Current Date

Search
Close this search box.
Search
Close this search box.

മാതാവും ഗോ മാതാവും

പാല് തരുന്ന പശുവിനെ പാലൂട്ടി പോറ്റി വളര്‍ത്തിയ മാതാവിനോളം സ്ഥാനം നല്‍കിയ ഹിന്ദു സഹോദരാ, നിന്നെ ഞാന്‍ മാനിക്കുന്നു. നിന്റെ വിശ്വാസത്തെ അപമാനിക്കുന്ന ആയിരം പോസ്റ്റുകള്‍ കൊണ്ടോ വാക്കുകള്‍ കൊണ്ടോ ആഘോഷങ്ങള്‍ കൊണ്ടോ അല്ല നിന്നെ തിരുത്തേണ്ടത് എന്നും ഞാന്‍ മനസ്സിലാക്കുന്നു. നീ നിന്റെ വിശ്വാസം മുറുകെ പിടിക്കുക, പക്ഷെ അതോടൊപ്പം മറ്റുള്ളവര്‍ക്കു അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശവും ഉണ്ടെന്നു വിശ്വസിക്കുക.

മാതാവിന് തുല്യം നീ സ്‌നേഹിക്കുന്ന പശുവിനെ കശാപ്പു ചെയ്യുന്നത് നിനക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരിക്കാം. പക്ഷെ ഒന്നോര്‍ത്തു നോക്കൂ. മനുഷ്യന്‍ തന്നെ അന്നത്തിനു വകയില്ലാത്ത രാജ്യത്ത് കറവ വറ്റി ആര്‍ക്കും വേണ്ടാതെ തെരുവില്‍ ഭക്ഷണം തേടി അലഞ്ഞു പട്ടിണി കിടന്നു മരിക്കുന്ന ആ ഗോ മാതാവിന്റെ അവസ്ഥ. പെറ്റമ്മയെ തെരുവില്‍ തള്ളുന്ന അപൂര്‍വം ക്രൂരന്മാരുടെ ഗണത്തിലല്ലെ അമ്മയെന്ന് വിശ്വസിക്കുന്ന പശുവിനെ തെരുവില്‍ അലയാന്‍ വിടുന്നവരെയും കണക്കാക്കാന്‍ പറ്റുകയുള്ളൂ. അതിലും മാന്യമായ ഒരു അവസാനമല്ലേ വിശക്കുന്ന ഒരു വയറിനു ഭക്ഷണമാകുന്നതിന് പശുവിനെ നല്‍കുന്നത്. മക്കള്‍ക്ക് വേണ്ടി അയല്‍ വീടുകളില്‍ ജീവിതാവസാനം വരെ അടിമപ്പണി ചെയ്യുന്ന പെറ്റമ്മയുടെ ത്യാഗത്തിന്റെ നാലയലത്ത് എത്തില്ല ഉപകാരമില്ലാത്ത ജീവിതം നേരത്തെ അവസാനിപ്പിച്ചു വിശക്കുന്ന വയറിനു ആശ്വാസം നല്‍കുന്ന ഗോ മാതാവിന്റെന ത്യാഗം. നീ ഭക്ഷിച്ചില്ലെങ്കിലും വിശക്കുന്ന വയറിനു ഉപകാരപ്പെടുന്ന തരത്തില്‍ അവളെ നല്‍കുകയെന്നതിലൂടെ ഒരു പക്ഷെ പട്ടിണി കിടന്നു നിന്നെ പോറ്റുന്ന പെറ്റമ്മക്ക് ഒരു മാസം വയറു നിറച്ചു ഉണ്ണാനുള്ള പണം ലഭിക്കുമെന്ന സാമ്പത്തിക വശമെങ്കിലും പരിഗണിച്ചു കൂടെ. ഗോ മാതാവിനെ ബന്ധനത്തില്‍ തളക്കാന്‍ ആകുമെങ്കില്‍ ഗോ മാതാവിന്റെ പാല്‍ അതിന്റെ യഥാര്‍ത്ഥ അവകാശിയായ അതിന്റെ കുഞ്ഞിനു നല്‍കാതെ നമുക്ക് കുടിക്കാമെങ്കില്‍ ഗോ മാതാവിനെ കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിച്ച് പണം നേടി ആ പണം കൊണ്ട് നമുക്ക് വയര്‍ നിറക്കാമെങ്കില്‍ പിന്നെ എന്തിനു അതിനെ ഒരു മനുഷ്യന്‍ തന്റെ് വിശപ്പ് മാറാന്‍ ഉപയോഗിക്കുന്നതില്‍ മാത്രം കുറ്റം കണ്ടെത്തണം.

‘ഐ.എസി’ നെ തുടക്കത്തില്‍ മുസ്‌ലിങ്ങളിലെ ഒരു ചെറു വിഭാഗം ഇസ്‌ലാമിന്റെ സംരക്ഷകരാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അസഹിഷ്ണുതയുടെ പ്രതീകമായി മാറിയ അവര്‍ ഇന്ന് ഇസ്‌ലാമിന് തീരാ കളങ്കമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. മറ്റുള്ളവരുടെ ജീവിക്കാന്‍ ഉള്ള അവകാശം നിഷേധിച്ചുകൊണ്ട് തീവ്രമനസ്സുള്ള ചില ഹിന്ദുക്കളുടെ കയ്യടി വാങ്ങാനുള്ള ഐ.എസിന്റെ ഹിന്ദു പതിപ്പുകളുടെ അവസ്ഥയും അത് തന്നെയായിരിക്കും. ലോകം ഹിന്ദുവെന്നു കേട്ടാല്‍ അറപ്പ് തോന്നിക്കുന്ന അവസ്ഥയിലേക്ക് അവര്‍ എത്തിക്കും. സിറിയയിലും ഇറാഖിലും സംഭവിച്ച പോലെ ഇന്ത്യയുടെ പുരോഗതിയെ അവര്‍ നൂറു കൊല്ലം പിറകോട്ടു വലിക്കും.

ഹിന്ദുവേതര സമുദായങ്ങളോട്, നമ്മുടെ മക്കള്‍ സ്‌നേഹിക്കുന്ന വീട്ടിലെ കോഴിയെ അവരുടെ കണ്‍ മുന്നില്‍ വെച്ച് കശാപ്പു ചെയ്യാന്‍ മനസ്സില്‍ അലിവുള്ളവര്‍ക്ക് കഴിയില്ല. അത് പോലെ മാതാവിനോളം ബഹുമാനിക്കുന്നവരുടെ കണ്‍മുന്നില്‍ വെച്ച് അതിനെ കശാപ്പു ചെയ്യുന്നത് ഒഴിവാക്കുക. മറ്റുള്ളവരുടെ വിശ്വാസം മാറ്റിയെടുക്കുന്നത് ശക്തികൊണ്ടല്ല, ആദരവ് കൊണ്ടാണ്. ചുറ്റുപാടുമുള്ളതിനെ കരിച്ചു കളയുന്ന തീപ്പന്തത്തെപ്പോലെ പേടിപ്പെടുത്തുന്നതാകരുത് വിശ്വാസം. ചുറ്റുപാടുമുള്ളതിനെ തണുപ്പിക്കുന്ന നീരുറവ പോലെ ആശ്വാസമാകണം വിശ്വാസം.

Related Articles