Current Date

Search
Close this search box.
Search
Close this search box.

മൂല്യങ്ങളെ കുറിച്ച് പറയാന്‍ ഇസ്രയേലിന് എന്തവകാശം?

israel-cruelty.jpg

അറബികളുടെയും ലോകത്തിന്റെയും മറവിയുടെ പൊടി പിടിച്ചു തുടങ്ങിയ വിഷയമായ ഫലസ്തീനെ കുറിച്ചാണ് ഞാനെഴുതുന്നത്. അറബികളുടെ പുതിയ സഖ്യകക്ഷിയും തോഴനുമായ ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളെ കുറിച്ച്. ശത്രുക്കളായിരുന്നവര്‍ കൂട്ടുകാര്‍ എന്നതിനുമപ്പുറം സഖ്യങ്ങളായി മാറിയിരിക്കുന്നു. പരിക്കേറ്റ് ബോധരഹിതനായി കിടക്കുന്ന ഫലസ്തീന്‍ യുവാവിന്റെ തലയിലേക്ക് ഒരു ഇസ്രയേല്‍ സൈനികന്‍ വെടിയുതിര്‍ക്കുന്നു. ഇസ്രയേല്‍ സൈനികനെ കുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണിത്. ഓരോ വെടിയുണ്ടയും ആ ശരീരത്തെ ഒന്നിളക്കി. തലയില്‍ നിന്നും രക്തം ഒഴുകി. അവിടെയുണ്ടായിരുന്ന ആംബുലന്‍സുകള്‍ ഇളകിയില്ല. പരിക്കേറ്റ് വീണു കിടക്കുന്നത് ഒരു മനുഷ്യനല്ല എന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം. ബതസലീം എന്ന ഇസ്രയേല്‍ മനുഷ്യാവകാശ സംഘടനയുടെ ഫലസ്തീന്‍ വളന്റിയറുടെ ക്യാമറ മൃഗീയമായ ആ രംഗം വിശദമായി ഒപ്പിയെടുത്തു. ക്യാമറകളുടെ അഭാവത്തില്‍ ഇങ്ങനെ എത്രയെത്ര കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നു?

എന്തിനാണിവര്‍ ആളുകളെ ഇങ്ങനെ നിഷ്ഠൂരമായി വെടിവെച്ചു കൊലപ്പെടുത്തുന്നതെന്നാണ് നാം ചോദിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു കൂടാ? തനിക്കെതിരെയുള്ള അധിനിവേശത്തിനും നിന്ദക്കും എതിരെ പ്രതിഷേധിച്ച് കത്തിയുമായി വരുന്ന ഫലസ്തീനിയെ നേരിടാന്‍ എന്തുകൊണ്ട് അവര്‍ക്ക് ഇലക്ട്രിക് ലാത്തിയോ റബര്‍ ബുള്ളറ്റോ ഉപയോഗിച്ചു കൂടാ?

ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മനുഷ്യരുടെ കൂട്ടത്തില്‍ പെടുത്താനാവില്ല. ഏതെങ്കിലും തരത്തിലുള്ള നാഗരിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരും ആയിരിക്കില്ല അവര്‍. മറിച്ച് അവരിലുള്ളത് വന്യമൃഗങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടേയും മൂല്യങ്ങളാണെന്ന് മാത്രം. എന്നാല്‍ അവര്‍ ഈ ഇസ്രയേല്‍ സൈനികനേക്കാളും അവനെ പോലുള്ളവരെക്കാളും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തേക്കാളും മനുഷ്യത്വവും ധാര്‍മിക ഗുണങ്ങളുമുള്ളവരാണെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇസ്രയേല്‍ സൈന്യത്തിന്റെ ധാര്‍മികതക്ക് നിരക്കാത്ത പ്രവര്‍ത്തനമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്. എന്ത് മൂല്യം… ഏതാണ് ഈ പറയുന്ന സൈന്യം..! കത്തി ഉപയോഗിച്ചു എന്നതിന്റെ പേരിലല്ല, കത്തി കയ്യിലുണ്ടെന്ന് പറഞ്ഞത് യാതൊരു മടിയും കൂടാതെ യുവാക്കളെ പരസ്യമായി കൊലപ്പെടുത്തുന്നവരല്ലേ ഈ സൈന്യം? ഇതാണോ അവര്‍ പറയുന്ന മൂല്യം! ലോകത്ത് മറ്റെവിടെയാണ് ഇതുപൊലെ ഒരു സൈന്യമുള്ളത്?

പരിക്കേറ്റ് നിലത്ത് വീണ്ട് അനങ്ങാന്‍ പോലും സാധിക്കാതെ കിടക്കുന്ന മനുഷ്യനെ വെടിവെച്ച കുറ്റവാളിയായ ഈ സൈനികന്‍ ഇസ്രയേലിന്റെ വീരപുരുഷനായി മാറിയിരിക്കുകയാണ്. അവിടത്തെ മന്ത്രിമാരുടെയും അഭിഭാഷകരുടെയും ഡോക്ടര്‍മാരുടെയും സാധാരണക്കാരുടെയും പിന്തുണയും സഹായവും അയാള്‍ക്ക് ലഭിക്കുകയാണ്. ആ സൈനികനെ വിചാരണ ചെയ്യാതിരിക്കാന്‍, അന്വേഷണം പോലും നടത്താതിരിക്കാന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണവര്‍. ഇങ്ങനെയുള്ള ഒരു ജനതക്ക് എന്ത് മനുഷ്യത്വമാണ് അവകാശപ്പെടാനുള്ളത്?

സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ 46 ശതമാനം ഇസ്രയേലികളും ആ സൈനികനെ പിന്തുണക്കുകയാണ് ചെയ്തതെന്ന് അമേരിക്കന്‍ പത്രമായ ‘ലോസ് ഏഞ്ചല്‍സ് ടൈംസ്’ പറയുന്നു. അദ്ദേഹത്തിന് മെഡല്‍ സമ്മാനിക്കണമെന്ന് വരെ ചിലര്‍ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ആശീര്‍വാദം നേരുകയാണ് സെഫാര്‍ദിക് ജൂതവിഭാഗത്തിന്റെ മുതിര്‍ന്ന റബ്ബി യിറ്റ്‌സ്ഹാക് യൂസഫ് ചെയ്തിട്ടുള്ളത്. കത്തി കൊണ്ട് നടക്കുന്ന ഏതൊരു ഫലസ്തീന്‍ ‘ഭീകരനെ’യും കൊല്ലുന്നത് അനുവദനീയമാക്കി ഫത്‌വ നല്‍കിയ വ്യക്തിയാണദ്ദേഹം. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ദൂതനായി അറിയപ്പെടുന്ന ഒരാളാണ് ഈ റബ്ബി എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഒരു ഫത്‌വ അറബ് നേതാവിന്റെയോ ഉദ്യോഗസ്ഥന്റെയോ ഭാഗത്തു നിന്നായിരുന്നെങ്കില്‍ എന്തൊക്കെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമായിരുന്നു. പാശ്ചാത്യ ലോകവും അവരുടെ മാധ്യമങ്ങളും അയാളുടെ കാപട്യം തുറന്നു കാണിക്കാന്‍ രംഗത്ത് വരുമായിരുന്നില്ലേ?

നാസികളുടെ ക്രൂരതകളെയും ഐഎസ് നടത്തുന്ന കിരാതമായ കുറ്റകൃത്യങ്ങളെയും കുറിച്ച് മാത്രമേ അവക്ക് സംസാരിക്കാനാവൂ. നിയമസംവിധാനങ്ങളുള്ള, നാഗരികമായും ജനാധിപത്യപരമായും മുന്നിട്ട് നില്‍ക്കുന്നവരെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ സൈനികര്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങളെ കുറിച്ച് അവര്‍ എങ്ങനെ പറയും? പവിത്രമായ തങ്ങളുടെ രക്തം കൊണ്ട് ഇസ്രയേല്‍ വംശീയ രാഷ്ട്രത്തിന്റെ തുണിയുരിഞ്ഞു കാണിച്ച അബ്ദുല്‍ ഫത്താഹ് ശരീഫിനെയും ഇബ്‌നു ഖലീലിനെയും ദൈവം അനുഗ്രഹിക്കട്ടെ. സത്യത്തിനും നീതിക്കും അന്തസ്സിനും വേണ്ടി തങ്ങളുടെ രക്തവും ജീവനും സമര്‍പിച്ച മുഴുവന്‍ ഫലസ്തീനികളെയും ദൈവം അനുഗ്രഹിക്കട്ടെ.

വിവ: നസീഫ്‌

Related Articles