Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ ഖാസിം സഖഫി: സിന്ധ് കീഴടക്കിയ യുവനായകന്‍

ഇസ്‌ലാമിക ചരിത്രത്തിലെ മഹാനായ യുവപോരാളിയെ നമുക്ക് പരിചയപ്പെടാം. സിന്ധും പഞ്ചാബും വിജയിച്ചടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ സേവിക്കുന്നതിനുളള അതിയായ ആഗ്രഹം അല്ലാഹു അദ്ദേഹത്തില്‍ നിക്ഷേപിച്ചിരുന്നു. സിന്ധും പഞ്ചാബും അടങ്ങുന്ന(ഇന്നത്തെ പാകിസ്ഥാന്‍) ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യ മുസ്‌ലിം രാഷ്ട്രത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. അക്കാരണത്താല്‍ തന്നെ ധീരന്‍മാരായ വിജയികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേര്‍ ഉയര്‍ന്ന് നില്‍ക്കുന്നു.

ജനനവും വളര്‍ച്ചയും
മുഹമ്മദ് ബിന്‍ ഖാസിം സഖഫി ഹി. 72-ല്‍ ത്വാഇഫിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത്. പിതാമഹനായിരുന്ന മുഹമ്മദ് ബിന്‍ ഹകം സഖീഫ് ഗോത്രത്തിലെ പ്രമുഖനായിരുന്നു. ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് ഹി. 75-ല്‍ ഇറാഖിന്റെയും അമവി രാഷ്ട്രത്തിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെയും ഗവര്‍ണ്ണറായി ഹജ്ജാജ് ബിന്‍ യൂസുഫ് സഖഫി നിശ്ചയിക്കപ്പെട്ടു. ഹജ്ജാജ് പിതൃവ്യനായ ഖാസിമിനെ ബസ്വറയുടെ ചുമതലയേല്‍പ്പിച്ചു. കുട്ടിയായിരുന്ന മുഹമ്മദ് ബിന്‍ ഖാസിമും ബസ്വറയിലേക്ക് പോയി. തന്റെ സൈനിക ആസ്ഥാനമായി ഹജ്ജാജ് വാസിത്വ് പട്ടണം കെട്ടിപടുത്തപ്പോള്‍ അവിടെ താമസിക്കുവാന്‍ ആളുകള്‍ ഇരച്ച് കയറഇ. അവിടെ വളര്‍ന്നു വലുതായ മുഹമ്മദ് ബിന്‍ ഖാസിം കുതിരസവാരിയും സൈനിക പരിശീലനവും സ്വായത്തമാക്കി. യുദ്ധകലയും പോരാട്ട ശൈലികളും കരസ്ഥമാക്കിയ അദ്ദേഹം 17 വയസ് തികയുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന പോരാളിയായി മാറി.

സവിശേഷതകള്‍
യുദ്ധത്തിലെ ആസൂത്രണ പാടവവും ധീരതയും പ്രാവീണ്യവും ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു. 17 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സിന്ധിന്റെ അതിര്‍ത്തിയിലെ സൈനിക നേതൃത്വം ഹജ്ജാജ് അദ്ദേഹത്തെ ഏല്‍പ്പിച്ചു. ചിന്ത, ആസൂത്രണം, നീതി, ഉദാരത എന്നിവയില്‍ മറ്റ് പടയാളികളുമായി തുലനം ചെയ്താല്‍ അദ്ദേഹമായിരുന്നു മികച്ച് നിന്നിരുന്നത്. കുതിരയോട്ടത്തിലും ധീരതയിലും മറ്റുള്ളവര്‍ അദ്ദേഹത്തിനടുത്തെത്തിയിരുന്നില്ല. ശത്രുക്കള്‍ പോലും അംഗീകരിച്ചിരുന്ന കാര്യമായിരുന്നു അത്. അദ്ദേഹത്തിന്റെ നീതിയും വിട്ടുവീഴ്ചയും കണ്ട് അത്ഭുതപ്പെട്ട ഇന്ത്യക്കാര്‍ അദ്ദേഹത്തോട് ശക്തമായ ബന്ധം സ്ഥാപിച്ചു.

മിക്കസാഹചര്യങ്ങളിലും സന്ധിയും സമാധാനവും നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിന് ഹജ്ജാജ് ബിന്‍ യൂസുഫ് ഉപദേശിക്കുകയും ചെയ്തിരുന്നു: ‘ഒരു നാടിനെ നിലനിര്‍ത്താനാണ് നീ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങളോട് നീ കരുണ കാണിക്കുക. നിന്നോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവരോടുള്ള പെരുമാറ്റത്തില്‍ നീ ഉദാരനാവണം. നിന്റെ ശത്രുവിനെ മനസിലാക്കാന്‍ നീ ശ്രമിക്കണം. നിന്നെ എതിര്‍ക്കുന്നവരോട് കനിവ് കാണിക്കണം. നീ ധീരനാണെന്നും യുദ്ധത്തെയും സംഘട്ടനത്തെയും ഭയപ്പെടുന്നില്ലെന്നും ആളുകളെ ധരിപ്പിക്കണം എന്നതാണ് നിനക്ക് നല്‍കാനുള്ള ഏറ്റവും നല്ല ഉപദേശം.’
അങ്ങേയറ്റത്തെ വിനയത്തിനുടമയായിരുന്നു മുഹമ്മദ് ബിന്‍ ഖാസിം. അദ്ദേഹത്തിന്റെ സൈന്യത്തില്‍ തന്റെ പിതാവിനേക്കാള്‍ പ്രായമുള്ളവരും അദ്ദേഹത്തേക്കാള്‍ ശക്തിയുമുള്ളവരുണ്ടായിരുന്നു. എന്നാല്‍ പോലും അവരുടെ നേതൃസ്ഥാനം ലഭിച്ചതിന്റെ പേരില്‍ പൊങ്ങച്ചമോ അഹങ്കാരമോ അദ്ദേഹം കാണിച്ചിരുന്നില്ല. മാത്രമല്ല, അവരോട് കൂടിയാലോചിക്കാതെ അദ്ദേഹം ഒരു തീരുമാനവും എടുത്തിരുന്നില്ല. അദ്ദേഹം വിജയിച്ച സ്ഥലങ്ങളിലെല്ലാം പള്ളികള്‍ നിര്‍മ്മിക്കുകയും ഇസ്‌ലാമിക സംസ്‌കാരം വ്യാപിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

സിന്ധ് വിജയം
സിന്ധിലെ കടല്‍കൊള്ളക്കാര്‍ അവിടത്തെ രാജാവായ ദാഹിറിന്റെ അറിവോടെ ഹി. 90-ല്‍ 18 കപ്പലുകള്‍ പിടിച്ചുവെച്ചു. സറന്‍ദീപില്‍ (ശ്രീലങ്ക) നിന്നും ഖലീഫക്ക് അയച്ച സമ്മാനങ്ങളും നാവികരും മുസ്‌ലിം സ്ത്രീകളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സറന്‍ദീപിലും സിലോണിലും കച്ചവടത്തിലേര്‍പ്പെട്ടിരുന്നവരായിരുന്നു അവരുടെ പിതാക്കന്‍മാര്‍. അവര്‍ അവിടെ വെച്ച് മരണപ്പെട്ടപ്പോള്‍ തിരിച്ചു പോകുകയായിരുന്നു സ്ത്രീകള്‍. അവര്‍ ഹജ്ജാജിന്റെ സഹായം ചോദിച്ച് ഉച്ചത്തില്‍ നിലവിളിച്ചു. ഈ വാര്‍ത്ത ഹജ്ജാജിന്റെ അടുത്തെത്തിയപ്പോള്‍ അവര്‍ക്കുത്തരം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.

സമാധാനപരമായ മാര്‍ഗത്തിലൂടെ സ്ത്രീകളെയും നാവികരെയും മോചിപ്പിക്കാന്‍ ഹജ്ജാജ് ആവശ്യപ്പെട്ടു. എന്നാല്‍ കടല്‍കൊള്ളക്കാര്‍ ചെയ്തതില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് രാജാവ് ദാഹിര്‍ പറഞ്ഞു. ഈ മറുപടി ഹജ്ജാജിനെ പ്രകോപിപ്പിച്ചു. ഒന്നിനു പിറകെ ഒന്നായി സൈന്യത്തെ അയച്ചു. ഒന്നാമത്തേത്ത് അബ്ദുല്ലാഹ് ബിന്‍ നബ്ഹാന്റെ കീഴിലായിരുന്നു. അദ്ദേഹം രക്തസാക്ഷിയായപ്പോള്‍ ബദീല്‍ ബിന്‍ ത്വഹ്ഫയെ അയച്ചു. ലക്ഷ്യം നേടാതെ അദ്ദേഹവും രക്തസാക്ഷിയായി.
തന്റെ പടനായകര്‍ ഓരോരുത്തരായി രക്തസാക്ഷികളായത് ഹജ്ജാജിനെ ദേഷ്യം പിടിപ്പിച്ചു. ആ നാട് കീഴടക്കുമെന്നും അവിടെ ഇസ്‌ലാം വ്യാപിപ്പിക്കുമെന്നും ഹജ്ജാജ് ശപഥം ചെയ്തു. വ്യവസ്ഥാപിതമായ ഒരു പടയോട്ടത്തിന് ഹജ്ജാജ് തീരുമാനിച്ചു. സിന്ധ് കീഴടക്കാന്‍ ചെലവഴിക്കുന്നതിന്റെ ഇരട്ടി രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന വ്യവസ്ഥയില്‍ ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലിക് ഇതിനോട് യോജിച്ചു.

മുസ്‌ലിം സൈന്യത്തെ നയിക്കാന്‍ മുഹമ്മദ് ബിന്‍ ഖാസിം സഖഫിയെയാണദ്ദേഹം തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മനക്കരുത്തും ധൈര്യവും സമര്‍പ്പണവും കണ്ടായിരുന്നു അതിന് പ്രേരിപ്പിച്ചത്. യുദ്ധക്കളത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കി അദ്ദേഹത്തെ ഒരുക്കി. പ്രഗല്‍ഭരായ 20,000 പടയാളികളുള്ള സൈന്യവുമായി മുഹമ്മദ് ബിന്‍ ഖാസിം നീങ്ങി. സൈന്യം ഹി. 90-ല്‍ ഇറാന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മികവുറ്റ യുദ്ധപാടവവും ആസൂത്രണവും പ്രകടമാക്കിയ ഒന്നായിരുന്നു അത്. കിടങ്ങുകള്‍ കുഴിക്കുകയും പതാകകളുയര്‍ത്തുകയും പീരങ്കികള്‍ സ്ഥാപിക്കുകയും ചെയ്തു. വലിയ പാറക്കല്ലുകള്‍ കോട്ടകളിലേക്ക് എറിഞ്ഞ് അതിനെ തകര്‍ക്കാന്‍ ശേഷിയുള്ള കൂറ്റന്‍ പീരങ്കികളും അവയിലുണ്ടായിരുന്നു.
ശേഷം അദ്ദേഹം സിന്ധിലേക്ക് തിരിച്ചു. രണ്ടു വര്‍ഷം കൊണ്ട് പട്ടണങ്ങള്‍ ഒന്നൊന്നായി കീഴ്‌പ്പെടുത്തി. കുതിരപടയാളികള്‍ കിടങ്ങുകള്‍ ചാടികടന്ന് ദാഹിര്‍ രാജാവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നേരിടാന്‍ ഒരുങ്ങി. ഹി. 92-ല്‍ നടന്ന ഈ സംഘട്ടനത്തില്‍ മുസ്‌ലിംകള്‍ വിജയം വരിച്ചു. സിന്ധ് രാജാവ് യുദ്ധത്തില്‍ കൊല്ലപ്പെടുകയും സിന്ധിന്റെ തലസ്ഥാനം മുസ്‌ലിംകളുടെ കയ്യില്‍ വരികയും ചെയ്തു. സിന്ധിലെ ബാക്കി പ്രദേശങ്ങളും അദ്ദേഹം പിന്നീട് ഘട്ടം ഘട്ടമായി ജയിച്ചടക്കി. സിന്ധും പാകിസ്ഥാനിലെ ദേബല്‍ തുറമുഖവും അദ്ദേഹം വിജയിച്ചു. വിജയം തെക്ക് വശത്ത് പഞ്ചാബിലെ മുള്‍ത്താനിലേക്കും തുടര്‍ന്നു. ഹി. 96-ല്‍ മുല്‍ത്താനിനടുത്ത് വെച്ച് വിജയങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. വടക്ക്ഭാഗത്ത് മുഹമ്മദ് ബിന്‍ ഖാസിം എത്തിയ സിന്ധിലും പഞ്ചാബിലും മുസ്‌ലിം ഭരണം സ്ഥാപിക്കുകയും ചെയ്തു.

അന്ത്യം
മുഹമ്മദ് ബിന്‍ ഖാസിം സഖഫിയുടെ വേദനാജനകമായ അന്ത്യം കണ്ണുകളെ ഈറനണിയിപ്പിക്കുന്നതാണ്. യുദ്ധക്കളത്തില്‍ വെച്ച് രക്തസാക്ഷിയായിരുന്നെങ്കില്‍ ധീരമായ അന്ത്യമെന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍ വിദ്വേഷത്തിന് ഇരയാവുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠതയും മാന്യതയും നിറഞ്ഞ ആ വ്യക്തി പ്രഭാവത്തിന് മേല്‍ വ്യജാരോപണങ്ങള്‍ കൊണ്ട് കരിതേക്കുകയായിരുന്നു. തന്റെ എതിരാളിയായ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ പിതൃവ്യ പുത്രനായി എന്നതല്ലാതെ മറ്റൊരു തെറ്റും അദ്ദേഹത്തില്‍ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് കണ്ടിരുന്നില്ല. തന്നെ മുമ്പ് അധികാരത്തില്‍ നിന്ന് നീക്കിനിര്‍ത്തിയ ഹജ്ജാജിനോടുള്ള പ്രതികാരം ഖലീഫ സുലൈമാന്‍,  മുഹമ്മദ് ബിന്‍ ഖാസിമില്‍ തീര്‍ക്കുകയായിരുന്നു.
മുഹമ്മദ് ബിന്‍ ഖാസിമിന്റെ കയ്യാല്‍ കൊല്ലപ്പെട്ട ദാഹിര്‍ രാജാവിന്റെ മകള്‍ തന്നെ വശീകരിച്ചെന്നും ബലാല്‍സംഘം ചെയ്‌തെന്നും മുഹമ്മദ് ബിന്‍ ഖാസിമിനെതിരെ ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് അദ്ദേഹം ഇറാഖിലേക്ക് നീങ്ങുകയും അവിടത്തെ ഗവര്‍ണ്ണറായിരുന്ന സാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ ചങ്ങലയില്‍ ബന്ധിച്ച് വാസിത്വ പട്ടണത്തിലെ ജയിലിലേക്കയച്ചു. മാസങ്ങളോളം അവിടെ ക്രൂര പീഢനങ്ങള്‍ക്കിരയായ ആ വീരയോദ്ധാവ് ഹി. 95-ല്‍ മരണപ്പെട്ടു. ദുഖത്താല്‍ കരയുന്ന വന്‍ ജനാവലി അദ്ദേഹത്തെ യാത്രയയച്ചു. അറബികള്‍ മാത്രമല്ല, സിന്ധിലെ മുസ്‌ലിംകളും ബുദ്ധരും ബ്രാഹ്മണരുമായ ആളുകള്‍ പോലും അതില്‍ ദുഖിച്ചു. അദ്ദേഹത്തെ മറക്കാതെ അനുസ്മരിക്കാന്‍ തങ്ങളുടെ വീടിന്റെ ചുമരികളില്‍ കല്ല് തൂക്കിയിരുന്നു അന്നത്തെ ഹിന്ദുക്കള്‍ എന്ന് ചരിത്രത്തില്‍ കാണാവുന്നതാമ്. മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് 24 വയസ് പോലും പൂര്‍ത്തീകരിച്ചിരുന്നില്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles