Current Date

Search
Close this search box.
Search
Close this search box.

മിഡിലീസ്റ്റില്‍ താണ്ഡവമാടുന്ന ഒബാമ ഭരണകൂടം

obama.jpg

ഐസിസിനെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ സംബന്ധിച്ച് എല്ലാവരുടെയും പക്കല്‍ ഒരു തിയറി ഉണ്ടെന്നാണ് തോന്നുന്നത്. എന്നിരുന്നാലും, രണ്ട് സംഗതികള്‍ വളരെ അപൂര്‍വമായാണ് എല്ലായ്‌പ്പോഴും പരാമര്‍ശിക്കപ്പെടുന്നത്: ഒന്ന്, ഈ സംഘത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചാണ്, രണ്ട്, ഐ.എസിനെ തകര്‍ക്കാന്‍ സത്യസന്ധമായ ശ്രമങ്ങളാണോ നടക്കുന്നത് എന്നതിനെ സംബന്ധിച്ചും.

ഐ.എസിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും പിന്നിലുള്ള പ്രഹേളികയുടെ കുരുക്കഴിക്കാന്‍ ആദ്യത്തെ സംഗതിയെ നാം സാഹസികമായി തന്നെ അഭിമുഖീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, മറ്റേത് തരത്തിലാണ് പ്രസ്തുത സംഘത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുക.

യുദ്ധമാണ് എല്ലാ ചോദ്യത്തിനുമുളള ഉത്തരമെങ്കില്‍, ഏറ്റവും ഉചിതമായ യുദ്ധ തന്ത്രത്തെ കുറിച്ചുള്ള ഉപരിപ്ലവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, രണ്ടാമത് പരാമര്‍ശിച്ച സംഗതിയുടെ മേല്‍ നാമൊന്ന് മല്ലിടേണ്ടതുണ്ട്.

ഇപ്പോഴിതാ അമേരിക്കക്കാര്‍ ലിബിയക്ക് മേല്‍ മറ്റൊരു വ്യോമ യുദ്ധത്തിന് തുടക്കമിട്ട് കഴിഞ്ഞു. അവിടെയുള്ള ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണെന്നാണ് കരുതപ്പെടുന്നത്. ഈ മിലിറ്റന്റ് സംഘത്തെ തകര്‍ക്കാന്‍ അമേരിക്കക്ക് ഇനിയും എത്രത്തോളം മുന്നോട്ട് പോകേണ്ടി വരും? എന്നതിന് നേര്‍ക്കാണ് ചര്‍ച്ചയുടെ ഗതി.

യുദ്ധം നടത്തുന്നതിന് വേണ്ടി സഖ്യസേനകള്‍ രൂപീകരിക്കുന്ന ഏര്‍പ്പാട് അമേരിക്ക ഒരുപാട് കാലമായി തുടങ്ങിയിട്ട്. 1990-91-ല്‍ കുവൈത്ത് ഇറാഖ് യുദ്ധത്തിലും, 2003-ല്‍ ഇറാഖിലും അമേരിക്ക സഖ്യസേനകള്‍ രൂപീകരിച്ചിരുന്നു. ഇന്ന് യുദ്ധങ്ങള്‍ സാധാരണമാണ്. തങ്ങളുടെ രാജ്യം അനവധി യുദ്ധമുന്നണികളില്‍ ഉണ്ടെന്ന കാര്യത്തെ കുറിച്ച് അമേരിക്കന്‍ പൗരന്‍മാരില്‍ ഭൂരിഭാഗവും അജ്ഞരാണ്.

രാജ്യം നടത്തുന്ന യുദ്ധങ്ങളെ കുറിച്ച് അമേരിക്കന്‍ പൗരന്‍മാരില്‍ ഭൂരിഭാഗത്തിനും പ്രത്യേകിച്ചൊരു അഭിപ്രായമൊന്നുമില്ല. യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവിടെ വളരെ വിരളമാണ്. അവര്‍ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഭൂരിഭാഗം വരുന്ന സിവിലിയന്‍മാര്‍ അടക്കമുള്ളവരെ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടം കൊന്ന് തള്ളിയപ്പോഴും എന്തെങ്കിലും വിധത്തിലുള്ള പ്രക്ഷോഭമോ ജനകീയ മുന്നേറ്റമോ അവിടെ നിന്ന് ഉണ്ടായില്ല. യുദ്ധത്തിന്റെ കാര്യത്തില്‍ ജോര്‍ജ് ഡ്യൂ ബുഷിനേക്കാള്‍ ഭേദം ഒബാമയാണെന്ന ഒരു ബ്രാന്റിംഗ് ഉണ്ടെങ്കിലും, മിഡിലീസ്റ്റിലെ അമേരിക്കന്‍ വിദേശനയത്തില്‍ യാതൊരു വിധ ഗൗരവതരമായ മാറ്റവും സംഭവിച്ചിട്ടില്ലെന്ന് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ബുഷിനേക്കാള്‍ ഭേദം ഒബാമയാണെന്ന വിശേഷണത്തിന് യാതൊരു പ്രസക്തിയും കല്‍പ്പിക്കേണ്ടതില്ല.

തന്റെ മുന്‍ഗാമികളുടെ പൈതൃകത്തെ അതേപടി പിന്തുടരുക മാത്രമാണ് ഒബാമ ചെയ്തത്. നയതന്ത്രത്തില്‍ മാത്രമാണ് മാറ്റം സംഭവിച്ചത്: ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടി വലിയ തോതിലുള്ള സൈന്യത്തെ കരയുദ്ധത്തിന് ഇറക്കുന്നതിന് പകരം, ശത്രുക്കളെന്ന് കരുതപ്പെടുന്നവരെ വ്യോമാക്രമണത്തിലൂടെ ഉന്മൂലനം ചെയ്യുന്ന രീതി ഒബാമ സ്വീകരിച്ചു. കരസേനയുടെ ജോലി ‘മിതവാദികളെ’ ഏല്‍പ്പിച്ച് ബാക്കി പണി എളുപ്പമാക്കുകയും ചെയ്തു.

ബുഷിന്റെ ‘ഭീകരവിരുദ്ധ യുദ്ധം’ പോലെ തന്നെ, തുല്ല്യ അളവില്‍ വിനാശകാരിയാണ് ഒബാമയുടെ സിദ്ധാന്തവും.

ഒരു അമേരിക്കന്‍ സൈനികന്റെ ചോര പൊടിയുക പോലും ചെയ്യാത്ത രീതിയിലുള്ള യുദ്ധതന്ത്രമാണ് ഒബാമ ആവിഷ്‌കരിച്ചത്. ആക്രമണങ്ങളെല്ലാം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും മൈലുകള്‍ക്കപ്പുറമിരുന്ന നിയന്ത്രിക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ചുമാണ് നടത്തിയത്. രാഷ്ട്രീയപരമായി ഇതിന് ചെലവും കുറവായിരുന്നു. അതേസമയം, ഇത് കരയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കി തീര്‍ത്തു, യുദ്ധം അവസാനിക്കുന്നതിന് പകരം, അറുതിയിലാത്ത വിധം യുദ്ധം നീളുന്നതിന് ഇത് കാരണമായി ഭവിച്ചു.

ബുഷിന്റെ ഇറാഖ് അധിനിവേശം അല്‍ഖാഇദയെ പുനര്‍ജീവിപ്പിക്കുകയും, മേഖലയുടെ ഹൃദയഭാഗത്തേക്ക് അതിനെ കൊണ്ടു വരികയും ചെയ്തപ്പോള്‍, ഒബാമയുടെ ആകാശയുദ്ധം അല്‍ഖാഇദയെ പുനഃസംഘടിക്കുന്നതിനും, വ്യത്യസ്തമായ തന്ത്രം രൂപീകരിക്കുന്നതിനും നിര്‍ബന്ധിച്ചു. അത് സ്വയം പുനഃനാമകരണം നടത്തി, മിലിറ്റന്റ് സെല്ലുകളില്‍ നിന്നും അതൊരു ‘സ്റ്റേറ്റ്’ ആയി രൂപാന്തരം പ്രാപിച്ചു, ക്ഷിപ്രവേഗത്തില്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു, ആകാശത്തിന് നിന്നും ബോംബുകള്‍ വര്‍ഷിക്കുന്ന സംഘടിത ശുത്രസൈന്യത്തിനെതിരെ അവര്‍ ഗറില്ലാ യുദ്ധമുറകള്‍ ഉപയോഗിച്ചു, ശത്രുവിന്റെ ആത്മധൈര്യം തകര്‍ക്കുന്നതിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരുടെ ചാവേറുകള്‍ മനുഷ്യബോംബുകളായി പൊട്ടിത്തെറിച്ചു, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ സംഘത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണപരിപാടികള്‍ വിപുലീകരിച്ചു.

