Current Date

Search
Close this search box.
Search
Close this search box.

മാധ്യമങ്ങള്‍ ലോകം ഭരിക്കുമ്പോള്‍

അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ചാനലെന്ന പദവി 2014 വര്‍ഷത്തിലും അല്‍ജസീറ നിലനിര്‍ത്തിയിരിക്കുകയാണ്. ദിവസവും ശരാശരി 23 ദശലക്ഷം ആളുകള്‍ ചാനല്‍ കാണുന്നുണ്ടത്രെ. ഖത്തര്‍ ആസ്ഥാനമായി 1996 നവംബര്‍ 1ന് സ്ഥാപിതമായ ഈ ചാനലിന്റെ വളര്‍ച്ച ലോകത്തെ സത്യാന്വേഷികളിലും, സമാധാനകാംക്ഷികളിലും സന്തോഷം പടര്‍ത്തുന്നതാണ്. ലോകഇസ്‌ലാമിക സമൂഹത്തിന് ചാനല്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ഇത്തരുണത്തില്‍ നാം സ്മരിക്കേണ്ടതും ഓര്‍ക്കേണ്ടതുമാണ്. സത്യസന്ധമായ വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കേണ്ടതിന്റെയും തെറ്റായ ഉറവിടങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതിന്റെയും ആവശ്യകത നമുക്ക് ബോധ്യപ്പെടേണ്ടതുമാണ്.

മുസ്‌ലിംകള്‍ക്കെതിരെ തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും അഴിച്ചുവിട്ട് അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം അടുത്ത കാലത്തായി ലോകത്തെമ്പാടും അരങ്ങേറുന്നുണ്ട്. 2001ന് ശേഷം ഇത് കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ചുക്കാന്‍ പിടിക്കുന്നത് പത്രങ്ങളും ചാനലുകളുള്‍പ്പെടേയുള്ള വാര്‍ത്താ മാധ്യമങ്ങളാണ്.  ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും എന്നിട്ടതിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന പണിയാണ് ഇത്തരം പത്ര മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ലോക മുസ്‌ലിംകള്‍ തന്നെയാണ്. ഇന്ത്യയില്‍ നരേന്ദ്ര മോദിയും കൂട്ടരും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ത്തുന്ന ലൗജിഹാദ് ഉള്‍പ്പെടേയുള്ള പ്രചാരണങ്ങളും അതിലൂടെ ഉണ്ടായിത്തീരുന്ന മുസ്‌ലിം-ഹിന്ദു സാമുദായിക ധ്രുവീകരണവും ഇതിന്റെ ഏറ്റവും സമകാലിക ഇന്ത്യന്‍ ഉദാഹരണമാണ്.

കിരാത രാഷ്ട്രങ്ങളായ അമേരിക്കയെയും ഇസ്രായേലിനെയും അവിടുത്തെ നേതാക്കളെയും വിശുദ്ധരാക്കാനും, മുസ്‌ലിം ബ്രദര്‍ഹുഡും, ഹമാസും പോലെയുള്ള സമാധാന കാംക്ഷികളായ സംഘങ്ങളെയും അതിന്റെ നേതാക്കളെയും ഭീകരായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ ഇത്തരം മാധ്യമ പ്രചാരണങ്ങളുടെ ഭാഗമാണ്. ലോകത്ത് ‘ഇസ്‌ലാമോഫോബിയ’ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് മുഖ്യമാണ്. അമേരിക്കയുടെയും മറ്റും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ വാര്‍ത്തകള്‍ നിര്‍മിക്കുന്നു. ഉസാമ ബിന്‍ ലാദനോടും താലിബാനോടുമെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ഇതിന്റെ പച്ചയായ തെളിവാണ്. അഫ്ഗാനില്‍ സോവിയറ്റ് അധിനിവേശ കാലത്ത് അവര്‍ക്കെതിരെ ഉസാമയും താലിബാനും പോരാടിയപ്പോള്‍ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ മഹത് വ്യക്തിത്വമായാണ് ചിത്രീകരിച്ചിത്. എന്നാല്‍ ഉസാമ പിന്നീട് അമേരിക്കയുടെ തോന്നിവാസങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ ലോകഭീകരനായി ചിത്രീകരിച്ച് കുതന്ത്രങ്ങള്‍ മെനഞ്ഞു. അഫ്ഗാനിലും ഇറാഖിലും ഫലസ്തീനിലുമെല്ലാം പതിനായിരക്കണക്കിന് കുട്ടികള്‍ പിടഞ്ഞു വീണപ്പോള്‍ അതിനെതിരെ മൗനം ദീക്ഷിച്ചവര്‍ മലാലയെന്ന കുട്ടിയെ മാത്രം വിശുദ്ധയാക്കിയത് ലോകം കണ്ടതാണ്. സി.എന്‍.എന്നും, ബി.ബി.സിയും പോലെയുള്ള ലോകപ്രശസ്ത ചാനലുകളധികവും ഇവയുടെ ഭാഗമാണ്.

ഇത്തരം മാധ്യമ അജണ്ടകള്‍ക്കുള്ള പൊളിച്ചെഴുത്തുമായി കടന്നുവന്ന ചാനലാണ് അല്‍-ജസീറ. ഇസ്‌ലാമിനും-മുസ്‌ലിംകള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങളുടെ നിജസ്ഥിതി ലോകത്തിന് മുമ്പില്‍ ചാനല്‍ വെളിപ്പെടുത്തി. ഇസ്‌ലാം വിരുദ്ധ ശക്തികളുടെ തോന്നിവാസങ്ങളെ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടി. അബൂഗുറൈബുകളുടെയും, ഗ്വാണ്ടനാമോകളുടെയും ക്രൂരദൃശ്യങ്ങള്‍ പുറത്തുവിട്ടു. നിലവിലെ ചാനലുകളില്‍ നിന്നും വ്യത്യസ്തമായി നിലകൊണ്ട ഈ ചാനലിനെ ലോകം നെഞ്ചിലേറ്റുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. സത്യസന്ധമായ വാര്‍ത്തകളുടെ ഉറവിടമായ ചാനല്‍ മാറി. ലോകത്തെ വന്‍ശക്തികളുടെ കണ്ണിലെ കരടായും.

വാര്‍ത്തകള്‍ കെട്ടിച്ചമക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം സത്യസന്ധമായ ഉറവിടങ്ങളിള്‍ നിന്ന് മാത്രം വാര്‍ത്തകളെ സ്വീകരിക്കാനും അത് മാത്രം പ്രചരിപ്പിക്കാനും നമുക്ക് സാധിക്കണം. വിശുദ്ധ ഖുര്‍ആനില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൂറത്തുല്‍ ഹുജുറാത്തില്‍ അല്ലാഹു പറയുന്നു: ‘അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ.’ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നമ്മള്‍ പുറത്തുവിടുന്ന വാര്‍ത്തകളും വിവരങ്ങളും സത്യസന്ധമാകാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസ യോഗ്യമായ ഉറവിടങ്ങളില്‍ നിന്നു മാത്രം വാര്‍ത്തകള്‍ സ്വീകരിക്കാന്‍ നാം ജാഗ്രതപുലര്‍ത്തണം. അല്ലാത്തപക്ഷം അതിന്റെ പ്രത്യാഘാതം ചിലപ്പോള്‍ ദുരന്തകരമായിരിക്കും.

Related Articles