Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദത്തിന്റെ ഇരയാണ് ഇറാന്‍

‘വിശ്വസിക്കുന്ന ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കണം ഒരാളെപ്പോഴും. ഒരിക്കലും ഇരട്ടത്താപ്പ് വെച്ചുപുലര്‍ത്താന്‍ പാടില്ല.’ അടുത്തിടെ തെഹ്‌റാനില്‍ വെച്ച് നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ വാക്കുകളാണിത്. പുറമേക്ക് ഭീകരവാദത്തെ അപലപിക്കുകയും, എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതാണെങ്കില്‍ അത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെ സ്വഭാവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇരട്ടത്താപ്പിന്റെ കാര്യത്തില്‍ വിദഗ്ദന്‍മാരാണ് അമേരിക്കക്കാര്‍, ഉദാഹരണമായി, അമേരിക്കയിലെ കെട്ടിടങ്ങളിലേക്ക് വിമാനങ്ങള്‍ പറന്ന് ഇടിച്ച് കയറുന്ന സന്ദര്‍ഭങ്ങളിലാണ് ‘ഭീകരവാദം (Terrorism)’ എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുക. പക്ഷെ അമേരിക്കന്‍ യുദ്ധകപ്പലുകള്‍, യാത്രക്കാരുമായി പോകുന്ന ഇറാനിയന്‍ പാസഞ്ചര്‍ ജെറ്റുകള്‍ വെടിവെച്ചിട്ട് അതിനുള്ളിലുള്ള ആളുകളെയെല്ലാം കൊന്നാലും ശരി, ഒരാള്‍ പോലും അത് ‘ഭീകരവാദ’മാണെന്ന് പറയുകയില്ല.

ആഗോളഭീകരവാദത്തെ അകമഴിഞ്ഞ് സഹായിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ പടിഞ്ഞാറിലും ഇസ്രായേലിലും ഇറാന്‍ ചിത്രീകരിക്കപ്പെടുമ്പോഴും, ‘ഭീകരതയുടെ ഇരയാണ് ഇറാന്‍’ എന്ന അധികമാരും മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിലാണ് പ്രസ്തുത സമ്മേളനം ശ്രദ്ധകേന്ദ്രീകരിച്ചത്.

ഇറാനിയന്‍ കണക്കുകള്‍ അനുസരിച്ച്, 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം രാജ്യത്ത് അരങ്ങേറിയ ഭീകരവാദ ഓപ്പറേഷനുകളില്‍ 17000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ഭീകരാക്രമണങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ വിരുദ്ധരായ ‘മുജാഹിദീനെ ഖല്‍ഖ്’ (എം.ഇ.കെ) എന്ന സംഘമാണ് നടത്തിയത്.

എം.ഇ.കെ അംഗങ്ങള്‍ നടത്തിയ ആക്രമണങ്ങളുടെ ഇരകളില്‍, വീട് അഗ്നിക്കിരയാക്കിപ്പോള്‍ വെന്തുമരിക്കാന്‍ വിധിക്കപ്പെട്ട മൂന്ന് വയസ്സുകാരി ഫാത്തിമ തെലഗാനിയും, തട്ടം കഴുത്തില്‍ മുറുക്കി കൊലചെയ്യപ്പെട്ട കൗമാരക്കാരി സൈനബ് കമായിയും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ വധിക്കപ്പെട്ട അഞ്ച് ഇറാനിയന്‍ ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായ ദാരിയൂഷ് റെസാഈ നജാദും ഉള്‍പ്പെടും. ഈ കൊലപാതകളെല്ലാം തന്നെ ഇസ്രായേലികളുടെ സഹായത്തോടെയാണ് നടപ്പിലാക്കപ്പെട്ടത്. ഇതില്‍ റെസാഈ നജാദിന്റെ വിധവ, സുഹ്‌റ പിറാനിയുമായും അവരുടെ എട്ട് വയസ്സ് പ്രായമുള്ള മകളുമായും തെഹ്‌റാനില്‍ വെച്ച് ഞാന്‍ സംസാരിച്ചിരുന്നു. 2011 ജൂലൈയിലാണ്, ഗവേഷകനും, അക്കാദമിക്കും, ‘ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍’ ഡെപ്യൂട്ടിയുമായിരുന്ന റെസാഈ നജാദ് അതിദാരുണമായി വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവെപ്പിന് സാക്ഷിയാകേണ്ടി വന്നതിന് ശേഷം മാനസികമായി തകര്‍ന്നതിനെ സംബന്ധിച്ച് പിറാനി എന്നോട് വിശദീകരിച്ചു. തന്റെ ഭര്‍ത്താവിനെ കൊന്നവരോട്; ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരോട് തനിക്ക് സഹതാപം തോന്നിയെന്നും, അത് പക്ഷെ നിരാശയില്‍ നിന്നും വരുന്നതാണെന്നും പിറാനി തറപ്പിച്ച് പറഞ്ഞു.

തെരഞ്ഞെടുത്ത ചില പ്രത്യേക ഇറാനിയന്‍ ഭീകരവാദികളോട് അമേരിക്കന്‍ സര്‍ക്കാറും അനുകമ്പ കാണിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി ഏര്‍പ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ട് പോലും, 2012-ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ (F.T.O) നിന്നും മുജാഹിദീനെ ഖല്‍ഖിനെ ഒഴിവാക്കിയിരുന്നു. ‘അമേരിക്കയുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന അഴിമതിയും പുഴുക്കുത്തുമാണ് ഈ നടപടി വരച്ചിടുന്നത്’ എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും, കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോയറുമായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് എഴുതി.

എഫ്.ടി.ഓ പട്ടികയില്‍ ഉണ്ടായിരുന്ന സമയത്ത്, പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി ഡെമോക്രാറ്റിക്- റിപ്പബ്ലിക്കന്‍ വ്യക്തിത്വങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, മറ്റു അഭിപ്രായ നിര്‍മാതാക്കള്‍ക്കും വേണ്ടി എം.ഇ.കെ വന്‍തോതില്‍ പണമെറിഞ്ഞിരുന്നു. ഇവരെല്ലാം പിന്നീട് എം.ഇ.കെ-ക്ക് വേണ്ടി വാദിക്കുന്നവരായി മാറിയതായി ഗ്രീന്‍വാള്‍ഡ് വ്യക്തമാക്കുന്നു. എം.ഇ.കെ അംഗങ്ങള്‍ക്ക് വേണ്ടി അമേരിക്കയില്‍ നടത്തപ്പെട്ട പരിശീലന ക്ലാസുകള്‍ പോലെയുള്ള സഹകരണ സംരഭങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ‘മെറ്റീരിയല്‍ സപ്പോര്‍ട്ട്’ നല്‍കിയതിന് തെളിവാണെന്ന് ഗ്രീന്‍വാള്‍ഡ് ആരോപിച്ചു. അമേരിക്കന്‍ നിയമത്തിന്റെ തണലില്‍ അരങ്ങേറിയ മഹാപാതകമായിരുന്നു അത്.

പക്ഷെ, സയ്യിദ് ഫഹദ് ഹാഷ്മിയെ പോലുള്ള നിര്‍ഭാഗ്യവാന്‍മാരായ മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ ഇത്തരം ഭീകരവാദ കുറ്റങ്ങള്‍ സംവരണം ചെയ്തിട്ടുള്ളത്. അമേരിക്കന്‍ പൗരനും, ബ്രൂക്ക്‌ലിന്‍ കോളേജ് ബിരുദധാരിയുമായ ഹാഷ്മിയെ, അല്‍ഖാഇദക്ക് മെറ്റീരിയല്‍ സപ്പോര്‍ട്ട് നല്‍കി എന്നാരോപിച്ച് വര്‍ഷങ്ങളോളം യാതൊരു വിചാരണയും കൂടാതെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു. പിന്നീട് 15 വര്‍ഷത്തെ കഠിന തടവിന് വിധിക്കുകയും ചെയ്തു.

എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ ഹാഷ്മി അല്‍ഖാഇദക്ക് നല്‍കിയ സഹായത്തിന്റെ പ്രകൃതം? അല്‍ഖാഇദ അംഗങ്ങള്‍ക്ക് കാലുറകളും, മഴക്കോട്ടുകളും വിതരണം ചെയ്യേണ്ടി വന്ന ഒരാള്‍ക്ക് വേണ്ടി ഒരിക്കല്‍ ലണ്ടനില്‍ താല്‍ക്കാലിക താമസസൗകര്യമൊരുക്കി കൊടുത്തതാണ് അല്‍ഖാഇദക്ക് വേണ്ടി ഹാഷ്മി ചെയ്ത ‘സഹായം’.

‘ഇരട്ടത്താപ്പ്’ ഒരിക്കല്‍ കൂടി മനസ്സിലേക്ക് കടന്നു വരുന്നു. അടുത്തിടെ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ‘Terror Victims Eye Thawing with Iran’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘കഴിഞ്ഞ രണ്ട് ദശാബ്ദക്കാലങ്ങളില്‍, അമേരിക്കന്‍ കോടതികളില്‍ ഇറാനെതിരെ നൂറിലധികം കേസുകളാണ് ഭീകരവാദത്തിന്റെ ഇരകള്‍ ഫയല്‍ ചെയ്തത്’ എന്ന പ്രസ്തുത ലേഖനത്തില്‍ പറയുന്നു. കൂടാതെ 1983-ല്‍ ബൈറൂത്തില്‍ മറൈന്‍ ബാരക്കുകള്‍ക്കെതിരെ നടന്ന ബോംബാക്രണം മുതല്‍ സെപ്റ്റംബര്‍ 11 വരെയുള്ള ആക്രമണങ്ങളെല്ലാം തന്നെ ഇറാന്‍ സ്‌പോണ്‍ഷിപ്പോടെ നടന്നതാണെന്നും ലേഖനം ആരോപിക്കുന്നു.

‘ഭീകരവാദത്തിന്റെ ഇരകള്‍ കോടതിവിധികളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിക്കുമായിരുന്ന, യൂറോപ്പിലും മറ്റിടങ്ങളിലും കെട്ടികിടക്കുന്ന മില്ല്യന്‍ കണക്കിന് ഇറാനിയന്‍ ചരക്കുകള്‍, ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്നതോട് കൂടി സ്വതന്ത്രമാകുമെന്ന്’ ഇരകളുടെ വക്കീലുമാരെ ഉദ്ദരിച്ച് കൊണ്ട് ലേഖനം ചൂണ്ടികാട്ടുന്നു.

ബാരക്ക് ബോംബാക്രമണം എല്ലായ്‌പ്പോഴും ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേലാണ് ചാര്‍ത്താറുള്ളത്. ഹിസ്ബുല്ലയാകട്ടെ പ്രസ്തുത ആക്രമണം നടക്കുന്ന സമയത്ത് നിലവില്‍ വന്നിരുന്നില്ല താനും. ഇതേ യുക്തിയെ നാം പിന്തുടരുകയാണെങ്കില്‍, അനേകം കേസുകള്‍ ഫയല്‍ ചെയ്യപ്പെടാനുള്ള എല്ലാ യോഗ്യതയും അമേരിക്കക്കുണ്ടെന്ന് കാണാന്‍ കഴിയും.

2006-ല്‍ സിവിലിയന്‍മാരായ 1200 മനുഷ്യജീവനുകളെ കൊന്നുതള്ളിയ ഇസ്രായേലിന്റെ ലെബനാന്‍ ആക്രമണം നടക്കുന്ന സമയത്ത് മാത്രമല്ല അമേരിക്കയില്‍ നിന്നുള്ള ആയുധക്കപ്പലുകള്‍ ഇസ്രായേലിലേക്ക് ഒഴുകിയത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ഭീകരാക്രമണത്തിനും അമേരിക്ക എല്ലാവിധ സാമ്പത്തിക-ധാര്‍മ്മിക സഹായങ്ങളും നല്‍കിയിരുന്നു. ബില്ല്യന്‍ കണക്കിന് ഡോളറാണ് വാര്‍ഷിക സഹായമെന്ന നിലയില്‍ അമേരിക്ക ഇസ്രായേലിന് നല്‍കി വരുന്നത്. ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന മന്ത്രം അമേരിക്ക ഇടവിടാതെ ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഡ്രോണ്‍ ആക്രമണങ്ങള്‍, സാമ്രാജ്യത്വ യുദ്ധങ്ങള്‍ തുടങ്ങിയ അമേരിക്കയുടെ മറ്റു വിനോദ പ്രവര്‍ത്തനങ്ങളും ഭീകരവാദത്തിന്റെ ഗണത്തില്‍പ്പെടുന്നവയാണ്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷകയായ സൊറായ സെപാപോര്‍ ഉള്‍റിച്ച്, തെഹ്‌റാന്‍ സമ്മേളനത്തില്‍ ചൂണ്ടികാണിച്ചത് ഇങ്ങനെ: അമേരിക്കയുടെ ‘ഉപരോധ ഭീകരവാദ’ത്തിന്റെ ഒരു രൂപമാണ് ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം. നിരപരാധികളായ സിവിലിയന്മാരുടെ ജീവിതം തകര്‍ക്കുന്നതിന് ഉപരോധം കാരണമായി തീരുന്നു.

ഉപരോധത്തിന്റെ ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാഖ്. 1996-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 5 ലക്ഷം കുട്ടികളാണ് അമേരിക്കന്‍ ഉപരോധത്തിന്റെ ഫലമായി പട്ടിണിയും, മാരകരോഗങ്ങളും കാരണം മരണമടഞ്ഞത്. തീര്‍ച്ചയായും, ആളുകളെ ഭീകരവാദത്തിന് ഇരയാക്കുന്ന കാര്യം ചര്‍ച്ചക്ക് വരുമ്പോളെല്ലാം, അമേരിക്ക ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ എളുപ്പം തോല്‍പ്പിക്കും. പക്ഷെ ഇറാന്റെ വിജയം മുഖ്യധാരയില്‍ അധികമൊന്നും വാര്‍ത്തയാവാറില്ല. കാരണം, ഇറാന് ഒരിക്കലും ഒരു ഭീകരവിരുദ്ധ രാഷ്ട്രമാവാന്‍ കഴിയില്ലെന്ന് അവര്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: അല്‍ജസീറ

Related Articles