Current Date

Search
Close this search box.
Search
Close this search box.

മധ്യാഫ്രിക്കയും ക്രീമിയയും തമ്മിലെന്ത്?

ആഫ്രിക്കന്‍ രാജ്യമായ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാങ്കുയില്‍ ഒരു വര്‍ഷം മുമ്പത്തെ മുസ്‌ലിം ജനസംഖ്യ ഒരു ലക്ഷത്തിലധികമായിരുന്നു. എന്നാല്‍ യു.എന്‍ പുറത്തു വിട്ട ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ബാങ്കുയില്‍ അവശേഷിക്കുന്നത് 900 മുസ്‌ലിംകള്‍ മാത്രമാണ്. മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്ന പഴയ ഫ്രഞ്ച് കോളനിയില്‍ ഒരു വര്‍ഷത്തോളമായി തുടരുന്ന വംശീയ സംഘര്‍ഷത്തിന്റെ ഗൗരവം സൂചിപ്പിക്കാനാണ് ഈ ജനസംഖ്യാ കണക്ക് ഉദ്ധരിച്ചത്. 2013 മാര്‍ച്ച് 24 ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസിനെ വിമത വിഭാഗമായ സെലീകകള്‍ (ക്രിസ്ത്യന്‍ – മുസ്‌ലിം സംയുക്ത സംഘം) അധികാരത്തില്‍ നിന്നും പുറത്താക്കിയതോടെ ആരംഭിച്ച വംശീയ സംഘര്‍ഷം ശക്തമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അട്ടിമറിയെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷമിപ്പോള്‍ ക്രിസ്ത്യന്‍ സായുധ വിഭാഗമായ ആന്റി ബലകയുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം വംശീയ ഉന്മൂലനമായി മാറിയിരിക്കുകയാണ്. വംശീയ കലാപം ഇനിയും തുടര്‍ന്നാല്‍ ജനസംഖ്യയില്‍ 15 ശതമാനം വരുന്ന മുസ്‌ലിംകളില്‍ ഒരാളും രാജ്യത്ത് അവശേഷിക്കുകയില്ലെന്ന മുന്നറിയിപ്പ് ഐക്യരാഷ്ട്ര സഭ പലകുറി നല്‍കുകയുണ്ടായി. കലാപത്തില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ശേഷിക്കുന്നവര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന അവസ്ഥ സംജാതമായിട്ടും, ഫ്രാന്‍സ് 6,000 ത്തോളം സൈനികരെ നിയോഗിച്ചതൊഴിച്ച് കലാപം ശമിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ഗൗരവതരമായി നടപടികളൊന്നും ഉണ്ടായിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ കടുത്ത നിസംഗത തന്നെയാണ് തുടരുന്നത്. തുര്‍ക്കി മധ്യആഫ്രിക്കയിലേക്ക് സഹായ സംഘത്തെ അയച്ചതും ഒ.ഐ.സി പ്രതിനിധിയെ അയച്ചതും മാത്രമാണ് ഒരുപവാദം.

എന്നാല്‍ ക്രിസ്ത്യന്‍ – മുസ്‌ലിം സംഘര്‍ഷം എന്നതിലുപരി ധാതു ശേഖരങ്ങള്‍ കൊണ്ട് സമ്പന്നമായ തങ്ങളുടെ പഴയ കോളനിയായ മധ്യാഫ്രിക്കയില്‍ ഫ്രാന്‍സിനുള്ള രാഷ്ട്രീയ – സാമ്പത്തിക താല്‍പര്യങ്ങളും അവരുടെ അവിശുദ്ധ ഇടപെടലുകളും തന്നെയാണ് കലാപം ഇത്രമാത്രം ആളിക്കത്തിച്ചതെന്ന് അന്താരാഷ്ട്ര നിരീക്ഷികര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1960 വരെ ഫ്രഞ്ച് കോളനിയായിരുന്ന മധ്യാഫ്രിക്കയില്‍ സ്വാതന്ത്ര്യത്തിനു ശേഷവും ഭരണം നടത്തിയവരെല്ലാം ഫ്രാന്‍സിന്റെ ഏറാന്‍ മൂളികളായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ സൈനിക അട്ടിമറികളും ഭരണ മാറ്റങ്ങളുമെല്ലാം ഫ്രാന്‍സിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചും അവരുടെ സാമ്പത്തിക – സായുധ സഹായങ്ങളുടെ പിന്‍ബലത്തിലുമായിരുന്നു. രാജ്യത്ത് മത – വംശീയ വൈര്യം തീര്‍ത്ത് അതിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തി വര്‍ഷങ്ങളായി മധ്യാഫ്രിക്കയെ ഊറ്റിക്കുടിക്കുന്ന ഫ്രാന്‍സ് തന്നെയാണ് ഇപ്പോള്‍ സൈന്യത്തെ അയച്ച് മധ്യാഫ്രിക്കയിലെ വൈര്യം തീര്‍ക്കാനിറങ്ങിയിരിക്കുന്നതും! മധ്യാഫ്രിക്കയിലെ മുസ്‌ലിംകളെ നിരായുധരാക്കി ക്രിസ്ത്യന്‍ സായുധ വിഭാഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന നടപടിയാണ് ഫ്രഞ്ച് സൈന്യം സ്വീകരിച്ചിരിക്കുന്നതെന്ന് മധ്യാഫ്രിക്കയിലെ മുസ്‌ലിം നേതാക്കളും വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ഐക്യ രാഷ്ട്രസഭയും മറ്റു പാശ്ചാത്യന്‍ ശക്തികളും ഫ്രഞ്ച് നീക്കത്തെ പിന്തുണക്കുകയാണ്.

യൂറോപ്പിലെ പ്രമുഖ സായുധ ശക്തിയായ റഷ്യയുടെ അയല്‍ രാജ്യമായ യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷവും മധ്യആഫ്രിക്കന്‍ വംശീയ സംഘര്‍ഷവും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. റഷ്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള യുക്രൈന്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തങ്ങളുടെ പിടിയില്‍ നിന്നും നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ യുക്രൈനിലേക്ക് സൈന്യത്തെ അയച്ചാണ് റഷ്യ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ യുക്രൈനിലെ റഷ്യയുടെ ഇടപെടല്‍ ആ രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കൈയ്യേറ്റമാണെന്നും നടപടിയില്‍ നിന്ന് റഷ്യ പിന്മാറണമെന്നും ആവശ്യപ്പെട്ട് അമേരിക്കയും മറ്റു യൂറോ – പാശ്ചാത്യന്‍ ശക്തികളും രംഗത്ത് വന്നു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്റെയും ഐക്യ രാഷ്ട്ര സഭയുടെയും നേതൃത്വത്തില്‍ റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളമായി വംശീയ സംഘര്‍ഷം നിലനില്‍ക്കുന്ന, ആയിരങ്ങള്‍ കൊലചെയ്യപ്പെട്ട, ലക്ഷണക്കിനാളുകള്‍ ഭവന രഹിതരാവുകയും ജനിച്ചു വളര്‍ന്ന നാടുവിട്ട് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ സംഭവ വികാസങ്ങളെ കണ്ട ഭാവം നടിക്കുകയോ സംഘര്‍ഷത്തിന് അയവു വരുത്താന്‍ രംഗത്തിറങ്ങാനോ ഒരു ശക്തിയും മുന്നോട്ട് വരുന്നില്ല. എന്നുമാത്രമല്ല, മധ്യാഫ്രിക്കയിലെ ഫ്രഞ്ച് ഇടപെടലുകള്‍ക്ക് പാശ്ചാത്യ ശക്തികളും ഐക്യ രാഷ്ട്രസഭയും കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. മധ്യാഫ്രിക്കന്‍ സംഘര്‍ഷത്തിന് അയവുവരുത്താന്‍ 12,000 അധിക സൈന്യത്തെ അടിയന്തിരമായി നിയോഗിക്കണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെ അപേക്ഷ പോലും രക്ഷാ സമിതി ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല. യുക്രൈന്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തിയവരെല്ലാം മധ്യാഫ്രിക്കയിലെ മുസ്‌ലിം വിഷയത്തില്‍ കടുത്ത നിസംഗതയും ഇരട്ടത്താപ്പ് നയവുമാണ് സ്വീകരിക്കുന്നത്. മധ്യാഫ്രിക്കയില്‍ നടക്കുന്ന മുസ്‌ലിം വംശീയ ഉന്മൂലനത്തിനു നേരെ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം മാധ്യമങ്ങളും നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്. മധ്യാഫ്രിക്കയിലെ വാര്‍ത്തകളെ തമസ്‌കരിക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ഫ്രാന്‍സിന്റെ സാമ്പത്തിക – രാഷ്ട്രീയ താല്‍പര്യങ്ങളും രാജ്യത്തെ ഭരണാധികാരികളുടെ പിടിപ്പു കേടും മൂലം ഒരു രാജ്യം പൂര്‍ണമായും വെന്തുരുകുകയും ഒരു ജന സമൂഹം അപ്പാടെ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെ ഇനിയെങ്കിലും ഗൗരവത്തില്‍ സമീപിക്കാന്‍ അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും രംഗത്ത് വരേണ്ടതുണ്ട്. അല്ലെങ്കില്‍ യു.എന്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ ഒരൊറ്റ മുസ്‌ലിമും അവശേഷിക്കാത്ത സാഹചര്യമായിരിക്കും മധ്യആഫ്രിക്കയിലുണ്ടാവുക.

Related Articles