Current Date

Search
Close this search box.
Search
Close this search box.

മുആവിയയെ പിഴച്ചവനാക്കുന്നരോട്

നാലാം ഖലീഫ അലി(റ)യുടെ കാലത്ത് അരങ്ങേറിയ ‘സ്വിഫ്ഫീന്‍’ യുദ്ധത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ തന്നെ പലപ്പോഴും നെറ്റിചുളിക്കാറുണ്ട്. കാരണം, പ്രവാചക പാഠശാലയില്‍ ഒരുമിച്ചിരുന്ന് ദീന്‍ പഠിച്ച അനുചരന്മാര്‍ തന്നെ പരസ്പരം പടവെട്ടിയ യുദ്ധമാണല്ലോ എന്നോര്‍ത്ത്. എന്നാല്‍, ഈ യുദ്ധത്തെ കുറിച്ച് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നാം ആദ്യമായി ഓര്‍ക്കേണ്ടത് അലി, മുആവിയ ഇവര്‍ രണ്ടുപേരും പ്രവാചകന്റെ സ്വഹാബിമാരായിരുന്നു എന്നതാണ്. സ്വഹാബിമാര്‍ എന്നു പറഞ്ഞാല്‍ അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. അവരുടെ ഏതെങ്കിലും ചെയ്തിയെയോ തീരുമാനത്തെയോ വിമര്‍ശിക്കാന്‍ നമുക്ക് യാതൊരു അവകാശവുമില്ല.

മൂന്നാം ഖലീഫ ഉഥ്മാന്‍(റ) രക്തസാക്ഷിയായ ശേഷം അടുത്ത ഖലീഫയായത് പ്രവാചകന്‍(സ)യുടെ ജാമാതാവായ അലി(റ)യായിരുന്നു. ഭൂരിപക്ഷം വരുന്ന അന്‍സ്വാറുകളും മുഹാജിറുകളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്‌തെങ്കിലും ഉഥ്മാന്‍(റ)ന്റെ ഘാതകരെ കണ്ടുപിടിക്കാതെ തങ്ങള്‍ ബൈഅത്ത് ചെയ്യില്ലെന്ന് പറഞ്ഞ് കുറച്ചു പേര്‍ മാറിനില്‍ക്കുകയും ചെയ്തിരുന്നു. അന്ന് മുആവിയ(റ) ശാമി(സിറിയ)ലെ ഗവര്‍ണറായിരുന്നു. ഉഥ്മാന്‍(റ) ന്റെ കുടുംബക്കാരനായ മുആവിയയും ഉഥ്മാന്റ ഘാതകരെ ആദ്യം പിടികൂടണമെന്ന വാദക്കാരനായിരുന്നു. അലി(റ)യും അത് ആഗ്രഹിച്ചിരുന്നുവെങ്കിലും നാഥനില്ലാതെ കിടക്കുന്ന രാഷ്ട്രത്തെ ഏറ്റെടുത്തതിന് ശേഷമാവട്ടെ അത് എന്ന് അദ്ദേഹം കണക്കുകൂട്ടി. ഉഥ്മാന്‍(റ)ന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ധാരാളമുണ്ടെന്ന് അലി(റ)ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എടുത്തുചാടി ഒരു തീരുമാനമെടുത്താല്‍ ഭാവിയില്‍ അത് വലിയ ഫിത്‌നകള്‍ക്കിടയാക്കും എന്നദ്ദേഹം മനസ്സിലാക്കി.

മുആവിയ(റ) മദീനക്കുനേരെ സൈനിക നടപടിക്കൊരുങ്ങുന്നു എന്ന് കേട്ടപ്പോള്‍ അലി(റ) മുആവിയയുടെ അടുക്കലേക്ക് പ്രതിനിധിസംഘത്തെ അയക്കുകയുണ്ടായി. അത് പരാജയമായപ്പോഴാണ് രാജ്യത്താകെ ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മുആവിയയുടെ നീക്കത്തെ തടയാന്‍ അലി(റ)വും സൈന്യത്തെ സജ്ജമാക്കിയത്. സിറിയയിലെ സ്വിഫ്ഫീന്‍ എന്ന സ്ഥലത്താണ് ഇരുസൈന്യങ്ങളും ഏറ്റുമുട്ടിയത്. അലി(റ)ന്റെ സൈന്യം യുദ്ധത്തില്‍ മുന്‍തൂക്കം നേടിക്കൊണ്ടിരിക്കെയാണ് ഒരു ധാരണയിലാകാമെന്നും യുദ്ധം അവസാനിപ്പിക്കാമെന്നുമുള്ള ആശയം മുആവിയ(റ)യുടെ സൈന്യം മുന്നോട്ട് വെച്ചത്. ഇരുപക്ഷത്തും നിന്നും ഓരോ പ്രതിനിധികള്‍ മുന്നോട്ട് വരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലിയുടെ ഭാഗത്ത് നിന്ന് അബൂ മൂസല്‍ അശ്അരിയും മുആവിയയുടെ ഭാഗത്ത് നിന്ന് അംറുബ്‌നുല്‍ ആസ്വും രംഗത്ത് വന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ യുദ്ധം അവസാനിപ്പിക്കാനും അന്തിമ തീരുമാനം ആ വര്‍ഷത്തെ റമദാനില്‍ പ്രഖ്യാപിക്കപ്പെടാനും ഇരുകൂട്ടരും സമ്മതിച്ചു. റമദാന്‍ വന്നെത്തിയപ്പോള്‍ അംറുബ്‌നുല്‍ ആസ്വും അബൂ മൂസയും കണ്ടുമുട്ടുകയും തുടര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇരുകൂട്ടരും പിരിയുകയാണുണ്ടായത്.

സ്വിഫ്ഫീന്‍ യുദ്ധവുമായി ബന്ധപ്പെട്ട ദുര്‍ബല ചരിത്രങ്ങളും സ്ഖലിതങ്ങളും ഒഴിവാക്കിയുള്ള ഒരു വിവരണമാണ് മേല്‍ സൂചിപ്പിച്ചത്. അല്ലാഹു തൃപ്തിപ്പെട്ട, പ്രവാചകന്‍(സ)യില്‍ നിന്ന് നേരിട്ട് വിദ്യ ആര്‍ജിച്ച വ്യക്തിത്വങ്ങളെ വിലകുറച്ച് കാണാനോ അവരെ അവമതിക്കാനോ നമുക്ക് അവകാശമില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. സ്വിഫ്ഫീന്‍ യുദ്ധത്തെ കുറിച്ച് മനസ്സില്‍ ഒരു ചിത്രം രൂപപ്പെടുത്തുമ്പോള്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ കൂടി നമ്മുടെ മനസ്സിലുണ്ടാവട്ടെ:

1. മുആവിയ(റ) പ്രമുഖനായ സ്വഹാബിയും പ്രവാചകന്‍(സ)യുടെ വഹ്‌യ് എഴുത്തുകാരില്‍ ഒരാളുമായിരുന്നു. പ്രവാചകന്‍ മുആവിയക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു, ”നാഥാ, നീ ഇവനെ സന്മാര്‍ഗത്തിന്റെ വഴികളിലൊന്നാക്കേണമേ, ഇവന്‍ സന്മാര്‍ഗം സിദ്ധിച്ചവനും മറ്റുള്ളവരെ ഇവനിലൂടെ സന്മാര്‍ഗം സിദ്ധിച്ചവരും ആക്കേണമേ”(തിര്‍മിദി)

