Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദം: മുസ്‌ലിംകള്‍ ചെയ്യുന്നത് മാത്രമോ?

terrorosm.jpg

‘ചാള്‍സ്റ്റണ്‍ കൂട്ടക്കൊലയെ ഭീകരാക്രമണമായി കണക്കാക്കാന്‍ മീഡിയകള്‍ മടിച്ചു നിന്നു. അതേസമയം എത്ര ഭീകരമായാണ് നമ്മുടെ രാജ്യത്തിന്റെ ഭീകരവാദ ചരിത്രം അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ആദ്യമായി രാഷ്ട്രീയ അധികാരം നേടിയെടുക്കാന്‍ തുടങ്ങിയ പുതുതായി മോചിപ്പിക്കപ്പെട്ട അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ സ്വാതന്ത്ര്യത്തിനും പ്രസ്ഥാനത്തിനും കൂച്ചുവിലങ്ങിടുന്നതിന് വേണ്ടിയാണ് അമേരിക്കന്‍ ഭീകരവാദം ഉടലെടുത്തത്.’ ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ബ്രിട്ട് ബെന്നറ്റ് എഴുതുന്നു.

ചരിത്ര പ്രാധാന്യമുള്ള ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ വെച്ച് ഒമ്പത് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ എന്തു കൊണ്ട് ‘ടെററിസ’ത്തിന്റെ ഗണത്തില്‍ പെടുത്തണം എന്നതിനെ സംബന്ധിച്ച് വാദിച്ച അനേകം പേരില്‍ ഒരാളാണ് ബെന്നറ്റ്. ‘കടുത്ത വംശീയ വിദ്വേഷത്താല്‍ തലച്ചോറിന് തീപ്പിടിച്ച ഒരു യുവാവായിരുന്നു ഡെയ്‌ലന്‍ റൂഫ്. ഒരു വംശീയ യുദ്ധത്തിന് നാന്ദികുറിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിന് വേണ്ടി ആദ്യമായി തോക്കെടുത്ത അവസരത്തില്‍ തന്നെ അവന്‍ ഒമ്പത് നിരപരാധികളെ കൊന്നു തള്ളി. അത് ഭീകരവാദമല്ലെങ്കില്‍, പ്രസ്തുത സംജ്ഞയെ നാം പുനര്‍നിര്‍വചിക്കേണ്ടതുണ്ട്.’ കുറ്റം ഏറ്റുപറഞ്ഞ കൊലയാളിയെ പരമാര്‍ശിച്ചു കൊണ്ട് ന്യൂയോര്‍ക്ക് ടൈംസില്‍ തന്നെ ചാള്‍സ് എം ബ്ലോ എഴുതി.

‘1871-ലെ കു ക്ലക്‌സ് ക്ലാന്‍ ആക്റ്റിലാണ് അമേരിക്കയിലെ ഭീകര-വിരുദ്ധ നിയമത്തിന്റെ നിയമനിര്‍മാണ വേരുകള്‍ ചെന്നു നില്‍ക്കുന്നത്. കറുത്തവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമം റദ്ദു ചെയ്തതിന്റെ പേരില്‍ ക്ലാന്‍ അംഗങ്ങളുടെ മേല്‍ കുറ്റാരോപണം നടത്താന്‍ പ്രസിഡന്റ് യൂളിസ്സസ് എസ് ഗ്രാന്റിന് ശക്തി നല്‍കിയ നിയമായിരുന്നു അത്.’ ജെലാനി കോബ് ചൂണ്ടികാട്ടി.

അടുത്ത കാലത്ത് പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വസ്തുതകള്‍ വളരെ പ്രസക്തമാണ്, ‘2001 സെപ്റ്റംബര്‍ 11 ശേഷം, മതമൗലികവാദികളായ മുസ്‌ലിംകള്‍ നടത്തിയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണ്, വെളുത്ത വര്‍ഗക്കാരായ വര്‍ണ്ണവെറിയന്‍മാരും, സര്‍ക്കാര്‍-വിരുദ്ധരും, മറ്റു മുസ്‌ലിമേതര തീവ്രവാദികളും നടത്തിയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം’.

