Current Date

Search
Close this search box.
Search
Close this search box.

രാഘവേട്ടന്റെ മോന്റെ കമ്പൂട്ടറിന്റെ പേരും നോട്ട്ബുക്ക് എന്നാണത്രേ..

വിക്രമാദിത്യനും വേതാളവും എന്ന കഥ നമ്മില്‍ കേള്‍ക്കാത്തവരുണ്ടാകില്ല,..
വിക്രമാദിത്യന് വല്ലാത്തൊരു ചൊറ തന്നെയായിരുന്നു വേതാളം ..
ഏതെങ്കിലും മരക്കൊമ്പത്ത് തലകീഴായി തൂങ്ങിക്കിടപ്പുണ്ടാകും പഹയന്‍ ..
പ്രതീക്ഷിക്കാത്ത നേരത്ത് വിക്രമാദിത്യന്റെ തോളിലേക്കൊരു ചാട്ടമാണ്..
പിന്നെയുണ്ടൊരു കഥ പറച്ചിലും ഉഡായ്പ് ചോദ്യം ചോദിക്കലും…
എതാണ്ടിതേ സെയിം പരുവത്തിലാണ് കേരള മുഖ്യന്‍ ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥാവിശേഷം..

വേതാളമായി എപ്പോഴും കൂട്ടിന് വിവാദങ്ങളുടെ ഒരു വമ്പന്‍ റാലി തന്നെയുണ്ട്..
പൊല്ലാപ്പുകള്‍ തലയില്‍ നിന്നൊഴിഞ്ഞ നേരമില്ല….
വിവാദങ്ങളോട് അഞ്ചുമിനിറ്റ് റെസ്‌റ്റെടുക്കാന്‍ പറഞ്ഞിട്ടാണ് യുഎന്നിന്റെ പ്രത്യേക അവാര്‍ഡ് മേടിക്കാന്‍ വീമാനം കയറിയത്..
എന്നാലും അവാര്‍ഡ് കിട്ടിയ ടൈം നോക്കണേ.. നല്ല ബെസ്റ്റ് ടൈം….

ഈ വിവാദങ്ങളൊക്കെ കണ്ടും കേട്ടും സകലര്‍ക്കും ഒട്ടേറെ മടുത്തിരിക്കുന്നു..
അന്ധത പകരുന്ന BLINDNESS  എന്ന വിശ്വപ്രസിദ്ധ  നോവലെഴുതിയ ഷുസെ സരമാഗോവിന്റെ (Jose Saramago) SEEING എന്നൊരു നോവലുണ്ട്..
അതില്‍ വോട്ടര്‍മാരെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ് പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥന്‍മാര്‍ ..
വോട്ടെടുപ്പ് കഴിഞ്ഞ് നോക്കുമ്പോള്‍ എഴുപത് ശതമാനവും ബ്ലാങ്ക് വോട്ടുകളാണ്..
എട്ടുദിവസങ്ങള്‍ക്ക് ശേഷം വീട്ടും ഇലക്ഷന്‍ നടത്തി…
അപ്പോള്‍ ബ്ലാങ്ക് വോട്ടുകള്‍ 83 ശതമാണം ആയി..
ജനാധിപത്യത്തെ ജനാധിപത്യപരമായി തന്നെ ജനങ്ങള്‍ നിരാകരിക്കുന്ന കഥയാണ് സരമാഗു പറഞ്ഞുവെച്ചത്..

എന്തുചെയ്യാം …. വിവാദങ്ങള്‍ മാത്രം വികസിപ്പിച്ച് കൊണ്ടിരിക്കുന്ന ഭരണകൂടങ്ങളോട് അതേവിധം പ്രതികരിക്കാന്‍ അസാധു എന്ന ഒപ്ഷന്‍ കൂടി നമുക്കില്ലാതെ പോയല്ലോ…..

*************************************************

തീവ്രത പല രൂപത്തിലുണ്ട്… ഭാഷയുടെ കാര്യത്തിലും അമ്മാതിരി തീവ്രതയുണ്ടെന്ന് പറയുന്നു എച്ച് കെ സന്തോഷ് അല്ല പിന്നെ ബ്ലോഗില്‍(hksanthosh.blogspot.in)
മലയാളത്തിന്  ശ്രേഷ്ടഭാഷാ പദവി കിട്ടിയതിനെ പറ്റി നിരൂപണം ചെയ്യുന്നു പ്രസ്തുത പോസ്റ്റില്‍ സന്തോഷ്..

‘ഭാഷയെ പറ്റി അഭിമാനബോധമുള്ള ഒരു സമൂഹമല്ല മലയാളിയുടേത് എന്ന് ഏത് ഭാഷാപോലീസുകാരനും അറിയാം..
സ്വന്തം ഭാഷയോടുള്ള ആഭിമുഖ്യത്തില്‍ ഇത്ര അവഗണന കാണിക്കുന്ന സമൂഹങ്ങള്‍ കുറവാണ്..
നിരന്തരമായ കലര്‍പ്പും അനുകരണഭ്രമവുമാണ് മലയാളിയുടെ കാതല്‍ ..
മലയാളത്തിന്റെ ജൈവസ്വഭാവം തന്നെ ഈ കലര്‍പ്പാണ്..’

ഏത് ഭാഷയും സമൂഹവും സംസ്‌കാരവും ശ്രേഷ്ഠമാണെന്ന വിവേകം പുലരുന്നതിന് വേണ്ടി ഈ ശ്രേഷ്ട ഭാഷാ പദവികള്‍ നിര്‍ത്തലാക്കുകയാണ് വേണ്ടതെന്നും സന്തോഷ് തുടര്‍ന്ന് പറയുന്നു…
ശ്രേഷ്ടഭാഷാ പദവി എങ്ങനെ നിലവില്‍ വന്നു എന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പോസ്റ്റ് വളരെ ഗുണം ചെയ്യും…

***************************************************
സച്ചിനാനന്ദന്‍ കവിതകള്‍ സമ്പൂര്‍ണ കൃതികള്‍ രണ്ടാംവാള്യം (മൊഴി)ആമുഖത്തില്‍ കവിതകളെ പറ്റിയൊരു ആമുഖമുണ്ട്..
പുതിയ അനുഭവങ്ങള്‍ക്ക് പഴയ കാവ്യസങ്കേതങ്ങള്‍ പോര എന്നും തന്റേയും കാലത്തിന്റെയും മാറുന്ന അഭിരുചികള്‍ക്കൊത്ത് കവിത പുതുതായിക്കൊണ്ടിരിക്കണമെന്നും അതില്‍ പറയുന്നു….

പഴയ കാലത്തെ പുതിയ കവിതാഫ്രെയിമില്‍ പറയുന്ന സുന്ദരമായ
കവിതയാണ് ഉമേഷ് പീലിക്കോടിന്റെ നൊസ്റ്റാള്‍ജിയ എന്ന കവിത..
ബ്ലോഗ് മഷിത്തണ്ട് (umeshpilicode.blogspot.in)

നൊസ്റ്റാള്‍ജിയ

മറിഞ്ഞ് നനയാനുള്ള  മഴ,
ചളി വെള്ളം തെറിപ്പിച്ചു നടക്കാനുള്ള ഇടവഴി,
ഒരു കല്ലു സ്ലേറ്റ് , മഷിപ്പേന നോട്ടു പുസ്തകം ..
(അറിഞ്ഞോ.. രാഘവേട്ടന്റെ മോന്റെ കയ്മലെ
കമ്പ്യൂട്ടറിന്റെ പേരും നോട്ട് ബുക്ക് എന്നാണത്രേ ..!!)
വക്കു  പൊട്ടിയ കഞ്ഞി പാത്രം  ഒരു തുണി സഞ്ചി
മതി ഇത്രേം മതി സ്‌കൂള്‍ ദിവസങ്ങളില്‍ ..
അല്ലാത്തപ്പോ ,
പാലത്തിന്റെ മോളീന്ന് മലക്കമിട്ടാല്‍
25   വരെ എണ്ണി കഴിയുമ്പോള്‍ മാത്രം
പൊങ്ങി വരാനുള്ളത്രയും തോട്ടു വെള്ളം ..
മാപ്ലേന്റെ പറമ്പ് ന്ന് കരിക്ക് മാട്ടി
ഒറ്റയോട്ടത്തിനു ഓടിക്കയറാനുള്ള കുന്ന് ..
ആ കരിക്ക് ഇടിച്ചുരിക്കാനുള്ള പരമ്പരാഗത പാറക്കല്ല്
മതീപ്പാ .. ഒരു വരുംകാല മഴക്കാല നൊസ്റ്റാള്‍ജിയക്ക്
ഇത്രേംമൊക്കെ മതി…

Related Articles