2. ഇരു വിഭാഗങ്ങളും പോരാടിയത് ദീനിന്റെ നന്മക്കും തങ്ങള്‍ ശരിയെന്ന് വിശ്വസിച്ച ഒന്നിനും വേണ്ടിയായിരുന്നു. എന്നിരുന്നാലും മുആവിയക്ക് തെറ്റുപറ്റിയെന്നും അലിയായിരുന്നു ശരിയുടെ പക്ഷത്തെന്നും അഹ്‌ലുസുന്നത്ത് വിശ്വസിക്കുന്നു. മുആവിയ(റ) പാപിയാണെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിപ്പോയി. എന്നാല്‍ അദ്ദേഹം ആ തീരുമാനമെടുത്തത് അപ്പോള്‍ തനിക്ക് ശരിയെന്ന് തോന്നിയ കാര്യത്തിലായിരുന്നു. ഇത് ഒരു സ്വഹാബി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിന് യാതൊരു ഇടിവും ഉണ്ടാക്കുന്നില്ല. നന്മക്കു വേണ്ടി രണ്ടു കൂട്ടര്‍ പരസ്പരം പോരാടുന്നുണ്ടെങ്കില്‍ അതില്‍ ഒരു വിഭാഗം മാത്രമായിരിക്കും ശരി എന്നത് സ്വാഭാവികമാണ്. എന്നുവെച്ച്, മറുപക്ഷം ശപിക്കപ്പെടേണ്ടവരോ നിന്ദിക്കപ്പെടേണ്ടവരോ ആകുന്നില്ലല്ലോ. ദീനിന് വേണ്ടി അലി(റ)യും മുആവിയ(റ)യും സഹിച്ച ത്യാഗങ്ങളും നടത്തിയ പരിശ്രമങ്ങളും ഒരുവിധ ഏറ്റക്കുറച്ചിലും കൂടാതെ നാം സ്മരിക്കേണ്ടതുണ്ട്.

പ്രവാചകന്‍(സ) പറയുന്നു: ”ഒരേ ന്യായത്തിന് വേണ്ടി പോരാടുന്ന രണ്ടു വിഭാഗങ്ങള്‍ ഉണ്ടാവാതെ അന്ത്യനാള്‍ സംഭവിക്കുകയില്ല”
ഫത്ഹുല്‍ ബാരിയില്‍ എഴുതിയ വിശദീകരണത്തില്‍ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നത്, ഇസ്‌ലാം ദീന്‍ എന്ന ന്യായത്തിന് വേണ്ടി പോരാടിയ അലിയെയും മുആവിയെയും ആണ് മേല്‍ സൂചിപ്പിച്ച ഹദീഥ് കുറിക്കുന്നതെന്നാണ്.

തന്റെ ‘മുഖദ്ദിമ’യില്‍ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു, സ്വിഫ്ഫീന്‍ യുദ്ധത്തിലെ രക്തസാക്ഷികളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അലി(റ) പറഞ്ഞു: ”എന്റെ ജീവന്‍ ആരുടെ കയ്യിലാണോ, അവനാണ സത്യം, ഈ രക്തസാക്ഷികളൊക്കെ ഹൃദയവിശുദ്ധിയുള്ളവരും സ്വര്‍ഗാവകാവകാശികളും ആയിട്ടല്ലാതെ മരിച്ചുപോയിട്ടില്ല.”

3. ഇത്തരത്തിലുള്ള ചരിത്രഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഒരിക്കലും അതിരുകവിഞ്ഞ് സങ്കല്‍പ്പിക്കാനോ മഹാന്മാരായ സ്വഹാബികളെ കുറിച്ച് മോശമായി ചിന്തിക്കാനോ പാടില്ല. അത്തരം ജല്‍പനങ്ങള്‍ നടത്തുന്നതില്‍ നിന്ന് നമ്മുടെ നാവിനെ തടഞ്ഞുവെക്കാന്‍ നമുക്ക് സാധിക്കണം.

മഹാനായ ഉമറുബ്‌നു അബ്ദില്‍ അസീസ് പറഞ്ഞു: ”അല്ലാഹു നമ്മുടെ കരങ്ങളെ ഈ രക്തത്തില്‍ നിന്ന് പരിശുദ്ധമാക്കിയിരിക്കുന്നു, അതിനാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് നമ്മുടെ നാവിനെ നാം മലിനമാക്കേണ്ടതില്ല” (മിര്‍ഖാത്തുല്‍ മഫാത്തീഹ്)

വിവ: അനസ് പടന്ന

Related Articles