Current Date

Search
Close this search box.
Search
Close this search box.

ഭീതി നിറഞ്ഞ് നില്‍ക്കുന്ന ഈജിപ്ത്

രാജ്യത്തെ എല്ലാ സ്വതന്ത്ര-കാര്യനിര്‍വഹണ ഏജന്‍സികളെയും പ്രസിഡന്റിന്റെ സംരക്ഷത്തിന് കീഴിയില്‍ കൊണ്ടുവരുന്ന ഒരു ഉത്തരവ് കഴിഞ്ഞ ജൂലൈയില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഏജന്‍സികളുടെ തലവന്‍മാരെ മാറ്റിക്കൊണ്ട് തല്‍സ്ഥാനത്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയെ പ്രതിഷ്ഠിക്കുന്നതായിരുന്നു പ്രസ്തുത ഉത്തരവ്. ഏജന്‍സികളുടെ പുറത്ത് നിന്നുള്ള ഇടപെടലില്ലാതെയുള്ള സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അന്ത്യംകുറിക്കുന്നതാണ് ഈ നീക്കം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഈജിപ്ത് (സി.ബി.ഇ), അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ അതോറിറ്റി (എ.സി.എ), സെന്‍ട്രല്‍ ഓഡിറ്റിംഗ് ഏജന്‍സി (എ.എസ്.എ), ഈജിപ്ഷ്യന്‍ ഫിനാന്‍ഷ്യല്‍ സൂപ്പര്‍വിഷ്യറി അതോറിറ്റി (ഇ.എഫ്.എസ്.എ) എന്നീ സ്ഥാപനങ്ങളെ ഉത്തരവ് ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.

കാര്യനിര്‍വാഹക സമിതിയുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഇടപെടലുകളും, സ്വതന്ത്ര കാര്യനിര്‍വാഹക ഏജന്‍സികളെ അരികുവല്‍ക്കരിക്കുന്നതും കൂടാതെ, ഇപ്പോള്‍ അധികാരം മുഴുവന്‍ പ്രസിഡന്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്നത്, എല്ലാ പൊതുസ്ഥാപനങ്ങള്‍ക്ക് മേലും രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികളുടെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ്. കാമ്പസുകളില്‍ പ്രവേശിക്കുന്നതിന് സുരക്ഷാസൈന്യത്തിന് അധികാരം നല്‍കി സര്‍വകലാശാലകളെ നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളിലും, നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഫലത്തില്‍, ഈജിപ്ഷ്യന്‍ ഗവണ്‍മന്റ് ഒരു ഏകാധിപത്യ-സ്വേച്ഛാധിപത്യ പ്രകൃതമാണ് എടുത്തണിഞ്ഞിരിക്കുന്നത്.

2013, ജൂലൈ 3-ന് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതു മുതല്‍ക്ക്, പട്ടാള ഭരണകൂടം നിരന്തരമായി ഒരുപാട് അസാധാരണമായ നിയമങ്ങളും, ഭേദഗതികളും പുറപ്പെടുവിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് ഈ നിയമങ്ങള്‍ കൂച്ചുവിലങ്ങിട്ടു; വിദ്യാര്‍ത്ഥികള്‍ക്കും, ഫാക്കല്‍ട്ടികള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമാര്‍ക്ക് അധികാരം നല്‍കി; ഇത് എല്ലാ പൊതുസ്ഥാപനങ്ങളിലേക്കും സൈന്യത്തിന്റെ അധികാരപരിധി വ്യാപിപ്പിക്കുന്നതാണ്; അത് സര്‍ക്കാറേതര സംഘടനകള്‍ക്കുള്ള വിദേശഫണ്ടിംഗ് തടയുന്നതിന് ഇടയാക്കും. നീതി, അവകാശങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമവാഴ്ച്ചയുടെ അടിസ്ഥാന പ്രമാണങ്ങളെ ലംഘിക്കുന്നതാണ് ഈ നിയമങ്ങള്‍. മനുഷ്യാവകാശങ്ങള്‍ക്കും, പൗരസ്വാതന്ത്ര്യത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഒരു ഭരണകൂടത്തിന്റെ കരാളഹസ്തത്തിന് പിടിയിലാണ് ഇന്നത്തെ ഈജിപ്ത്. ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ നടത്തിയ ത്യാഗപരിശ്രമങ്ങളിലൂടെ ദേശീയതലത്തില്‍ സംരക്ഷിക്കപ്പെട്ട് പോന്നിരുന്ന പ്രാദേശിക പെരുമാറ്റചട്ടങ്ങളെ ബഹുമാനിക്കാന്‍ പട്ടാളഭരണകൂടം തയ്യാറല്ല. ദശാബ്ദങ്ങളായി ദേശീയ സ്ഥാപനങ്ങളും, സമിതികളും സംരക്ഷിച്ച് പോരുന്ന അന്താരാഷ്ട്രാ പെരുമാറ്റചട്ടങ്ങളെയും ഈ പട്ടാള ഭരണകൂടം അവഗണിച്ച് തള്ളുകയണ്.

അധികൃത വിലപേശലിലൂടെ ഭരണകൂടം പൊതുമണ്ഡലത്തിന് മേല്‍ നേടിയെടുക്കുന്ന ഏകപക്ഷീയ നിയന്ത്രണമാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് : ഭക്ഷണവും സുരക്ഷയും ഭരണകൂടം നിങ്ങള്‍ക്ക് നല്‍കണമെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ നീതിബോധവും, മനസ്സും, സ്വാതന്ത്ര്യവും അടിയറവെക്കണം. ജനങ്ങള്‍ക്ക് ഭക്ഷണവും, സുരക്ഷയും നല്‍കാന്‍ കഴിയുന്നവര്‍ മാത്രമാണ് ഞങ്ങള്‍ എന്നാണ് ഭരണകൂടം ഈജിപ്ഷ്യന്‍ ജനതയോട് പറയുന്നത്. ഈ കഴിവാകട്ടെ സൈനികശക്തിയെയും, ബ്യൂറോക്രസിയെയും ആശ്രയിച്ച് നിലനില്‍ക്കുന്നതും. ഇങ്ങനെയൊക്കെയുള്ള ഭരണകൂടത്തോട് ഏറ്റുമുട്ടാന്‍ കഴിവുള്ളവര്‍ ചിത്രീകരിക്കപ്പെടുന്നത് മറ്റൊരു വിധത്തിലും; സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ‘പ്രസിഡന്റിന്റെ മാര്‍ഗനിര്‍ദേശം ആവശ്യമുള്ളവരും’; രാഷ്ട്രീയ പാര്‍ട്ടികള്‍ യാതൊരു പ്രയോജനമില്ലാത്തവരും, സ്വകാര്യ താല്‍പ്പര്യങ്ങളാലും അജണ്ടകളാലും നയിക്കപ്പെടുന്നവരും; സിവില്‍ സമൂഹം വിധ്വംസക പ്രവര്‍ത്തനങ്ങളെയും, പാശ്ചാത്യതാല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നവരായിട്ടുമാണ് ചിത്രീക്കരിക്കപ്പെടുന്നത്. ഭരണകൂടത്തിന്റെ ഏകാധിപത്യ-സര്‍വ്വാധിപത്യ സ്വഭാവത്തെ അപലപിക്കുന്നവരെയും, ഭരണകൂട ഭീകരവാദത്തെ ന്യായീകരിക്കുന്നതിന് വേണ്ടി നിരപരാധികളെ ഭീകരവാദികളെന്ന് വിളിക്കാന്‍ മടിക്കുന്നവരെയും ലക്ഷ്യമിട്ടുള്ള കാമ്പയിനുകളും നടക്കുന്നുണ്ട്.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഭരണകൂടത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയാണെങ്കിലും, അതിന്റെ നയങ്ങളോടും രീതികളോടും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണെങ്കിലും ശരി, അസാധാരണമായ നിയമങ്ങളിലൂടെയും, അടിച്ചമര്‍ത്തലിലൂടെയും, നിരന്തരമായ ഭീഷണികളിലൂടെയും പൗരന്‍മാര്‍ പൊതുമണ്ഡലത്തില്‍ നിന്നും പറിച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കും. ദിനംപ്രതിയെന്നോണം നിരവധി മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകരാണ് ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷരായി കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍, ദേശീയതലത്തില്‍ വന്‍കിട പ്രൊജക്റ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കിയും മറ്റും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക-തൊഴില്‍ പ്രശ്‌നങ്ങളെ അംഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. നടപ്പാക്കിയിട്ടുള്ള പദ്ധതികളെല്ലാം തന്നെ ഒന്നുകില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളവയോ അല്ലെങ്കില്‍ രാഷ്ട്രീയ-ജനകീയ പ്രേരിതമായ വന്‍കിട പ്രൊജക്ടുകളോ ആണ്. ഇതില്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്ന ഘടനാപരമായ സുപ്രധാന നവീകരണങ്ങളും ഉള്‍പ്പെടും. ചില ചെറുകിട പ്രോജക്ടുകളും അവതരിപ്പിക്കപ്പെട്ടിടുണ്ട്. അവ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ ആശ്വാസം പകരുന്നവയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നതും, അഗതികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസവരുമാനം പ്രദാനം ചെയ്യുന്നതും ലക്ഷ്യമിടുന്ന ‘തകാഫുല്‍, കറാമ’ എന്നീ പദ്ധതികള്‍ ഇവയിലുള്‍പ്പെടുന്നവയാണ്. മൊത്തത്തില്‍, ‘ക്ഷമയാണ് സമാധാനത്തിലേക്കുള്ള താക്കോല്‍’ എന്ന സന്ദേശമാണ് ഗവണ്‍മെന്റ് നല്‍കുന്നതെന്നാണ് ചിലരൊക്കെ പറയുന്നത്.

ഇതിന്റെയൊക്കെ ഫലമായി, ഒരു ദുര്‍ഭരണത്തിനാണ് നാമിന്ന് സാക്ഷികളായി കൊണ്ടിരിക്കുന്നത്. ഭീതി നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുന്ന ഒരു റിപ്പബ്ലിക്കിനുള്ളിലാണ് അത് തളച്ച് വളരുന്നത്. ഈജിപ്ഷ്യന്‍ ദേശാഭിമാനബോധത്തിന്റെ കൊടിക്കൂറക്ക് പിന്നിലാണ് അത് ഒളിഞ്ഞിരിക്കുന്നത്. നിരപരാധികളെ കൂടുതല്‍ അടിച്ചമര്‍ത്താനും, ഉന്മൂലനം ചെയ്യാനും, പൗരന്‍മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കാനുമുള്ള ന്യായീകരണങ്ങളായി ഭീകരവാദ കുറ്റങ്ങളെ ഈ ഭരണകൂടം ഉപയോഗപ്പെടുത്തുന്നു. ഇത്തരം ഭരണകൂട ചൂഷണങ്ങളാണ് ഈജിപ്തിനെ നിരാശയുടെയും, രക്തച്ചൊരിച്ചിലിന്റെയും, തകര്‍ച്ചയുടെയും റിപ്പബ്ലിക്കായി മാറ്റി, സന്തുലനത്തെ തകിടം മറിക്കുന്ന ഭീഷണിയായി നിലനില്‍ക്കുന്നത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles