Current Date

Search
Close this search box.
Search
Close this search box.

മദ്‌റസകളും ഗോമാംസവും വളര്‍ത്തുന്ന തീവ്രവാദം

madrasa.jpg

ഇന്ത്യയില്‍ ഗോമാംസ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നുള്ള വരുമാനം മുസ്‌ലിംകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നുമുള്ള കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ പ്രസ്താവനയും, മദ്രസകളില്‍ പഠിപ്പിക്കുന്നത് ഭീകരവാദമാണെന്നും അവിടെ നിന്നു പുറത്ത് വരുന്നത് ഭീകരവാദികളാണ് എന്നുമുള്ള ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവനയും തികഞ്ഞ അസംബന്ധവും, വര്‍ഗ്ഗീയ ധ്രുവീകരണവും, രാഷ്ട്രീയ ലാഭവും, വ്യക്തി താല്‍പര്യവും ലക്ഷ്യം വെച്ചുള്ളവയുമാണ്. അടുത്ത കാലത്തായി ബി.ജെ.പി -സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ ആരോപണങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുന്നതാണ്.

മദ്രസകളില്‍ പഠിപ്പിക്കുന്നത് ഭീകരവാദമാണെന്നും അവിടെ നിന്നും പുറത്തു വരുന്നത് ഭീകരവാദികളാണെന്നുമുള്ള പ്രസ്താവനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്രമല്ല, അത് വസ്തുതകള്‍ക്ക് നേര്‍വിരുദ്ധവുമാണ്. ഭൂലോകത്ത് അശാന്തിയും അസമാധാവും അന്ധകാരവുമെല്ലാം പെരുകിയ ഘട്ടത്തില്‍ മനുഷ്യനെയും ലോകത്തെയും ഇത്തരം അന്ധകാരങ്ങളില്‍ നിന്ന് മോചിപ്പിക്കാനും, ലോകത്ത് സമാധാനം പുനസ്ഥാപിക്കാനും അവതരിക്കപ്പെട്ട വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും അതിന്റെ പ്രായോഗിക മാതൃകയായ നബിചര്യയും അടിസ്ഥാനമാക്കി വിജ്ഞാനം പകര്‍ന്നു നല്‍കുന്ന കേന്ദ്രങ്ങളാണ് മദ്രസകള്‍. മദ്രസകളില്‍ നിന്നും ലഭിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും ഭീകരവാദിയോ തീവ്രവാദിയോ ആകാന്‍ കഴിയില്ല. അവന് ദേശവിരുദ്ധനോ, രാജ്യദ്രോഹിയോ ആകാന്‍ കഴിയില്ല. മദ്രസകളിലെ പാഠപുസ്തകങ്ങള്‍ ഏതൊരാള്‍ക്കും വാങ്ങി വായിക്കാന്‍ കഴിയുന്ന വിധത്തില്‍ പൊതുവിപണിയില്‍ ലഭിക്കുന്ന ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും അത് കൃത്യമായി മനസ്സിലാവുന്നതാണ്. മനേകാ ഗാന്ധിക്കും സാക്ഷി മഹാരാജിനും ഇതിനെക്കുറച്ച് ധാരണയില്ലാത്തതുകൊണ്ടാവില്ല, മറിച്ച് തങ്ങളുടെ വ്യക്തിതാല്പര്യത്തിനും രാഷ്ട്രീയ താല്‍പര്യത്തിനും വേണ്ടി അവരത് മറച്ചുവെക്കുകയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര സമരത്തില്‍ അതുല്യമുയ സേവനങ്ങളര്‍പ്പിച്ച മുസ്‌ലിം പണ്ഡിതന്മാരും സാധാരണക്കാരും തങ്ങളുടെ പോരാട്ടത്തിനു വേണ്ട ഊര്‍ജ്ജം കണ്ടെത്തിയിരുന്നത് നേരത്തെ ഉദ്ധരിച്ച വേദഗ്രന്ഥങ്ങളില്‍ നിന്നുതന്നെയായിരുന്നു. അതുകൊണ്ടാണ് പ്രമുഖ പണ്ഡിതനും വിശുദ്ധഖുര്‍ആന്‍ വ്യഖ്യാതാവുമായ മൗലാനാ അബുല്‍കലാം ആസാദ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമുന്നത നേതാവായത്. മൗലാനാ മുഹമ്മദലിയും, ശൗക്കത്തലിയും, മറ്റനേകം രാജ്യസ്‌നേഹികളും ഇത്തരം മദ്രസാ വിദ്യാസത്തിന്റെ സൃഷ്ടികളായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജ്ജം പകരുന്നതില്‍ ഇന്ത്യയിലെ പ്രമുഖ മതപാഠശാലകളില്‍ നിന്നുള്ള ബ്രിട്ടീഷ് വിരുദ്ധമായ ഫത്വ്‌വകള്‍ വലിയ പങ്കുവഹിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം ഫര്‍ദ് ഐന്‍ (വ്യക്തിപരമായ ബാധ്യത) ആണെന്ന് പ്രസ്താവിച്ചത് പ്രമുഖ മതപണ്ഡിതനും നമ്മുടെ മതപാഠശാലകളിലെ ഏറ്റവും ബൃഹത് കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്റെ ഗ്രന്ഥകര്‍ത്താവുമായ സൈനുദ്ദീന്‍ മഖ്ദൂമാണ്. ഇന്ത്യയിലെ പല പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരും ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിച്ചുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. അന്ന് ഈ പറയുന്ന പല സവര്‍ണ്ണ ഹിന്ദുക്കളും ബ്രിട്ടീഷുകാര്‍ക്ക് ഓശാന പാടുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയുമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചപ്പോള്‍ മഹാത്മാഗാന്ധിയെ RSS കാരനായ നാഥുറാം ഗോഡ്‌സെ വെടുവെച്ചു കൊന്നത് ഇതിന്റെ ഏറ്റവും ക്രൂരമായ അധ്യായമാണ്.

‘ഗോവധം’ കുറച്ചു കാലമായി  ഇന്ത്യയിലെ സുപ്രധാന വര്‍ഗ്ഗീയ ചര്‍ച്ചാവിഷയമാണ്. ഗോക്കള്‍ ഹിന്ദു മതത്തിലെ ഒരു ആരാധ്യവസ്തുവും വിശുദ്ധ ജീവിയുമാണ്. അത് കൊണ്ട് ഗോക്കളെ അറുക്കാനോ ഭക്ഷിക്കാനോ പാടില്ലെന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ ശക്തമായി വാദിക്കുന്നത്. എന്നാല്‍ ഹിന്ദുമത ചരിത്രം പരിശോധിച്ചാല്‍ ഈ ഈ പവിത്രതാവല്‍ക്കരണത്തിന്റെ പൊള്ളത്തരങ്ങള്‍ ബോധ്യമാകുന്നതാണ്. വേദകാലത്ത് പശുക്കളെ ബലിയറുക്കല്‍ യാഗങ്ങളുടെ പ്രധാന സവിശേഷതയായിരുന്നു. പിന്നീട് കൃഷിയുടെ അനിവാര്യഘടകമായി കാലികള്‍ മാറിയഘട്ടത്തില്‍ ഈ ആവശ്യാര്‍ത്ഥമാണ് ഈ ബലിയറുക്കലിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തപ്പെട്ടത്. ഗോമാംസ ഭോജനം വേദകാലഘട്ടത്തില്‍ നിലനിന്നിരുന്നുവെന്ന്  വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണമിഷന്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നുണ്ട്. അതില്‍ പറയുന്നു.’വേദകാലഘട്ടത്തിലെ ആര്യന്മാരും ബ്രാഹ്മണന്മാരടക്കമുള്ളവരും മത്സ്യവും മാംസവും, ഗോമാംസവും വരെ ഭക്ഷിച്ചിരുന്നു. വിശിഷ്ടാതിഥിയെ ആദരിച്ചിരുന്നത് ആഹാരത്തോടൊപ്പം ഗോമാംസം വിളമ്പിയായിരുന്നു’. മാംസാഹാരം ഭാരതീയ ആഹാര ശീലങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഭാരതീയ ധര്‍മഗ്രന്ഥോം കാ ഇതിഹാസ് എന്ന ബൃഹത് ഗ്രന്ഥത്തില്‍ ഡോ: പാണ്ഡുരംഗ് വാമന്‍ കാന പറയുന്നുണ്ട്. വേദത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ‘അതോ അന്നം വ്യ ഗോ'(പശു ആഹാരം തന്നെയാണ്). മുസ്‌ലിംകള്‍ക്ക് മതപരമായി വില്ക്കപ്പെട്ടിട്ടില്ലാത്ത ഗോമാംസത്തിന്റെ മറപിടിച്ച് അവര്‍ക്കെതിരെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളെ ഇളക്കി വിടാനുള്ള രാഷ്ട്രീയ കുതന്ത്രമാണ് ഇത്തരം ഗോ സ്‌നേഹ പ്രകടനങ്ങള്‍. മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ക്ക് വന്‍ മാര്‍ക്കറ്റുള്ള മോദി ഭരണകാലത്ത് ഇതിനുളള സാധ്യത വളരെ കൂടുതലുമാണ്.  

ഇന്ത്യയോടും ഇന്ത്യയുടെ രാഷ്ട്ര പിതാവിനോടുമെല്ലാം തങ്ങള്‍ ചെയ്ത ക്രൂരതകള്‍ മറച്ചു വെക്കാനും രാജ്യത്തിന് ആത്മാര്‍ത്ഥമായ സേവനങ്ങളര്‍പ്പിക്കുകയും രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി നിലകൊണ്ട മുസ്‌ലിംകളെപ്പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണീ ആരോപണങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന വര്‍ഗ്ഗീയാക്രമണങ്ങളിലും ഭീകരാക്രമണങ്ങളിലും സംഘ്പരിവാര്‍ ശക്തികള്‍ വഹിച്ച പങ്കും ഇത്തരം രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കാന്‍ നടത്തിയ അവര്‍ നടത്തിയ ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. സ്വാമി അസിമാനന്ദയുടെയും പ്രമുഖ വാര്‍ത്താ ഏജന്‍സികളുടെയും വെളിപ്പെടുത്തലുകള്‍ ഇതിന്റെ സാക്ഷി പത്രമാണ്. RSS ശാഖകളും സംഘ്പരിവാര്‍ വിദ്യാകേന്ദ്രങ്ങളും ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരിശീലന കേന്ദ്രങ്ങളുമാണെന്നതും തെളിയിക്കപ്പെട്ടതാണ്. ‘ഒരു കള്ളം നൂറു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരുമെന്ന’ അഡോള്‍ഫ് ഹിറ്റ്‌ലറുടെ വലംകയ്യും നാസി മന്ത്രിസഭയിലെ പ്രമുഖനുമായ ജോസഫ് ഗീബല്‍സിന്റെ തിയറിയെ അന്വര്‍ത്ഥമാക്കുകയാണ് നാസികളുടെ ഇന്ത്യന്‍ പതിപ്പായ സംഘ്പരിവാറിന്റെ നേതാക്കള്‍. മുസ്‌ലികള്‍ക്കെതിരായ നിരന്തര പ്രസ്താവനകള്‍ കൊണ്ടുദ്ദേശിക്കുന്ന ദൗത്യവും അത് തന്നെയാണ്.

Related Articles