Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയുടെ സംരക്ഷണം; വര്‍ത്തമാനവും ഭാവിയും

അല്‍അഖ്‌സ മസ്ജിദിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്ന മുറാബിത്തൂന്‍, മുറാബിത്താത്ത് (ഫലസ്തീന്‍ വളന്റിയര്‍ ഗാര്‍ഡ്) കൂട്ടായ്മകളെ നിയമവിരുദ്ധ സംഘങ്ങളായി ഇസ്രായേലി പ്രതിരോധമന്ത്രി മോഷെ യാലോണ്‍ പ്രഖ്യാപിച്ചതോടെ ഇനി എന്തൊക്കെയാണ് അവരെ തേടിവരാന്‍ പോകുന്നതെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇസ്രായേല്‍ പോലിസിന്റെയും, ശിന്‍ ബേത്ത് രഹസ്യപോലിസിന്റെയും ശുപാര്‍ശ പ്രകാരമാണ് പ്രസ്തുത സംഘടനകളെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇസ്രായേല്‍ സര്‍ക്കാറിന്റെ വിധിതീര്‍പ്പിനെ എന്തുവിലകൊടുത്തും നേരിടാന്‍ തന്നെയാണ് സംഘടനകളുടെ തീരുമാനം. കാരണം അല്‍അഖ്‌സയെ സംരക്ഷിക്കേണ്ടത് മുസ്‌ലിംകളുടെ അവകാശമാണെന്നും, അതിന് വിഘ്‌നം വരുത്തുന്ന വിധത്തില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്നുമാണ് സംഘടനയുടെ നിലപാട്.

മസ്ജിദിനുള്ളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതും, അല്‍അഖ്‌സയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും അതുപോലെ ജറൂസലേമില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതും മുറാബിത്തൂന്‍, മുറാബിത്താത്ത് സംഘങ്ങളാണെന്ന് യാലോണ്‍ ആരോപിച്ചിരുന്നു. ടെംപ്ള്‍ മൗണ്ടിലെത്തുന്ന വിനോദസഞ്ചാരികള്‍, സന്ദര്‍ശകര്‍, പ്രാര്‍ത്ഥനനിര്‍വഹിക്കാനെത്തുവര്‍ എന്നിവര്‍ക്കെതിരെ ‘ആക്രമണത്തിന് പ്രേരിപ്പിക്കുന്ന’ പ്രവര്‍ത്തനങ്ങളില്‍ പ്രസ്തുത സംഘങ്ങള്‍ ഏര്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ അല്‍അഖ്‌സ ഒഴിപ്പിച്ചെടുക്കാനാണ് ഇസ്രായേല്‍ അധികൃതര്‍ നോക്കുന്നതെന്ന്, യാലോണിന് മറുപടിയായി മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടവരില്‍ ഒരാളും, അല്‍അഖ്‌സയില്‍ അധ്യാപികയുമായ ഖദീജ ഖുവൈസ് പറഞ്ഞു. വ്യക്തികളെയും, കൂട്ടങ്ങളെയും അറസ്റ്റ് ചെയ്യുക, അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയവ അതിന്റെ ഭാഗമാണ്. മസ്ജിദിനുള്ളിര്‍ ഇരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് ഇപ്പോള്‍ പാസാക്കിയിട്ടുണ്ട്. അതുപോലെ മസ്ജിദിനുള്ളില്‍ പഠനക്ലാസുകള്‍ നടത്തുന്നതിനും, കൂട്ടംകൂടിയിരിക്കുന്നതിനും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. മസ്ജിദുല്‍ അഖ്‌സയെ വിഭജിക്കാനുള്ള ഇസ്രായേല്‍ അധിനിവേശ സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇതൊക്കെ നടക്കുന്നത്.

‘അല്‍അഖ്‌സയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും, എന്നാല്‍ അതില്‍ നിന്ന് ഞാന്‍ തടയപ്പെടുകയും ചെയ്തപ്പോള്‍, മസ്ജിദനടുത്ത് നിലയുറപ്പിച്ച് അകത്തേക്ക് പ്രവേശിക്കാനുള്ള എന്റെ അവകാശത്തെ സംബന്ധിച്ച് സംസാരിക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ജൂതന്‍മാര്‍ സിനഗോഗുകളില്‍ പ്രാര്‍ത്ഥനയിലേര്‍പ്പെടുമ്പോള്‍ അവരെ ആരും തന്നെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ശാന്തരായി ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ അവര്‍ തീവ്രവാദികളാണെന്ന് ആരും പറയുന്നില്ല. പിന്നെന്തു കൊണ്ടാണ് പ്രാര്‍ത്ഥനക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഒത്തുചേരല്‍ മാത്രം തീവ്രവാദമെന്നും, നിയമവിരുദ്ധമെന്നും മുദ്രകുത്തപ്പെടുന്നത്?’ ഖദീജ കൂട്ടിച്ചേര്‍ത്തു.

വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള നിയമം പുതിയതല്ലെന്നും, എന്നാല്‍ ഇത്തവണ അതിന്റെ പ്രായോഗരീതി വ്യത്യസ്തമാണെന്നും മുറാബിത്തൂന്‍ അംഗമായ അബൂബക്കര്‍ ശിമ പറഞ്ഞു. ‘മസ്ജിദുല്‍ അഖ്‌സയിലേക്ക് തിരിച്ചു പോകാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, അതുപോലെ അതിനെ സംരക്ഷിക്കാനുമുള്ള അവകാശത്തിന് വേണ്ടി പോരാടുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്നെ സ്വയം പരിചയപ്പെടുത്തുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് മുസ്‌ലിംകളുടെ മാത്രം നിയമപരമായ അവകാശമാണ്. അതുകൊണ്ടു തന്നെ കോടതിവിധികളെ ഞങ്ങള്‍ തെല്ലും ഭയക്കുന്നില്ല.’ അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.

മസ്ജിദുല്‍ അഖ്‌സയുടെ മേല്‍ യാലോണിനും അദ്ദേഹത്തിന്റെ സര്‍ക്കാറിനും യാതൊരു വിധിത്തിലുള്ള പരമാധികാരവുമില്ല, അധിനിവേശ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ഞങ്ങള്‍ തള്ളിക്കളയുന്നു എന്നാണ് ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ ഡെപ്യൂട്ടി ലീഡര്‍ കമാല്‍ അല്‍ഖതീബ് പറഞ്ഞത്. മസ്ജിദുല്‍ അഖ്‌സയുടെ സംരക്ഷണം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നോമ്പും, നമസ്‌കാരവും പോലെ ആരാധന തന്നെയാണെന്നും, അഖ്‌സ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ തീവ്രവാദമായും, നിയമവിരുദ്ധമായും ചിത്രീകരിക്കുന്നത്, നമസ്‌കാരം, നോമ്പ് തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളെ തീവ്രവാദമായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അധിനിവേശ സര്‍ക്കാര്‍ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍, അറബികളും മറ്റു മുസ്‌ലിം സംഘങ്ങളും നിശബ്ദത പാലിച്ചു കൊണ്ട് അതിനെ പിന്താങ്ങുകയാണ് ചെയ്യുന്നത്. ചില അവസരങ്ങളില്‍ അധിനിവേശ സര്‍ക്കാറുമായി അവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. ഫലസ്തീന്‍ അതോറിറ്റിയിമായുള്ള ഇസ്രായേലിന്റെ സുരക്ഷാ സഹകരണം ഇതിന് മതിയായ തെളിവാണ്’ അല്‍ഖതീബ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ച്ച ആരംഭിച്ച ജൂതന്മാരുടെ അവധി ദിവസങ്ങളുടെ ഭാഗമായി, അധിനിവേശകര്‍ക്ക് മസ്ജിദിനുള്ളില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കി കൊടുക്കുന്നതിനും, ഫലസ്തീനികളെ മസ്ജിദിനുള്ളില്‍ നിന്നും പുറത്താക്കുന്നതിനും വേണ്ടിയാണ് ഇപ്പോഴത്തെ ഉത്തരവെന്ന് അല്‍ഖതീബ് ചൂണ്ടികാട്ടി. ‘എരിതീയ്യില്‍ എണ്ണയൊഴിക്കുന്നതാണ് മസ്ജിദുല്‍ അഖ്‌സക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ആരാണോ ഇതിന് തീ കൊളുത്തിയത്, അവരെ തന്നെ ഈ തീ ഒരു ദിവസം വിഴുങ്ങും’ അദ്ദേഹം പറഞ്ഞു.

യാലോണിന്റെയും ഇസ്രായേല്‍ നെസറ്റിന്റെയും (പാര്‍ലമെന്റ്) തീരുമാനങ്ങള്‍ മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യത്തെ ഒരിക്കലും മാറ്റിതിരുത്തില്ലെന്നും, മസ്ജിദുല്‍ അഖ്‌സയെ വിഭജിക്കാനുള്ള തീരുമാനം തള്ളപ്പെട്ടിരിക്കുന്നതായും ‘അല്‍അഖ്‌സ അക്കാദമി ഫോര്‍ സയന്‍സ് ആന്റ് ഹെറിറ്റേജ്’ പ്രസിഡന്റ് ഡോ. നാജിഹ് ബക്‌റത്ത് പറഞ്ഞു. ‘യാലോണ്‍ പുറപ്പെടുവിക്കുന്നതായാലും ശരി, മറ്റു വല്ലവരും പുറപ്പെടുവിക്കുന്നതായാലും ശരി, ‘ചവറ്റുകൊട്ട’യാണ് ഈ ഉത്തരവുകളുടെയെല്ലാം ആത്യന്തികസ്ഥാനം. അല്‍അഖ്‌സയുമായും, ജറൂസലേമുമായും ബന്ധപ്പെട്ട് എടുക്കുന്ന ഏത് തീരുമാനവും ‘അത് എഴുതാന്‍ ഉപയോഗിച്ച മഷിയുടെ വില പോലും ഇല്ലാത്തവയാണ്’ അദ്ദേഹം വ്യക്തമാക്കി.

‘സൈന്യത്തെ ഉപയോഗിച്ചും, പ്രാര്‍ത്ഥിക്കാനെത്തുവരെ കഠിനമായി ശിക്ഷിച്ചും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നത് ശരി തന്നെയാണ്. പക്ഷെ ഞങ്ങള്‍ പറയുന്നു, മസ്ജിദുല്‍ അഖ്‌സ മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിനെ വിഭജിക്കാന്‍ ഞങ്ങള്‍ക്ക് ജീവനുള്ളിടത്തോളം കാലം അവര്‍ക്ക് കഴിയില്ല.’

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: അല്‍ജസീറ

Related Articles