Current Date

Search
Close this search box.
Search
Close this search box.

മൊത്തം മിഡിലീസ്റ്റിനു തന്നെ ഇസ്രായേല്‍ ഒരു ഭീഷണിയാണ്

ഇസ്രായേല്‍ പ്രതിനീധികരിക്കുന്ന സയണിസ്റ്റ് പ്രൊജക്റ്റ് മൊത്തം മിഡിലീസ്റ്റിന് തന്നെ ഭീഷണിയാണ്. ഫലസ്തീനികളെ ഭീകരന്മാരായി ചിത്രീകരിക്കാനും, ഇസ്രായേല്‍ ഭീഷണിയെ വിലകുറച്ച് കാണിക്കാനുമുള്ള അറബ് ഏകാധിപതികളുടെ ശ്രമങ്ങള്‍ പക്ഷെ അധികമാരും മുഖവിലക്കെടുത്തിട്ടില്ല. ‘ഇറാനാണ് ഭീഷണി, ഇസ്രായേല്‍ അല്ല.’ എന്നാണ് 2013-ല്‍ മുന്‍ ഇസ്രായേലി പ്രിസണ്‍ ഗാര്‍ഡ് ജെഫ്രി ഗോള്‍ഡ് ബര്‍ഗുമായി നടത്തിയ അഭിമുഖത്തില്‍ സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ പറഞ്ഞത്.

മിഡിലീസ്റ്റിലുടനീളം ചരിത്രപരമായി ഇസ്രായേല്‍ കൈക്കൊണ്ട സമീപനരീതികള്‍, അതിന് ഇരയായവര്‍ ഒരിക്കലും മറക്കില്ല. ദശാബ്ദങ്ങളോളം ദക്ഷിണ ലബനാനില്‍ ഇസ്രായേല്‍ അധിനിവേശം നടത്തി, പിന്നീട് ശക്തമായ സായുധ പ്രതിരോധം ഉണ്ടായതിന്റെ ഫലമായി 2000-ത്തിലാണ് ഇസ്രായേല്‍ ലബനാനില്‍ നിന്നും പിന്മാറിയത്. എന്നിരുന്നാലും ചില ചെറിയ അതിര്‍ത്തി പ്രദേശങ്ങള്‍ നിയമവിരുദ്ധമായി ഇസ്രായേല്‍ ഇപ്പോഴും കൈയ്യടക്കി വെച്ചിരിക്കുകയാണ്.

ഇസ്രായേല്‍ അധിനിവേശത്തിനെതിരെയും, വംശീയവിദ്വേഷത്തിനെതിരെയുമുള്ള ഏറ്റവും ശക്തമായ ഒന്നായി ഫലസ്തീനിയന്‍ പോരാട്ടം മാറിയിട്ടുണ്ടെങ്കിലും, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഇസ്രായേല്‍ ഒരു ഭീഷണിയാണെന്ന യാഥാര്‍ത്ഥ്യത്തെ അത് നിഷേധിക്കുന്നില്ല. ചരിത്രപരമായി സംസാരിക്കുമ്പോള്‍, അയല്‍രാജ്യങ്ങളോരുന്നുമായി ഇസ്രായേല്‍ യുദ്ധത്തിന് തുടക്കമിട്ടു, മിഡിലീസ്റ്റിലെ മറ്റു പലരാജ്യങ്ങളിലും രഹസ്യമായും, പരസ്യമായും സൈനികഅട്ടിമറികളില്‍ ഏര്‍പ്പെട്ടു, ലാറ്റിനമേരിക്കയിലെയും, ആഫ്രിക്കയിലെയും പല ഏകാധിപത്യ ഭരണാധികാരികള്‍ക്കും വേണ്ടി വന്‍തോതില്‍ ആയുധങ്ങള്‍ ഇസ്രായേല്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. വര്‍ണ്ണവിവേചന കാലത്ത് സൗത്ത് ആഫ്രിക്കയിലെ ഭരണം കൈയ്യാളിയിരുന്നവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും ഇസ്രായേല്‍ നല്‍കിയിരുന്നു.

ഷ്‌ലോമോ സാന്‍ഡിന്റെ ‘The Invention of the Land of Israel’ എന്ന പുസ്തകത്തില്‍ പറഞ്ഞത് പോലെ, തങ്ങളുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട ആഗ്രഹാഭിലാഷങ്ങളുടെ പരിധി എവിടെ വരെയാണെന്നതിനെ സംബന്ധിച്ച് സയണിസ്റ്റ് പദ്ധതിക്ക് തന്നെ വലിയ വ്യക്തതയില്ല. ഈ ദിവസം വരെ, ഇസ്രായേല്‍ എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രത്തിന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു അതിര്‍ത്തി ഉണ്ടായിട്ടില്ല.

