Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം നിരോധവും ഇസ്‌ലാം ഭീതിയും

us-muslim-ban.jpg

മാര്‍ച്ച് ആറ് തിങ്കളാഴ്ചയാണ് മുസ്‌ലിംകള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ് വിഞ്ജാപനം പുറപ്പെടുവിക്കുന്നത്. മുസ്‌ലിം നിരോധനത്തെക്കുറിച്ച ട്രംപിന്റെ രണ്ടാമത്തെ പ്രഖ്യാപനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കുകയുണ്ടായി. മാത്രമല്ല, വിസയും ഗ്രീന്‍ കാര്‍ഡുമുള്ളവരെ നിയന്ത്രിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. കൂടാതെ അമേരിക്കക്ക് ഭരണഘടനാപരമായ വെല്ലുവിളിയുയര്‍ത്തുന്ന എല്ലാ ചലനങ്ങളെയും തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

മാര്‍ച്ച് 5 ഞായറാഴ്ചയാണ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ തന്റെ വീടിന് മുമ്പില്‍ വെച്ച് ഒരു സിക്കുകാരന് വെടിയേറ്റത്. ദീപ് റായ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വെടിവെച്ചയാള്‍ അദ്ദേഹത്തോട് സ്വന്തം രാജ്യത്തേക്ക് പോകുക എന്നാക്രോശിച്ചാണത് ചെയ്തത്. അതിന് ശേഷമാണ് ഇന്ത്യന്‍ വംശജനായ മറ്റൊരുത്തനെ കന്‍സാസ് നഗരത്തില്‍ വച്ച് കൊലപ്പെടുത്തിയത്. അവനോടും വെടിവെക്കുന്നതിന് മുമ്പ് രാഷ്ട്രം വിട്ടു പോകാന്‍ ആവശ്യപ്പെടുകയുണ്ടായി. ഫെബ്രുവരി 24 നാണ് അവന്‍ വെടിയേറ്റ് മരിക്കുന്നത്.

ട്രംപിന്റെ ആദ്യത്തെ മുസ്‌ലിം വിലക്ക് പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷമാണ് ശ്രീനിവാസ് കുച്ചിബോട്ട്‌ല കൊല്ലപ്പെടുനന്ത്. ട്രംപിന്റെ പ്രഖ്യാപനം ഒരുപാട് പ്രതിഷേധങ്ങള്‍ക്കും നിയമപരമായ വെല്ലുവിളികള്‍ക്കും വഴിവെക്കുകയുണ്ടായി. ട്രംപിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായിരുന്നു അത്. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ട്രംപ് മുസ്‌ലിം വിഷയത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി പുതിയ പ്രഖ്യാപനം നടത്തുകയുണ്ടായി.

ഒറ്റനോട്ടത്തില്‍ മുസ്‌ലികള്‍ക്കെതിരായ അക്രമവും മുസ്‌ലിംകളാണെന്ന് കരുതി റായ്, കുച്ചിബോട്ട്‌ല എന്നിവര്‍ അക്രമിക്കപ്പെടുന്നതും മുസ്‌ലിം നിരോധവുമായ ബന്ധമില്ലാത്ത സംഭവങ്ങളോ അല്ലെങ്കില്‍ നേരിയ തോതില്‍ മാത്രം ബന്ധമുള്ളവയോ എന്നൊരുപക്ഷെ നമുക്ക് തോന്നിയേക്കാം.

മുസ്‌ലിം നിരോധം എന്നത് ഒരു രാഷ്ട്ര നയമാണെങ്കില്‍ റായിയെപ്പോലുള്ളവര്‍ ആക്രമിക്കപ്പെടുന്നത് ചില സ്വകാര്യവ്യക്തികളുടെ തലതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. ഇസ്‌ലാം ഭീതിയും അന്യദേശ ഭീതിയും കലര്‍ന്ന രാഷ്ട്രീയക്കാരുടെ ജല്‍പ്പനങ്ങള്‍ പൗരന്‍മാരില്‍ വിദ്വേഷമാണ് കുത്തിവെക്കുന്നത്. അതേസമയം ഗവണ്‍മെന്റിന്റെ നിയമവും നയവും ഭ്രാന്തന്‍ വീക്ഷണങ്ങള്‍ അംഗീകരിക്കുകയും മുസ്‌ലിംകള്‍ക്കും മുസ്‌ലിംകളാണെന്ന് കരുതപ്പെടുന്നവര്‍ക്കുമെതിരെ അക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈ വൈരുധ്യാത്മകതയിലൂടെ ഭരണകൂടം മുസ്‌ലിം സ്വത്വത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയോ നിയമത്തിന് കീഴില്‍ സംശയാസ്പദമായി നിലനിര്‍ത്തുകയും ചെയ്തു. അങ്ങനെ തങ്ങളുടെ പൗരന്‍മാരോട് ‘രാഷ്ട്രത്തിന് പുറത്ത് പോകേണ്ട ഭീകരനെ’തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദേശീയ പദ്ധതിയുടെ ഭാഗമാകാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

