Current Date

Search
Close this search box.
Search
Close this search box.

മോണിക്കയുടെ ഇസ്‌ലാമാശ്ലേഷം ആഘോഷിക്കുന്നവരോട്

ഒരു സെലിബ്രിറ്റി ഇസ്‌ലാം സ്വീകരിക്കുന്നതില്‍ പ്രത്യേക പ്രാധാന്യമൊന്നും ഇല്ല. ഇസ്‌ലാമിക വിശ്വാസമനുസരിച്ച്. ആരെങ്കിലും സന്‍മാര്‍ഗം പിന്‍പറ്റുന്നുവെങ്കില്‍ അവര്‍ക്ക് തന്നെയാണ് അതിന്റെ മെച്ചം. ‘നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല.’ (ഖുര്‍ആന്‍ 39:41). എങ്കിലും ഇത്തരം വാര്‍ത്തകള്‍ ഇക്കാലത്ത് മുസ്‌ലിംകളാല്‍ പ്രചരിപ്പിക്കാന്‍ കാരണം ഞാന്‍ മനസ്സിലാക്കുന്നത്. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് ചില ഭൗതിക താല്‍പര്യങ്ങള്‍ ഉന്നം വെച്ചാകാനെ സാധ്യതയുള്ളൂവെന്ന തരത്തില്‍ അതിലേറെ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. (മോണിക്കയെക്കുറിച്ച് ഇതിന് മുമ്പ് ഞാനധികം കേട്ടിട്ടില്ല.) ഇത്തരം ഒരു പ്രചാരണം അവര്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് അത് ആദ്യമേ അവര്‍ നിഷേധിക്കുന്നു. കമലാസുരയ്യ ഇസ്‌ലാം സ്വീകരിച്ചത് ആരോ വിവാഹ വാഗ്ദാനം ചെയ്തുതുകൊണ്ട് മാത്രമാണെന്ന ധാരണ വലിയ ഒരളവില്‍തന്നെ നിലനില്‍ക്കുന്നു. ഒരു പക്ഷേ വിവാഹം വാഗ്ദാനം നടത്തിയിരിക്കാം. എന്നാല്‍ അതിലേക്ക് മാത്രം ചുരുക്കിക്കെട്ടുന്നതിന്റെ ലാക്ക് വേറെയാണ്.

വളരെ ലളിതവും ഋജുവമായ മാര്‍ഗമാണ് ഇസ്‌ലാം വരച്ചുകാണിക്കുന്നത്. ഏത് സുമനസ്സിനും അത് എളുപ്പത്തില്‍ ഉള്‍കൊള്ളാനാവും. നാം മനുഷ്യരും ഇതര ജന്തുജാലങ്ങളും വൃഥാ ഉണ്ടായതല്ല. യുക്തിമാനായ ഒരു സൃഷ്ടാവിന്റെ ബോധപൂര്‍വമായ സൃഷ്ടികളാണ് നാമേവരും എന്നാണതിന്റെ അടിസ്ഥാനം. അങ്ങനെ വരുമ്പോള്‍ അവന്‍ ഏകനായിരിക്കുക എന്നത് കൂടുതല്‍ യുക്തിപരമാണ്. ദൈവമാണ് സ്രഷ്ടാവെന്ന് അംഗീകരിച്ചാല്‍ മനുഷ്യന്‍ പാലിക്കേണ്ട നിയമം അവന്റേതോ, അവനാന്‍ നല്‍കപ്പെടാത്തവയ്ക് ദൈവത്താല്‍ നല്‍കപ്പെട്ട നിയമത്തിന്റെ ആന്തരിക സത്ത ഉള്‍കൊണ്ടോ ആയിരിക്കണം എന്നതും തീര്‍ത്തും മനുഷ്യയുക്തിക്ക് ഇണങ്ങുന്നതാണ്. ആ നിയമങ്ങള്‍ നല്‍കാന്‍ ദൈവം പ്രത്യേക ദൂതന്മാരെ മനുഷ്യരില്‍നിന്ന് തെരഞ്ഞെടുക്കുകയും അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്‍കുകയും ചെയ്ചുക എന്നത് തീര്‍ത്തും സ്വാഭാവികം. ദൈവിക നിര്‍ദ്ദേശങ്ങല്‍ പാലിച്ച് ഈ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് പ്രതിഫലവും അല്ലാത്തവര്‍ക്ക് ശിക്ഷയും ലഭിക്കുക എന്നതും നമ്മുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതാണ്.

അരമണിക്കൂര്‍ ശാന്തമായി ഇരുന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാനാവുന്നത്രയും ലളിതമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ മറ്റെല്ലാ ഭൗതിക താല്‍പര്യങ്ങളെയും ബലികഴിച്ച് ഒട്ടൊക്കെ പ്രയാസങ്ങള്‍ സഹിച്ച് ആളുകള്‍ ഇന്നും ഇത് ഉള്‍കൊള്ളുന്നു. സത്യത്തില്‍ ഇതൊരു അത്ഭുതമോ വാര്‍ത്തയോ അല്ല. മനുഷ്യന്‍ അവന്റെ പ്രകൃതിമതത്തിലേക്ക് മടങ്ങുന്നതിന്റെ പേര്‍ മാത്രമാണ് ഇസ്‌ലാം ആശ്ലേഷം. അതിലാകട്ടേ ആഘോഷിക്കാന്‍ ഒന്നുമില്ല താനും.

‘നിങ്ങള്‍ കാണുന്നില്ലയോ? അല്ലാഹു ആകാശത്തുനിന്ന് ജലം വര്‍ഷിച്ചു. എന്നിട്ടതിനെ നീര്‍ച്ചാലുകളായും നദികളായും ഉറവകളായും ഭൂമിയില്‍ സഞ്ചരിപ്പിച്ചു. പിന്നെ ആ ജലം മുഖേന അവന്‍ വിവിധ വര്‍ഗങ്ങളിലുള്ള പല പല വയലുകളുണ്ടാക്കുന്നു. പിന്നെ ആ വയലുകള്‍ വിളഞ്ഞുണങ്ങുന്നു. അപ്പോള്‍ അതു മഞ്ഞളിച്ചതായി നിനക്കു കാണാം. ഒടുവില്‍അല്ലാഹു അതിനെ കേവലം ചപ്പുചവറാക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ പാഠമുണ്ട്. ഒരുവന്റെ മനസ്സ് അല്ലാഹു ഇസ്‌ലാമിനുവേണ്ടി തുറന്നുകൊടുത്തതിനാല്‍ അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചത്തില്‍ ചരിക്കുന്നു; അങ്ങനെയുള്ളവനും (ഈ വചനങ്ങളില്‍നിന്ന് യാതൊരു പാഠവും ഉള്‍ക്കൊള്ളാത്തവനും ഒരുപോലെയാണോ?) അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങള്‍ക്കു നേരെ അധികമധികം ഹൃദയം കടുത്തുപോയവര്‍ക്ക് മഹാനാശമുണ്ട്. അവര്‍ തെളിഞ്ഞ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരാകുന്നു.’ (വിശുദ്ധ ഖുര്‍ആന്‍ 39:2122)

Related Articles