Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ കമ്മിറ്റിയില്‍ ഇസ്രയേല്‍; പ്രതിഷേധവുമായി അറബ് ലോകം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ആറ് സ്ഥിര കമ്മിറ്റികളില്‍ ഒന്നായ നിയമകാര്യ കമ്മിറ്റിയിലേക്ക് ഇസ്രയേല്‍ അംബാഡര്‍ ഡാന്നി ഡാനന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ എഴു പതിറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെ കമ്മിറ്റിയിലേക്ക് ഇസ്രയേല്‍ പ്രതിനിധി തെരെഞ്ഞെടുക്കപ്പെടുന്നത്. കമ്മിറ്റി മേധാവികളെ പൊതുസമ്മതത്തോടെ തെരെഞ്ഞെടുക്കലാണ് പതിവ്. എന്നാല്‍ അറബ് രാഷ്ട്രങ്ങളുടെ അഭ്യര്‍ഥന മാനിച്ച് വോട്ടെടുപ്പിലൂടെയാണ് ഡാനന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. 193 അംഗങ്ങളുള്ള സഭയില്‍ 109 വോട്ടുകളാണ് അദ്ദേഹം നേടിയത്. 175 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
ഇസ്രായേലിനെ യു.എന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത് ഫലസ്തീനിലും അറബ് ലോകത്തും കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഡാനന്റെ സ്ഥാനാര്‍ഥിത്വം മേഖലയിലെ ചില ഗ്രൂപ്പുകളുടെ താല്‍പര്യപ്രകാരമാണെന്നും ഈ ദൗത്യത്തിന് ഡാനന്‍ അയോഗ്യനാണെന്നും ഫലസ്തീനിയന്‍ നയതന്ത്രജ്ഞന്‍ റിയാദ് മന്‍സൂര്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ കടുത്ത തോതില്‍ അതിലംഘിക്കുന്നവരെയല്ല, അവ പാലിക്കാന്‍ ഉത്തരവാദപ്പെട്ട യോഗ്യനായ ആളെയാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കേണ്ടതെന്നും മന്‍സൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അറബ് ലീഗും ഒ.ഐ.സിയും ഈ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയില്‍ അറബ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന യമന്‍ അംബാസഡറും ഡാനന്റെ തെരെഞ്ഞെടുപ്പിനെ അംഗീകരിച്ചില്ല. ഇസ്രായേലി അംബാസഡറുടെ തെരഞ്ഞെടുപ്പില്‍ പ്രതിഷേധമറിയിച്ച് എല്ലാ അംഗരാജ്യങ്ങള്‍ക്കും സന്ദേശം അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത് ഇസ്രായേലിന്റെ ചരിത്രനേട്ടമാണെന്നും യു.എന്‍ കമ്മിറ്റിയെ നയിക്കാന്‍ ആദ്യമായി ഒരു ഇസ്രായേലിയെ നിയോഗിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഡാനന്‍ പ്രതികരിച്ചു. താന്‍ തെരെഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ ചില അറബ് രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്നും ഡാനന്‍ പറഞ്ഞു. ജനറല്‍ അസംബ്ലി കൈയാളുന്ന പ്രമേയങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നിര്‍വഹണ ചുമതല ഈ കമ്മിറ്റിക്കാണ്.

Related Articles