ഭരണകൂടവും രാഷ്ട്രത്തിലെ പൗരന്‍മാരും മുസ്‌ലിംകളുടെ മേല്‍ ചാര്‍ത്തുന്ന കുറ്റബോധമാണ് ഇസ്‌ലാം ഭീതി എന്ന് പറയുന്നത്. എന്നാല്‍ ഇതൊരു വൈരുധ്യാത്മക പ്രവര്‍ത്തനം കൂടിയാണ്. അഥവാ, മുസ്‌ലിം നിരോധമോ തീവ്രവാദത്തിനെതിരെ എന്ന് പറയപ്പെടുന്ന നയങ്ങളിലൂടെയോ ഭരണകൂടം മുസ്‌ലിംകളെ ഭീകരതയുമായി സമീകരിക്കുകയും അതോടൊപ്പം മുസ്‌ലിംകള്‍ക്കെതിരെ പൗരന്‍മാര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുകയും അവരെ അക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍ തന്നെ മുസ്‌ലിം നിരോധം പോലുള്ള ഇസ്‌ലാമോഫോബിയ നയങ്ങള്‍ കുടിയേറ്റത്തെയോ ദേശീയ സുരക്ഷാ നയത്തെയോ മാത്രമല്ല ബാധിക്കുക. അവയുടെ നിയമപരമായ പ്രതിഫലനം വലിയൊരു ദുരന്തത്തിന്റെ ഒരു വശം മാത്രമാണ്. മുസ്‌ലിം സ്വത്വം ഭീകരതയാണെന്നും ഭീഷണിയാണെന്നുമൊക്കെയുള്ള ഇസ്‌ലാം ഭീതി ഉല്‍പ്പാദിപ്പിക്കുന്ന വ്യവഹാരങ്ങളെ അംഗീകരിക്കുന്നതിലൂടെ ഭരണകൂടം നടപ്പിലാക്കുന്ന ഇസ്‌ലാം ഭീതിയിലധിഷ്ഠിതമായ നയങ്ങളും പരിപാടികളും വിനാശകരമായ വാര്‍പ്പുമാതൃകകളെയാണ് സൃഷ്ടിക്കുന്നത്. അത്‌പോലെത്തന്നെ മുസ്‌ലിംകളെയും മുസ്‌ലിംകളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സമുദായങ്ങളെയും ഭീഷണിപ്പെടുത്തുന്ന രാഷ്ട്ര പൗരന്‍മാരുടെ നടപടികളെ ഭരണകൂടം പിന്തുണക്കുകയും ചെയ്യുന്നു.

ട്രംപ് കാലത്ത് ഇതാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. അയാളുടെ രാഷ്ട്രീയ വാചാടോപവും നയങ്ങളും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങല്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വ്യക്തികള്‍ നടത്തുന്ന ഇസ്‌ലാം ഭീതി മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് സിക്കുകാര്‍, അറബ്-മിഡില്‍ ഈസ്റ്റേണ്‍ ക്രൈസ്തവര്‍, സൗത്തേഷ്യയിലെ ഹിന്ദുക്കള്‍, കിഴക്കന്‍ ആഫ്രിക്കയിലെ അമുസ്‌ലിംകള്‍, മുസ് ലിംകളെപ്പോലെ തോന്നിക്കുന്ന മറ്റ് സമുദായങ്ങള്‍ എന്നിവരെല്ലാം ഇസ് ലാം ഭീതിയുടെ ഇരകളാണ്.

അതിനാല്‍ തന്നെ ഇസ്‌ലാം ഭീതിയില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള രാഷ്ട്ര നയങ്ങള്‍ മുസ്‌ലിംകളെ മാത്രമല്ല, മറിച്ച് ഇതര രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവരെയെല്ലാം പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിയമം എന്നത് വെറുമൊരു നിയമത്തിനുമപ്പുറമാണ്. അമേരിക്കയിലേക്ക് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് വരുന്ന കുടിയേറ്റക്കാരെ മാത്രമല്ല മുസ്‌ലിം നിരോധ നയം ബാധിക്കുക. വേറെയും ഒരുപാട് സമുദായങ്ങളെ അത് ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

ഇതിന്റെ നേരിട്ടുള്ള ഫലം എന്നത് അമേരിക്കയിലേക്കുള്ള ഈ രാഷ്ട്രങ്ങളിലെ പൗരന്‍മാരുടെ യാത്രാവിലക്കാണെങ്കിലും വേറെയും ഒരുപാട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അതിനുണ്ട്. ഇസ്‌ലാമിന് മേല്‍ മാത്രം ചാര്‍ത്തപ്പെടാവുന്ന ഒന്നാണ് ഭീകരത എന്ന ആശയമാണ് മുസ്‌ലിം നിരോധം ബലപ്പെടുത്തുന്നത്. നിയമപരമായ പരിരക്ഷയുണ്ടായിട്ടും നിയമം കൈയ്യിലെടുക്കുന്നവരുടെ ആക്രമണങ്ങള്‍ക്കാണ് മുസ്‌ലിംകളും മുസ്‌ലിംകളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരും ഇരയാകുന്നത്.

പള്ളികള്‍ക്കെതിരായ അക്രമണങ്ങള്‍, മഫ്ത ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, ഇടത്-വലത് രാഷ്ട്രീയമേഖലകളില്‍ നിന്ന് വരുന്ന മുസ്‌ലിം വിരുദ്ധ വ്യവഹാരങ്ങള്‍, റായ് വെടിവെപ്പ്, കുച്ചിബൊഹോട്ട്‌ലയുടെ കൊലപാതകം തുടങ്ങിയവയുടെയെല്ലാം പ്രചോദനം ഭരണകൂടം തന്നെ നിര്‍മ്മിക്കുന്ന ഇസ്‌ലാം ഭീതിയാണ്.

മുസ്‌ലിം വിരോധം നിര്‍ഭാഗ്യവശാല്‍ എയര്‍പ്പോര്‍ട്ടുകളില്‍ മാത്രമല്ല ഇസ്‌ലാം ഭീതി ഉല്‍പ്പാദിപ്പിക്കുന്നത്. മറിച്ച് അതിനേക്കാള്‍ രൂക്ഷമായ വിദ്വഷവും കൊലപാതകങ്ങളുമാണ് അത് സൃഷ്ടിക്കുന്നത്.

വിവ: സഅദ് സല്‍മി

Related Articles