1980 മുതല്‍ക്ക് 14 മുസ്‌ലിം രാഷ്ട്രങ്ങളില്‍ അമേരിക്ക ‘കയ്യേറ്റം നടത്തിയതും, അധിനിവേശം നടത്തിയതും, ബോംബ് വര്‍ഷിച്ചതും’ ഇപ്പോല്‍ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഇത് മൂലം ലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും, ദശലക്ഷകണക്കിന് പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. കൂടാതെ അമേരിക്കയുടെ സര്‍വ്വവിധ ആയുധ പിന്തുണയുമുള്ള ഇസ്രായേല്‍ എണ്ണിയാലൊടുങ്ങാത്ത ഫലസ്തീനികളെ (മുസ്‌ലിംകളും അമുസ്‌ലിംകളുമുള്‍പ്പെടെ) അരുംകൊല ചെയ്തതും വീടുകള്‍ നഷ്ടപ്പെട്ട അഭയാര്‍ത്ഥികളാക്കി മാറ്റിയതും നമുക്ക് ഇപ്പോള്‍ പരിഗണിക്കാതിരിക്കാം.

ഇത്രയും കൂടുതള്‍ തെളിവുകള്‍ ഉണ്ടായിട്ടും, എന്തു കൊണ്ടാണ് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളും, നിയമനിര്‍വഹണ അധികൃതരും, മുന്‍നിര മാധ്യമപ്രവര്‍ത്തരും ഈ ഹീനമായ കുറ്റകൃത്യങ്ങളെ ഭീകരവാദമായി മുദ്രകുത്താത്തത്?

ഇതേ ആളുകള്‍ തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് (ശക്തമായ തെളിവുകളില്ലെങ്കില്‍ പോലും) വല്ല മുസ്‌ലിം നാമധാരിയുമാണെങ്കില്‍ അതിനെ ‘ഭീകരവാദം’ എന്നും, വല്ല ആഫ്രിക്കന്‍ അമേരിക്കനുമാണെങ്കില്‍ അതിനെ ‘ഗാങ് റിലേറ്റഡ്’ എന്നും മുദ്ര കുത്താന്‍ യാതൊരും മടിയും കാണിക്കാറില്ല.

എന്തു കൊണ്ടാണ് റൂഫ് ഭീകരവാദിയെന്ന് വിളിക്കപ്പെടാത്തത് എന്നതിന്റെ കാരണം വാഷിംങ്ടണ്‍ പോസ്റ്റില്‍ ഫിലിപ്പ് ബംബ് വിശദീകരിക്കുന്നുണ്ട് : കാരണം വളരെ ലളിതമാണ്, റൂഫ് ഒരു വെളുത്തവര്‍ഗക്കാരനാണ്.

‘ഭൂരിഭാഗം അമേരിക്കക്കാരും വെളുത്തവരാണ്. ഞങ്ങളെ പോലെ തന്നെയാണ് വെളുത്തവരെ ഞങ്ങള്‍ കാണുന്നത്. റൂഫ് ആരാണെന്ന് നമുക്ക് വളരെ എളുപ്പം തിരിച്ചറിയാന്‍ കഴിയും. സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം റൂഫിനെ നോക്കുമ്പോള്‍, വിദേശ ബന്ധമുള്ള വിചിത്രമായ പേരുള്ള ഒരു ഭീകരവാദിയെ അദ്ദേഹം കാണുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ പേരകുട്ടിയുടെ ഇംഗ്ലീഷ് ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെയാണ് റൂഫില്‍ അദ്ദേഹം കാണുന്നത്- അക്ഷരാര്‍ത്ഥത്തില്‍.’

മുസ്‌ലിംകള്‍ക്ക് മാത്രം
ബംബിന്റെ അടുത്ത് ഒരു പോയിന്റുണ്ട്. അദ്ദേഹത്തിന്റെ ഉപന്യാസത്തില്‍ വിവരിച്ചത് പോലെ, ‘ഭീകരവാദം’ എന്ന സംജ്ഞ ഒരു മുസ്‌ലിംമാവുക എന്നതിന്റെ ഉറപ്പുള്ള പര്യായമായി തീര്‍ന്നിട്ടുണ്ട് (കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരല്ല, മറിച്ച് ഏതൊരു മുസ്‌ലിമും). പ്രസ്തുത സംജ്ഞ ഒരു വെളുത്ത വര്‍ഗക്കാരന്റെ മേല്‍ പ്രയോഗിച്ചാല്‍ അമേരിക്കന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ( ഇസ്രായേലിന്റെയും)  മുഴുവന്‍ നിഘണ്ടു വിജ്ഞാനവും പൊളിഞ്ഞു വീഴും.

അല്‍ഖലീലിലോ അല്ലെങ്കില്‍ ഫലസ്തീന്റെ മറ്റേതെങ്കിലും പ്രദേശത്തോ ഒരു ജൂത തീവ്രവാദി കലിതുള്ളുകയോ, അല്ലെങ്കില്‍ ഒരു അമേരിക്കന്‍ കൂ ക്ലക്‌സ് ക്ലാനിനെ അന്ധമായി പിന്തുണക്കുന്ന ഒരു അമേരിക്കക്കാരന്‍ ചാള്‍സ്റ്റണിലോ, അമേരിക്കയിലെ മറ്റേതെങ്കിലും സ്ഥലത്തോ വെച്ച് തോക്കിന്‍ മുനയില്‍ നിരപരാധികളെ വെടിവെച്ച് കൊല്ലുകയോ ചെയ്താല്‍ ഏതുസമയത്തും നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ നിഘണ്ടുവിന്റെ അടിത്തറ വരെ വിറകൊളളും.

വെളുത്ത അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം, റൂഫിന്റെ പ്രവര്‍ത്തിയെ ഭീകരവാദമായി കണക്കാക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നാല്‍, ചരിത്രപരമായി അവര്‍ വ്യത്യസ്ത പശ്ചാതലങ്ങളില്‍ നിന്നും വരുന്ന ആഫ്രിക്കന്‍ അമേരിക്കന്‍സിന്റെയും, ഏഷ്യക്കാരുടെയും, ലാറ്റിനമേരിക്കക്കാരുടെയും, അടുത്തകാലത്തായി മുസ് ലിംകളുടെയും മേല്‍ അഴിച്ചു വിട്ട ഭീകരതയുടെ യാഥാര്‍ത്ഥ്യം അംഗീകരിക്കുക എന്നതാണ്.

ചില അമേരിക്കക്കാരില്‍ കണ്ടു വരുന്ന പരദേശി വിദ്വേഷ പ്രവണതയെ ഇത് തുറന്ന് കാണിക്കുന്നുണ്ട്. തദ്ദേശീയ അമേരിക്കന്‍ ഭൂമികളില്‍ കൂടിയേറി പാര്‍ത്ത ആദ്യകാല വെളുത്തവര്‍ഗ കുടിയേറ്റക്കാരില്‍ നിന്നാണ് ഈ പ്രവണത രൂപംകൊള്ളുന്നത്. അത്തരക്കാരുടെ മനസ്സില്‍ – അടിമത്ത കാലഘട്ടം മുതല്‍ ഇന്നു വരേക്കും – അവരുടെ ഇടയിലുള്ള മറ്റുള്ളവരെല്ലാം തന്നെ തരം താണ ജോലികള്‍ ചെയ്യുന്നവരും, അടിമകളും, വിദേശികളും, അല്ലെങ്കില്‍ ഒരു ഭീകരവാദികളുമാണ്.

ഈ ചരിത്ര പശ്ചാത്തലം മനസ്സില്‍ സൂക്ഷിച്ച് കൊണ്ട്, ഗീര്‍ട്ട് വൈല്‍ഡേസ്, പമേല ഗെല്ലര്‍, ബില്‍ മാഹര്‍ അല്ലെങ്കില്‍ സാം ഹാരിസ് എന്നീ ആളുകളുടെ മുഖത്തേക്ക് നോക്കുകയും, ആഫ്രിക്കന്‍ അമേരിക്കക്കാരില്‍ നിന്നും ലാറ്റിനമേരിക്കക്കാരിലേക്കും, ഏഷ്യക്കാരിലേക്കും, മുസ്‌ലിംകളിലേക്കും മാറി മാറി പോകുന്ന അവരുടെ കടുത്ത അസഹിഷ്ണുതയുടെ പ്രകടമായ അടയാളങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ മാത്രമേ, ‘ഭീകരവാദം’ എന്ന സംജ്ഞ എന്തിനാണോ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നത് അതിലെ അനീതി വെളിപ്പെടുകയുള്ളു : അക്രമ പ്രവര്‍ത്തനങ്ങളെ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടവരുടെ സമാധാനപരമായ പ്രതിരോധങ്ങളെ ശക്തമായി അപലപിക്കാനും അപകീര്‍ത്തിപ്പെടുത്താനും അമേരിക്കയിലെയും ഇസ്രായേലിലെയും വെളുത്ത വര്‍ഗമേല്‍ക്കോയ്മാ വാദികള്‍, രൂപം കൊടുത്ത ഒരു വംശീയ സംജ്ഞയാണ് ‘ഭീകരവാദം’.

തൂനീഷ്യയിലും, ഫ്രാന്‍സിലും, കുവൈത്തിലും സമീപകാലത്ത് അരങ്ങേറിയ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സമയത്ത് ഭീകരവാദം എന്ന സംജ്ഞ പ്രചാരത്തിലേക്ക് തിരികെ വന്നു. ആ സമയത്തും ചാള്‍സ്റ്റണ്‍ കൂട്ടക്കൊലയുടെ പേരില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ വിലപിക്കുന്നുണ്ടായിരുന്നു. ‘ഭീകരവാദം’ എന്ന സംജ്ഞ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം പ്രത്യേകമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ ഇത് നല്‍കുന്നുണ്ട്.

എങ്ങനെയാണ് ഇസ്‌ലാമും മുസ്‌ലിംകളും ഭീകരവാദത്തിന്റെയും സംസ്‌കാരരാഹിത്യത്തിന്റെയും രൂപകങ്ങളായി മാറിയതെന്ന് ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു. ഇന്ന്, ഏറ്റവും വലിയ ‘പുരോഗമനവാദികളായ’ പാശ്ചാത്യര്‍ പോലും, തങ്ങളുടെ സ്വന്തം ക്രിസ്ത്യന്‍-ജൂത ‘മതഭ്രാന്തന്‍’മാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശിക്കേണ്ടി വരുമ്പോള്‍, ‘ജിഹാദ്’, ‘ജിഹാദിസ്റ്റ്’, അല്ലെങ്കില്‍ ‘ഫത്‌വ’ തുടങ്ങിയ പദങ്ങളാണ് ഉപയോഗിക്കുന്നത്. ഏതുപോലെ, അവരുടെ സ്വന്തം ഭീകരവാദ സംഭവങ്ങളെ ലേബല്‍ ചെയ്യാന്‍ ഇംഗ്ലീഷ് ഭാഷയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ ഭാഷകളിലോ പദങ്ങള്‍ ഇല്ലാത്തത് പോലെ.

പക്ഷെ മറ്റെല്ലാത്തിനെയും വലിച്ചെടുക്കുന്ന ഒരു ‘സ്‌പോഞ്ച് പദ’മായി ‘ഭീകരവാദം’ എന്ന സംജ്ഞ മാറിയിട്ടുണ്ട് എന്നതാണ് ഇന്ന് ഏറ്റവും കൂടുതല്‍ കുഴക്കുന്ന പ്രശ്‌നം. വിവിധ കാരണങ്ങളാല്‍ സംഭവിച്ച സാമൂഹിക അസ്വാസ്ഥ്യങ്ങളുടെ ഒരു നിരയെ അത് വലിച്ചെടുത്ത്, അവയെല്ലാം ഇസ്‌ലാം, മുസ്‌ലിം എന്നീ തലകെട്ടുകള്‍ക്ക് കീഴെ മാത്രം നിരത്തി വെക്കുന്നു.

കുവൈത്ത്, ഫ്രാന്‍സ്, തുനീഷ്യ എന്നിവിടങ്ങളില്‍ നടന്ന മൂന്ന് സംഭവങ്ങള്‍ക്കും ഓരോ രാഷ്ട്രങ്ങളുടെയും ആഭ്യന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ അനേകം കാരണങ്ങളും പ്രേരണകളുമാണ് ഉള്ളത്. പക്ഷെ സ്‌പോഞ്ച് പദമായ ‘ഭീകരവാദം’ അതിന്റെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമങ്ങളെ  തടയുകയും അതിന് മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ‘ടെററിസം’ എന്ന വാക്ക് ഉപയോഗിക്കുമ്പോഴേക്കും അതിന് പിന്നില്‍ മുസ്‌ലിമാണ്, മുസ്‌ലിം മാത്രമാണ് എന്ന് ആളുകള്‍ സ്വഭാവികമായും കരുതാന്‍ ഇത് ഇടയാക്കുന്നു.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Related Articles