Current Date

Search
Close this search box.
Search
Close this search box.

മതേതര വോട്ടുകള്‍ക്ക് എന്തുപറ്റി?

കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ആഞ്ഞടിച്ച ‘മോദി സുനാമി’യില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളും ബി.എസ്.പിയെ പോലെ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചൊലിച്ചു പോയപ്പോള്‍ പ്രതീക്ഷിച്ചതിലപ്പുറമുള്ള വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ബി.ജെ.പി ക്യാമ്പ്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കിലും മുന്നണിയായി തന്നെ തുടരുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പി നേടിയെടുത്ത ഈ അതിഗംഭീര വിജയം ദേശീയ രാഷ്ട്രീയത്തില്‍ മതേതര പാര്‍ട്ടികളുടെയും ദളിത് – പിന്നാക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും സാധ്യതകള്‍ തന്നെ അപ്രസക്തമാക്കിയിരിക്കുകയാണ്.

പത്ത് വര്‍ഷം നീണ്ട യു.പി.എയുടെ കോര്‍പ്പറേറ്റ് അനുകൂല ഭരണം ഉണ്ടാക്കിയ ശക്തമായ ഭരണവിരുദ്ധ വികാരം ബി.ജെ.പിയുടെ വിജയം സാധ്യമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിലും തടഞ്ഞുനിര്‍ത്തുന്നതിലും രാജ്യത്തെ മതേതര പാര്‍ട്ടികള്‍ കാണിച്ച കടുത്ത അനാസ്ഥയും അലംഭാവവുമാണ് വിജയം ഇത്രത്തോളം വലുതാക്കിയയതെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യപ്പെടും. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിച്ച മണ്ഡലങ്ങളില്‍ പോലും ഒരുമിച്ച് നിന്ന് മത്സരിക്കാനും മോദിയുടെ വിജയത്തെ തടയാനും അതിന്റെ മാറ്റ് കുറക്കാനും ലഭിച്ച അവസരം ഉപയോഗപ്പെടുത്താന്‍ മതേതര പാര്‍ട്ടികള്‍ക്കായില്ല. മതേതര വോട്ടുകള്‍ വ്യത്യസ്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഭിന്നിക്കപ്പെട്ടപ്പോള്‍ വര്‍ഗീയ ഭാഷണങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകള്‍ ഏറക്കുറെ ഏകീകരിക്കാനും അതുവഴി വന്‍ വിജയം നേടിയെടുക്കാനും ബി.ജെ.പിക്ക് സാധിച്ചു.

വര്‍ഗീയ രാഷ്ട്രീയം ഇത്രമേല്‍ ഭീഷണിയായി ഉയര്‍ന്നുനില്‍ക്കുന്ന വേളയില്‍ രാഷ്ട്രീയ ഐക്യമുണ്ടാക്കി മതേതര മുന്നേറ്റത്തിന് കരുത്തുപകരാനുള്ള ശ്രമത്തില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കും വേണ്ടത്ര വിജയിക്കാനായില്ല എന്നാണ് അവസാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മനസ്സിലാക്കാനാകുന്നത്.  ഒരു ജനാധിപത്യ രാജ്യത്ത് ഒരു ജനതയുടെ ശബ്ദം എത്രത്തോളം ഉയര്‍ന്നു നില്‍ക്കുന്നുവോ അത്രത്തോളമാണ് ആ ജനതയുടെ ശക്തി. നിലവിലെ പാര്‍ലമെന്റില്‍ 28 ആയിരുന്നു മുസ്‌ലിം എം.പിമാരുടെ എണ്ണം. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷവും ജനസംഖ്യയില്‍ 13 ശതമാനവുമുള്ള മുസ്‌ലിംകളുടെ പ്രതിനിധികളായി ബി.ജെ.പി മുന്നണിക്ക് മൃഗീയ ഭൂരിപക്ഷമുള്ള പുതിയ പാര്‍ലമെന്റിലുള്ളത് കേവലം 23 പേര്‍ മാത്രമാണ്. പാര്‍ലമെന്റ് അംഗങ്ങളുടെ 4.2 ശതമാനം മാത്രമാണിത്. 1980 ല്‍ മുസ്‌ലിം എം.പിമാരായി 49 പേര്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. പാര്‍ലമെന്റിലെ മുസ്‌ലിം പ്രാധിനിത്യത്തിന്റെ ശതമാനം ആദ്യമായി രണ്ടക്കം കടന്നതും 1980 ലായിരുന്നു. 10 ശതമാനമായിരുന്നു പാര്‍ലമെന്റിലെ അന്നത്തെ മുസ്‌ലിം പ്രാധിനിത്യം. വര്‍ഗീയ രാഷ്ട്രീയം ശക്തിനേടുകയും മതേതര ശക്തികള്‍ ദുര്‍ബലമാകുകയും ഏക സിവില്‍ കോഡടക്കമുള്ള ഭീഷണി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ മുസ്‌ലിം പ്രാധിനിത്യം കുറവാകുന്നത് കൂടുതല്‍ അപകടകരമാണ്.

പുതിയ പാര്‍ലമെന്റില്‍ പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം എം.പിമാരുള്ളത്. 8 പേര്‍. ജനസംഖ്യയില്‍ മുസ്‌ലിംകള്‍ 18 ശതമാനത്തോളമുള്ള ഉത്തര്‍ പ്രദേശില്‍ നിന്നും ഒരു മുസ്‌ലിം എം.പി പോലുമില്ല എന്നതാണ് ഏറ്റവും നിരാശാജനകം. ആകെയുള്ള 80 സീറ്റുകളില്‍ 71 ലും വിജയിച്ച ബി.ജെ.പി വന്‍ വിജയമാണ് ഇവിടെ നേടിയത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഒരു മുസ്‌ലിം എം.പി പാര്‍ലമെന്റിലില്ലാതെ പോവുന്നത്. ഇവിടെ മുസ്‌ലിംകള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള 21 ഓളം മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് വിജയിച്ചതെന്നും മനസ്സിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്‌ലിംകള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുമായിരുന്ന മുസഫര്‍നഗര്‍, മുറാദാബാദ്, സംബാല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ജയിച്ചു കയറിയത് ബി.ജെ.പിയാണ്. 33.9 ശതമാനം മുസ്‌ലിംകളുള്ള യു.പിയിലെ ഓന്‍ല മണ്ഡലത്തില്‍ 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചു കയറിയത്. ഇവിടെ മുസ്‌ലിംകളുടേതടക്കമുള്ള ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കിടയില്‍ ചിതറിപ്പോകുകയായിരുന്നു. ഡല്‍ഹി ഇമാം അഹ്മദ് ബുഖാരി ചൂണ്ടിക്കാണിച്ചത് പോലെ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തടുത്തു നിര്‍ത്തുന്നതില്‍ മതേതര പാര്‍ട്ടികള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കുകയും മതേതര വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഒരുമിച്ചു നില്‍ക്കുകയും ചെയ്യേണ്ടിയിരുന്നു. വരും നാളുകളിലെങ്കിലും ഈ വിഷയത്തില്‍ ഒരുമിച്ചിരിക്കാനും ഒറ്റക്കെട്ടായി നീങ്ങാനും മതേതര – ന്യൂനപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സാധ്യമാകേണ്ടതുണ്ട്.

Related Articles