Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പിന്നോക്കാവസ്ഥ; പ്രതി ഇസ്‌ലാമോ?

മുസ്‌ലിംകളായ നമ്മള്‍ എങ്ങനെയാണ് മനുഷ്യകുലത്തിന്റെ ഏറ്റവും പിന്നിലായി പോയതെന്ന് പലയിടത്തു വെച്ചും പല മുസ്‌ലിംകളും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്. ദുര്‍ബലര്‍ പോലും നമ്മെ പരാജയപ്പെടുത്തുന്നു. ഭീരുക്കള്‍ പോലും നമുക്കെതിരെ ധൈര്യം കാണിക്കുന്നു. നിന്ദ്യന്‍മാര്‍ പോലും നമുക്കെതിരെ പ്രതാപം കാണിക്കുന്നു. ജീവനില്‍ ഏറ്റവുമധികം കൊതിയുള്ളവരും അങ്ങേയറ്റം ഭീരുക്കളും പണത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ പിശുക്കന്‍മാരുമായ ജൂതന്‍മാര്‍ പോലും നമ്മുടെ മേല്‍ മേല്‍ക്കൈ നേടുന്നു. എന്താണ് നമുക്ക് പറ്റിയതെന്നാണ് അവരെല്ലാം ചോദിക്കുന്നത്.

വികസിത രാഷ്ട്രങ്ങളുടെ കൂട്ടത്തലല്ല നാം മുസ്‌ലിംകള്‍ എണ്ണപ്പെടുന്നത്. അതായത് മൂന്നാം ലോകത്തെ അവികസിത രാജ്യങ്ങളുടെ കൂട്ടത്തിലാണ്. ഒരു നാലാം ലോകം ഉണ്ടായിരുന്നെങ്കില്‍ അവിടെയാകുമായിരുന്നു നമ്മുടെ സ്ഥാനം.

എല്ലാറ്റിലും മറ്റുള്ളവരെ ആശ്രയിക്കുന്നവരല്ലേ മുസ്‌ലിം രാഷ്ട്രങ്ങള്‍? നമുക്കാവശ്യമായ ഭഷ്യവസ്തുക്കളുടെ പകുതിയിലേറെയും മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വന്നിട്ട് വേണം. കാര്‍ഷിക മേഖലയില്‍ മാത്രമല്ല വ്യാവസായിക മേഖലയിലും മറ്റുള്ളവരെ ആശ്രയിച്ചാണ് നാം നിലകൊള്ളുന്നത്. നമ്മുടെ രക്ഷക്കുള്ള ആയുധങ്ങള്‍ പോലും മറ്റുള്ളവര്‍ തന്നിട്ട് വേണം. ഒരു വിമാനമോ യുദ്ധ ടാങ്കോ നാമിതുവരെ നിര്‍മിച്ചിട്ടില്ല.

ഇസ്‌ലാമാണോ നമ്മുടെ പിന്നോക്കാവസ്ഥയുടെ ഉത്തരവാദി?
മുസ്‌ലിംകളുടെ ഈ ദുരവസ്ഥക്ക് കാരണം ഇസ്‌ലാമാണോ? മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയുടെയും ദൗര്‍ബല്യത്തിന്റെയും അജ്ഞതയുടെയും നിന്ദ്യതയുടെയും കാരണം അവരുടെ ദീനാണെന്നാണ് ചില മതേതരവാദികളും മതമില്ലാത്തവരും കമ്മ്യൂണിസ്റ്റുകളും പറയുന്നത്. അതില്‍ എത്രത്തോളം ശരിയുണ്ട്? എന്ത് തെറ്റാണ് ഇസ്‌ലാം ചെയ്തത്? ഒരാള്‍ രോഗം വന്ന് ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ അയാള്‍ക്ക് നല്‍കേണ്ട ചികിത്സയും മരുന്നുകളും ഡോകര്‍ നിര്‍ദേശിച്ചു കൊടുക്കുന്നു. എന്നാല്‍ ആ വ്യക്തി ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുകയോ മരുന്നുകള്‍ ശരിയാംവണ്ണം കഴിക്കുകയോ ചെയ്യുന്നില്ല. എന്നിട്ട് രോഗം മാറാത്തതിന് ഡോക്ടറെ പഴിക്കുന്നത് പോലെയാണിത്.

അപ്പോള്‍ എന്ത് അപരാധമാണ് ഇസ്‌ലാം നമ്മോട് ചെയ്തത്? ശക്തരാവാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാല്‍ നാം ദുര്‍ബലരാണ്. ഇസ്‌ലാം ഒറ്റക്കെട്ടായി നിലകൊള്ളാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നാം ഭിന്നിച്ച് പല കഷ്ണങ്ങളായി കിടക്കുകയാണ്. ഇസ്‌ലാം കല്‍പിച്ചിട്ടുള്ളത് സാഹോദര്യമാണ്. എന്നാല്‍ പരസ്പര ശത്രുതയിലാണ് നാം. എല്ലാറ്റിലും ക്രമവും വ്യവസ്ഥയുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. എന്നാല്‍ നമുക്കിടയിലുള്ള അരാജകത്വവും ക്രമരാഹിത്യവുമാണ്. കെട്ടുറപ്പുള്ള ഒരു കെട്ടിടം പോലെ പരസ്പരം ശക്തിപ്പെടുത്തുന്നവരായി നിലകൊള്ളാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. നാമോ പരസ്പരം ശത്രുത വെച്ചുപുലര്‍ത്തുന്നവരും പോരടിക്കുന്നവരും.

കെട്ടുകഥകളെ മതമായി സ്വീകരിച്ചവരുടെ കാര്യത്തില്‍ അവരുടെ മതമാണ് അവരുടെ ദുരവസ്ഥക്ക് കാരണമെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ശരിയായേക്കും. വിശ്വാസകാര്യങ്ങള്‍ പോലും കെട്ടുകഥകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ചില വ്യക്തികളെയാണവര്‍ പിന്തുടരുന്നത്. ആരാധനാകര്‍മങ്ങളില്‍ ബിദ്അത്തുകള്‍ അവരുണ്ടാക്കുന്നു. ദീനിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍ ദീന്‍ അതിന് ഉത്തരവാദിയല്ല.

എന്നാല്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിച്ചു തന്നിട്ടുള്ള ഇസ്‌ലാമിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്. സഹാബിമാരുടെയും താബിഇകളുയും ദീനാണത്. അതിലാണ് നാം വിശ്വസിക്കുന്നത്. അതിലേക്കാണ് നാം ആളുകളെ ക്ഷണിക്കുന്നത്. പ്രസ്തുത ഇസ്‌ലാം അത് മുറുകെ പിടിക്കുന്നവരുടെ പിന്നോക്കാവസ്ഥക്കല്ല, ഉണര്‍ച്ചക്കാണ് കാരണമാവേണ്ടത്. മുസ്‌ലിം ഉമ്മത്തിന്റെ പ്രവാചകന്റെ കാലം മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്കത് ബോധ്യമാവും. ഈ സമുദായം ഇസ്‌ലാമിനോട് ചേര്‍ന്നു നില്‍ക്കുകയും അതിനെ മനസ്സിലാക്കേണ്ട രൂപത്തില്‍ മനസ്സിലാക്കി പ്രായോഗവല്‍കരിക്കുകയും ചെയ്തപ്പോഴെല്ലാം അവര്‍ക്ക് വളര്‍ച്ചയും പുരോഗതിയും പ്രതാപവും വിജയങ്ങളും ഉണ്ടായിട്ടുണ്ട്. ശത്രുക്കളെ അതിജയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ആന്തരികവും ബാഹ്യവുമായ ശക്തി അവര്‍ക്കുണ്ടായിരുന്നു. ചരിത്രം വായിക്കുമ്പോള്‍ വളരെ വ്യക്തമായി അത് കാണാം.
(1997 സെപ്റ്റംബര്‍ 19ന് ദോഹയിലെ ജാമിഅ് ഉമര്‍ ബിന്‍ ഖത്താബില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ നിന്നും)

വിവ: നസീഫ്‌

Related Articles