Current Date

Search
Close this search box.
Search
Close this search box.

മാംസാഹാരം ക്രൂരതക്ക് കാരണമോ?

എറണാകുളത്തെ ഒരു മാധ്യമ പ്രവര്‍ത്തക, അഭിമുഖം ആവശ്യപ്പെട്ട് ഓഫീസില്‍ വന്നു. ഭക്ഷണ സമയമായപ്പോള്‍ ഞാന്‍ അവരെ കാന്റീനലേക്ക് ക്ഷണിച്ചു. ഉടനെ അവരുടെ പ്രതികരണം ‘നിങ്ങള്‍ മാംസവും മത്സ്യവുമൊക്കെ കഴിക്കുന്നവരല്ലേ?’ ‘അതിനെന്താ, നിങ്ങള്‍ അത് കഴിക്കാതിരുന്നാല്‍ പോരേ?’ ഞാന്‍ ചോദിച്ചു. അതിനു മറുപടി പറയുന്നതിനു പകരം മാംസഭുക്കുകളെക്കുറിച്ച തന്റെ അഭിപ്രായം പറയുകയാണ് അവര്‍ ചെയ്തത്. ‘മാംസം കഴിക്കുന്നവര്‍ പൊതുവെ ക്രൂരന്‍മാരായിരിക്കും’. ‘അനുഭവം മറിച്ചാണല്ലോ, മനുഷ്യചരിത്രത്തില്‍ എത്താലത്തെയും ഏറ്റവും ക്രൂരനും കൊടിയ മര്‍ദ്ദകനും അക്രമിയുമായ ഹിറ്റലര്‍ ശുദ്ധ സസ്യഭുക്കായിരുന്നുവല്ലോ. ഗാന്ധിജിയെ കൊന്ന ഗോദ്‌സെയും സസ്യഭുക്കായിരുന്നു’. ഞാന്‍ പറഞ്ഞു.  ഗുജറാത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ് കുത്തിക്കീറി കുത്തിക്കീറി ആളിക്കത്തുന്ന തീയിലെറിഞ്ഞതും മാംസം തൊടാത്ത സസ്യഭുക്കുകള്‍ തന്നെ. അവിടുത്തെ നിരപരാധികളായ ആയിരങ്ങളെ കശാപ്പു ചെയ്തതും മറ്റാരുമല്ല.
പ്രശസ്ത കവി കടമ്മനിട്ട കുറിച്ചിട്ട വരികള്‍ ഏറെ ശ്രദ്ധേയമത്രെ.
‘താങ്കള്‍ മാംസ ഭുക്കാണോ’ അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’. ഞാന്‍ പറഞ്ഞു.
‘താങ്കളോ’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവ ജനത. ശുദ്ധ സസ്യഭുക്കുകളാണ് ‘. തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു. ‘നിങ്ങളില്‍ ചില പുല്ലു തീനികള്‍ പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറു കീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടി നുറുക്കി തിന്നതോ. തള്ളയെയും’. പെട്ടെന്നു ചോദിച്ചു. ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചു കൊണ്ട് എന്റെ നേരെ മുരണ്ടു. ‘ക്യാ’

കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്നു. ‘ഞാന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കല്ല. എന്നാലും ഞാന്‍ അന്യമതസ്ഥകളെ ബലാല്‍സംഗം ചെയ്യുകയോ അമ്മവയറ്റിലുറങ്ങിയ കണ്ണുതുറക്കാത്ത കണ്‍മണിയെ ശൂലത്തില്‍ കുത്തി തീയിലെറിയുകയോ ചെയ്തിട്ടില്ല’. അപ്പോള്‍ ചങ്ങാതീ, യഥാര്‍ത്ഥ ദുശ്ശീലമെന്താണ്.

ശുദ്ധ സസ്യഭുക്കുകള്‍ ഗുജറാത്തില്‍ ചെയ്ത കൊടും ക്രൂരതയെക്കുറിച്ച് സച്ചിദാന്ദന്‍ എഴുതുന്നു.
‘ഇല്ല ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
 ചിതയിലേക്ക്  പെറ്റിട്ടുണ്ടാവുകയില്ല
 ഒരു നിലവിളിയും ഇങ്ങനെ
 ഉയരും മുമ്പ് ചാരമായിട്ടുണ്ടാവില്ല
 വിട,
 നിന്നെ പിറക്കാനനുവദിക്കാത്ത ലോകത്തില്‍
 എനിക്കും ഇനിപ്പിറക്കേണ്ട
 ഇന്ത്യയിലെ അമ്മമാരേ
 നിങ്ങളിനി പ്രസവിക്കുകയും വേണ്ട’

അപ്പോള്‍ സസ്യഭുക്കുകളും മാംസഭുക്കുകളുമൊക്കെ കൊടും ക്രൂരതകള്‍ കാണിക്കാറുണ്ട്. ഒരാള്‍ സ്വീകരിക്കുന്ന വിശ്വാസവും ജീവിത വീക്ഷണവും നയസമീപനങ്ങളും സ്വഭാവപെരുമാറ്റ രീതികളുമാണ് അയാളെ കാരുണ്യവാനും ക്രൂരനും നല്ലവനും ചീത്തയുമൊക്കെയാക്കുന്നത്.

Related Articles