Current Date

Search
Close this search box.
Search
Close this search box.

മനം മാറ്റം തടയാന്‍ നിയമത്തിനാകുമോ?

മതം ഒരു കൂട്ടര്‍ക്ക് കറുപ്പായിരുന്നു. മറ്റൊരു കൂട്ടര്‍ക്ക് അത് മദപ്പാടും. കറുപ്പിന്റെ വക്താക്കള്‍ കുറേയൊക്കെ കൂറുമാറിയിട്ടുണ്ടെങ്കുിലും കലിയടങ്ങിയതായി നിരീക്ഷിക്കാനാകില്ല. മദപ്പാടുകാര്‍ പുതിയ മസ്തകങ്ങളില്‍ മദപ്പാടുകള്‍ തീര്‍ക്കുന്ന വേലകളില്‍ സജീവരാണ്. ഒരു വ്യക്തിയുടെ വിശ്വാസത്തേയൊ വിശ്വാസ രാഹിത്യത്തേയൊ നിയമ നിര്‍മ്മാണം കൊണ്ട് തടയിടാമെന്ന വ്യാമോഹത്തേക്കാള്‍ വിഡ്ഡിത്തം  ലോകത്തുണ്ടാകുമോ? വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുന്നവര്‍ക്കറിയുമോ ലോകമെമ്പാടും ഇന്ത്യയിലും മനം മാറുന്നവരുടെ കണക്ക്. മനം മാറ്റം തടയാന്‍ ലോകത്ത് ഏതെങ്കിലും ശക്തിയ്ക്ക് കഴിയുമോ? മതം മാറ്റം നിയമം മൂലം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണോലോചനയെക്കുറിച്ച് സല്‍മ പി എം(Salma PM) പ്രതികരിച്ചതിങ്ങനെ:

‘മതം മാറ്റാന്‍’ ക്രിസ്ത്യാനിക്കോ, മുസ്‌ലിമിനോ, ആര്‍ എസ് എസ്സിനോ അവകാശമില്ല എന്നാല്‍ മതം മാറാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. വ്യക്തിയുടെ മതം മാറാനുള്ള അവകാശത്തെ നിയമം മൂലം നിരോധിക്കണം എന്നവകാശപ്പെടുന്നവര്‍ നിര്‍ബന്ധ മത പരിവര്‍ത്തനം നടത്തുന്നതോ!

…………………………………………………

ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഏറെ പ്രസിദ്ധമായ പഴമൊഴിയാണ്. ഇതുപോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു ചൊല്ലുണ്ട് പക്ഷെ ഇതത്ര പ്രസിദ്ധമല്ല. ഒരു പ്രദേശത്ത് അധിവസിക്കുന്നവര്‍ക്ക് അര്‍ഹനായ ഒരു അധികാരിയായിരിക്കും അവിടെ വാഴിക്കപ്പെടുന്നത് എന്നത്രെ ഈ പഴമൊഴി. അഥവ രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന പ്രഭു ആരായിരുന്നാലും പ്രജകള്‍  അതിന്നര്‍ഹരാണെന്നതത്രെ പച്ചയായ പരമാര്‍ഥം. ഒരു സമൂഹത്തിന്റേയും അവസ്ഥ മാന്ത്രികമായി മാറ്റപ്പെടുകയില്ല. അവര്‍ മാറ്റത്തിന് തയാറാകാത്തിടത്തോളം എന്ന അധ്യാപനവും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്.

ഭാരതമെന്ന മഹാരാജ്യത്തിന്റെ രാഷ്ട്ര ശില്‍പിയുടെ ഘാതകര്‍ രാജ്യം വാഴുന്ന വ്യവസ്ഥയിലേയ്ക്ക് രാജ്യത്തിന്റെ അവസ്ഥയെ എത്തിക്കാന്‍ ഒരു സംഘം നടത്തിയ ശ്രമങ്ങള്‍ പൂര്‍ണ്ണ വിജയം വരിക്കാനുണ്ടായ കാരണങ്ങള്‍ ഓരോ ഭാരതീയന്റേയും ദുരവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. മഹാത്മാ ഗാന്ധിജിയുടെ ഘാതകന്‍ രാജ്യ സ്‌നേഹിയാണെന്ന് അധികാരികള്‍ പറയുമ്പോള്‍ ഭാരതീയര്‍ എത്ര നിസ്സഹായരാണ്. ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്നാണ് രാജു സുരേന്ദ്രന്‍ (Raju Surendran Edakkattu) പറയുന്നത്.

മഹാത്മാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് ബിജെപി എം പി. ഇപ്പോളിത്രയല്ലേ പറഞ്ഞുളളൂവെന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം. ഇനി ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കണം എന്ന അവകാശവാദവുമായി നാളെ ആരെങ്കിലും വന്നില്ലെങ്കിലേ അതിശയമുളളൂ.

……………………………….

ഗ്രാമീണതയുടെ ചേരുവകളില്‍ കണ്ണീരും പുഞ്ചിരിയുമായി കത്തും കത്തു പെട്ടിയും തപാല്‍കാരനും ശിപായിയും പഴമയുടെ ഓര്‍മ്മകളില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനത്തിനപ്പുറമുള്ള മാനങ്ങള്‍ കുത്തിക്കുറികള്‍ക്കുണ്ട്. ആശയ വിനിമയത്തിന്റെ ഏറ്റവും വൈകാരികമായ തലം എഴുത്തിടപാടുകളില്‍ നിര്‍ലീനമത്രെ. വാമൊഴിയെ വരമൊഴിയാക്കുന്നതില്‍ തപാല്‍ സംവിധാനം വഹിച്ച പങ്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് സി കേശവനുണ്ണി (C Kesavanunni Parappanangadi)

അകലപ്പെട്ടും ഒറ്റപ്പെട്ടും തുരുത്തുകളായിനിന്നിരുന്ന ഇന്ത്യയിലെ ആയിരകണക്കിന് ഗ്രാമീണ മനസ്സുകളില്‍ ആദ്യം ലഡ്ഡു പൊട്ടിച്ചിരിക്കുക നമ്മുടെ തപാല്‍ സംരഭമായിരിക്കണം. എപ്പോഴെങ്കിലും അന്വേഷിച്ചു വരാന്‍ സാധ്യതയുള്ള ഒരു കാര്‍ഡിനെങ്കിലും വഴി തെറ്റാതിരിക്കാന്‍ സ്വന്തമായ ഒരു മേല്‍വിലാസം  വേണമെന്ന വിചാരം ഉണ്ടാക്കിയതും അവരുതന്നെ എന്നും വിശ്വസിക്കം.
ഭാഷയുടെ വരമൊഴി ജനകീയമാവുന്നതിനും തപാല്‍ സംവിധാനം അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട്. ഒരു കത്ത് വായിക്കാനെങ്കിലും പഠിക്കണം എന്നായിരുന്നു ഭാഷാവിപ്ലവത്തിന്റെ ആദ്യത്തെ മുദ്രാവാക്യം. സ്വന്തം സര്‍ഗാത്മകസാധ്യതകളെ സ്വയം പരീക്ഷിക്കാന്‍ നിരക്ഷരര്‍ പോലും ശ്രമിച്ചിരിക്കുക സ്വന്തമായി കത്തെഴുതാന്‍ തുടങ്ങുന്നതിത്തിലൂടെയാണ്.
വര്‍ത്തമാനം അസുരപ്രകൃതത്തിന്റെ ദ്രുതതാളമാണ്. സംസ്‌ക്കാരത്തെയല്ല വികാരത്തെയാണ് പലപ്പോഴും അതാശ്രയിക്കുക. എന്നാല്‍ എഴുത്തില്‍ മനസ്സിന്റൊ സംയനവും വിവേകവും പ്രതിഫലിക്കും. പറഞ്ഞുവന്നത് സഹൃദയങ്ങള്‍ എഴുത്തുകളിലൂടെ ഉറപ്പിച്ചുനോക്കു അതിനു സൌരഭ്യം കുടുതലായിരിക്കും. നമുക്ക് കത്തുകള്‍ എഴുതി തുടങ്ങാം.

Related Articles