Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകളുടെ പുനര്‍നിര്‍മിതി

മുസ്‌ലിം സമുദായം ഓരോ കാലഘട്ടത്തിലും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ പൂര്‍വ സൂരികളായ മഹാന്മാര്‍ പടുത്തുയര്‍ത്തിയ വളരെ ആഴവും പരപ്പും അകക്കാമ്പും നിറഞ്ഞ മുസ്‌ലിം പൊതു വേദിയായിരുന്നു മഹല്ല് സംവിധാനം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിംകള്‍ സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടും ഈ അനുകൂലമായ സാഹചര്യം അവരുടെ സമഗ്രമായ സാമൂഹിക വികസനത്തിനോ ഇന്ത്യന്‍ സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെ പുരോഗതിക്കോ വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് കേരള മുസ്‌ലിം സമുദായത്തിലുണ്ടായ സങ്കടനാ പരവും ആശയ പരവുമായ വിയോജിപ്പുകള്‍. സംഘടനാ വിയോജിപ്പുകള്‍ കാരണം സാമൂഹികാന്തരീക്ഷം കലുഷിതമാവുകയും ഭിന്നിക്കുകയും ചെയ്തു. തല്‍ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന മുസ്‌ലിം പൊതു വേദിയായ മഹല്ല് ജമാഅത്ത് ക്ഷയിക്കാനും ഇടയായി.
       
മലബാര്‍ കലാപത്തിനു ശേഷം ധാരാളം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉത്ഭവിക്കുകയും അതിലൂടെ അനേകം പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. ഇതു മുഖേനെ സമുദായം വളരെ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. പക്ഷെ ഈ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തോടെ മുസ്‌ലിം പൊതു വേദിയായ മഹല്ല് നിര്‍ജീവവും നിഷ്‌ക്രിയവുമായി മാറി. ഇതിലൂടെ മുസ്‌ലിംകള്‍ക്ക് പൊതു നേതൃത്വം നഷ്ടപ്പെട്ടു. പിന്നീടുള്ള പതിറ്റാണ്ടുകളില്‍ മുസ്‌ലിംകളുടെ സാമൂഹികവും മതപരവും വിദ്യഭ്യാസപരവുമായ നവീകരണത്തിനു വേണ്ടി പല പ്രസ്ഥാനങ്ങളും ഉത്ഭവിച്ചിരുന്നു. പക്ഷെ ഈ സംഘടനാ ബാഹുല്യം മഹല്ലുകളെ വീണ്ടും നിര്‍ജീവമാക്കുകയും അവയെ കേവലം ആചാരാനുഷുാനങ്ങള്‍ നിര്‍വഹിക്കുന്ന ഒരു വേദിയായി ചുരുക്കുകയും ചെയ്തു.
       
മുസ്‌ലിംകളുടെ ഇടയില്‍ ഉത്ഭവിച്ച ഈ സംഘടനകള്‍ കാല ക്രമേണ പാര്‍ശ്വ വല്‍ക്കരിക്കപ്പെടുകയും അവരുടെ സ്വാധീനം മൊത്തം സമുദായത്തില്‍ നിന്നു മാറി സ്വന്തം അണികളിലേക്ക് ഒതുക്കപ്പെടുന്ന കാഴ്ചയാണു പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇത് സമുദായത്തില്‍ വ്യത്യസ്തങ്ങളായ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുന്നതിനും മഹല്ലുകളുടെ ശക്തി ക്ഷയിക്കുന്നതിനും കാരണമായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ഒരു അനൗദ്യോകിക കണക്കു പ്രകാരം ഒരു മഹല്ലില്‍ ഏകദേശം പത്തോളം സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം മാത്രമാണിതില്‍ സജീവമായിട്ടുള്ളത്. ബാക്കി എണ്‍പതു ശതമാനവും ഒരു സംഘടനയുമായിട്ടും ബന്ധമില്ല. ഈ കണക്ക് പ്രദേശവും സാഹചര്യവും അനുസരിച്ചു മാറിയേക്കാം. ഇതിലൂടെ മനസ്സിലാക്കേണ്ട പ്രധാന വസ്തുത, ഈ സംഘടനാ ഭിന്നിപ്പു മൂലം പൊതുവായ മഹല്ല് ഘടനയില്‍ അതിലെ നിവാസികളെ മൊത്തം സങ്കടിപ്പിക്കാനും അവരുടെ നിയന്ത്രിക്കാനും സാധിക്കുന്നില്ല എന്നതാണു. അതിനാല്‍ മുസ്‌ലിംകള്‍ നേരിടുന്ന പൊതു വെല്ലുവിളികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഏക പരിഹാരം അവരെ മൊത്തമായി (മതപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ക്കതീതമായി) ഒരു പൊതു നേത്രത്വത്തിന്റെ കീഴില്‍ കൊണ്ടു വരികയാണു. പല സംഘടനകള്‍ സൃഷ്ടിച്ച ഭിന്നിപ്പും പരസ്പരം പോരടിക്കുകയും ചെയ്യുന്ന അവസ്ഥയും ഇല്ലാതാക്കി മഹല്ലിലെ മൊത്തം നിവാസികള്‍ക്ക് ഒരു പൊതു നേതൃത്വത്തെ പ്രധാനം ചെയ്യാന്‍ അതിന് സാധിക്കും.

ജനാധിപത്യ മഹല്ലുകള്‍
മഹല്ലിന്റെ കീഴില്‍ മുസ്‌ലിംകളെ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി ഇപ്പോള്‍ നില നില്‍ക്കുന്ന പഴകിയ മഹല്ല് സംവിധാനത്തില്‍ നിന്ന് ഭിന്നമായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാന്‍ ഉതകുന്നതും ആധുനിക കാലഘട്ടത്തിനു അനുയോജ്യമായതുമായ പുതിയ ഒരു മഹല്ല് സംവിധാനമായി മാറ്റിപ്പണിയുക എന്നതാണു ഈ വിഷയത്തില്‍ പ്രധാനമായി സ്വീകരിക്കേണ്ട കര്‍മ്മ പരിപാടി. നിലവിലുള്ള മഹല്ല് സംവിധാനം കേവലം വിവാഹം മരണം പോലുള്ള  കാര്യങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടിരിക്കുന്നു എന്നതാണു വസ്തുത. അതിനപ്പുറം മഹല്ലിന്റെയോ മഹല്‍ നിവാസികളുടെയോ സമഗ്രമായ പുരോഗതിക്കുതകുന്ന കര്‍മ പരിപാടികള്‍ അവക്ക് നേതൃത്വം നല്‍കുന്നവരുടെ അജണ്ടയില്‍ ഇടം നേടിയിട്ടില്ല. മഹല്ല് നിവാസികളാകട്ടെ ഖാദി ആരെന്നു പോലും അറിയാത്തിടത്തോളം ഇക്കാര്യത്തില്‍ അശ്രദ്ധരുമാണ്. പല മഹല്ലുകളുടേയും അധികാരം ആ മഹല്ലിലുള്ള പൗര പ്രമുഖരുടേയോ പ്രമാണി കുടുംബങ്ങളുടേയോ അധീനത്തിലാണ്. അവിടെ മഹല്‍ നിവാസികള്‍ക്ക് മഹല്ലിന്റെ നടത്തിപ്പില്‍ യാതൊരു സ്വാധീനവും ഉണ്ടാകാറില്ല. പ്രദേശിക സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ മഹല്ലുകള്‍ക്ക് സാധിക്കണം. അതിനു നേരത്തെ പറഞ്ഞ ആചാരാനുഷുഠാനങ്ങള്‍ക്കപ്പുറം അവരുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കണം. പൊതു സമൂഹത്തിന്റെ നിര്‍മിതിക്കു വേണ്ടി പുതിയ ഭൂമികകള്‍ കണ്ടെത്തണം. അവരുടെ കീഴിലുള്ള മഹല്ലുവാസികളുടെ സാമ്പത്തികവും സാമൂഹികവും ആത്മീയവുമായ ഉന്നമനത്തിനു വേണ്ടി മഹല്ലുകള്‍ പ്രവര്‍ത്തിക്കണം. ഇതിനായി നിലവിലുള്ള ഘടനയെ മാറ്റിപ്പണിത് കൂടുതല്‍ ജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന ജനകീയ മുഖം അവക്ക് കൈവരേണ്ടതുണ്ട്. ഇതിലൂടെ മഹല്ല് നിവാസികള്‍ക്ക് (മതപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ക്കതീതമായി) അതാത് മഹല്ലിന്റെ പുരോഗതിക്കും അതിന്റെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനും സാധിക്കും. ഈ ജനാധിപത്യ മഹല്ലുകള്‍ സ്ഥാപിക്കുന്നതോടെ മഹല്ല് നിവാസികളും നേതൃത്വവും തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിക്കുകയും അവര്‍ക്ക് മഹല്ലിന്റെ വികസനത്തിനു പങ്കു വഹിക്കാനും സാധിക്കും.
    
ജനാധിപത്യ മഹല്ലിലെ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ഥിയെ മഹല്ലിന്റെ അമീറായി തിരഞ്ഞെടുക്കണം. ഓരോ സ്ഥാനാര്‍ത്തിയും അവരുടെ കാര്യപരിപാടിയും പദ്ധതികളും കാഴ്ചപ്പാടും മഹല്‍ നിവാസികളുടെ മുമ്പില്‍ സമര്‍പ്പിക്കും. തദടിസ്ഥാനത്തില്‍ മഹല്ലുവാസികള്‍ ഏറ്റവും യോഗ്യമായ സ്ഥാനാര്‍ത്തിയെ തിരഞ്ഞെടുക്കും. അതോടൊപ്പം അവരുടെ കാര്യ പരിപാടിയില്‍ മറ്റു മത സമുദായങ്ങളുമായിട്ട് ബന്ധം മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉയര്‍ച്ചക്കുള്ള പദ്ധതികളും ഉള്‍പ്പെടുത്തണം. മത്സരിക്കുന്ന സ്ഥാനാര്‍ത്തികള്‍ അവരുടെ വ്യക്തി ജീവിതത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ സ്‌ക്രീനിംഗ് പ്രോസസ്സ് ഉണ്ടായിരിക്കും.

പ്രാഥമികമായി ഓരോ മഹല്ലുകള്‍ക്കും അവരുടെ പ്രാദേശികമായ മുന്‍ഗണനാ ക്രമമനുസരിച്ച് ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഒരു ഭരണ ഘടനയും അതിനെ നിയന്ത്രിക്കുന്ന നിയമാവലിയും നിര്‍മ്മിക്കണം. ഇത് മഹല്ല് നിവാസികളും പണ്ഡിതന്‍മാരും നിയമ വിദഗ്ദരുടെയും ഒരുമിച്ചുള്ള പങ്കാളിത്തത്തോടെ ആയിരിക്കണം. മഹല്ലുകളുടേ ഭൂമിക അതിന്റെ പൊതുവായ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിലും സദാചാര പരമായ ഉയര്‍ച്ചയിലും പരിമിതമായിരിക്കും. അതേ സമയം മഹല്ല് നിവാസികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലോ ഫിഖ്ഹിയായ നിലപാടുകളിലോ ഒരു ഇടപെടലുകളും നടത്തുകയില്ല.
      
മഹല്ല് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്വയം പര്യാപ്തത കരസ്ഥമാക്കാന്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക പൊതു വിതരണ സംവിധാനവും വിദ്യാഭ്യാസ പരവും ആരോഗ്യ പരവുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തേണ്ടതാണു. അതോടൊപ്പം മഹല്ല സംവിധാനം കാര്യക്ഷമമാക്കുന്നതിനു പതിവായ ഇടവേളകളില്‍ മുഖാമുഖങ്ങളും ചര്‍ച്ചകളും നടത്തേണ്ടതുണ്ട്.

ജനകീയ മഹല്ലുകളുടെ രൂപീകരണം ഒരു നിലയ്ക്കും സംഘടനകള്‍ ചെയ്യുന്ന ക്രിയാത്മകവും പുരോഗമന പരവുമായ പ്രവര്‍ത്തനങ്ങളെ അസാധുവാക്കുകയില്ല. ഇത്തരത്തിലുള്ള ജനകീയ മഹല്ലുകള്‍ സമുദായത്തിനകത്തുള്ള വ്യത്യസ്ത പ്രവര്‍ത്തനമേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകള്‍ക്ക് ഒരിക്കലും ഭീഷണിയായിരിക്കുകയില്ല എന്നു മാത്രമല്ല ഒരു നേതൃത്വത്തിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് അവരുടേതായ മേഖലകളില്‍ മഹല്ലിനു വേണ്ടി കൂടുതല്‍ കാര്യക്ഷമമായി സേവനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിക്കും. ഇതിന്റെ ഉത്തമമായ ഉദാഹരണം ഗള്‍ഫ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല കമ്മിറ്റികളാണ്. വ്യത്യസ്ഥമായ പല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ പ്രാദേശിക മഹല്ലിന്റെ വികസനത്തിനു വേണ്ടി ഈ കമ്മിറ്റികളില്‍ ഒത്തു കൂടുകയും മഹല്ലിലെ നിര്‍ധരരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് ഗള്‍ഫിലെ സ്ഥിരം കാഴ്ചയാണ്.
     
ജനാധിപത്യ മഹല്ലുകളുടെ വമ്പിച്ച സാധ്യതകള്‍ ഉള്‍ക്കൊണ്ട് ശരിയായ അര്‍ഥത്തില്‍ സമീപിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ മുസ്‌ലിം സമുദായത്തിനെന്ന പോലെ ഇതര ജന വിഭാഗങ്ങള്‍ക്കും വളരെ പ്രയോജനപ്രദമായ ഒന്നായിട്ടതിനെ മാറ്റാം. ഖുര്‍ആന്‍ പറഞ്ഞതു പോലെ ”ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല.” (13:11)

വിവ : സഹീര്‍ റഹ്മാന്‍ ചോഴിമാഠം

Related Articles