Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളും ഫ്രഞ്ച് ലിബറല്‍ ഡെമോക്രസിയും

veiled-france.jpg

2016മാര്‍ച്ച് 31 വ്യാഴാഴ്ച്ച, ഫ്രാന്‍സിലെ കുടുംബകാര്യ, സ്ത്രീ അവകാശകാര്യ മന്ത്രിയായ ലോറന്‍സ് റോസിഗ്നോള്‍ നടത്തിയ പ്രസ്താവന, മുസ്‌ലിംകള്‍ക്കെതിരെയുള്ള വലതുപക്ഷ ഇസ്‌ലാമോഫോബിയക്ക് ആക്രമത്തിന് കൂടുതല്‍ ശക്തിപകരുന്നതായിരുന്നു. സ്വതവേ മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നതില്‍ കുപ്രസിദ്ധരായ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് മന്ത്രിയുടെ പ്രസ്താവന ഒരു പ്രോത്സാഹനം തന്നെയാണ്. ഫ്രാന്‍സ് പോലെയുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ആക്രമിച്ച ഒരു മന്ത്രി, അതേ രാജ്യത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മന്ത്രാലയത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് ഒരു വിരോധാഭാസം തന്നെയാണ്.

മന്ത്രി വിശ്വസിക്കുന്ന ലിബറല്‍ ഡെമോക്രസി അനുസരിച്ച്, മിനിസ്‌കര്‍ട്ടും, ഇറുകിയ ലെഗ്ഗിന്‍സും അടക്കമുള്ള വസ്ത്രങ്ങള്‍ ആര്‍ക്കും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ആ വസ്ത്രങ്ങളെ എല്ലാവരും ബഹുമാനിക്കുകയും വേണം. പക്ഷെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ മതവിശ്വാസമനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലത്രെ.

ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഡോള്‍സെ&ഗബ്ബാന, എച്ച്&എം തുടങ്ങിയ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളുടെ കളക്ഷനുകള്‍ മുസ്‌ലി സ്ത്രീകള്‍ വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍, മുഖാവരണവും ഹിജാബും ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ‘അടിമത്തം സ്വയംവരിച്ച അടിമകള്‍’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ‘ഹിജാബ് ധരിക്കാന്‍ സ്വയം തീരുമാനമെടുത്ത സ്ത്രീകളുണ്ട്. അടിമത്തം സ്വയം വരിച്ച ആഫ്രിക്കന്‍ അമേരിക്കക്കാരും ഉണ്ടായിരുന്നല്ലോ !!’ എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഇത് എല്ലാതരത്തിലും വംശീയമായ അധിക്ഷേപം തന്നെയാണ്. ജൂതമത പ്രമാണങ്ങള്‍ അനുസരിച്ചുള്ള വസ്ത്രധാരണ രീതി അനുധാവനം ചെയ്യുന്ന ജൂത സ്ത്രീകളെ കുറിച്ച് മുസ്‌ലിം സ്ത്രീകളെ കുറിച്ച് നടത്തിയത് പോലുള്ള തീവ്ര പരാമര്‍ശങ്ങള്‍ നടത്താന്‍ മന്ത്രി ധൈര്യം കാണിക്കുമോ?

ജൂത, കാത്തലിക്ക്, പ്രൊട്ടസ്റ്റന്റ് സ്ത്രീകളും ‘അടിമത്തം സ്വയം വരിച്ചവര്‍’ ആണോ? മുസ്‌ലിം സ്ത്രീകളുടെ വസ്ത്രം വളരെ അപകടകരമാണെന്ന് അതേ അഹങ്കാരത്തോടെ തന്നെ റോസിഗ്നോള്‍ അവകാശപ്പെടുന്നു.. ‘അത്തരം ഇസ്‌ലാമിക് കളക്ഷ്‌നുകള്‍, ഫ്രാന്‍സിലെ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നല്‍കുന്നത്..’

‘സ്ത്രീകളുടെ ശരീരങ്ങളെ കെട്ടിപൂട്ടി വെക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്’ ഹിജാബ് എന്ന് മന്ത്രി വാദിക്കുന്നു..

ഇസ്‌ലാമിക വസ്ത്രധാരണ രീതി അനുധാവനം ചെയ്യാന്‍ സ്വയം തീരുമാനിച്ച ഫ്രാന്‍സിലെ മുസ്‌ലിം സ്ത്രീകളെ കുറിച്ച് ആശങ്കപ്പെടുന്ന മന്ത്രി പക്ഷെ, പരസ്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്നതിനെതിരെ ഒരക്ഷരം പോലും ഇതുവരെ മിണ്ടിയിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആധുനിക പരസ്യ വിപണി സ്ത്രീ ശരീരത്തെ ഒരു മാര്‍ക്കറ്റിംഗ് ഉപകരണമാക്കി മാറ്റി പണം കൊയ്യുകയാണ്. വില കൂടിയ കാര്‍, വാച്ച്, പെര്‍ഫ്യൂം അല്ലെങ്കില്‍ ഒരു ഇലക്ട്രോണിക് ഉപകരണം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സ്ത്രീ നഗ്നതയെ പ്രദര്‍ശിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പരസ്യങ്ങള്‍. ബിക്കിനിയില്‍ നില്‍ക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുന്ന പരസ്യങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ രണ്ട് ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. ഒന്ന്, ആ ഉല്‍പ്പന്നം, രണ്ട് നഗ്നമായ സ്ത്രീ ശരീരങ്ങള്‍.

അടുത്തകാലത്ത്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ വെച്ച് ‘ലൈംഗിക പീഢന’ കേസില്‍ ആരോപണ വിധേയരായ ഫ്രാന്‍സില്‍ നിന്നുള്ള യു.എന്‍ സൈനികരെ കുറിച്ച് എന്തെങ്കിലുമൊന്ന് പറയേണ്ടതായിരുന്നു ഫ്രാന്‍സിന്റെ സ്ത്രീ അവകാശകാര്യ മന്ത്രി. യു.എന്‍, ഫ്രഞ്ച് സമാധാനദൗത്യ സേന കുട്ടികളെ അടക്കം പീഢിപ്പിച്ചതായി 2016 ഏപ്രില്‍ 1 വെള്ളിയാഴ്ച്ച അല്‍ജസീറ.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014-ല്‍ ഒരു ഫ്രഞ്ച് മിലിറ്ററി കമാണ്ടര്‍ തങ്ങളെ കെട്ടിയിട്ട് നായകളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ യു.എന്‍ സ്റ്റാഫുകളോട് പറഞ്ഞതായും വാര്‍ത്തിയിലുണ്ടായിരുന്നു.

യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ലഭ്യമാവുന്ന തരത്തില്‍, സ്ത്രീകളുടെ നഗ്നശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പത്തോളം മാഗസിനുകള്‍ ഫ്രാന്‍സില്‍ ഉടനീളം വില്‍ക്കപ്പെടുന്നതിനെ കുറിച്ചുള്ള ഒരു വിമര്‍ശനാത്മക നിലപാട് മന്ത്രിയില്‍ നിന്നും കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഫിലിം ഇന്‍ഡസ്ട്രിയില്‍ സ്ത്രീ ശരീരത്തെ ഒരു ലൈംഗിക ഉപകരണമാക്കി ചൂഷണം ചെയ്യുന്നതിനെ കുറിച്ച് വിവേകപൂര്‍ണ്ണമായ ഒരു വാക്ക് കേള്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ മറ്റു ഭാഗങ്ങളിലെന്ന പോലെ, ഫ്രാന്‍സിലും, കുട്ടികള്‍ക്കും യുവാക്കള്‍ക്കും കാണാന്‍ സാധിക്കുന്ന തരത്തില്‍ നിരവധി അഡള്‍ട്ട് ടി.വി ചാനലുകളുണ്ട്. ഇതെല്ലാം തന്നെ കുട്ടികളുടെയും യുവാക്കളുടെയും ധാര്‍മികവും മാനസികവുമായ വളര്‍ച്ചക്ക് വളരെയധികം ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല.

സ്ത്രീകളെ കുറിച്ച് അതിതീവ്രമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ, ഫ്രഞ്ച് മുസ്‌ലിംകളെ കൂടുതല്‍ അകറ്റി നിര്‍ത്താനാണ് ഫ്രഞ്ച് മിനിസ്റ്റര്‍ റോസിഗ്നോള്‍ ലക്ഷ്യം വെക്കുന്നത്. ഇത് സമുദായങ്ങള്‍ തമ്മിലുള്ള വിടവ് കൂടുതല്‍ വലുതാക്കുന്നതിലേക്കും, ‘ഞങ്ങള്‍’ ‘അവര്‍’ വിഭജനം കൂടുതല്‍ ശക്തിപ്പെടുന്നതിലേക്കും നയിക്കും. ‘ഞങ്ങള്‍’ പരിഷ്‌കൃതര്‍, ‘അവര്‍’ അപരിഷ്‌കൃതര്‍, ‘ഞങ്ങള്‍’ ഉടമകള്‍, ‘അവര്‍’ അടിമകള്‍ എന്ന കോളനിയുഗ യുക്തിയെ ആണ് മന്ത്രിയുടെ പ്രസ്താവന ഓര്‍മപ്പെടുത്തുന്നത്.

യൂറോപ്പിലെ മുസ്‌ലിംകള്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന ഭയം ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് വലതുപക്ഷ സംഘങ്ങള്‍ വളരാന്‍ ഇടയാക്കുന്ന പ്രശ്‌നകലുഷിതമായ അന്തരീക്ഷത്തിന്റെ സൃഷ്ടിപ്പിലേക്ക് നയിക്കുന്നത്. 2016 ഏപ്രില്‍ 2 ശനിയാഴ്ച്ച, ബ്രസല്‍സില്‍ വെച്ച് ഒരു മുസ്‌ലിം സ്ത്രീക്ക് മേല്‍ കാര്‍ ഇടിച്ച് കയറ്റാന്‍ ഒരു തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ തീരുമാനിച്ചിരുന്നു. ഇത്തരം വെറുപ്പുല്‍പ്പാദിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ വര്‍ദ്ധിക്കാന്‍ മാത്രമേ സാധ്യതയുള്ളു.

ഇസ്‌ലാമോഫോബിയ വര്‍ദ്ധിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ കൈകൊളളാന്‍ നയരൂപകര്‍ത്താക്കള്‍ തയ്യാറാകുമോ എന്നതാണ് ചോദ്യം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles