Current Date

Search
Close this search box.
Search
Close this search box.

ഭീകരവേട്ടയുടെ ഈജിപ്ത് മോഡല്‍

ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനവും ഈജിപ്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനവുമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഈജിപ്ത് സര്‍ക്കാര്‍. ഏതാനും ദിവസം മുമ്പ് കൈറോ നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നല്‍ ബ്രദര്‍ഹുഡാണെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് ഇപ്പോള്‍ സംഘടനക്കുമേല്‍ സര്‍ക്കാര്‍ ഭീകവാദ ചാപ്പ കുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബ്രദര്‍ഹുഡ് വ്യക്തമാക്കുകയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈജിപ്തിലെ സിനായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പ് രംഗത്ത് വരികയും ചെയ്തിട്ടും ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി ചിത്രീകരിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് വെക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ബ്രദര്‍ഹുഡ് അനുകൂല പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതും അനുകൂലമായി എഴുതുന്നതും സംസാരിക്കുന്നതും അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാന്‍ ഇടയുള്ള കുറ്റമായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. ഈജിപ്തില്‍ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടി മാസങ്ങളായി സമരം ചെയ്യുന്ന ബ്രദര്‍ഹുഡിനെയും അതിന്റെ പോഷക സംഘടനകളെയും ഈജിപ്ത് സര്‍ക്കാര്‍ നേരത്തെ നിരോധിക്കുകയും അതിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്തിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ ഭീകരവാദ ചാപ്പയുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഭീകരവാദത്തിനും തീവ്രവാദത്തിനും കൃത്യമായ നിര്‍വചനം ലോകത്താരും ഇതുവരെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഭരണാധികാരികളും അധീശ വര്‍ഗങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യാനും പീഡിപ്പിക്കാനും ഭീകരവാദത്തെയും തീവ്രവാദത്തെയും യഥേഷ്ടം ഉപയോഗപ്പെടുത്തുന്നു. സെപ്തംബര്‍ 11 ന്റെ മറവില്‍ അമേരിക്ക തുടങ്ങിവെച്ച ഈ ‘ഭീകരവിരുദ്ധ യുദ്ധം’ ലോകത്തിന് സമ്മാനിച്ച ദുരിതങ്ങളുടെ ആഴം പലതാണ്. അഫ്ഗാനിലും ഇറാഖിലും പാക്കിസ്ഥാനിലും ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഈ ‘ഭീകര വിരുദ്ധ യുദ്ധ’ത്തിന്റെ ഇരകളായി ജീവന്‍ വെടിയുന്നത്. 2011 ലെ അറബ് വസന്തം പതിറ്റാണ്ടുകളായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന ഏകാധികപതികളുടെ സിംഹാസനങ്ങളെ തലകീഴായി മറിച്ചപ്പോള്‍ അധികാര കസേര മുറുകെ പിടിക്കാനും അറബ് വസന്തത്തിന്റെ അന്തസത്തയെ ഊതിക്കെടുത്താനും അറബ് ഏകാധിപതികള്‍ പ്രയോഗിച്ച അടവും ഭീകരതക്കെതിരായ യുദ്ധമെന്ന തന്ത്രമായിരുന്നു. ഭീകവാദ ചാപ്പക്കുത്തി ജനാധിപത്യ പ്രക്ഷോഭകരെ യഥേഷ്ടം കൊന്നൊടുക്കാനാണ് അറബ് ഏകാധിപതികള്‍ ശ്രമിച്ചത്. ഇപ്പോള്‍ ഈജിപ്തില്‍ അട്ടിമറി സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ജനറല്‍ സീസിയും പ്രയോഗിക്കുന്നത് ഇതേ തന്ത്രം തന്നെയാണ്. മുസ്‌ലിം ബ്രദര്‍ഹുഡ് ഭീകരവാദത്തിന്റെ ഗര്‍ഭപാത്രമാണെന്ന് പാടിപ്പറഞ്ഞ് ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ കണ്‍കണ്ട ദൈവമായി മാറാനാണ് സീസിയുടെ നേതൃത്വത്തില്‍ ഈജിപ്ത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ശിരസ്സറുത്ത് ഈജിപ്തില്‍ സീസി നടപ്പിലാക്കിയ ഏകാധിപത്യത്തെ മറച്ചു വെക്കാനും അട്ടിമറിക്കെതിരെ ശബ്ദിച്ച ആയിരങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കിയതിനെ ന്യായീകരിക്കാനും ‘ഭീകരതയെ’ സീസിയും കൂട്ടരും ആയുധമാക്കുകയാണ്.
എന്നാല്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചരിത്രം അറിയുന്നവര്‍ക്ക് ബ്രദര്‍ഹുഡിനെ തള്ളിപ്പറയാനാവില്ല. 1928 ല്‍ രൂപീകൃതമായതു മുതല്‍ ഇത്രയും കാലത്തിനിടയില്‍ വിരലിലെണ്ണാവുന്ന കാലം മാത്രമാണ് ബ്രദര്‍ഹുഡിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളൂ. എന്നിട്ടു പോലും ഈജിപ്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനാമാകാനും ലോകത്തിന്റെ പലഭാഗങ്ങളിലും വേരുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമാകാനും അതിനു സാധിച്ചത് ബ്രദര്‍ഹുഡ് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിന്റെ ഉള്‍ക്കരുത്ത് കൊണ്ടാണ്. നീണ്ട കാലത്തെ നിരോധനത്തിന് ശേഷം അറബ് വസന്താനന്തരം പ്രവര്‍ത്തന സ്വാതന്ത്യം ലഭിച്ചയുടന്‍ ഈജിപ്തില്‍ തുടര്‍ച്ചയായി നടന്ന അഞ്ച് പൊതു തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബ്രദര്‍ഹുഡിന് സാധിച്ചു എന്നത് ആ പ്രസ്ഥാനം നേടിയെടുത്തിട്ടുള്ള ജനകീയ അടിത്തറ എത്രമാത്രം ശക്തമാണെന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട്. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തെയാണ് ഇപ്പോള്‍ ഭീകരവാദ മുദ്ര കുത്തി ഇല്ലായ്മ ചെയ്യാന്‍ സീസിയും കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നതെന്നത് അവരുടെ അല്‍പ്പത്തമാണ് വെളിപ്പെടുത്തുന്നത്.
ലോകത്ത് ഇസ്‌ലാമിന്റെ തലസ്ഥാനമായി ഏറെ കാലം തിളങ്ങി നിന്ന തുര്‍ക്കിയെ മതേതരത്വത്തിന്റെ ഈറ്റില്ലമാക്കാന്‍ കമാല്‍ അതാതുര്‍ക്കും പിന്‍ഗാമികളും പതിറ്റാണ്ടുകള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ വീണ്ടും അവിടെ അധികാരത്തിലെത്തിയത് സീസിക്കും സില്‍ബന്ധികള്‍ക്കും പാഠമാകേണ്ടതുണ്ട്. തുര്‍ക്കിയില്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങളോരോന്നായി ഇല്ലായ്മ ചെയ്തിട്ടും പതിറ്റാണ്ടുകള്‍ക്കിപ്പുറം തുര്‍ക്കിയില്‍ ഇപ്പോഴും ഇസ്‌ലാം പ്രോജ്ജ്വലിച്ചു നില്‍ക്കുമ്പോള്‍, ഇസ്‌ലാമിക ആദര്‍ശത്തെ നെഞ്ചേറ്റിയ ഒരു സമൂഹത്തിന്റെ അന്താരാളങ്ങളില്‍ ചാഞ്ചല്യങ്ങള്‍ സൃഷ്ടിക്കാന്‍ അതാതുര്‍ക്കിന്റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊന്നുമായിട്ടില്ലെന്നാണ് അത് തെളിയിക്കുന്നത്. തുര്‍ക്കിയിലെ ഉമ്മമാരുടെ മടിത്തട്ടുകള്‍ അതാതുര്‍ക്കിന് മുന്നില്‍ പണയം വെച്ചിരുന്നില്ല എന്നതിനാല്‍ തുര്‍ക്കിയില്‍ വീണ്ടും ഇസ്‌ലാം കുതിച്ചുയരുകയായിരുന്നു. ശഹീദ് ഹസനുല്‍ ബന്നയുടെ ശിക്ഷണത്തിന് വളര്‍ന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ നിരോധിച്ചും ഭീകര സംഘടനയായി പ്രഖ്യാപിച്ചും ഈജിപ്തില്‍ നിന്നും ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും ഇല്ലാതാക്കാമെന്ന് കരുതുന്നവര്‍ക്ക് തുര്‍ക്കി നല്ലൊരു പാഠമാണ്. തുര്‍ക്കിയിലേതു പോലെ ചിഹ്നങ്ങളെയും കുറികളെയും പോലും നിരോധിച്ചും നിഷ്‌കാസനം ചെയ്തും ഇസ്‌ലാമിനെയും ജനാധിപത്യ പോരാട്ടത്തെയും ഇല്ലാതാക്കാമെന്നാണ് ആധുനിക ഈജിപ്ഷ്യന്‍ ഫറോവമാരുടെ കണക്കു കൂട്ടലുകള്‍. എന്നാല്‍ മുക്കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ബ്രദര്‍ഹുഡ് ചരിത്രം തന്നെ ഇവര്‍ക്ക് നല്ല മറുപടി നല്‍കുന്നുണ്ട്.

Related Articles