Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കള്‍ നമുക്കെന്നാണ് ഭാരമായത്?

ഉപേക്ഷിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ വാര്‍ത്തകള്‍ നാളുകള്‍ കഴിയുന്തോറും മനുഷ്യമനസ്സാക്ഷിയെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. സംസ്‌കാര സമ്പന്നരായ മലയാളികള്‍ക്ക് വൃദ്ധരായ മാതാപിതാക്കള്‍ അരോചകമാവുകയാണ്. തിരുവനന്തപുരം പട്ടത്തുകാരിയായ 96 വയസ്സുകാരി രത്‌നമ്മയുടെ വാര്‍ത്ത അറിയിക്കുന്നത് അതാണ്. അമ്മ എന്ന പദത്തിന് മറ്റെന്തിനേക്കാളും മഹത്വം കല്‍പ്പിച്ചിരുന്ന കേരളീയര്‍ പാശ്ചാത്യന്‍ സംസ്‌കാരത്തെയും അവരുടെ ബന്ധങ്ങളുടെ ശൈഥില്യത്തെയും ഏറെ അമര്‍ഷത്തോടെയാണ് എന്നും നോക്കിക്കണ്ടിരുന്നത്. പക്ഷെ, ജീവിതത്തിന്റെ സായാഹ്നത്തില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം നമ്മുടെ മലയാളി നാട്ടിലും അധികരിക്കുകയാണ്.

കുറച്ചുനാളുകള്‍ക്ക് മുമ്പ ഇത്തരത്തിലുള്ള ഒരു പത്രവാര്‍ത്ത ഏറെ വേദനയോടെയാണ് നമ്മള്‍ വായിച്ചത്. ക്ഷേത്രസന്ദര്‍ശനത്തിനെന്ന് പറഞ്ഞ് കൂടെകൊണ്ടുവരുന്ന വൃദ്ധമാതാപിതാക്കളെ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളുന്ന സൂത്രശാലികളായ മക്കളുടെ വാര്‍ത്തയായിരുന്നു അത്. ഉപേക്ഷിക്കപ്പെട്ട പലര്‍ക്കും പറയാനുള്ളത് ഒരേ വേദനകളാണ്. താലോലിച്ചും താരാട്ടിയും വളര്‍ത്തി വലുതാക്കിയ മക്കളാണ് തങ്ങളെ സൂത്രത്തില്‍ ഒഴിവാക്കുന്നതും. വര്‍ഷങ്ങളായി ഒന്നുവന്നു കാണാന്‍ പോലും തയ്യാറാകാത്ത നന്ദിയില്ലാത്ത മക്കളുടെ മനക്കട്ടിയെ കുറിച്ചാണ് അവര്‍ക്ക് പറയാനുള്ളത്. അവരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. വയസ്സുകാലത്ത് ഒറ്റപ്പെടുന്നതിനേക്കാള്‍ വലിയ വേദന എന്താണുള്ളത്..? ‘ഏകാന്തതയുടെ അഴിമുഖങ്ങളില്‍’ എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പ് ഈയിടെ പുറത്തിറക്കിയ ഡോക്യുമെന്ററി ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് നമുക്ക് നേരെ എയ്തുവിടുന്നത്.

പിതാവിന്റെ മരണത്തിന് ശേഷം മുണ്ടുമുറുക്കിയുടുത്തും, സ്വന്തം സ്വപ്‌നങ്ങളെയും സുഖങ്ങളെയും ചവിട്ടിമെതിച്ചും മക്കള്‍ക്ക് വേണ്ടി ജീവിച്ചവര്‍, മക്കള്‍ ആകാശത്തിലേക്കുയരുന്നത് സ്വപ്‌നം കണ്ടവര്‍… ജീവിതത്തിന്റെ അസ്തമയ വേളയില്‍ പിടിച്ചുനടക്കാന്‍ ഒരുകരവും, ആശ്വാസമേകാന്‍ ഒരു പുഞ്ചിരിയും ആഗ്രഹിക്കുമ്പോള്‍ സൂത്രശാലികളായ മക്കളെക്കണ്ട് ഹൃദയം നുറുങ്ങിയിരിക്കുകയാണ്. ഏത് വേദഗ്രന്ഥവും മാതൃത്വത്തെ മഹത്വപ്പെടുത്തുന്നുണ്ട്. പരിശുദ്ധ ഖുര്‍ആനിലെ പ്രപഞ്ചനാഥന്റെ നിര്‍ദ്ദേശം വൃദ്ധരായ മാതാപിതാക്കളുടെ അകം അറിഞ്ഞു കൊണ്ടുള്ളതാണ്. ‘നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക’ (അല്‍ ഇസ്‌റാഅ് : 23). താനെത്രമാത്രം ദുര്‍ബലയാണെന്നറിയാമെങ്കിലും കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന പരുന്തിനെ സര്‍വശക്തിയുമെടുത്ത് ആട്ടിയോടിച്ച് മക്കളെ ചിറകില്‍ കീഴില്‍ ഒളിപ്പിച്ചു വെക്കുന്ന തള്ളക്കോഴിക്ക് മക്കളോടുള്ള വാത്സല്യം അനിര്‍വചനീയമാണ്. ഏത് പ്രതിസന്ധിഘട്ടങ്ങളിലും സ്വാന്തനവും ആശ്വാസവുമായിക്കൊണ്ട് വൃദ്ധരായ മാതാപിതാക്കളെ ചിറകിന്‍ കീഴില്‍ ചേര്‍ത്തുവെക്കണമെന്നാണ് മേല്‍ സൂചിപ്പിച്ച ആയത്തില്‍ അല്ലാഹു മക്കളോട് കല്‍പ്പിക്കുന്നത്.

Related Articles