സാന്‍ഡ് ചൂണികാണിച്ചത് പോലെ, ഫലസ്തീന്‍ ഒരിക്കലും ‘ഇസ്രായേല്‍ മക്കളുടെ’ മാതൃഭൂമിയായിരുന്നില്ല. ഹിബ്രൂ ബൈബിളില്‍, ഫലസ്തീനെ ‘ഇസ്രായേല്‍ മക്കളുടെ ഭൂമി’ എന്നല്ല വിശേഷിപ്പിച്ചിരിക്കുന്നത്, മറിച്ച് കനാനികളുടെ ഭൂമി എന്നാണ്. പിന്നീട് ജൂത മതനിയമമാണ് ‘ഇസ്രായേല്‍ മക്കളുടെ ഭൂമി’ എന്ന സംജ്ഞ കൊണ്ടു വന്നത്. ഫലസ്തീന്‍ ഒരു ‘പുണ്യഭൂമിയാണ്’ മറിച്ച് ‘മാതൃഭൂമിയല്ല’ എന്നാണ് സാന്‍ഡിന്റെ വിശദീകരണം. ഭൂരിഭാഗം ജൂതന്മാരും ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.

രാഷ്ട്രീയ പ്രസ്ഥാനമായ സയണിസം, അവരുടെ താല്‍പ്പര്യങ്ങള്‍ വേണ്ടി ബൈബിള്‍ കഥകളെ പുനര്‍വ്യാഖാനിക്കാന്‍ തുടങ്ങി. ‘ഈജിപ്ഷ്യന്‍ നദി മുതല്‍ക്ക് (ആധുനിക ഇറാഖിലെ) യൂഫ്രട്ടീസ് നദി വരെയുള്ള ഈ ഭൂമി’യുടെ കുലപതി സ്ഥാനം അബ്രഹാമിന്റെ മക്കള്‍ക്ക് നല്‍കി കൊണ്ടുള്ള ഉല്‍പ്പത്തി പുസ്തകത്തിലെ ദൈവത്തിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യകാല സയണിസ്റ്റുകള്‍ ഒരു മാപ്പ് വരച്ചിരുന്നു.

പ്രഥമ സയണിസ്റ്റ് കോണ്‍ഗ്രസ് നടന്ന വര്‍ഷമായ 1897-ല്‍, ആദ്യത്തെ പ്രായോഗിക സയണിസ്റ്റ് എന്നറിയപ്പെടുന്ന ഇസ്രായേല്‍ ബെല്‍ക്കൈന്‍ഡ് ഒരു മാപ്പ് വരച്ചു: ”ജോര്‍ദാന്‍ നദി ഇസ്രായേല്‍ ഭൂമിയെ രണ്ട് വ്യത്യസ്ത ഭാഗങ്ങളായി തിരിക്കും,’ ബെല്‍ക്കൈന്‍ഡ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഈ അതിര്‍ത്തി നിര്‍ണയം അക്കാലത്ത് ജീവിച്ചിരുന്ന ഒട്ടുമിക്ക സയണിസ്റ്റ് കുടിയേറ്റക്കാരും അംഗീകരിച്ചു’.

എന്നാല്‍, ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രിയും, ലേബര്‍ സയണിസത്തിന്റെ നേതാവുമായിരുന്ന ഡേവിഡ് ബെന്‍ ഗുരിയോണ്‍, കൂടുതല്‍ വ്യാപകത്വമുള്ള ‘ഇസ്രായേല്‍’ എന്ന ആശയത്തില്‍ നിന്നും പിറകോട്ടടിച്ചു.

