Current Date

Search
Close this search box.
Search
Close this search box.

മരണം കുറിച്ച് തരുന്ന മരുന്നുകമ്പനികള്‍

കുറ്റകൃത്യങ്ങളുടെ സ്വഭാവവും, അവ ചെയ്യുന്ന ആളുകളുടെ സാമൂഹ്യപദവിയും ഒരുപരിധി വരെ കുറ്റകൃത്യങ്ങളോടുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കാറുണ്ടെന്നത് ഒരു വസ്തുതയാണ്. പലപ്പോഴും കൊലപാതകം എന്ന കുറ്റം അപ്രസക്തമാവുകയും കൊലപാതകിയുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പദവി കുറ്റത്തെ ഒന്നുകില്‍ ഭീകരവത്കരിക്കുകയോ, ലഘൂകരിക്കുകയോ ചെയ്യുകയാണ് പതിവ്. കടല്‍കൊല കേസിലെ പ്രതികളും, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളെന്ന് പറയപ്പെടുന്നവരും നിയമത്തിന് മുന്നില്‍ വിചാരണക്കിരയായത് വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു. അമേരിക്ക ബോംബിട്ടാല്‍ ഭീകരവിരുദ്ധ യുദ്ധവും, അഫ്ഗാനികള്‍ തിരിച്ചടിച്ചാല്‍ ഭീകരവാദവും ആവുന്നത് അതുകൊണ്ടാണ്.

ബഹുരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനികള്‍ മരുന്നു പരീക്ഷണത്തിന്റെ പേരില്‍ കൊന്നുതള്ളിയ ഇന്ത്യയിലെ പൗരന്‍മാരുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. 2005-2012 കാലയളവില്‍ മരുന്നു പരീക്ഷണത്തിനിടെ ജീവന്‍ പൊലിഞ്ഞ ഇന്ത്യന്‍ പൗരന്‍മാരുടെ എണ്ണം 2644. 2013 ഫെബ്രുവരി മുതല്‍ 370 ഓളം പേരുടെ ജീവനാണ് അവര്‍ എടുത്തത്. ഇങ്ങനെ കൊന്നുതള്ളപ്പെട്ടവരുടെ മരണ കാരണത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് കമ്പനികള്‍ തന്നെ കൂലി നല്‍കി നിശ്ചയിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ്. അതു കൊണ്ടു തന്നെ മരണകാരണങ്ങളിലെ അസ്വാഭാവികതകള്‍ സ്വാഭാവികതകളായി തിരുത്തപ്പെടുന്നു. ഇവയെല്ലാം തന്നെ എത്ര വ്യവസ്ഥാപിതമായാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നതിന് അരങ്ങൊരുക്കപ്പെടുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസുകളില്‍ 21 കേസുകളില്‍ മാത്രമാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചത്. മരുന്ന് കമ്പനികള്‍ക്കെതിരെയുള്ള കേസുകള്‍ കോടതിയില്‍ നിലവിലുള്ളപ്പോള്‍ തന്നെയാണ് മരുന്നുകമ്പനികള്‍ തങ്ങളുടെ പരീക്ഷണനശീകരണങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

കുറച്ച് മുമ്പാണ് കേരളത്തിലെ അനധികൃത മരുന്ന് പരീക്ഷണങ്ങളെ കുറിച്ചുള്ള ഡോ. രാജശേഖരന്‍പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതായ വാര്‍ത്തകള്‍ പുറത്തുവന്നത്. പരീക്ഷണം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവാതിരിക്കാനും, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാനുമുള്ള സര്‍ക്കാറിന്റെ ശ്രമമായിരുന്നു അത്. സാമ്പത്തികസ്ഥിതി മോശമായ കുടുംബങ്ങളില്‍ നിന്നും വരുന്ന, രോഗികളാണ് ഇത്തരത്തില്‍ മരുന്നു കമ്പനികളുടെ പരീക്ഷണത്തിന് ഇരയാവുന്നത്. മരുന്ന് പരീക്ഷണം നടത്തിയ കമ്പനികളോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നെങ്കിലും ഇതുസംബന്ധിച്ച് വിളിച്ചു ചേര്‍ന്ന സിറ്റിംഗില്‍ പോലും സര്‍ക്കാര്‍ തലത്തില്‍ നിന്നടക്കം ആരും പങ്കെടുത്തില്ല. രോഗിയുടെ അറിവോടെയല്ല പരീക്ഷണങ്ങളില്‍ ഭൂരിഭാഗവും അരങ്ങേറുന്നത്.

ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മരിക്കാന്‍ പോകുന്നവരില്‍ മരുന്നു പരീക്ഷണം നടത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് പ്രശസ്തരായ ഡോക്ടര്‍മാര്‍ പോലും അന്ന് ചോദിച്ചത്. മരുന്നു പരീക്ഷണത്തില്‍ പങ്കാളികളാകുന്ന ഡോക്ടര്‍മാര്‍ക്ക് അതിന്റെ ധാര്‍മ്മികതയും, നൈതികതയും തുടര്‍വിദ്യാഭ്യാസ മാതൃകയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും, പരീക്ഷണത്തിന് ഇരയാകുന്നവര്‍ക്ക് അതിന്റെ അവകാശവും നിയമപരിരക്ഷയും നിര്‍ബന്ധമാക്കണമെന്നുമാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ ഒന്ന്. എന്നാല്‍ വിവരാവകാശ പ്രകാരം ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പ്രസ്തുത നിര്‍ദ്ദേശം മറച്ചു വെച്ചാണ് ഉത്തരം നല്‍കിയത്. ഇതെന്താണ് വ്യക്തമാക്കുന്നത്?.

കുറ്റകൃത്യത്തിന്റെ സ്വഭാവമല്ല കുറ്റത്തിന്റെ ഗൗരവം കൂട്ടുകയും, കുറക്കുകയും ചെയ്യുന്നത് എന്നുവന്നിരിക്കുന്നു. ഇവിടെയാണ് മരുന്നു കമ്പനികള്‍ നടത്തിയത് കൂട്ടക്കൊലയായി കണക്കാക്കാന്‍ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള മറുപടി ഒളിഞ്ഞിരിക്കുന്നത്. ഭരണഘടനയല്ല മറിച്ച് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണകൂടമാണ് ജനങ്ങള്‍ക്ക് വേണ്ടി കുറ്റവാളികളെ തെരഞ്ഞെടുക്കുന്നതും, അപരാധികളെ നിരപരാധികളായി ചമയിച്ചൊരുക്കുന്നതും. മരുന്നു കമ്പനികള്‍ മനുഷ്യന്‍ ജീവന്‍ കൊണ്ട് ചൂതാട്ടം നടത്തുന്നത് പ്രശ്‌നവല്‍ക്കരിച്ചു കൊണ്ട് ഈയടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഒരു നല്ല സിനിമയായിരുന്നു ‘അപ്പോത്തികരി’. ഐറ്റംഡാന്‍സ് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല സിനിമ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. നമ്മുടെ നിശബ്ദതക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

Related Articles