Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ ഇസ്‌ലാമിനെ അനാഥമാക്കരുത്

മുസ്‌ലിംകള്‍ ഇസ്‌ലാമിനെ ഒരു അനാഥയായി കാണരുത്. അതായത്, ഇസ്‌ലാം നിങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് വരുമ്പോള്‍ അതിനോട് പിന്തിരിഞ്ഞു നില്‍ക്കരുത്, അതിനെ ഉപേക്ഷിക്കരുത്. ഇസ്‌ലാം പ്രയാസങ്ങള്‍ നേരിടുന്നു എന്ന് ഞാന്‍ പറയില്ല, കാരണം, ഇസ്‌ലാം പ്രയാസങ്ങള്‍ നേരിടുന്നതേയില്ല. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്കാണ് അല്ലാഹുവിന്റെ ദീന്‍ മുന്നേറുന്നത്. നമ്മള്‍ക്ക് കണ്ണുകൊണ്ട് അത് കാണാന്‍ കഴിയുന്നില്ലെങ്കിലും. ഇതാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പ്രകൃതം, അതിനെ ഒരിക്കലും തടുത്തു നിര്‍ത്താനാവില്ല. അത് കാണാന്‍ നഗ്നനേത്രങ്ങള്‍ക്കപ്പുറമുള്ള ചിലത് നിങ്ങള്‍ക്ക് ആവശ്യമായി വരും. ഒരു വിശ്വാസിയുടെ മനസ്സ് നിങ്ങള്‍ക്ക് വേണ്ടിവരും. ഹദീസുകളില്‍ അതിനെ കുറിച്ച് പറയുന്നത് ‘ഫിറാസത്തുല്‍ മുഅ്മിന്‍’ (മുഅ്മിന്റെ ഉള്‍ക്കാഴ്ച) എന്നാണ്.

ഓടിയൊളിക്കരുത്
അതുകൊണ്ട് ഇസ്‌ലാം ഏത് നേരത്ത് വിളിച്ചാലും മുസ്‌ലിംകള്‍ ഓടിയൊളിക്കരുത്. നിങ്ങളുടെ ജോലികള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കരുത്. മുഖം താഴ്ത്തി കേള്‍ക്കാത്ത ഭാവം നടിക്കരുത്. അതാണ് ഇസ്‌ലാമിന് നേരെയുള്ള പിന്തിരിയല്‍. ഇസ്‌ലാമിനെ അനാഥമാക്കല്‍ എന്ന് പറഞ്ഞാല്‍ അതാണ്. മുസ്‌ലിം വിരുദ്ധതയുടെയും മുസ്‌ലിം വേട്ടയുടെയും പേരില്‍ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതില്‍ നിന്നെല്ലാം നിങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതരുത്. ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ഖുര്‍ആന്‍ വളരെ ഗഹനവും അതിന്റെ ഭാഷയാല്‍ സമ്പന്നവുമാണ്. ഇസ്‌ലാമിനെ ഉപേക്ഷിക്കുന്നതിലൂടെ നിങ്ങള്‍ സുരക്ഷിതരാകുമെന്ന് നിങ്ങള്‍ കരുതുന്നെണ്ടെങ്കില്‍ നിങ്ങള്‍ ഒന്നുകൂടി ചിന്തിക്കേണ്ടി വരും.

കോട്ടമതിലുകള്‍ക്കകത്ത് നിങ്ങള്‍ സുരക്ഷിതരല്ല
അല്ലാഹു നിങ്ങള്‍ക്കു വിധിച്ച കാര്യം തടയാന്‍ കോട്ടമതിലുകള്‍ക്ക് പോലും സാധിക്കുകയില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. അത് മരണമാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ. നമ്മള്‍ മനസ്സിലാക്കേണ്ട വസ്തുത ഇസ്‌ലാം അല്ലാഹുവിന്റെ വ്യക്തിപരമായ ആധിപത്യമാണ്. ഖുര്‍ആനിലും അല്ലാഹു അത് പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ അതിനെ പരിഹസിക്കുന്നിടത്തോളം അതിന് വിലകൊടുക്കേണ്ടി വരും. നിങ്ങള്‍ മുസ്‌ലിമാവട്ടെ അമുസ്‌ലിമാവട്ടെ.

ദൈവത്തിന്റെ സഹിഷ്ണുതയെ വിലകുറച്ച് കാണരുത്
ഇസ്‌ലാമിനെ പരിഹസിച്ചും ആക്ഷേപിച്ചും ചീത്ത പറഞ്ഞും ലോകത്ത് നടക്കുന്നതെല്ലാം ദൈവത്തിന്റെ സഹിഷ്ണുതയെ വിലകുറച്ച് കാണലാണ്. മുസ്‌ലിംകള്‍ അല്ലാഹുവിന്റെ ദീനിനെ വെച്ച് കളിക്കുന്നതിന് ബോണസായിട്ട് ഒന്നും അവര്‍ക്ക് ലഭിക്കുകയുമില്ല. ചരിത്രത്തിലുടനീളം മുസ്‌ലിംകളുടെ പെരുമാറ്റം ഇങ്ങനെ തന്നെയായിരുന്നു. അല്ലാഹുവിന്റെ ദീനിനെ തമാശയായി കാണുക, അവന്റെ വിധിവിലക്കുകളെ ലംഘിക്കുക, അല്ലാഹു അവരുടെ മേല്‍ പിടുത്തം ശക്തമാക്കുമ്പോള്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുക, അല്ലാഹു പിടുത്തതിന് അയവ് വരുത്തുമ്പോള്‍ വീണ്ടും പഴയ പണി തുടരുക.

മുസ്‌ലിംകളും അമുസ്‌ലിംകളും അവരുടെ ബാധ്യതകള്‍ മറന്നു
എവിടെയായിരുന്നാലും ഏത് അവസ്ഥയിലായിരുന്നാലും ഇസ്‌ലാമിനെയും ദൈവിക അധ്യാപനമായ ഖുര്‍ആനിനെയും മനസ്സകങ്ങളിലും വീടകങ്ങളിലും എത്തിക്കേണ്ട മഹത്തായ ദൗത്യം മുസ്‌ലിം സമൂഹത്തിനുണ്ട്. ദൈവിക ദീനിനെ തിരിച്ചറിയാനും പഠിക്കാനും മനസ്സിലാക്കാനും വിശകലനം ചെയ്യാനും തള്ളാനും ഉള്‍ക്കൊള്ളാനുമുള്ള ദൗത്യം അമുസ്‌ലിംകള്‍ക്കുമുണ്ട്. മനുഷ്യര്‍ക്ക് ആത്യന്തിക സ്വാതന്ത്ര്യവും മഹത്വവും നല്‍കുന്ന ആദര്‍ശം, അതാണ് ഇസ്‌ലാം. സ്വയം വിചിന്തനം നടത്തുക എന്നതാണ് അമുസ്‌ലിംകള്‍ക്ക് മേലുള്ള ദൗത്യം. ഈ ലോകത്തും പരലോകത്തുമുള്ള അവരുടെ സംസ്‌കരണം ആ ഒരു ചിന്തയെ ആശ്രയിച്ചിരിക്കുന്നു.

ഇസ്‌ലാമിന്റെ സന്ദേശം ലോകത്തിന് എത്തിച്ചു കൊടുക്കുക
സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും വഴികളിലൂടെയും ഇസ്‌ലാമിന്റെ സന്ദേശം അമുസ്‌ലിംകള്‍ക്ക് എത്തിച്ചു കൊടുക്കുക. ഏത് സ്ഥലത്തായാലും ഏത് സമയത്തായാലും. അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ വിശദീകരിച്ച് കൊടുക്കുക. മുസ്‌ലിംകളായ മറ്റ് സഹോദരന്മാരെ ഏര്‍പ്പെടുത്തി മതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു കൊടുക്കുക. മുസ്‌ലിംകളായിട്ട് ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓരോ മുസ്‌ലിമിനുമുള്ള ബാധ്യതയാണിത്. അധിക മുസ്‌ലിംകളും ഇത് തിരിച്ചറിയാതെ പോകുന്നു എന്നത് ഖേദകരമാണ്. അന്യായമായി സമൂഹത്തിന്റെ ധനം ഭുജിക്കുന്ന പുരോഹിന്മാരും പണ്ഡിതന്മാരും അതില്‍ നിന്ന് ജനങ്ങളെ തടയുന്നു. മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ അജണ്ടകള്‍ക്ക് വിരുദ്ധമായ അജണ്ടകളാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്. ഈ പണ്ഡിതന്മാര്‍ എന്താണോ പറയുന്നത് അതാണ് മുസ്‌ലിംകള്‍ക്ക് അവസാന വാക്ക്. നോമ്പും ഹജ്ജും നമസ്‌കാരവുമൊക്കെ അവരുടെ നിയമങ്ങള്‍ക്കനുരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇസ്‌ലാമിന്റെ സാമൂഹ്യവും സദാചാരപരവുമായ അടിത്തറ നിലനില്‍ക്കുന്ന ഒന്നാണ് സകാത്ത്. ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ നമസ്‌കാരത്തോടൊപ്പം സകാത്തിനെയും പറയുന്നു. എന്നാല്‍ നമസ്‌കാരവും നോമ്പും എന്നതാണ് ഈ പണ്ഡിതന്മാരുടെ സ്ഥിരം പ്രയോഗം.

ഇസ്‌ലാമിനെന്ത് സംഭവിക്കുന്നു എന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല, അതെന്റെ പണിയല്ല, എന്നാണ് നമ്മില്‍ പലരും കരുതാറുള്ളത്. അത് മറ്റാരുടെയോ ജോലിയാണ്, നിങ്ങളുടെയല്ല. അവര്‍ക്കേ അത് ചെയ്യാന്‍ കഴിയൂ, നിങ്ങള്‍ക്ക് അതിന് കഴിയില്ല, നമ്മുടെ ഉള്ളിലെ പിശാച് നമ്മോട് പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ സമയം നീങ്ങിക്കൊണ്ടിരിക്കും. ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും. അപ്പോഴും ഇസ്‌ലാം അവിടെ പുറത്ത് നില്‍പുണ്ടാവും. എല്ലാവരുടെയും പരിഹാസവര്‍ഷങ്ങളും ആക്ഷേപവാക്കുകളും കേട്ടു നിസ്സഹായതോടെ. ആരും പ്രതിരോധിക്കാനോ സംസാരിക്കാനോ സംരക്ഷണം നല്‍കാനോ സത്യാവസ്ഥ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താനോ ഇല്ലാത്ത ഒരു അനാഥയെ പോലെ.

വിവ: അനസ് പടന്ന

Related Articles