പക്ഷെ, ഇടതുപക്ഷ ലേബര്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു നേതാവായിരുന്ന യിഗല്‍ അല്ലോണ്‍, 1979-ല്‍ ‘പടിഞ്ഞാറന്‍ ഇസ്രായേല്‍’ എന്നാണ് ചരിത്രപരമായ ഫലസ്തീന്‍ ഭൂമിയെ വിശേഷിപ്പിച്ചത്. ഇന്നത്തെ ജോര്‍ദാനെ ‘കിഴക്കന്‍ ഇസ്രായേല്‍’ എന്നും.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മേഖലയില്‍ താമസിക്കുന്ന തദ്ദേശീയ ജനത ഒന്നുകില്‍ അവിടം വിട്ട് പോകണം, അല്ലെങ്കില്‍ ഇസ്രായേല്‍ അധിനിവേശ ഭരണകൂടത്തിന് കീഴില്‍ ജീവിക്കണം. ഫലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്തുന്നതില്‍ അഗ്രഗണ്യരായ വലതുപക്ഷ സയണിസ്റ്റ് ഭീകരസംഘടനയായ ‘ഇര്‍ഗുണ്‍’-ന്റെ ലോഗോ, ഈ അതിര്‍ത്തി അവകാശവാദത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഫലസ്തീനെയും, ജോര്‍ദാനെയും ഒരുമിച്ചു ചേര്‍ത്തു കൊണ്ടുള്ള ഒരു ‘ഇസ്രായേല്‍ ഭൂമി’യാണ് അവര്‍ വിഭാവന ചെയ്യുന്നത്. 1948-ല്‍ സംഘടന രൂപീകകൃതമായ സമയത്ത് തന്നെ ഇസ്രായേല്‍ സൈന്യവുമായി അതിനെ ഏകോപിപ്പിച്ചിരുന്നു. ഇന്ന് തെല്‍അവീവിലെ ഒരു മ്യൂസിയം പ്രസ്തുത തീവ്രവാദ സംഘടനക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ഈജിപ്ത് മുതല്‍ ഇറാഖ് വരെ വ്യാപിച്ച് കിടക്കുന്ന ‘ഇസ്രായേല്‍ ഭൂമി’ എന്ന സ്വപ്‌നം അവര്‍ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ‘യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി’ വരെ നീണ്ട് പരന്ന് കിടക്കുന്ന ‘ഇസ്രായേല്‍ ഭൂമി’ എന്നാണ് ഇന്നത്തെ ഒരു ജൂത തീവ്രവാദ കുടിയേറ്റ സംഘം അതിന് നല്‍കിയ നിര്‍വചനം. സിറിയ, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും, അധിനിവിഷ്ഠ വെസ്റ്റ് ബാങ്ക്, ഗസ്സ തുടങ്ങി സഊദി അറേബ്യ, തുര്‍ക്കി, കുവൈത്ത് എന്നിവയുടെ ചില ഭാഗങ്ങളും അടങ്ങുന്നതാണ് അവരുടെ സങ്കല്‍പ്പത്തിലെ ‘ഇസ്രായേല്‍ ഭൂമി’.

സന്‍ഹദരിന്‍ സമിതി എന്ന് വിളിക്കപ്പെടുന്ന ഈ ജൂത ‘യോഗികള്‍ക്ക്’, ഇന്ന് രാഷ്ട്രകാര്യങ്ങളില്‍ ഔദ്യോഗികമായ അധികാരങ്ങളൊന്നും തന്നെയില്ല. ടെംപ്ള്‍ മൂവ്‌മെന്റ് എന്ന് വിളിക്കപ്പെടുന്ന അവരുടെ താല്‍പ്പര്യങ്ങള്‍ തിന്മയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായ മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത്, അവിടെ ടെംപ്ള്‍ പണിയണമെന്നാണ് ഈ ജൂതതീവ്രവാദ സംഘങ്ങളുടെ ആഗ്രഹം.

റബ്ബി യിസ്രായേല്‍ ഏരിയലിനെ പോലെയുള്ള മതഭ്രാന്തന്മാരാണ് ഇത്തരം സംഘങ്ങളെ നയിക്കുന്നത്. മേഖലയിലുടനീളമുള്ള ജൂതന്മാരല്ലാത്തവരെ വംശീയമായി ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ആളാണ് റബ്ബി യിസ്രായേല്‍ ഏരിയല്‍. ഇത്തരം റബ്ബിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ ഭരണകൂടത്തിന്റെ പൂര്‍ണ്ണപിന്തുണയുമുണ്ട്. കൂടാതെ അവരുടെ അനുയായികള്‍ മസ്ജിദുല്‍ അഖ്‌സക്ക് നേരെ അഴിച്ചു വിടുന്ന ആക്രമണങ്ങള്‍ക്ക് സൈനിക സഹായവും ഇസ്രായേല്‍ ഭരണകൂടം നല്‍കുന്നുണ്ട്.

കൂടുതല്‍ കൂടുതല്‍ വലതുപക്ഷ തീവ്രവാദത്തിലേക്കും, യുദ്ധത്തിലേക്കും ചായാന്‍ ഇസ്രായേല്‍ ഭരണകൂടം കാണിക്കുന്ന പ്രവണതയുടെ പശ്ചാത്തലത്തില്‍, ഫലസ്തീനികള്‍ക്ക് മാത്രമല്ല, മറിച്ച് മേഖലയിലെ മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കും, ജനതക്കും ഇസ്രായേല്‍ ഒരു ഭീഷണിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles