Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളും നിരീശ്വര ഭീകരവാദികളും

hijab1.jpg

ഓരോ ഭീകരാക്രമണത്തെയും, നമുക്ക് സംഭവിക്കുന്ന ഓരോ ദുരന്തത്തെയും, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറിപറയാനും ആക്ഷേപിക്കാനുമുള്ള ഒരു അവസരമായി മാറ്റുന്നതില്‍ തീവ്രവലതുപക്ഷം മാത്രമല്ല മുന്‍പന്തിയില്‍ നില്‍ക്കുന്നത്, സ്വയം പ്രഖ്യാപിത പ്രബുദ്ധ ലിബറലുകളും അക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പൊതുവിലും, മുസ്‌ലിം സ്ത്രീകളെ പ്രത്യേകിച്ചും ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ അവര്‍ക്കിടയിലെ പ്രത്യയശാസ്ത്ര രാഷ്ട്രീയ വ്യത്യസ്തതകള്‍ മാഞ്ഞ് പോകുന്നത് കാണാം. യുക്തിവിചാരത്തിന്റെ പേരിലുള്ള ആകര്‍ഷണീയമായ കപടവാചാടോപങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നവനിരീശ്വരവാദികളായ സാം ഹാരിസ്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, അന്തരിച്ച ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്നിവരും മറ്റു തീവ്രവലത് പക്ഷക്കാരും തമ്മില്‍ വലിയ വ്യത്യാസമൊന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല.

മുസ്‌ലിം സ്ത്രീകളുടെ ഹിജാബ്, അയഞ്ഞ വസ്ത്രധാരണം, നീളമുള്ള സ്‌കെര്‍ട്ടുകള്‍ എന്നിവയാണ് അവരെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ കാര്യങ്ങള്‍. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ഇസ്‌ലാമിനെയും മുസ്‌ലിം ലോകത്തെയും അതിന്റെ മൂര്‍ത്തഭാവത്തില്‍ പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങള്‍. അവരുടെ കണ്ണിലാകട്ടെ, ഒരു കറുത്ത തുണി കൊണ്ട് പൊതിഞ്ഞ് കെട്ടിയ കേവലം ശവശരീരങ്ങള്‍ മാത്രമാണ് ഞങ്ങള്‍. കീഴൊതുങ്ങലിന്റെയും, പിന്നാക്കാവസ്ഥയുടെയും, അജ്ഞതയുടെയും, സ്വയം നിര്‍ണയാവകാശമില്ലാത്തതിന്റെയും അടയാളങ്ങളാണത്രെ ഞങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാമും മുസ്‌ലിം ലോകവും എല്ലാ അര്‍ത്ഥത്തിലും പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രമാണെന്നതിന്റെ അടയാളമാണത്രെ ഞാന്‍ തലയിലണിഞ്ഞിരിക്കുന്ന ഒരു ചെറിയ കഷ്ണം തുണി. അതുകൊണ്ട് തന്നെ, ഞങ്ങള്‍ ചെയ്തിട്ടില്ലാത്ത, ചെയ്യാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത ഞങ്ങളുടെ മതത്തിന്റെ പേരില്‍ ചെയ്യപ്പെട്ട എല്ലാ ബുദ്ധിമോശങ്ങളുടെയും ഉത്തരവാദിത്വം മുസ്‌ലിം സ്ത്രീകള്‍ക്കാണെന്നാണ് അവര്‍ പറയുന്നത്.

പാരിസ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ അവരുടെ ഹിജാബ് അഴിച്ച് വെക്കണമെന്ന് ആവശ്യപ്പെട്ട നവനിരീശ്വരവാദ പ്രബോധകന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രസ്താവന തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. ഹിജാബ് ‘ഇസ്‌ലാമില്‍ നിര്‍ബന്ധമില്ല’ എന്ന് ഫത്‌വ നല്‍കിയ ഇവാഞ്ചലിസ്റ്റ് നവനിരീശ്വരവാദ പ്രബോധകന്‍, അത് അഴിച്ച് വെക്കാന്‍ മുസ്‌ലിം സ്ത്രീകളെ വെല്ലുവിളിച്ച് കൊണ്ട് പറഞ്ഞു, ‘പാരീസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഹിജാബ് അഴിച്ച് വെക്കാന്‍ കഴിയുമോ?’

കരുതികൂട്ടി പടച്ചുണ്ടാക്കുന്ന സാമാന്യവല്‍ക്കരണത്തിലൂടെയും, നമ്മോട് കൈവരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്ന ശാസ്ത്രീയചിന്തയുടെ എല്ലാ തത്വങ്ങള്‍ക്കും കടകവിരുദ്ധവുമായാണ് തികച്ചും വിരുദ്ധതലങ്ങളില്‍ നില്‍ക്കുന്ന വിഷയങ്ങള്‍ തമ്മിലും, പാരീസ് ഭീകരാക്രമണവും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതികള്‍ തമ്മിലും ഡോക്കിന്‍സ് ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തത്. അങ്ങനെ ഞാനടക്കമുള്ള ലോകത്തെ മില്ല്യണ്‍ കണക്കിന് വരുന്ന മുസ്‌ലിം സ്ത്രീകള്‍ തങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയും, നിരപരാധിത്വം തെളിയിക്കാന്‍ പെടാപ്പാട് പെടുകയും ചെയ്യേണ്ടി വന്നു.

1) വംശീയതയില്‍ അധിഷ്ടിതമായ തീവ്രലതുപക്ഷ വാദങ്ങളെ പുനരുല്‍പ്പാദിപ്പിക്കുന്നതും, മറ്റുള്ളവരെ മ്ലേച്ഛന്മാരായി കണ്ട് പുറന്തള്ളുന്നതുമായ പ്രവണതയുടെയും, 2) ആണ്‍ക്കോയ്മയുടെയും പുറത്താണ് ഇത്തരം നികൃഷ്ട വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെ അവസ്ഥകള്‍ പരിശോധിക്കുന്നതില്‍ മാത്രം സായുധ നവനിരീശ്വരവാദികള്‍ സംതൃപ്തരല്ല. മുസ്‌ലിം സ്ത്രീകള്‍ പുറത്ത് പറയാതെ അകത്ത് സഹിക്കുന്ന ജീവിതയാതനകള്‍ക്ക് പരിഹാരം കാണണമെന്നും, തടവറക്കുള്ളില്‍ നിന്നും അവരെ മോചിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

പ്രാകൃതസമൂഹങ്ങളോട് കോളോനിയല്‍ അധിനിവേശകര്‍ വെച്ച് പുലര്‍ത്തിയ മനോഗതിയോട് അവരുടെ വാദങ്ങള്‍ക്കുള്ള സാമ്യത ശ്രദ്ധിക്കുക. അവര്‍ ആദ്യം പ്രാകൃതസമൂഹങ്ങളുടെ അവസ്ഥകള്‍ ‘ശാസ്ത്രീയമായും’, ‘വസ്തുനിഷ്ഠമായും’ വിശകലനം ചെയ്യാന്‍ തുടങ്ങും, എന്നിട്ട് അവരെ പിന്നാക്കക്കാരായും, വിധേയത്വമുള്ളവരായും, നിശ്ചലരായും മുദ്രകുത്തികൊണ്ട് പുറന്തള്ളും. ഡോക്കിന്‍സിന്റെയും സായുധ നിരീശ്വരവാദികളുടെയും വാക്കുകളില്‍ പറഞ്ഞാല്‍, ഹിജാബിന്റെ കറുത്ത തടവറയില്‍ നിന്നും, അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ച്, യുക്തിചിന്ത പ്രദാനം ചെയ്ത് മുസ്‌ലിം സ്ത്രീകളെ സ്വതന്ത്ര മനുഷ്യരാക്കി മാറ്റുക എന്നതാണത്രെ അവരുടെ ലക്ഷ്യം.

പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളും, വിമര്‍ശന സിദ്ധാന്തങ്ങളുമെല്ലാം തന്നെ അവരുടെ വാദങ്ങളിലെ വൈരുദ്ധ്യങ്ങളും മറ്റും തുറന്ന് കാട്ടിയിട്ടുണ്ടെങ്കിലും, വിരോധാഭാസമെന്ന് പറയട്ടെ, പരിണാമവാദിയായ ഡോക്കിന്‍സ് മുസ്‌ലിംകളുടെ കാര്യത്തില്‍ പരിണാമവാദത്തെ നിഷേധിച്ചു കൊണ്ട് 19-ാം നൂറ്റാണ്ടില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. യുക്തിചിന്ത, ശാസ്ത്രം, വസ്തുനിഷ്ഠത, മതത്തിനും മിഥ്യാധാരണങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം തുടങ്ങിയവയില്‍ ഡോക്കിന്‍സിന്റെ വാദങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാല്‍, അവയെല്ലാം തന്നെ ഊതിവീര്‍പ്പിക്കപ്പെട്ട പൊള്ളയായ യൂറോ കേന്ദ്രീകൃത അഹംഭാവവും അഹങ്കാരവുമല്ലാതെ മറ്റൊന്നുമല്ലെന്ന് നമുക്ക് മനസ്സിലാകും.

നിരീശ്വരവാദത്തിലോ ഈശ്വരവിശ്വാസത്തിലോ എന്തെങ്കിലും പ്രത്യേക മഹത്വമില്ലെന്നതാണ് സത്യം. തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് രണ്ടും. നവനിരീശ്വരവാദ പ്രബോധകര്‍ കരുതുന്നത് പോലെ അതിന്റെ പേരില്‍ സ്വയം പ്രശംസിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് രണ്ടിലും ഇടമില്ല. മതഭ്രാന്ത് പിടിച്ചവര്‍ മതത്തിലുണ്ടെന്നത് പോലെ തന്നെ അസഹിഷ്ണുക്കളായ അഹങ്കാരികള്‍ നിരീശ്വരവാദികള്‍ക്കിടയിലുമുണ്ടെന്നതാണ് വാസ്തവം.

സ്ത്രീകളെ ആക്ഷേപിക്കുകയും അവരുടെ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ മറച്ച് വെക്കണമെന്നും തുറന്നിടണമെന്നും ക്ലാസ് എടുത്ത് കൊടുക്കുകയും ചെയ്യുന്നതില്‍ എന്ത് മഹത്വമാണുള്ളത്. ഹിജാബ് ധരിക്കണമെന്ന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ച ഒരു മുസ്‌ലിം സ്ത്രീയാണ് ഞാന്‍. ഞാന്‍ എന്റെ തലമറക്കണോ വേണ്ടയോ, മുടിയിഴകളില്‍ നീല, പര്‍പ്പിള്‍ ചായം പൂശണോ എന്നതിലൊന്നും തന്നെ ഡോക്കിന്‍സ് വാദികളും, ലിബറലുകളും ഇടപെടേണ്ട കാര്യമില്ല. എന്റെ തലയിലെ മുടി എന്റേതാണ്, ഞാനത് എനിക്കിഷ്ടമുള്ളത് പോലെ കൊണ്ട് നടക്കുകയും ചെയ്യും!!

ഞാന്‍ എന്ത് ധരിക്കണം, ധരിക്കരുത് എന്നൊക്കെയുള്ള എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്ന ഇസ്‌ലാമോഫോബിസ്റ്റുകളോട് പറയാനുള്ളത് തന്നെയാണ്, എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിക്കാന്‍ വരുന്ന സലഫീ മതഭ്രാന്തന്‍മാരോടും എനിക്ക് പറയാനുള്ളത്. മതത്തിന്റെയോ ശാസ്ത്രത്തിന്റോയോ, വിശ്വാസത്തിന്റെയോ നിരീശ്വരവാദത്തിന്റെയോ മുഖംമൂടിയണിയിച്ച് കൊണ്ട് വന്നാലും ശരി സ്ത്രീവിരുദ്ധത ആര് പറയുന്നോ അവരെയെല്ലാം ഞാന്‍ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles