Current Date

Search
Close this search box.
Search
Close this search box.

രാജാ മഹേന്ദ്ര പ്രതാപ് സിംഗും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും

സാമൂദായിക രാഷ്ട്രീയത്തില്‍ വിലയം പ്രാപിച്ചവര്‍ മതപരമായ വഴികളിലൂടെ സമുദായങ്ങളെ ധ്രൂവീകരിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ പുതിയ വഴികള്‍ സ്വീകരിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. മുസഫര്‍ നഗറിന്റെ പശ്ചാത്തലവും ‘ലവ് ജിഹാദ്’  പ്രചരണങ്ങളും ഇത്തരം ധ്രുവീകരണ അജണ്ടകളാണ് ഉയര്‍ത്തിപ്പിടിച്ചത്. ഇന്ന് അലീഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ രാജാ മഹേന്ദ്ര പ്രതാപ് സിംഗിങിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല.

അലിഗഡ് കാമ്പസിനുള്ളില്‍ രാജാ മഹേന്ദ്ര പ്രതാപ് സിംങിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, അലിഗഡ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ സംഭാവനകളെ സംബന്ധിച്ച് വാഴ്‌സിറ്റി സെമിനാര്‍ സംഘടിപ്പിക്കുമെന്ന് വി.സി പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം മരിച്ചിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ചരിത്രത്താളുകളില്‍ നിന്ന് നിന്ന് ബി.ജെ.പി അദ്ദേഹത്തിന്റെ ഓര്‍മകള്‍ പൊടിതട്ടിയെടുക്കുന്നത്.  ഈ വ്യതിരിക്തമായ ഘട്ടത്തില്‍ എന്തു കൊണ്ട് അദ്ദേഹം അനാവരണം ചെയ്യപ്പെടുന്നു എന്നതിന് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. 1979 ഏപ്രില്‍ 29നാണ് മഹേന്ദ്ര പ്രതാപ് മരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ഹിന്ദു, ജാട്ട് സ്വത്വത്തെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള അപ്രതീക്ഷിതമായ ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മഹേന്ദ്ര പ്രതാപ് അതുല്യനായ സ്വാതന്ത്ര്യസമര പോരാളിയും, പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമാണ്. ദേശീയവും മതപരവുമായ അതിര്‍ത്തികള്‍ക്കപ്പുറമുള്ള ലോക രാഷ്ട്രങ്ങളുടെ ഐക്യത്തില്‍ വിശ്വസിച്ച മാനവികതാവാദിയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളുടെ ശാക്തീകരണത്തിനും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും ആഹ്വാനം ചെയ്ത മാര്‍ക്‌സിസ്റ്റുമായിരുന്നു അദ്ദേഹം. Indian Freedom Fighters’ Association ന്റെ പ്രസിഡണ്ടായിരുന്ന അദ്ദേഹം ആദ്യമായി താല്‍ക്കാലിക ഇന്ത്യന്‍ ഭരണകൂടത്തിന്  രൂപം നല്‍കിയ വ്യക്തിയാണ്. 1915 ല്‍ കാബൂളിലാണ് അത് സ്ഥാപിച്ചത്.  ഈ താല്‍ക്കാലിക ഗവണ്‍മെന്റ് ‘ഹുകൂമത്തെ മുഖ്താരി ഹിന്ദ്’ എന്ന പേരിലാണ് അറിയപ്പെട്ടത്. മഹേന്ദ്ര പ്രതാപ് പ്രസിഡണ്ടും മൗലവി ബര്‍ക്കത്തുല്ല പ്രധാനമന്ത്രിയും മൗലാനാ ഉബൈദുല്ല സിന്ധി ആഭ്യന്തരമന്ത്രിയുമായി നിശ്ചയിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തിന് ശേഷം തെരെഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ അദ്ദേഹം 1957 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മധുരയില്‍ വെച്ച് അടല്‍ ബിഹാരി വാജ്‌പേയിയെ പരാജയപ്പെടുത്തി. സാമൂദായിക ശക്തികളുടെ എതിര്‍പക്ഷത്തോടായിരുന്നു അദ്ദേഹം പ്രതിബന്ധത പുലര്‍ത്തിയിരുന്നത് എന്നതിന് ഭാരതീയ ജനസംഘിന്റെ നേതാവായിരുന്ന വാജ്‌പേയിയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി എന്നതിനേക്കാല്‍ മറ്റൊരു തെളിവിന്റെ ആവശ്യമില്ല.  അവരുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്ത അതേ വ്യക്തിയെത്തന്നെ തങ്ങളുടെ ഐക്കണായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നത് തികഞ്ഞ വിരോദാഭാസമാണ്. മഹേന്ദ്ര പ്രതാപ് സ്ഥലം സംഭാവനയായി നല്‍കിയിരുന്നില്ലെങ്കില്‍ അലിഗഡ് യൂണിവേഴ്‌സിറ്റി ഉയര്‍ന്നു വരിക തന്നെയില്ലായിരുന്നു എന്നാണ് യോഗി ആദിത്യനാദിനെപ്പോലുള്ള ബി.ജെ.പി നേതാക്കള്‍ വാദിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യവിരുദ്ധമായ പ്രസ്താവനയാണ്. യൂണിവേഴ്‌സിറ്റിയുടെ തുടക്കത്തിലുണ്ടായിരുന്ന ‘മുഹമ്മദന്‍ ആംഗ്ലോ ഓറിയെന്റെല്‍ കോളേജ്’ 1886 ലാണ് സ്ഥാപിക്കപ്പട്ടത്. ബ്രിട്ടീഷുകാരില്‍ നിന്നും വാങ്ങിയ 74 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. കുറെ കാലത്തിന് ശേഷമാണ് മഹേന്ദ്ര പ്രതാപ് 3.4 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. ‘തികോണിയ ഗ്രൗണ്ട്’ എന്നറിയപ്പെടുന്ന ഈ സ്ഥലം 1929ല്‍ A.M.U വിന്റെ കീഴിലുള്ള City High School ന്റെ കളിസ്ഥലമാക്കി. 1895 ല്‍ അദ്ദേഹം മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റെല്‍ കോളേജില്‍ ചേര്‍ന്നുവെങ്കിലും ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1905 ല്‍ അദ്ദേഹം കോളേജ് വിട്ടു.  1920 ല്‍ M.A.O കോളേജ് അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയായി. മഹേന്ദ്ര പ്രതാപ് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലൊരാളായി ഗണിക്കപ്പെട്ടു. 1977 ല്‍ പ്രൊഫ:ഏ.എം കുസ്‌റോ വി.സി ആയ സമയത്ത് നടന്ന M.A.O യുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ വെച്ച് മഹേന്ദ്ര പ്രതാപിനെ ആദരിച്ചിരുന്നു.  

MAO കോളേജ് സ്ഥാപിക്കപ്പെട്ട സമയത്ത് അദ്ദേഹം ജനിച്ചിട്ടേ ഉണ്ടായിരുന്നില്ല. അദ്ദേഹം ഏതെങ്കിലും ഭൂമി ദാനമായി നല്‍കിയതായി ഒരു രേഖയിലും പറയുന്നുമില്ല. മഹേന്ദ്ര പ്രതാപിന്റെ പിതാവായ രാജാ ഗാന്‍സിയാം സിങ് ഒരു ഹോസ്റ്റല്‍ റൂം നിര്‍മിച്ചു നല്‍കിയിരുന്നു. സര്‍ സയ്യിദ് ഹാളിലെ 31ാം നമ്പര്‍ മുറിയായി ഇന്നും അത് നിലവിലുണ്ട്.

AMU വിന്റെ സ്ഥാപകനായ സര്‍ സയ്യിദിന്റെ ജന്മദിനം ആഘോഷിക്കുന്നതുപോലെ മഹേന്ദ്ര പ്രതാപിന്റെയും ജന്മദിനം ആഘോഷിക്കണമെന്ന ആവശ്യമാണ് ബി.ജെ.പി ഉന്നയിച്ചത്. ആര്‍.എസ്.എസ് ഭാരവാഹികളും ബി.ജെ.പി നേതാക്കളും ഇതിന് വി.സിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. യൂണിവേഴ്‌സിറ്റിക്ക് സംഭാവന നല്‍കിവരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ജന്മദിനം ആഘോഷിക്കാന്‍ AMUവിന് സാധിക്കില്ലെന്ന് അറിയിച്ച വി.സി എന്നാല്‍ യൂണിവേഴ്‌സിറ്റി കെട്ടിപ്പടുക്കുന്നതിലുള്ള അവരുടെ സംഭാവനകളെ അംഗീകരിക്കുന്നുവെന്ന് പ്രസ്താവിച്ചു.  എന്നാല്‍, യൂണിവേഴ്‌സിറ്റിക്കുള്ള മഹേന്ദ്ര പ്രതാപിന്റെ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലക്ക് അദ്ദേഹത്തിന്റെ ഫോട്ടോ സര്‍സയ്യിദിന്റെ ഫോട്ടോക്കൊപ്പം മുമ്പേതന്നെ കോളേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 നവംബര്‍ 17 ന് ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് പ്രസിഡണ്ട് ലക്ഷ്മികാന്ത് ബാജ്പായിയും ജനറല്‍ സെക്രട്ടറി സ്വാതന്ത്ര ദേവ് സിങും അലിഗര്‍ സന്ദര്‍ശിക്കുകയും അവരുടെ ജില്ലാ കമ്മിറ്റിയോട് മഹേന്ദ്ര പ്രതാപിന്റെ ജന്മദിനം AMU വിനുളളില്‍ വെച്ച് ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മഹേന്ദ്ര പ്രതാപ് ജാട്ട് ഐക്കണാണ്. എന്നാല്‍ AMU ഒരു മുസ്‌ലിം സര്‍വ്വകലാശാലയാണ് അറിയപ്പെടുന്നത്.  മുസഫര്‍നഗറില്‍ സാമുദായിക ശക്തികളുടെ പ്രേരണയാല്‍ പൊട്ടിപ്പുറപ്പെട്ടതു പോലെയുള്ള ജാട്ട്-മുസ്‌ലിം സംഘട്ടനം ഉത്തര്‍പ്രദേശിന്റെ പശ്ചിമ ഭാഗങ്ങളിലേക്കും പടരാന്‍ ഈ സംഭവം കാരണമാകുമായിരുന്നു. ജാട്ട് രാജാവിന്റെ പേരിലുള്ള ഈ നാടകത്തിലൂടെ ബി.ജെ.പി അതിനുള്ള ശ്രമമമാണ് നടത്തിയത്.  എന്നാല്‍, രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ സംബന്ധിച്ച് സര്‍വ്വകലാശാലയില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുമെന്ന AMU വി.സിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.

ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് അനവധി പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. സാമുദായിക താല്‍പര്യങ്ങള്‍ക്ക് അനുഗുണമാകും വിധത്തില്‍ ദേശീയ പ്രതിപുരുഷന്മാരെ ഉപയോഗിക്കുന്നു എന്നതാണ് അതില്‍ ഒന്നാമത്തെ പാഠം. സര്‍ദാര്‍ പട്ടേലും, സ്വാമി വിവേകാനന്ദനും, മഹാത്മാഗാന്ധിയും, രാജാ മഹേന്ദ്ര പ്രതാപുമെല്ലാം ഇത്തരം സാമുദായിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നവരാണ്. മാര്‍ക്‌സിസ്റ്റ് ഇന്റര്‍നാഷണലിസ്റ്റായ മഹേന്ദ്ര പ്രതാപിനെ കേവലം ജാട്ട് നേതാവായാണ് ബി.ജെ.പി അവതരിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ എതിര്‍ത്ത വ്യക്തിയായിരുന്നു അദ്ദേഹം. ഭാരതീയ ജനസംഘിന്റെയും ബി.ജെ.പിയുടെയും സമുന്നത നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ്‌ക്കെതിരെ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇതിന്റെ തെളിവാണ്.

ബി.ജെ.പിയുമായി ബന്ധപ്പെട്ടവര്‍ ജനങ്ങളുടെ സ്വത്വത്തെ ഹിന്ദു, മുസ്‌ലിം തുടങ്ങിയ മതപരമായ സ്വത്വമെന്ന നിലക്കാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് രണ്ടാമത്തെ പാഠം.  മുസഫര്‍ നഗറില്‍ ലവ് ജിഹാദിന്റെ പേരില്‍ പ്രകോപിതരായ ജാട്ടുകള്‍ ഹിന്ദു സ്വത്വത്തിന് വേണ്ടി നിലകൊണ്ടു. ഈയൊരു സ്വത്വം അവരെ മുസ്‌ലിം സ്വത്വവും ക്രിസ്ത്യന്‍ സ്വത്വവും പോലെയുള്ള മറ്റു മതസ്വത്വങ്ങള്‍ക്കെതിര് നില്‍ക്കുന്നവരാക്കിത്തീര്‍ത്തു. ഇതേ സൂത്രം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.  ഇവിടെ ദലിദുകളെയാണ് മുസ്‌ലിംകള്‍ക്കെതിരെ ഇളക്കിവിട്ടത്.

സാമുദായിക രാഷ്ട്രീയം ജനങ്ങളുടെ സ്വത്വത്തെ മാത്രമല്ല, മറിച്ച് ഇത്തരം പ്രതിപുരുഷന്മാരെയും കൈകാര്യം ചെയ്യുന്നു. രാജാ മഹേന്ദ്ര പ്രതാപിന്റെ കാര്യത്തിലിത് വ്യക്തമാണ്. ഒരു പ്രത്യേകവിഭാഗത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ഒരു മതവിഭാഗത്തെ മറ്റൊരുവിഭാഗത്തിനെതിരെ നിലകൊള്ളിക്കുന്നുവെന്നതാണ് സമൂഹം ഗ്രഹിക്കേണ്ട മൂന്നാമത്തെ പാഠം.  ഉന്നത നേതാക്കന്മാര്‍ അക്രമത്തിനുള്ള അവസരങ്ങള്‍ നീട്ടിക്കൊടുക്കുമ്പോള്‍ ഇതേ നേതൃത്വത്തിന്റെ സഹകാരികള്‍ ഇതിനെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം പ്രതിപുരുഷന്മാരുടെ മാഹാത്മ്യങ്ങളെക്കുറിച്ച് നാം പഠിക്കേണ്ടതുണ്ട്. സ്‌നേഹത്തെയും, സൗഹാര്‍ദ്ദത്തെയും,സമാധാനത്തെയും, സാര്‍വ്വലൗകികമായ മനുഷ്യ സ്‌നേഹത്തെയും കുറിച്ച അടിസ്ഥാന പാഠങ്ങള്‍ മഹേന്ദ്ര പ്രതാപ് നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്.

Related Articles