Current Date

Search
Close this search box.
Search
Close this search box.

മോഡികാലത്തെ പ്രത്യാശയോടെ അഭിമുഖീകരിക്കുക

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ അധികാരമേല്‍ക്കുന്നതോടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നുള്ളതിനേക്കാള്‍ കഠിനമായ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമെന്നുറപ്പ്. എന്നാല്‍ അതൊന്നും കഴിഞ്ഞകാലത്ത് നമ്മുടെ പൂര്‍വികര്‍ അനുഭവിച്ചതിന്റെ അടുത്തൊന്നും എത്തുകയില്ല.

പ്രവാചകനാല്‍ സ്ഥാപിതമായ രാഷ്ട്രത്തിന്റെ പിന്‍മുറക്കാര്‍ പ്രവാചകന്റെ പേരക്കുട്ടിയെ കര്‍ബലയില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. അപ്പോള്‍ മഹാഭൂരിപക്ഷവും കൊലയാളികളോടൊപ്പമായിരുന്നു. ഹസ്രത്ത് ഹുസൈന്‍(റ)നോടൊപ്പം വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. പ്രവാചക പത്‌നി ആഇശ ബീവിയുടെ ജേഷ്ഠസഹോദരി അസ്മാ ബീവിയുടെയും സുബൈര്‍ ബിന്‍ അവ്വാമിന്റെയും പ്രിയപുത്രന്‍ അബ്ദുല്ലാഹ് ബിന്‍ സുബൈറിനെ ഹജ്ജാജും കിങ്കരന്‍മാരും ക്രൂരമായി കൊലപ്പെടുത്തി കുരിശില്‍ തറച്ചു.

ഇമാം അബൂഹനീഫയെ അബ്ബാസിയാ ഭരണാധികാരികള്‍ കഠിനമായി പീഢിപ്പിച്ചു, ജയിലലടച്ചു. ജയിലില്‍ വെച്ചാണ് അദ്ദേഹം പരലോകം പ്രാപിച്ചത്. ഇമാം അഹ്മദ് ബിന്‍ ഹമ്പലിനെ ഭരണാധികാരികള്‍ കൊരടാവു കൊണ്ടടിച്ച് മര്‍ദിച്ചൊതുക്കി. പലതവണ മര്‍ദനമേറ്റ അദ്ദേഹ ബോധരഹിതനായി. അവരദ്ദേഹത്തെ പിന്നെയും തടവിലിട്ട് പീഡിപ്പിച്ചു. കാലം കണ്ട മഹാപണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയ്യെയും ഭരണകൂടം ജയിലലടച്ചു. അവിടെ വെച്ചാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍…

വിശുദ്ധ കഅ്ബയില്‍ നിന്ന് ശത്രുക്കള്‍ ഹജറുല്‍ അസ്‌വദ് പറിച്ചെടുത്ത് കൊണ്ടുപോയതിനാല്‍ പതിറ്റാണ്ടിലധികം കാലം ഹജറുല്‍ അസ്‌വദില്ലാത്ത കഅ്ബ കേന്ദ്രീകരിച്ച് മുസ്‌ലിംകള്‍ക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കേണ്ടി വന്നിട്ടുണ്ട്.

മുസ്തഫ കമാല്‍ പാഷയും കൂട്ടാളികളും പതിറ്റാണ്ടുകളോളം തുര്‍ക്കിയില്‍ നിന്ന് ഇസ്‌ലാമിന്റെ പേരും കുറിയും ചടങ്ങുകളും ചിഹ്നങ്ങളും തുടച്ചു മാറ്റി. തുനീഷ്യയില്‍ നിന്ന് ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ അരനൂറ്റാണ്ടോളം കാലം ശ്രമം നടന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് ഇസ്‌ലാമിനെ നിഷ്‌കാസനം ചെയ്യാന്‍ ഭരണാധികാരികള്‍ ആവുന്നതൊക്കെ ചെയ്തു.

ഇന്ത്യയില്‍ അക്ബര്‍ ദീനെ ഇലാഹി ഉണ്ടാക്കി ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിച്ചു. അതിനായി അധികാരത്തെ ഉപയോഗപ്പെടുത്തി. ബ്രിട്ടീഷുകാരും ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചു.

എന്നിട്ടും ഇസ്‌ലാമിനൊന്നും സംഭവിച്ചില്ല. അത് അജയ്യമായി തന്നെ നിലകൊള്ളുന്നു. ലോകാവസാനം വരെ എല്ലാ പ്രതിസന്ധികളെയും അതിജയിച്ച് അതിജീവിക്കും. സ്വന്തം ചാരക്കൂനയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഈജിപ്ഷ്യന്‍ ഇതിഹാസ കഥാപാത്രമായ ഫിനിക്‌സ് പക്ഷിയെ പോലെയാണ് ഇസ്‌ലാം.

അതിനാല്‍ മുസ്‌ലിംകള്‍ നിരാശരാവുകയോ ദുഖിക്കുകയോ ആശങ്കാകുലരാവുകയോ ദുര്‍ബലരാവുകയോ അരുത്. വിശ്വാസ ദാര്‍ഢ്യത്തോടെ, ഇച്ഛാശക്തിയോടെ, പ്രത്യാശ കൈവിടാതെ പ്രാര്‍ഥനയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുക. പാതിരാവിനു ശേഷം പ്രഭാതം ഉറപ്പ്. അരുണോദയത്തെ ഗര്‍ഭം ധരിക്കാതെ അര്‍ധരാത്രി കടന്നു വരില്ല, തീര്‍ച്ച.

Related Articles