Current Date

Search
Close this search box.
Search
Close this search box.

മനസ്സിലെ നംറൂദുമാരും ഇബ്‌റാഹീം നബിയും

hajj68.jpg

ഓരോ പ്രവാചകന്റെ സമീപനത്തിനും സമകാലിക പ്രസക്തിക്കു പുറമെ കാലാതിവര്‍ത്തിയായ ഒരു പ്രസക്തിയുണ്ട്. നമ്മുടെ നിരീക്ഷണ ശേഷിക്കനുസരിച്ച് നമുക്കത് കണ്ടെത്താനാവും. സത്യത്തിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ഇബ്‌റാഹീം(അ)നെ ചുട്ടുകൊല്ലുകയല്ലാതെ മര്‍ഗമൊന്നുമില്ലെന്ന് മനസ്സിലാക്കിയ നംറൂദിനെയായിരുന്നല്ലോ ആ മഹാനുഭാവന് നേരിടാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാര്‍ഗം അനുധാവനം ചെയ്യാന്‍ അനുശാസിക്കപ്പെട്ട നമ്മില്‍ അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ മറ്റൊരു പകര്‍പ്പ് ഉണ്ടായിരിക്കണം. നമ്മുടെ മനസ്സില്‍ നംറൂദുമാരുണ്ടോ? അവരെ നേരിടാന്‍ വിശ്വാസത്തിന്റെ ആര്‍ജ്ജവമുള്ള ഒരു ഇബ്‌റാഹീമുണ്ടോ? ഈ ചോദ്യം നമ്മുടെ മനസ്സില്‍ നിന്നും ഉയരുമ്പോഴേ നമ്മെ സംബന്ധിച്ചടത്തോളം ഖലീലുല്ലാഹിയുടെ ത്യാഗത്തിന് കാലിക പ്രസക്തിയുണ്ടാവുന്നുള്ളൂ.

നാം എത്ര ശ്രമിച്ചാലും ദൈവാര്‍പ്പണ സന്നദ്ധതയില്‍ ഇബ്‌റാഹീം നബിയോളം ഉയരാന്‍ കഴിയില്. കാരണം, മനുഷ്യനായ ഒരു ദൈവദൂതന്‍ എന്ന നിലക്ക് കീഴ്‌പ്പെടലിന്റെ പാരമ്യമാണ് സ്വന്തം പുത്രനെ ബലിയറുക്കാനുള്ള സന്നദ്ധയിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. ഇബ്‌റാഹീം നബിയുടെ ത്യാഗബോധത്തിന് മുന്നില്‍, പാരമ്യം എന്ന വാക്ക് അര്‍ഥഭാരം താങ്ങാനാവതെ ഞെരുങ്ങുന്നത് കാണാം. നമുക്കൊരിക്കലും ചെയ്യേണ്ടതില്ലാത്തതും കല്‍പിക്കപ്പെട്ടാല്‍ പോലും പാലിക്കുന്നതില്‍ പരാജയപ്പെടാന്‍ ഏറെ സാധ്യതയുള്ളതുമാണ് ആ കാര്യം. പിന്നെങ്ങനെയാണ് നമുക്ക് അത്രത്തോളം ഉയരാന്‍ കഴിയുക?

നമുക്ക് ആ വിശ്വാസത്തിന്റെ പ്രകാശ നാളം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത് ബിംബങ്ങളെയായിരുന്നു. ആ സ്ഥാനത്ത് നമുക്കുല്‌ളത് ആള്‍ ദൈവങ്ങളെയാണ്. അവരെ ആയുധം കൊണ്ടല്ല, ബുദ്ധികൊണ്ടാണ് നേരിടേണ്ടത്. ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുള്ള ആരാധ്യവസ്തുക്കള്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നുള്ള ആരാധിതന്‍മാര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് മാത്രമല്ല ആളുകളെ അക്രമാസക്തരാക്കാനും കുതന്ത്രങ്ങള്‍ മെനയാനും കഴിയും. അതിനാല്‍ ആദര്‍ശത്തെ ആയുധമാക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം നമ്മില്‍ പുലരുന്നു.

മൃഗത്തെ ബലിയറുത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ നമ്മുടെ ബാധ്യത തീരുന്നില്ല. നമുക്ക് ചിന്തിക്കാനുള്ളത് ഇതാണ്. ഇബ്‌റാഹീം നബിഅ(അ) തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ബലിയറുക്കാന്‍ സന്നദ്ധനാവുകയും ‘നീ പരീക്ഷണത്തില്‍ വിജയിച്ചു, മകനെ അറുക്കേണ്ടതില്ല’ എന്ന് ദൈവിക സന്ദേശം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തുവല്ലോ. നമുക്കിന്ന് ഏറ്റവും പ്രിയപ്പെട്ടത് നംറൂദുമാരുടെ വേഷമിട്ട ധനമോഹത്തെയാണ്. മോഹം ദുര്‍മോഹമായി വളര്‍ന്നിരിക്കയാണ്. ‘ധനത്തെ നിങ്ങള്‍ അമിതമായി സ്‌നേഹിക്കുന്നു’ എന്ന ഖുര്‍ആന്‍ വാക്യം (89: 20) പതിന്നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി(സ) ജനങ്ങളെ പഠിപ്പിച്ചതാണ്. അത് സൂചിപ്പിക്കുന്നത് വഴിവിട്ട ധനമോഹം എക്കാലത്തുമുണ്ടാകുമെന്നു തന്നെ. ഇന്ന് നടക്കുന്ന വലിയ മത്സരം സാമ്പത്തിക രംഗത്താണ്. അതിന്റെ വിജയം ഉറപ്പുവരുത്താന്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതരായി തീരുന്നു. വിശ്വാസത്തിന്റെ ബലത്തില്‍ നമുക്കതിനെ നേരിടാന്‍ കഴിയണം.

ഞങ്ങളുടെ നാഥാ, ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്കു കീഴ്‌പ്പെടുന്ന ഒരു ഉത്തമ സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനനാ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരികയും ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചതായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. (ഖുര്‍ആന്‍ 2: 128) ഈ പ്രാര്‍ഥനയിലെ വിനയം നാം പകര്‍ത്തിയെടുക്കുക. ലോക മുസ്‌ലിംകള്‍ക്കെല്ലാം ആരാധനാ കേന്ദ്രമായ കഅ്ബ പടുത്തുയര്‍ത്തിയവനും അല്ലാഹുവിന്റെ തോഴന്‍ എന്ന് അല്ലാഹുവിനാല്‍ വിശേഷിപ്പിക്കപ്പെട്ടവനുമായ ഇബ്‌റാഹീം(അ) ഇവിടെ എത്രയാണ് ചെറുതാകാന്‍ ശ്രമിക്കുന്നത്. അല്ലാഹുവിനെ അക്ബര്‍ (ഏറ്റവും വലിയവന്‍) ആക്കല്‍ അങ്ങനെയാണ്. പശ്ചാത്താപത്തിനായി ഇത്രയധികം പ്രാര്‍ഥിക്കാന്‍ മാത്രം അദ്ദേഹത്തില്‍ ഒരു തെറ്റുമില്ല. ഇവിടെ നാം അദ്ദേഹത്തിന്റെ മനസ്സുമായി തുലനം ചെയ്യണം.

തന്റെ ആദര്‍ശം തന്റെ മരണത്തോടെ അണഞ്ഞുപോകരുത് എന്ന ആഗ്രഹം നാം ഇബ്‌റാഹീം നബിയില്‍ നിന്ന് പകര്‍ത്തേണ്ട അവസരമാണിത്. അത് നാം ബാധമാക്കേണ്ടതെങ്ങനെയാണ്?

അത്യാവശ്യ മതകര്‍മങ്ങള്‍ക്ക് വേണ്ടി മാത്രം കുട്ടികളെ മദ്രകളിലയക്കുക, ബാക്കിയെല്ലാം പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശം ലഭിക്കാനുള്ള ശ്രമം എന്ന അവസ്ഥ മുസ്‌ലിം സമുദായത്തെ ഗ്രസിച്ചിരിക്കുന്നു. ചിലര്‍ക്ക് മതപഠനം ഞായറാഴ്ച്ചകളിലൊതുങ്ങുന്നു. അടുത്ത പതിറ്റാണ്ട് ആദര്‍ശ ദാരിദ്ര്യത്തിന്റേതാവുകയില്ലേ എന്നു നാം ഭയപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെയാവാതിരിക്കാന്‍ നാം ശ്രമിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്തണം.

ഇളം പ്രായത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളെ നാം വളര്‍ത്തുന്നത്. അതവരോടുള്ള സ്‌നേഹം കൊണ്ടും അവര്‍ നമുക്കും സമൂഹത്തിനും ഉപകാരപ്പെടണം എന്ന ആഗ്രഹം കൊണ്ടുമാണല്ലോ. ആ സൂക്ഷ്മത ആദര്‍ശ രംഗത്ത് പ്രതിരോധ മരുന്നുകള്‍ കൊടുക്കുന്നതിലും നാം നല്‍കണം. മദ്രസകളില്‍ നിന്നാണ് ആദര്‍ശപരമായ പ്രതിരോധ മരുന്ന് ലഭിക്കേണ്ടത്. അങ്ങനെ അഭിനവ നംറൂദുമാര്‍ക്കും ഫറോവമാര്‍ക്കുമെതിരെ നിലകൊള്ളുന്നവരാകണം നാം.
അല്ലാഹു അക്ബര്‍.

Related Articles