍ഷണം അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. സര്‍വജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനം കൂടിയാണിത്. എന്നാല്‍ മാനവ സമൂഹത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും പല സമൂഹങ്ങളിലും ഈ പ്രകൃതിപരമായ കൂടിച്ചേരലിന് വിരുദ്ധമായ സംസ്‌കാരങ്ങളും സമ്പ്രദായങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മാനസിക ക്രമരാഹിത്യം കാരണം സമൂഹങ്ങളിലുണ്ടാക്കുന്ന ഇത്തരം ലൈംഗിക വൈകൃതങ്ങള്‍ സമൂഹങ്ങളുടെ നാശത്തിനാണ് വഴിവെച്ചതെന്ന് വ്യക്തമാക്കി തരുന്നതാണ് മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വാചകം. സ്വവര്‍ഗാനുരാഗികളായ ലൂത്വിന്റെ ജനത അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതെ നിര്‍ലജ്ജവും അധാര്‍മ്മികവുമായ സ്വവര്‍ഗരതിയില്‍ അഭിരമിച്ചപ്പോള്‍ അല്ലാഹു ആ സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുകയായിരുന്നു.
ധാര്‍മിക മൂല്യങ്ങളും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്തും സദാചാര വിരുദ്ധമായ സ്വവര്‍ഗരതിയെന്ന കാമഭ്രാന്തിനെ നിയമത്തിന്റെ പിന്‍ബലത്തില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ട്. ഞരമ്പു രോഗികളായ പാശ്ചാത്യരുടെ സംസ്‌കാരത്തെ അതേപടി അനുകരിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളുടെ പരിണിതഫലമായിരുന്നു 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധി. പ്രകൃതി വിരുദ്ധമായ സ്വവര്‍ഗരതിയെ ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പിനെ അസാധുവാക്കിയ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ അനുവദനീയമാക്കി വിധി പ്രസ്താവിക്കുകയായിരുന്നു. ഒരേ ലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികള്‍ ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല എന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. രാജ്യത്തെ മൂല്യബോധമുള്ള മനുഷ്യരെ മുഴുവന്‍ ഉത്കണ്ഠാകുലരാക്കുന്നതും രാജ്യത്തിന്റെ സംസ്‌കാരത്തിനും ധാര്‍മിക പാരമ്പര്യങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധവുമായ വിധിയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടേത്. ഒരുവേള കേന്ദ്ര ഗവണ്‍മെന്റ് പോലും ഈ വിധിക്കനുകൂലമായി സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ചത് രാജ്യത്തെ മൂല്യബോധമുള്ള സമൂഹത്തെ അങ്ങേയറ്റം നിരാശരാക്കിയിരുന്നു. പുരുഷ സ്വവര്‍ഗരതി അധാര്‍മികവും രാജ്യത്തെ സാമൂഹിക ക്രമത്തിന് വിരുദ്ധവുമാണെന്ന് കേന്ദ്രം ഒരുഘട്ടത്തില്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും പിന്നീട് ഈ നിലാപാടില്‍ നിന്ന് പിന്നാക്കം പോകുകയും ഡല്‍ഹി കോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
എല്ലാവിധ തിന്മകളുടെയും പ്രചാരകരും വാഹകരും സദാചാരത്തിന്റെ ബദ്ധശത്രക്കളുമായ പാശ്ചാത്യ സമൂഹങ്ങളുടെ പ്രചാരങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാറുകളും നീതിന്യായ വ്യവസ്ഥയുമെല്ലാം കീഴ്‌പ്പെട്ടു പോകുന്നതിന്റെ ഉദാഹരങ്ങളായിരുന്നു ഡല്‍ഹി കോടതി വിധിയും അതിനനുകൂലമായ സര്‍ക്കാര്‍ നിലപാടും. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെയും ദാമ്പത്യ ബന്ധങ്ങള്‍ തകരുന്നതിന്റെയും കുരുന്നുകള്‍ക്കെതിരെ പോലും ഭയാനകാംവിധം ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്നതിന്റെയും വാര്‍ത്തകള്‍ നിരന്തരം നമ്മെ അലോസരപ്പെടുത്തുമ്പോഴും കോടതിയും സര്‍ക്കാറും ഇത്തരം ലൈംഗിക വൈകൃതങ്ങള്‍ക്ക് കുടപിടിക്കുന്നത് നമ്മെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. മാത്രമല്ല, ലോകത്താകമാനം മഹാദുരന്തമായി സംഹാരനൃത്തമാടുന്ന എയ്ഡ്‌സ് എന്ന മഹാമാരിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലടക്കം മുഖ്യഹേതുവായത് സ്വവര്‍ഗരതിയാണെന്ന് കണ്ടെത്തിയിട്ടും ഈ അധാര്‍മികതക്ക് കൂട്ടുനില്‍ക്കാനും നിമയപരിരക്ഷ നല്‍കാനുമാണ് ഹൈക്കോടതിയും കേന്ദ്ര സര്‍ക്കാറും ശ്രമിച്ചത്. അമേരിക്കയില്‍ ആദ്യമായി എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തത് സ്വവര്‍ഗരതിക്കാരിലായിരുന്നു. ഇന്ത്യയിലാകെ 25 ലക്ഷം വരുന്ന സ്വവര്‍ഗപ്രേമികളില്‍ എട്ടുശതമാനം എയ്ഡ്‌സ് രോഗികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരിലാകട്ടെ ഒരു ശതമാനത്തില്‍ താഴെയും. സ്വവര്‍ഗപ്രേമികള്‍ സമൂഹത്തിലുണ്ടാക്കുന്ന മാരക വിപത്ത് എത്രത്തോളം വലുതാണെന്ന് ഈ കണക്ക് തന്നെ വ്യക്തമാക്കി തരുന്നുണ്ട്.
എന്നാല്‍ 2009 ലെ ഡല്‍ഹി ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് ജി.എസ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി വിധി അസാധുവാക്കുകയും സ്വവര്‍ഗരതി നിയമവിരുദ്ധവും കുറ്റകരുമാണെന്ന് വിധിച്ചിരിക്കുന്നു. സ്വവര്‍ഗരതി പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കുകയിരിക്കുന്നു. സുപ്രീം കോടതി വിധി തീര്‍ച്ചയായും രാജ്യത്തിന്റെ അന്തസ്സും സംസ്‌കാരവും ഉയര്‍ത്തുന്നതാണ്. ഡല്‍ഹി ഹൈക്കോടതി വിധിയിലൂടെ രാജ്യത്തിനേറ്റ നാണക്കേടും കളങ്കവുമാണ് സുപ്രീം കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ മനുഷ്യത്വ വിരുദ്ധവും അധാര്‍മികവുമായ സ്വവര്‍ഗരതിക്ക് നിയമപരമായ അംഗീകാരം നല്‍കാനുള്ള നീക്കത്തിന് തടയിട്ട സുപ്രീം കോടതി വിധി രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യത്തെയും നിലപാടിനെയും അംഗീകരിക്കുന്നതു കൂടിയാണ്.

Related Articles