Current Date

Search
Close this search box.
Search
Close this search box.

മലപ്പുറത്ത് ചെന്നാല്‍ ‘മുസ്‌ലിം വെള്ളം’ കുടിക്കാന്‍ കിട്ടുമോ?

സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയുടെ ആചാര്യനായ സ്വാമീ സന്ദീപാനന്ദഗിരിയുമായി രവിചന്ദ്രന്‍ സി നടത്തിയ അഭിമുഖസംഭാഷണം പുതിയ ലക്കം ‘പച്ചക്കുതിര’ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃതാനന്ദമയീ മഠത്തിലെ ജീവിതവുമായി ബന്ധപ്പെട്ട് മഠത്തിലെ മുന്‍ ജീവനക്കാരി ഗെയില്‍ ട്രെഡ്‌വല്‍ എഴുതിയ പുസ്തകത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇടപെട്ട് മഠത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്വാമീ സന്ദീപാനന്ദഗിരി മതമൗലികവാദികളുടെ നിരന്തര അക്രമണത്തിന് വിധേയനായിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്വാമിയുമായി രവിചന്ദ്രന്‍ സി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ :

ചോദ്യം : അമൃതാനന്ദമയിക്കെതിരെയുള്ള ആരോപണങ്ങള്‍ വിറ്റഴിക്കാനായി താങ്കള്‍ ‘മുസ്‌ലിം ചാനലു’കളെ കൂട്ടുപിടിക്കുന്നതായി മുമ്പ് സൂചിപ്പിച്ച ടെലിവാഞ്ചലിസ്റ്റ് ഉള്‍പ്പെടെയുള്ള ഭക്തര്‍ ആരോപിക്കുന്നവല്ലോ? എങ്ങനെയാണ് ഒരു ചാനലിനെ മുസ്‌ലിം ചാനല്‍, ഹിന്ദു ചാനല്‍ എന്നൊക്കെ വിളിക്കുന്നത്…? അത് ശരിക്കും വര്‍ഗ്ഗീയതയല്ലേ?

സന്ദീപാനന്ദഗിരി : വര്‍ഗ്ഗീയത എന്നല്ല ഇതിനൊക്കെ പറയേണ്ടത്. എന്തുവാക്ക് ഉപയോഗിക്കണമെന്ന് എനിക്കറിയില്ല. കാടത്തം എന്നൊക്കെ പറഞ്ഞാല്‍പ്പോലും മോശമാണ്. കാരണം കാട്ടിലൊക്കെ കുറേകൂടി മര്യാദയുണ്ട്. ഏറ്റവും നികൃഷ്ടമായ സമീപനമാണത്. അതുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് ആലോചിച്ചു നോക്കൂ. മലപ്പുറത്ത് ചെന്നാല്‍ ആരെങ്കിലും ‘മുസ്‌ലിം വെള്ളം’ വേണമെന്നു പറയുമോ?!

ചോദ്യം : സുനാമി ഉണ്ടായപ്പോള്‍ അമൃതാനന്ദമയിമഠം 100 കോടിക്ക് വീടുകളുണ്ടാക്കി. ആ വീടുകളെക്കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.. പക്ഷെ, അന്നവരത് ചെയ്തു. അതേസമയം ആ സമയത്ത് അനില്‍ അംബാനി കൊടുത്തത് 50 ലക്ഷമാണ്. പക്ഷെ, അമ്പത് ലക്ഷം തന്റെ അറ്റദായത്തില്‍നിന്നാണ് അംബാനി കൊടുത്തത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത്, നികുതി അടച്ച്, രാജ്യനിയമങ്ങള്‍ക്ക് വിധേയമായി അധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ നിന്നാണ് അംബാനി 50 ലക്ഷം കൊടുത്തത്. 50 ലക്ഷം കൊടുത്തത് കൊണ്ട് അംബാനിക്ക് ആ വകയില്‍ പുതിയ നടവരവ് ഉണ്ടായിട്ടില്ല. അദ്ദേഹം ദിവ്യനുമായില്ല. അംബാനി രാജ്യത്ത് ഉല്‍പ്പാദനവും തൊഴിലവസരവും ഉണ്ടാക്കുന്നുവെന്ന് പറയാം… പക്ഷെ, ആശ്രമങ്ങളില്‍ നടക്കുന്നതെന്താണ്? അവിടെ ഉല്‍പ്പാദനം പൂജ്യമാണ്. രാജ്യപുരോഗതിക്ക് വേണ്ടി യാതൊന്നും അവിടെ ഉണ്ടാക്കുന്നുമില്ല. കുറേ ആളുകള്‍ ഭജനയും തേവാരവുമായി കൊട്ടിപ്പാടി കൂട്ടംകൂടി താമസിക്കുന്നു, അവരെ തീറ്റിപ്പോറ്റുക, സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, സ്വര്‍ണ ശേഖരവും സ്വിസ് ബാങ്ക് നിക്ഷേപവും വര്‍ധിപ്പിക്കുക. ഇതൊക്കെയാണ് ആശ്രമങ്ങള്‍ ചെയ്യുന്നത്. അന്യന്റെ പോക്കറ്റിലെ പണം സ്വന്തമാക്കി അതില്‍ ഭൂരിഭാഗവും സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് വിനിയോഗിച്ചിട്ട് അതില്‍ ചെറിയൊരു ഭാഗമെടുത്തെറിഞ്ഞാണോ ചാരിറ്റി ചെയ്യേണ്ടത്…? ചാരിറ്റി സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണത്തില്‍ നിന്നല്ലേ ചെയ്യേണ്ടത്..?

സന്ദീപാനന്ദഗിരി : തീര്‍ച്ചയായും.. സ്വന്തം ഉടമസ്ഥതയിലുള്ള സമ്പത്ത് മാത്രമേ ദാനം കൊടുക്കാവൂ. അതാണ് ദാനം. വല്ലവരില്‍ നിന്നും ദാനം കിട്ടുന്നതും തട്ടിയെടുക്കുന്നതും ദാനം കൊടുക്കുന്നതില്‍ മഹത്തരമായൊന്നുമില്ല. വല്ലവരും തരുന്നതില്‍ ഒരു പങ്ക് ദാനം കൊടുക്കാന്‍ ഞാനാര്?

കടപ്പാട് : പച്ചക്കുതിര, 2014 മെയ് (പുസ്തകം 10, ലക്കം10)

Related Articles