Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശം വാക്കുകളിള്‍ ഒതുങ്ങാതിരിക്കട്ടെ

ഇന്ന് ഡിസംബര്‍ 10 ലോക മനുഷ്യാവകാശദിനം. ലോകജനത ആകമാനം മനുഷ്യാവകാശ ധ്വംസനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ ദിനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഗ്വാണ്ടനാമോ അടച്ചു പൂട്ടാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ല. ഡ്രോണ്‍ വിമാനങ്ങളായും സൈനിക ഇടപെടലുകളായും അവര്‍ നടത്തുന്ന കൂത്തരങ്ങുകള്‍ വേറെ. പശ്ചിമേഷ്യയെ പിടിച്ചു കുലുക്കുന്ന ‘ഐസിസ്’ ഇക്കൂട്ടരുടെ മറ്റൊരു സൃഷ്ടിയാണ്. ഇസ്‌ലാമിന്റെ സുന്ദരമുഖത്ത് കരിവാരിത്തേക്കാന്‍ ഇറങ്ങിത്തിരിച്ച അമേരിക്കയുടെ ദത്തുപുത്രന്മാര്‍. നിരപരാധികളെ കൊന്നൊടുക്കിയും, മാധ്യമപ്രവര്‍ത്തകരുടെ കഴുത്തറുത്തും അവര്‍ തങ്ങളുടെ നരഹത്യ തുടരുന്നുകൊണ്ടേയിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബോകോഹറാം ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം ദുഷ്‌കൃത്യങ്ങള്‍ തന്നെ. അറബ് ഏകാധിപതികളും ഒട്ടും മോശമല്ല. മനുഷ്യാവകാശം പുസ്തകത്താളുകളിലും പേപ്പര്‍ കഷ്ണങ്ങളിലുമൊതുങ്ങിയെന്നു സാരം.

ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനം അനുഭവിക്കുന്ന ജനതയാണ് ഫലസ്തീനിലേത്. സ്വന്തം നാട്ടില്‍ തടവുകാരെപ്പോലെയാണ് വര്‍ഷങ്ങളായി അവര്‍ കഴിയുന്നത്. ഇസ്രായേലിന്റെ കഴുകക്കണ്ണുകള്‍ക്കു കീഴില്‍ ജീവിക്കുന്ന ആ ജനതക്ക് മനുഷ്യാവകാശമെന്നത് സ്വപ്‌നം മാത്രം. ചൈനയിലെ ഉയിഗൂറുകള്‍ക്കും ടിബറ്റ് നിവാസികള്‍ക്കും, മ്യാന്മറിലെ റോഹിങ്ക്യകള്‍ക്കും, റഷ്യയിലെ ചെച്‌നിയന്‍ മുസ്‌ലിംകള്‍ക്കും ഇത്തരം അനുഭവങ്ങളാണ് വിവരിക്കാനുണ്ടാവുക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലെ സാഹചര്യങ്ങളും വ്യത്യസ്തമല്ല. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും, അപരവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. ബി.ജെ.പിയുടെ അധികാരലബ്ധിക്ക് കാരണമായിത്തീര്‍ന്ന വര്‍ഗീയ കലാപങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങള്‍മാത്രം. ഇതില്‍ പ്രബലമായ ഒന്നാണ് മുസഫര്‍നഗര്‍ കലാപം. സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട കലാപത്തിന്റെ ഇരകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇതുവരെ കഴിഞ്ഞത്. അവരെ അവിടെ നിന്നും ഇറക്കി വിടാനുള്ള ശ്രമങ്ങളാണ് ഇൗ മനുഷ്യാവകാശ ദിനത്തില്‍ പോലും നടക്കുന്നത്.

1950ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി  ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം യു.എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം  Human Rights 365 എന്നതാണ്. ഒരു വര്‍ഷത്തെ മുഴുവന്‍ ദിനങ്ങളും മനുഷ്യാവകാശ സംരക്ഷണ ദിനമാകണമെന്നാണ് ഈ മുദ്രാവാക്യത്തിലൂടെ യു.എന്‍ ആഹ്വാനം ചെയ്യുന്നത്. ലോകത്തെ ഓരോ മനുഷ്യനും എവിടെയായിരുന്നാലും ഏതു സമയത്താണെങ്കിലും അവന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും ഇത് അര്‍ത്ഥമാക്കുന്നു.  എന്നാല്‍ ഇന്ന് ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് യു.എന്നും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വേലി പോലും വിളതിന്നുന്ന അവസ്ഥ. അതിനാല്‍ പുതിയ ബദലുകളെ തേടിയുള്ള യാത്രയിലാണ് ലോകജനത. അവരില്‍ പലരും എത്തിപ്പെടുന്നത് ഇസ്‌ലാമിക ദര്‍ശനങ്ങളിലാണെന്നത് ലോകം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്.

മനുഷ്യാവകാശത്തെക്കുറിച്ച് ഉജ്ജ്വലമായി സംസാരിക്കുകയും പ്രായോഗിക മാതൃക കാണിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റ സന്ദേശവാഹകരായ പ്രവാചകന്മാര്‍ ലോകം കണ്ട മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്നു. ഇസ്‌ലാമിലെ വേദങ്ങള്‍ മനുഷ്യാവകാശ വിളംബരം നടത്തുന്ന പ്രമാണങ്ങളും. പെണ്‍കുട്ടികളെ കുഴിച്ചുമൂടിയ, യുദ്ധങ്ങളും സംഘട്ടനങ്ങളും നിറഞ്ഞാടിയ, മനുഷ്യരെ അടിമകളും ഉടമകളുമെന്ന് വേര്‍തിരിച്ച ഒരു സമൂഹത്തെ ലോകത്തെ ഏറ്റവും ഉല്‍കൃഷ്ട സമൂഹമാക്കിമാറ്റുകയും, മനുഷ്യാവകാശസംരക്ഷണത്തിന്റെ ഉജ്ജ്വല മാതൃകകള്‍ കാഴ്ചവെക്കുകയും ചെയ്ത പ്രവാചകനാണ് മുഹമ്മദ്‌നബി(സ). പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ആഹ്വാനമായിരുന്നു.  മനുഷ്യന്റെ ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കാനും, സ്ത്രീകളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും ആഹ്വാനം ചെയ്യുന്ന ആ പ്രസംഗം മാനവിക ഐക്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. മനുഷ്യാവകാശത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നതോടൊപ്പം അത് പ്രായോഗികമായി നടപ്പിലാക്കാനും നാം വ്യഗ്രത കാട്ടേണ്ടുതുണ്ട് എന്നതിന് മറ്റൊരു മാതൃക നാം തേടേണ്ടതില്ല.

Related Articles