ഐ.എസിന്റെ ശത്രുക്കളെല്ലാം തന്നെ പരസ്പരം ശത്രുതയിലാണെന്ന വസ്തുത പരിഗണിക്കുമ്പോള്‍, തങ്ങളുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ ഐ.എസിന് ഭയപ്പെടാനൊന്നും തന്നെയില്ല.

സൈനിക അധിനിവേശത്തില്‍ നിന്നാണ് ഐ.എസ് ഉയര്‍ന്ന് വന്നത്. കാരണം മുന്‍കാലങ്ങളിലെ സൈനിക അധിനിവേശങ്ങളാണ് അതിന്റ ജന്മഹേതു. അതിന്ന് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്, കാരണം അവരുടെ ശത്രുക്കള്‍ക്കിടയില്‍ ഐക്യമില്ല. യുദ്ധം അവസാനിപ്പിക്കുക എന്നതിനേക്കാളുപരി, ഒരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഉള്ളത്. ഇത് മനസ്സിലാക്കിയാല്‍, ലിബിയയില്‍ ആഗസ്റ്റ് 1-ന് തുടങ്ങിയ അമേരിക്കയുടെ ‘ഓപ്പറേഷന്‍ ഒഡീസി ലൈറ്റ്‌നിംഗ്’ ആ രാജ്യത്ത് ക്രമസമാധാനം കൊണ്ട് വരുമെന്ന് ഒരാള്‍ക്ക് പോലും പ്രതീക്ഷിക്കാന്‍ കഴിയില്ല.

എങ്ങനെയാണ് അമേരിക്ക ക്രമസമാധാനം പുനഃസ്ഥാപിക്കുക. 2011-ല്‍ അമേരിക്കയും മറ്റു നാറ്റോ അംഗങ്ങളും ചേര്‍ന്ന് ലിബിയക്ക് മേല്‍ നടത്തിയ യുദ്ധം തന്നെയല്ലെ ഒരിക്കല്‍ സമ്പന്നവും, താരതമ്യേന ശാന്തിയും സമാധാനവും പുലരുകയും ചെയ്തിരുന്ന ലിബിയ എന്ന അറബ് രാജ്യത്തെ ഇന്ന് കാണുന്ന വിധത്തില്‍ നരകതുല്ല്യമാക്കി തീര്‍ത്തത്? തീര്‍ച്ചയായും, തുടര്‍ച്ചയായി നടന്ന സംഘട്ടനങ്ങളുടെ ഫലമായുണ്ടായ ശൂന്യത തന്നെയാണ് ഐ.എസിനെ ലിബിയയിലേക്ക് ക്ഷണിച്ച് വരുത്തിയത്. ഇന്ന്, മുന്‍കാലങ്ങളില്‍ നടത്തിയ യുദ്ധങ്ങളിലൂടെ സ്വയം തന്നെ സൃഷ്ടിച്ചു വെന്ന പ്രതിസന്ധിയെ ചെറുക്കാനുള്ള ഒരിക്കലും ജയിക്കാത്ത യുദ്ധമാണ് അമേരിക്കയും, ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള മറ്റു പാശ്ചാത്യന്‍ ശക്തികളും ചേര്‍ന്ന് മേഖലയില്‍ നടത്തുന്നത്.

ലിബിയയില്‍ നിന്ന് ഐ.എസിനെ പുറത്താക്കാന്‍ സാധിച്ചാലും, അത് മറ്റൊരു അസ്ഥിര അന്തരീക്ഷം കണ്ടെത്തുക തന്നെ ചെയ്യും. ഇന്ന് ലിബിയയില്‍ പരസ്പരം പോരടിക്കുന്ന വിമതസായുധ സംഘങ്ങള്‍ക്കെല്ലാം ആയുധങ്ങള്‍ നല്‍കിയത് നാറ്റോ തന്നെയാണ്. ഇത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാകാതേ വഴിവെക്കുകയുള്ളൂ.

ഐ.എസിനെതിരെയുള്ള യുദ്ധവിവരങ്ങള്‍ കൃത്യമായി പിന്തുടരുന്നairwars.org -ന്റെ കണക്ക് പ്രകാരം, ഇറാഖിലും സിറിയയിലുമായി നടത്തിയ 735 ദിവസത്തെ യുദ്ധത്തില്‍ ഐ.എസിനെതിരെ സഖ്യസൈന്യം 14405 തവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. 52300 ബോംബുകളും മിസൈലുകളും വര്‍ഷിച്ചെന്നാണ് ഏകദേശ കണക്ക്. സംഖ്യ ഇതിലും കൂടാനാണ് സാധ്യത. ആരും ഏറ്റെടുക്കാത്ത നിരവധി ആക്രമണങ്ങളും നടന്നിട്ടുണ്ട്. ഇതിന്റെ കണക്ക് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ഈ കണക്കില്‍, റഷ്യ സ്വന്തം നിലക്ക് നടത്തിയ വ്യോമാക്രമണവും, പാശ്ചാത്യ സഖ്യസേനയില്‍ ഔദ്യോഗികമായി അംഗങ്ങളാത്തവര്‍ നടത്തിയ വ്യോമാക്രമണവും ഉള്‍പ്പെടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരുപാട് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും, സാമ്പത്തിക-ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിക്കുകയും, മിഡിലീസ്റ്റിന്റെയും, നോര്‍ത്ത് ആഫ്രിക്കയുടെയും സുപ്രധാനമേഖലകളിലേക്ക് ഐ.എസ് വ്യാപിക്കുകയും ചെയ്തു എന്നതല്ലാതെ എന്ത് നല്ല കാര്യമാണ് ഇവരൊക്കെ കൂടി മത്സരിച്ച് നടത്തിയ വ്യോമാക്രമണങ്ങളിലൂടെ ഉണ്ടായത്?

അതേസമയം, ബുഷിന്റെയും ഒബാമയുടെയും ഭീകരവിരുദ്ധ യുദ്ധത്തെ കുറിച്ചുള്ള ഭൂരിപക്ഷാഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായി ചുരുക്കം ചില എതിര്‍ ശബ്ദങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഗ്രീന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിനിനെ പോലെയുള്ളവര്‍, ഭീകരവാദം ഇല്ലാതാക്കാന്‍ ഭീകരവാദത്തിന്റെ മൂലകാരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് വാദിച്ചിരുന്നെങ്കിലും, യു.എസ് ഗവണ്‍മെന്റിന്റെയും, കോണ്‍ഗ്രസ്സിന്റെയും അകത്തളങ്ങളിലെ ഭൂരിപക്ഷ കോലാഹലങ്ങളില്‍ പെട്ട് വനരോദനമായി മാറാനായിരുന്നു ആ ശബ്ദങ്ങളുടെ വിധി.

‘2014 ആഗസ്റ്റ് മുതല്‍ ആരംഭം കുറിച്ചത് മുതല്‍ക്ക് ആകാശയുദ്ധത്തിന് അമേരിക്ക ചെലവഴിച്ചത് ഏകദേശം 5.5 ബില്ല്യണ്‍ ഡോളറാണ്.’ എന്ന് ബിസിനസ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിബിയയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നത് മേല്‍ പറഞ്ഞ സംഖ്യയില്‍ വര്‍ദ്ധനവുണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

പ്രതീക്ഷിച്ചത് പോലെ തന്നെ, യുദ്ധം കൊണ്ട് ഉപജീവനം കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വമ്പിച്ച ലാഭം നേടി കൊടുക്കുന്ന കച്ചവട സീസണാണ്. അതേസമയം തന്നെ, യുദ്ധവും അക്രമവും ഒരിക്കലും അവസാനിക്കാത്ത വിധം പരസ്പരം തീറ്റി പോറ്റികൊണ്ടിരിക്കുകയാണ്.

‘വ്യോമാക്രമണത്തിലൂടെ സമാധാനം പുലരുമെന്ന് പ്രത്യാശിക്കുന്നത് തികഞ്ഞ അസംബന്ധമാണ്’, വ്യോമയുദ്ധത്തെ കുറിച്ച് ഹാറ്റ്‌ഫോഡ് ട്രിനിറ്റി കോളേജിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പ്രൊഫസര്‍ വിജയ് പ്രസാദ് അടുത്തിടെ എഴുതുകയുണ്ടായി. ‘അസ്ഥിരതയും, ക്രമസമാധാന തകര്‍ച്ചയുമാണ് അത് നമുക്ക് നല്‍കിയത്. മറ്റു വഴികള്‍ തുറക്കപ്പെടേണ്ടതുണ്ട്.മറ്റു വഴികള്‍ അടക്കുകയും വേണം.’

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: countercurrents.org

Related Articles